തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പാനമയില്‍, യുവജനങ്ങളുമൊത്തുള്ള വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയില്‍ നിന്നുള്ള ഒരു ദൃശ്യം 24-01-19 ഫ്രാന്‍സീസ് പാപ്പാ പാനമയില്‍, യുവജനങ്ങളുമൊത്തുള്ള വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയില്‍ നിന്നുള്ള ഒരു ദൃശ്യം 24-01-19 

പാനമ അപ്പസ്തോലിക പര്യടനം-രണ്ടാം ദിനം!

മുപ്പത്തിനാലാം ലോകയുവജനദിനത്തോടനുബന്ധിച്ച് പാനമയില്‍ എത്തിയിരിക്കുന്ന ഫ്രാന്‍സീസ് പാപ്പായുടെ വ്യാഴാഴ്ചത്തെ പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഗോള കത്തോലിക്കായുവതയുടെ താല്‍ക്കാലിക തലസ്ഥാനമായി മാറിയിരിക്കുന്ന മദ്ധ്യഅമേരിക്കന്‍ നാടായ പാനമയില്‍ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച ഫ്രാന്‍സീസ് പാപ്പാ തുടരുന്നു.

ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” എന്ന, ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെതായ ഈ വാക്യം  വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്ന മുപ്പത്തിനാലാം ആഗോളകത്തോലിക്കാ യുവജനസമാഗമത്തോടനുബന്ധിച്ച് ബുധനാഴ്ച (23/01/19) പാനമയിലെത്തിയ പാപ്പാ ഞായറാഴ്ച (27/01/19) രാത്രിവരെ അന്നാട്ടിലുണ്ടാകും. തിങ്കളാഴ്ച (28/01/19) ഉച്ചയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

ഇന്ത്യയുള്‍പ്പടെ155ല്‍പ്പരം നാടുകളില്‍ നിന്നുള്ള ഒരുലക്ഷത്തിലേറെ യുവതീയുവാക്കളും 480 മെത്രാന്മാരും യുവജനോത്സവ വേദിയായ പാനമനഗരത്തിലെത്തിയിട്ടുണ്ട്.

പാനമ-ഇന്ത്യ- സമയവിത്യാസം

ഇന്ത്യയും പാനമയും തമ്മില്‍ 10 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. ഇന്ത്യ ഇത്രയും സമയം മുന്നിലാണ്. 

പാനമയിലെ രണ്ടാം ദിവസത്തെ പരിപാടികള്‍

പാനമയുടെ പ്രസിഡന്‍റ് ഹുവാന്‍ കാര്‍ലോസ് വരേല റൊഡ്രീഗസുമായി (Juan Carlos Varela Rodríguez) പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് സൗഹൃദ കൂടിക്കാഴ്ച, ഈ മന്ദിരത്തില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള ബൊളിവര്‍ മന്ദിരത്തില്‍ വച്ച്  പ്രസിഡന്‍റുള്‍പ്പടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളും നയന്ത്രപ്രതിനിധികളും പൗരാധികാരികളും സാമൂഹ്യസാംക്കാരിക ലോകത്തിന്‍റെ   പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ദേവാലയത്തില്‍ വച്ച് മദ്ധ്യ അമേരിക്കയിലെ മെത്രാന്മാരുമായുള്ള  കൂടിക്കാഴ്ച യുവജനോത്സവത്തിലേക്കുള്ള വരവേല്പ് ചടങ്ങ് എന്നിവയായിരുന്നു പാപ്പായുടെ പരിപാടികള്‍ അന്ന്.

പാപ്പായും പാനമയുടെ പ്രസിഡന്‍റും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച

പാനമയുടെ തലസ്ഥാനമായ പാനമ നഗരത്തില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ   സ്ഥാനപതികാര്യാലയമായ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍, ബുധനാഴ്ച രാത്രി വിശ്രമിച്ച ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച രാവിലെ അവിടത്തെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു. പ്രാതലിനു ശേഷം പാപ്പാ, അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന 9 കിലോമീറ്റര്‍ അകലെയുള്ള രാഷ്ട്രപതിമന്ദിരത്തിലേക്കു പോയി. കാറിലായിരുന്നു യാത്ര.

