തിരയുക

Vatican News
Pope francis consecrated the Altar of the minor basilica of Our Lady of Antigua അള്‍ത്താരയുടെ പുനര്‍പ്രതിഷ്ഠാപനം - പനാമയിലെ അന്തീഗ്വാ കന്യകാനാഥയുടെ ബസിലിക്ക  (ANSA)

അന്തീഗ്വാ കന്യകാനാഥയുടെ ദേവാലയത്തിന്‍റെ പ്രതിഷ്ഠാപനകര്‍മ്മം

പനാമ അപ്പസ്തോലിക യാത്രയുടെ നാലാംദിനം – ശനിയാഴ്ച നടന്ന പനാമ അതിരൂപതയുടെ ചെറിയ ബസിലിക്ക ഭദ്രാസന ദേവാലയത്തിന്‍റെ പുനര്‍പ്രതിഷ്ഠ.
പനാമയിലെ പ്രതിഷ്ഠാപന കര്‍മ്മം - ശബ്ദരേഖ

പാപ്പാ ഫ്രാന്‍സിസിന്‍റെ 26-Ɔമത് അപ്പസ്തോലിക യാത്രയാണ് – പനാമയിലേയ്ക്ക്!  34-Ɔമത് ലോകയുവജനോത്സവത്തില്‍ യുവജനങ്ങള്‍ക്ക് ഒപ്പം ആയിരിക്കാനാണ് പനാമയുടെ മണ്ണില്‍ പാപ്പാ എത്തിയത്. “അങ്ങേ ഹിതം നിറവേറട്ടെ!” എന്ന മേരിയന്‍ പ്രമേയവുമായി രണ്ടു ലക്ഷത്തോളം യുവജനങ്ങളാണ് എല്ലാഭൂഖണ്ഡങ്ങളില്‍നിന്നുമായി ഈ മദ്ധ്യ അമേരിക്കന്‍ രാജ്യത്ത് സമ്മേളിച്ചിത്. ജനുവരി 22, ബുധനാഴ്ച ആരംഭിച്ചയാത്രയുടെ നാലാം ദിവസം ജനുവരി 26, ശനിയാഴ്ച രാവിലെയായിരുന്ന അന്തീഗ്വാ കന്യകാനാഥയുടെ ചെറിയ ബസിലിക്കയുടെ പുനര്‍പ്രതിഷ്ഠ പാപ്പാ ഫാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത്.

ചെറിയ ബസിലിക്കയുടെ ചരിത്രം 
1608-ല്‍ നിര്‍മ്മാണം ആരംഭിച്ച പനാമ അതിരൂപതയുടെ ഈ ഭദ്രാസനദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെട്ടത് 1716-ലാണ്. 220-Ɔο  വാര്‍ഷികത്തിലെത്തിയ ഭദ്രാസനദേവാലയം 1882-ലുണ്ടായ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്നു. എന്നാല്‍ ഉടനെ പൊതുജനസഹായത്തോടെ അത് നവോത്ഥരിക്കപ്പെട്ടു. ഭദ്രാസന ദേവാലയത്തിന്‍റെ പഴക്കവും, “അന്തീഗ്വാ കന്യകനാഥ”യോടു പനാമക്കാര്‍ക്കുള്ള വിശ്വാസപൂര്‍ണ്ണമായ ഭക്തിയും പരിഗണിച്ച്, 2014-ല്‍ ചെറിയ ബസിലിക്കയായി പാപ്പാ ഫ്രാന്‍സിസ് അതിനെ ഉയര്‍ത്തി (minor basilica).

ഉണ്ണിയെ കൈയ്യിലേന്തിയ അമ്മ
ഒരു കൈയ്യില്‍ റോസാപ്പൂ ഏന്തിയ ഉണ്ണിയെ മാറോടു ചേര്‍ത്തും, മനോഹരമായ ഉടയാടകള്‍ അണിഞ്ഞും നില്ക്കുന്ന കിരീട ധാരിണിയായ അമ്മയുടെ പൂര്‍ണ്ണകായ പ്രതിമയാണ് ചൈതന്യമുള്ള അന്ത്വീഗ്വാ കന്യകാനാഥ! എല്ലാ സെപ്തംബര്‍ 9-നും, ദൈവമാതാവിന്‍റെ ജന്മനാളില്‍ തിരുനാള്‍ ആചരിക്കപ്പെടുന്നു. 2001-മുതല്‍ പനാമ റിപ്പബ്ലിക്കിന്‍റെ ദേശീയ മദ്ധ്യസ്ഥയാണ് അന്തീഗ്വാ കന്യകാനാഥ.

പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗമനം
നഗരമദ്ധ്യത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.30-ന് കാറില്‍ പുറപ്പെട്ട പാപ്പാ ഫ്രാന്‍സിസ് 9.15-ന് ബസിലിക്കയില്‍ എത്തിച്ചേര്‍ന്നു.  പനാമയിലെ വൈദികര്‍, സന്ന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണമായിരുന്നു അതെങ്കിലും ദേവാലയ പരിസരമെല്ലാം വിശ്വാസികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. പാപ്പായുടെ ആഗമനം വിളിച്ചോതിക്കൊണ്ട് 500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മേരിയന്‍ ബസിലിക്കയുടെ മണികള്‍ മുഴങ്ങി. ദേവാലയത്തിന്‍റെ നിറഞ്ഞവേദിയില്‍, ഉപവിഷ്ടനായിരുന്ന പ്രസിഡന്‍റ്, ജുവാന്‍ കാര്‍ളോ വരേലയെയും പത്നിയെയും പാപ്പാ പ്രത്യേകം അഭിവാദ്യംചെയ്തു. എന്നിട്ട് അള്‍ത്താരയിലെ അന്തീഗ്വാ കന്യകാനാഥയുടെ തിരുസ്വരൂപത്തിനു മുന്നില്‍ മൗനമായി പ്രാര്‍ത്ഥിച്ചശേഷമാണ്  ദിവ്യബലിക്കായി ഒരുങ്ങിയത്.

ദിവ്യബലിയും പ്രതിഷ്ഠാപന കര്‍മ്മവും
പ്രാരംഭകര്‍മ്മത്തില്‍ ജലാശീര്‍വ്വാദകര്‍മ്മവും അനുതാപശുശ്രൂഷയും  കൂട്ടിയിണക്കിയിരുന്നു.  തുടര്‍ന്ന്,  വചനശുശ്രൂഷയായിരുന്നു. മക്കാബായരുടെ ഒന്നാം പുസ്തകത്തിലെ ആദ്യവായന (1മക്കാബയര്‍ 4, 52-59) ശത്രുകരങ്ങളില്‍ തകര്‍ക്കപ്പെട്ട ബലിപീഠത്തിന്‍റെ പുനര്‍പ്രതിഷ്ഠയെയും, വീണ്ടും ജനം അവിടെ ബലിയര്‍പ്പിച്ച് ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും അവിടുത്തെ സ്തുതിക്കുകയുംചെയ്ത സംഭവം അനുസ്മരിച്ചു.  ഹെബ്രായരുടെ ഗ്രന്ഥത്തിലെ രണ്ടാംവായന (13, 8-15) യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയാകയാല്‍, വ്യത്യസ്തങ്ങളും നവവുമായ പ്രബോധനങ്ങള്‍ ആരെയും വഴിതെറ്റിക്കാതിരിക്കട്ടെയെന്ന് അനുസ്മരിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗം  (4, 19-24), ഈ മലയിലും ആ മലയിലും നിങ്ങള്‍ പിതാവായ ദൈവത്തെ ആരാധിക്കാത്ത സമയം ആഗതമായരിക്കുന്നു. എന്തിന് അറിയാത്തതിനെ ആരാധിക്കണം? രക്ഷ യഹൂദരില്‍നിന്നാണ്. അതിനാല്‍ അറിയുന്നതിനെ ആരാധിക്കുന്നതാണ് യുക്തിയെന്ന് ഈശോ ഉദ്ബോധിപ്പിക്കുന്ന ഭാഗവും പാരായണം ചെയ്യപ്പെട്ടു. സുവിശേഷപാരായണത്തെ തുടര്‍ന്ന് വചനചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

അള്‍ത്താരയുടെ പ്രതിഷ്ഠാപനകര്‍മ്മം
സകലവിശുദ്ധരുടെ ലുത്തീനിയ ആലപിച്ചുകൊണ്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പാപ്പാ പ്രതിഷ്ഠാപന പ്രാര്‍ത്ഥന ചൊല്ലി. പിന്നെ തീര്‍ത്ഥം തളിച്ചും, തൈലാഭിഷേകംചെയ്തും, ധൂപാര്‍ച്ചന നടത്തിയും ബലിപീഠം ആശീര്‍വ്വദിച്ചു. അള്‍ത്താരയില്‍ തിരികള്‍ തെളിഞ്ഞു, അത്  പുഷ്പാലംകൃതമായി.  ദിവ്യബലിക്കായി സജ്ജമാക്കപ്പെട്ടു. സ്തോത്രയാഗ പ്രാര്‍ത്ഥനയെ തുടര്‍ന്ന്, ക്രിസ്തുവാകുന്ന അല്‍ത്താരയെയും ബലിവസ്തുവിനെയും പ്രകീര്‍ത്തിക്കുന്നതായിരുന്നു  ആമുഖഗീതി. സഹകാര്‍മ്മികനും അതിരൂപത അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹോസ്സെ ഉളോവയാണ് അത് ചൊല്ലിയത്. മൂന്നാമത്തെ സ്തോത്രയാഗപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് പാപ്പ ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യ സ്വീകരണകര്‍മ്മത്തെ തുടര്‍ന്ന്, പനാമയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ ദിവ്യബലി സമാപിച്ചു.

പ്രാദേശിക സമയം 11.45-ന് കാറില്‍ 15 കി. മീ. അകലെയുള്ള പനാമ അതിരൂപതയുടെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള വലിയ സെമിനാരിയിലേയ്ക്ക് പാപ്പാ യാത്രയായി.

27 January 2019, 17:45