കാലഗതിയില്‍ നിരവധി രൂപമാറ്റങ്ങള്‍ക്ക്   വിധേയമായ  ഇപ്പോഴത്തെ രാഷ്ടപതിമന്ദിരത്തിന്‍റെ റെ പഴക്കം 1673-Ↄ○ ആണ്ടു വരെ പിന്നോട്ടു പോകുന്നതാണ്. 1756-ല്‍ ഉണ്ടായ ഒരഗ്നിബാധയില്‍ നശിച്ച ഈ കെട്ടിടം പുനഃര്‍മ്മിക്കപ്പെട്ടു. രാഷ്ട്രപതിമന്ദിരമാകുന്നുതിനു മുമ്പ് ഈ കെട്ടിടം പണ്ടകശാല, വിദ്യാലയം, ദേശീയ ബാങ്കിന്‍റെ ആസ്ഥാനം എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 1875-ലാണ് ഈ കെട്ടിടം രാഷ്ട്രപതി മന്ദിരമാക്കപ്പെട്ടത്. 1922 ല്‍ പ്രസിഡന്‍റ് ബെലിസാറിയൊ പോറസ് ഈ കെട്ടിടം രണ്ടു നിലകളാക്കി പുതുക്കി. 1923 ആഗസ്റ്റ് 3 നായിരുന്നു പുതുക്കിയ ഈ കെട്ടിടത്തിന്‍റെ ഉദ്ഘാടനം.

പാനമയുടെ പ്രസിഡന്‍റ്

അമേരിക്കന്‍ ഐക്യനാടുകളിലെ ജോര്‍ജിയ ടെക് സര്‍വ്വകലാശാലയില്‍ നിന്ന് വ്യവസായിക എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുള്ള അമ്പത്തിയാറു വയസ്സു പ്രായമുള്ള ഹുവാന്‍ കാര്‍ലോസ് വരേല റൊഡ്രീഗസ് ആണ് പാനമയുടെ പ്രസിഡന്‍റ്. ഒരു വ്യവസായ ശാലയുടെ മേധാവിയായിരുന്ന അദ്ദേഹം പിന്നീട് 2009-ലാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2014 മെയ്മാസത്തില്‍ വരേല പാനമയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. കുടുംബനാഥന്‍ കൂടിയായ അദ്ദേഹത്തിന്‍റെ  ഭാര്യ, പ്രഥമ വനിത ലൊറേന കസ്തീല്യൊ ആണ്. ഈ ദമ്പതികള്‍ക്ക്, ജ്യാന്‍ വരേല, സ്തേഫന്‍ വരേല, അഡ്രിയന്‍ വരേല എന്നീ മൂന്നു ആണ്‍മക്കളുണ്ട്.

രാഷ്ട്രപതിഭവനില്‍ എത്തിയ പാപ്പായെ, മുഖ്യമന്ദിരകവാടത്തില്‍ വച്ച്, പ്രസിഡന്‍റ്  ഹുവാന്‍ കാര്‍ലോസ് വരേല റൊഡ്രീഗസും, പത്നി ലൊറേന കസ്തീല്യൊയും ചേര്‍ന്നു സ്വീകരിച്ചു. പാപ്പായെ ഒരുനോക്കു കാണുന്നതിന് മന്ദിരത്തിനു മുന്നില്‍ നിന്നിരുന്ന ജനസഞ്ചയത്തെ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടിയപ്പോള്‍ പാപ്പാ പുഞ്ചിരിയോടെ അവരെ കൈ വീശി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കീഴ്വഴക്കമനുസരിച്ചുള്ള ഛായാചിത്രമെടുക്കല്‍ ചടങ്ങിനു ശേഷം പ്രസിഡന്‍റ് പാപ്പായെ ഒന്നാമത്തെ നിലയിലേക്കാനയിച്ചു. മുകളിലെത്തിയ പാപ്പാ പ്രസിഡന്‍റിനോടൊപ്പം ഏതാനും നിമിഷം മുകപ്പില്‍ നിന്ന് കാഴ്ച കാണുകയും  താഴെ ഉണ്ടായിരുന്നവരെ അഭിവാദ്യം ചെയ്യുകയുകയും ചെയ്തതിനുശേഷം പ്രസിഡന്‍റുമായുള്ള സ്വകാര്യ-സൗഹൃദ സംഭാഷണത്തിനായി അദ്ദേഹത്തിന്‍റെ  ഔദ്യോഗിക മുറിയിലേക്കു പോയി. അല്പസമയത്തെ സംഭാഷണാനന്തരം പാപ്പാ പ്രസിഡന്‍റിന്‍റെ കുടുംബാംഗങ്ങളെ പരിചയപ്പെടുകയും പാപ്പായും പ്രസിഡന്‍റും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

പാപ്പായുടെ സമ്മാനം

പാനമയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ ല അന്തീക പരിശുദ്ധ മറിയത്തിന്‍റെ രൂപം മുദ്രണം ചെയ്തിരിക്കുന്ന മുദ്രയായിരുന്നു പാപ്പായുടെ സമ്മാനം. മനോഹരമായ ചട്ടക്കൂട്ടില്‍ ആക്കിയാണ് പാപ്പാ അതു സമ്മാനിച്ചത്. കിരീടമണിഞ്ഞ ഉണ്ണേയേശുവിനെ കൈയ്യിലേന്തിയ മകുടധാരിണിയായ പരിശുദ്ധ മറിയം നില്ക്കുന്നു. പാനമനഗര അതിരൂപതയുടെ കത്തീദ്രല്‍ ദേവാലയമാണ് പാശ്ചാത്തലത്തില്‍. മുപ്പത്തിനാലാം ലോകയുവജനദിനത്തിന്‍റെ  ഔദ്യോഗിക ചിഹ്നം പരിശുദ്ധ മറിയത്തിന്‍റെ മേലങ്കിയില്‍ ഉണ്ണിയേശുവിന്‍റെ പാദത്തിന്‍ കിഴില്‍ വരത്തക്കവിധം പതിച്ചിരിക്കുന്നു. ഇതാണ് വൃത്താകൃതിയിലുള്ള മുദ്രയിലെ ഉള്ളടക്കം. മുദ്രയുടെ മുകളില്‍ മുപ്പത്തിനാലാം ലോകയുവജനദിനം എന്ന് ലത്തീന്‍ ഭാഷയില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു.   

ഭരണാധികാരികളും നയതന്ത്രപ്രിതിനിധികളും സാമൂഹ്യസാസ്ക്കാരിക പ്രതിനിധികളുമായുള്ള നേര്‍ക്കാഴ്ച

പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചാനന്തരം ഫ്രാന്‍സീസ് പാപ്പാ വിദേശമന്ത്രാലയത്തിന്‍റെ  ആസ്ഥാനമായ ബൊളിവര്‍ മന്ദിരത്തിലേക്കു പോയി. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് 1673 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കെ‌ട്ടിടം. ഫ്രാന്‍സിസ്ക്കന്‍ ആശ്രമമായിരുന്നു ഇത്. ഈ കെട്ടിടം സൈനികകേന്ദ്രം, വിദേശികള്‍ക്കായുള്ള ആശുപത്രി എന്നിങ്ങനെ വിവിധകാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നരകുലത്തിന്‍റെ ചരിത്രപൈതൃകവസ്തുക്കളുടെ പട്ടികയില്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്രീയ സാംസ്ക്കാരിക സംഘടന, യുനെസ്ക്കൊ (UNESCO) ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മൂന്നു നിലക്കെട്ടിടം 2003 ലാണ് വിദേശമന്ത്രാലയാസ്ഥാനമാക്കപ്പെട്ടത്. തെക്കെ അമേരിക്കയിലെ അനേകം നാടുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ സൈമണ്‍ ബൊളിവറിന്‍റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ ബൊളിവര്‍ മ്യൂസിയത്തിന്‍റെ  ആസ്ഥാനവുമാണിത്.

ഭരണാധികാരികളും നയതന്ത്രപ്രിതിനിധികളും സാമൂഹ്യസാസ്ക്കാരിക പ്രതിനിധികളുമുള്‍പ്പടെയുള്ള എഴുനൂറോളം പേരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബൊളിവര്‍ മന്ദിരത്തില്‍ എത്തിയ പാപ്പായെ പ്രസിഡന്‍റ് ഹുവാന്‍ കാര്‍ലോസ് വരേല റൊഡ്രീഗസും പത്നിയും ഉപരാഷ്ട്രപതി ശ്രീമതി ഇസബേല്‍ സയിന്‍റ് മാലൊയും ഭര്‍ത്താവും ചേര്‍ന്നു സ്വീകരിച്ച് വേദിയിലേക്കാനയിച്ചു. അപ്പോള്‍ കരഘോഷമുയര്‍ന്നു. ശാലയുടെ ആന്തരിക പ്രഗീവത്തില്‍ നിന്നുകൊണ്ട് വെള്ളയും കറുപ്പും നിറങ്ങള്‍ ചേര്‍ന്ന വസ്ത്രമണിഞ്ഞ കുട്ടികളടെ ഗായക സംഘം ഗാനാലാപനം തുടരുന്നുണ്ടായിരുന്നു

വേദിയിലെത്തിയ പാപ്പായും പ്രസിഡ‍ന്‍റുമുള്‍പ്പടെയുള്ള നാലുപേരും സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന പാപ്പായും ഇരുവശത്തുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആസനസ്ഥരായപ്പോള്‍ പ്രസിഡന്‍റിന്‍റെ ഭാര്യയും വൈസ് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവും വേദിയില്‍ നിന്നു താഴെയിറങ്ങി അവര്‍ക്കായി ഒരുക്കിയിരുന്ന ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു.

തുടര്‍ന്ന് പ്രസിഡന്‍റ് ഹുവാന്‍ കാര്‍ലോസ് വരേല റൊഡ്രീഗസ് പാപ്പായ്ക്ക് സ്വാഗതമോതി.

പാനമ സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും ഐക്യത്തിന്‍റെയും മണ്ണ്!

 ശാന്തിയുടെയും സംഭാഷണത്തിന്‍റെയും ഐക്യത്തിന്‍റെയും മനോഹരമായ മണ്ണിലേക്ക് പാപ്പായെ താന്‍ പാനമയിലെ ജനങ്ങളുടെയും സര്‍ക്കാരിന്‍റയും നാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്‍റ് ഹുവാന്‍ കാര്‍ലോസ് വരേല സ്പാനിഷ് ഭാഷയില്‍ പറഞ്ഞു.

സമാഗമത്തിന്‍റെയും വിനിമയത്തിന്‍റെയും സുവിശേഷവത്ക്കരണത്തിന്‍റെയും വ്യവസായത്തിന്‍റെയും കേന്ദ്രവും ലോകജനതകള്‍ക്ക് സേതുബന്ധവുമാകത്തക്കവിധം പാനമയുടെ ഭൂമിശാസ്തപരമായ സവിശേഷ സ്ഥാനം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ഒരു ജനത വസിക്കുന്ന മണ്ണാണ് ഈ നാടെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ആഗോളതലത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയരുന്ന ഒരു വേളയിലാണ് പാപ്പായുടെ പാനമസന്ദര്‍ശനമെന്നും സാമൂഹ്യരാഷ്ട്രീയ മാനവിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും അക്രമങ്ങളും അസമത്വങ്ങളും സംഘടിതകുറ്റകൃത്യങ്ങളും ദുരിതം വിതയ്ക്കുന്ന നാടുകളിലെ യുവതീയുവാക്കള്‍ക്ക് പാപ്പായുടെ സന്ദേശം പ്രചോദനത്തിന്‍റെയും വിശ്വാസത്തിന്‍റെയു പ്രത്യാശയുടെയും സ്വരമായിരിക്കുമെന്നും  പ്രസിഡന്‍റ് വരേല പറഞ്ഞു.

ഈ ലോകയുവജനദിനം വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും നവയുഗം അമേരിക്കാഭൂഖണ്ഡത്തിനും അഖിലലോകത്തിനും പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ പാനമയിലെ തന്‍റെ  കന്നി പ്രഭാഷണം നടത്തി.  പ്രഭാഷണാനന്തരം പാപ്പായും പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഒരുമിച്ച് വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ ബാലികാബലന്മാരുടെ ഗായകസംഘം മധുരഗീതം പൊഴിച്ചു.

വേദിയില്‍ നിന്നിറങ്ങിയ പാപ്പാ ശാലയില്‍ സന്നിഹിതരായിരുന്നവരോട് കുശലം പറയാന്‍ അല്പസമയം കണ്ടെത്തി. അതിനു ശേഷം പാപ്പാ പോയത് ബൊളിവര്‍ മന്ദിരത്തിന് തൊട്ടടുത്തുള്ള, അതായത് അവിടെ നിന്ന് 20 മീറ്റര്‍ മാത്രം ദൂരമുള്ള, വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ നാമത്തിലുള്ള ദേവാലയത്തിലേക്കാണ്. മദ്ധ്യഅമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച ഈ ദേവാലയത്തില്‍ വച്ചായിരുന്നു.

പാപ്പായും മദ്ധ്യ അമേരിക്കയിലെ കത്തോലിക്കാമെത്രാന്മാരും

കോസ്ത റീക്ക, എല്‍ സാല്‍വദോര്‍, ഗോട്ടിമാല, ഹൊണ്ടൂരാസ്, നിക്കരാഗ്വ, പാനമ എന്നീ നാടുകളിലെ മെത്രാന്മാരാണ് 1942 ല്‍ സ്ഥാപിതമായ സേദാക് (SEDAC) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഈ മെത്രാന്‍സംഘത്തിലെ അംഗങ്ങള്‍.

നിക്കരാഗ്വയിലെ ഗ്രാനഡരൂപതയുടെ മെത്രാന്‍ ഹൊര്‍ഹെ സൊളൊര്‍ത്സാനൊ ആണ് ഇതിന്‍റെ പൊതുകാര്യദര്‍ശി.

മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയുടെ വേദിയായ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ നാമത്തിലുള്ള ദേവാലയം പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ടതാണ്. ഈ ദേവാലയത്തിനു മുന്നിലെത്തിയ പാപ്പായെ പാനമ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹൊസേ ദൊമീങ്കൊ ഉയ്യ്വാ മെന്തിയേത്തയും മദ്ധ്യ അമേരിക്കന്‍ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഹൊസെ ലൂയിസ് എസ്കോബാര്‍ അലാസും ചേര്‍ന്നു സ്വീകരിച്ച് ദേവാലയത്തിനകത്തേക്കാനയിച്ചു. അവിടെ സന്നിഹിതരായിരുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും കൈയ്യടിച്ച് പാപ്പായെ വരവേറ്റു.

ദേവാലയത്തില്‍ ഒരുക്കിയിരുന്ന വേദിയില്‍ പാപ്പായ്ക്കൊപ്പം പാനമ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹൊസേ ദൊമീങ്കൊ ഉയ്യ്വാ മെന്തിയേത്തയും മദ്ധ്യ അമേരിക്കന്‍ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഹൊസെ ലൂയിസ് എസ്കോബാര്‍ അലാസും സന്നിഹിതരായിരുന്നു. ബിഷപ്പ് ഹൊസെ ലൂയിസ് എസ്കോബാര്‍ അലാസ് പാപ്പായെ സ്വാഗതം ചെയ്തു.

ക്രിസ്തുവിലുള്ള വിശ്വാസത്തിനും നിണം ചിന്തി സാക്ഷ്യമേകിയ ഓസ്കാര്‍ അര്‍നൂള്‍ഫൊ, ഹെര്‍മാനൊ പേദ്രൊ ദെ ബെത്തന്‍കൂര്‍ത്ത് തുടങ്ങിയ വിശുദ്ധരുടെ നാട്ടിലേക്ക് മദ്ധ്യഅമേരിക്കയിലെ മെത്രാന്മാരുടെ നാമത്തില്‍ ബിഷപ്പ് അലാസ് പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.

അദ്ദേഹത്തിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പായുടെ മറുപടി പ്രസംഗമായിരുന്നു.

പാപ്പായുടെ പ്രഭാഷണാനന്തരം,  ശാലയില്‍ സന്നിഹിതാരായിരുന്ന കര്‍ദ്ദിനാളന്മുരും മെത്രാന്മാരും ഓരോരുത്തരായി ചെന്ന് പാപ്പായ്ക്ക് സ്നേഹാശ്ലേഷമേകി. അവസാനം എല്ലാവരുമൊത്തു ഒരു ഛായാപടവും എടുത്തു. അതിനുശേഷം പുറത്തിറങ്ങിയ പാപ്പാ ദേവാലയത്തിന്‍റെ മുന്നില്‍ ഉണ്ടായിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും കാറില്‍ കയറി 8 കിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു പുറപ്പെടുകയും ചെയ്തു. പാപ്പായ്ക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത് അവിടെ ആയിരുന്നു.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാപ്പാ നണ്‍ഷിയേച്ചറില്‍ എത്തി. അപ്പോള്‍ ഇന്ത്യയില്‍ സമയം വ്യാഴാഴ്ച രാത്രി പതിനൊന്നു മണി ആയിരുന്നു.

പാപ്പായുടെ അടുത്ത പരിപാടി പ്രാദേശികസമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു.

പാനമയില്‍ യുവജനങ്ങളുമൊത്തുള്ള പ്രഥമ കൂടിക്കാഴ്ച!

യുവജനങ്ങള്‍ പാപ്പായെ വരവേല്‍ക്കുകകയും പാപ്പായുമൊത്തുള്ള യുവജനോത്സവത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്ന പരിപാടിയായിരുന്നു അത്. “ദൈവവിളി, കര്‍ത്താവിന്‍റെ വിളിക്കുള്ള പ്രത്യുത്തരത്തിന്‍റെ മാതൃക മറിയം” എന്നതായിരുന്നു ഈ പരിപാടിയുടെ പ്രമേയമായി സ്വീകരിച്ചിരുന്നത്.  ആഘോഷത്തിന്‍റെ വേദി, അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 8 കിലോമീറ്ററിലേറെ അകലെയുള്ള, സിന്താ തീരത്തുള്ള, “ല അന്തീഗ പരിശുദ്ധ മറിയത്തിന്‍റെ”  നാമത്തിലുള്ള മൈതാനിയായിരുന്നു. ശാന്തസമുദ്രത്തിന്‍റെ മുന്നിലുള്ള തീരപ്രദേശമായ ഈ ഇടം വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. 4 ലക്ഷംപേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ളതാണ് ഈ മൈതാനി. ഇവിടെ നിന്നു നോക്കിയായില്‍ പാനമ നഗരത്തിന്‍റെ നയനാനന്ദകരമായ കാഴ്ചകാണാം. ഒപ്പം പാനമ കനാലിലേക്ക് കപ്പലുകള്‍ കടക്കുന്നതും ദര്‍ശിക്കാം.

പാപ്പായുടെ വരവിന് 4 മണിക്കൂര്‍ മുമ്പുതന്നെ ഗാനങ്ങളാലും നൃത്തങ്ങളാലും ഉത്സവപ്രതീതിയാര്‍ജ്ജിച്ചിരുന്നു സിന്താ തീരം.

കാറിലെത്തിയ പാപ്പായെ പാനമ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഹൊസേ ദൊമീങ്കൊ ഉയ്യ്വാ മെന്തിയേത്ത സ്വീകരിച്ച് പേപ്പല്‍ വാഹനത്തിനടുത്തേക്കാനയിച്ചു. അതിലേറിയ പാപ്പാ മൈതാനിയില്‍ സന്നിഹിതാരായിരുന്നവരെ വലം വച്ചു. ആ സമയത്ത് കടല്‍ക്കാറ്റ് ശക്തമായി വീശുന്നുണ്ടായിരുന്നു. ഒപ്പം യുവജനത്തിന്‍റെ  ആവേശത്തിരകള്‍ ഇരമ്പുന്നുണ്ടായിരുന്നു, ആവേശം ആരവമായും ഗാനങ്ങളായും അലയടിക്കുന്നുണ്ടായിരുന്നു.

25 മിനിറ്റോളം ദീര്‍ഘിച്ച ഈ വലം വയ്ക്കലിനുശേഷം പേപ്പല്‍ വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്ത്, 5 യുവതീയുവാക്കള്‍ പാരമ്പര്യ വേഷമണിഞ്ഞ് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. അപ്പോള്‍ ഇക്കൊല്ലത്തെ ലോകയുവജനോത്സവത്തിന്‍റെ ഔദ്യോഗിക ഗീതം ഉയരുന്നുണ്ടായിരുന്നു.

തട്ടുകളായി തിരിച്ചിരുന്ന വേദിയില്‍ ഏറ്റവും പിന്നില്‍ മദ്ധ്യത്തിലായി “ല അന്തീക പരിശുദ്ധ മറിയത്തിന്‍റെ" ചിത്രം തെളിഞ്ഞു കാണാമായിരുന്നു. അതിനു താഴെ ആഴിയും അലകളും ചിത്രീകരിക്കപ്പെട്ടിരുന്നു. നടന്നു വേദിയിലെത്തിയ പപ്പായോടൊപ്പം പാനമ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പും ഇതര സഭാപ്രതിനിധികളും അഞ്ചു ഭൂപ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന യുവതീയുവാക്കളും സന്നിഹിതരായിരുന്നു. ആ സമയത്ത് ഒരു സംഘം യുവതീയുവാക്കള്‍ വലിയ യുവജന മരക്കുരിശ് താങ്ങി വേദിയിലേക്കു കൊണ്ടുവരികയും വേദിയില്‍ വലത്തുവശത്തായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പരിശുദ്ധ കന്യകാമറിത്തിന്‍റെ ചെറിയതിരുച്ചിത്രത്തിനു സമീപേ ഉയര്‍ത്തി നിറുത്തുകയും ചെയ്തു. ഏതാനും നിമിഷത്തെ മൗന പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ഇരിപ്പിടത്തില്‍ ആസനസ്ഥനായി. തുടര്‍ന്ന് പാനമ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹൊസേ ദൊമീങ്കൊ ഉയ്യ്വാ മെന്തിയേത്ത സ്വാഗതമോതി. തദ്ദനനന്തരം ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുമാറ് വേഷവിധാനങ്ങള്‍ അണിഞ്ഞ യുവതീയുവാക്കള്‍ യുവജനസംഗമത്തിന്‍റെ ചിഹ്നം പതിച്ച പതാകയു നാടു-കളുടെ പതാകയുമുള്‍പ്പടെയുള്ള കൊടികളുമേന്തി പാപ്പായുടെ പക്കലെത്തുകയും  പാപ്പാ അവരെ ഓരോരുത്തരെയായി സ്വീകരിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുകയും സ്നേഹാശ്ലേഷമേകുകയും ചെയ്തു. പാനമയിലെ കായികതാരങ്ങള്‍ പാപ്പായ്ക്ക് ഒരു ഉത്തരീയം സമ്മാനിച്ചു.

തുടര്‍ന്ന് ഗാന-നൃത്താവിഷ്ക്കാരങ്ങളയിരുന്നു. തദ്ദനന്തരം ഇക്കൊല്ലത്തെ യുവജനോത്സവത്തിന്‍റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരായ വിശുദ്ധ ഓസ്കാര്‍ അര്‍നൂള്‍ഫൊ റൊമേരൊ, വിശുദ്ധ ഹൊസെ സാഞ്ചസ് ദെല്‍ റിയൊ, വിശുദ്ധ മാര്‍ട്ടിന്‍ ഡി പൊറേസ്, ലീമയിലെ വിശുദ്ധ റോസ, വിശുദ്ധ ജോണ്‍ ബോസ്കൊ, വാഴ്‍ത്തപ്പെട്ട മരിയ റൊമേരൊ, വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ, വിശുദ്ധ ഹുവാന്‍ ദിയേഗൊ എന്നിവരെക്കുറിച്ച് സംക്ഷിപ്ത വിവരണം നല്കപ്പെട്ടു. തുടര്‍ന്നു  സുവിശേഷ വായനയായിരുന്നു. യോഹന്നാന്‍റെ സുവിശേഷം അദ്ധ്യായം 2, 1-11 വരെയുള്ള വാക്യങ്ങളായിരുന്നു പാരായണം ചെയ്യപ്പെട്ടത്.

ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സന്ദേശം നല്കി.

പാപ്പായുടെ പ്രസംഗത്തിനു ശേഷം കൊറിയന്‍, അറബി എന്നിവയുള്‍പ്പടെ 7 ഭാഷകളില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയായിരുന്നു. ഈ പ്രാര്‍ത്ഥനയെ തുടര്‍ന്ന്  ലത്തീന്‍ ഭാഷയില്‍ കര്‍ത്തൃപ്രാര്‍ത്ഥന ആലപിക്കപ്പെടുകയും പാപ്പാ സമാപനാശീര്‍വ്വാദം നല്കുകയും ചെയ്തു.

തുടര്‍ന്ന് രാജകന്യകേ എന്ന മരിയന്‍ പ്രാര്‍ത്ഥനയും യുവജനഗീതിയും ആലിക്കപ്പെട്ടു ഇതോടെ പാപ്പായുടെ സാന്നിധ്യത്തില്‍ 1 മണിക്കൂറും 45 മിനിറ്റും ദീര്‍ഘിച്ച പരിപാടികള്‍ക്ക് തിരശ്ശീല വീണു. അപ്പോള്‍ ഇന്ത്യയില്‍ സമയം വെള്ളിയാഴ്ച രാവിലെ 5 മണി കഴിഞ്ഞിരുന്നു.

25 January 2019, 06:51