തിരയുക

Vatican News
Pope Francis on the way to  Panama greeted heads of nations Pope Francis on the way to Panama greeted heads of nations  (ANSA)

സഞ്ചാരപഥത്തിലെ രാഷ്ട്രത്തലവന്മാര്‍ക്ക് പാപ്പായുടെ അഭിവാദ്യങ്ങള്‍

പനാമയിലേയ്ക്കുള്ള യാത്രാവഴിയില്‍ വിവിധ രാഷ്ട്രങ്ങളുടെ വ്യോമാതിര്‍ത്തികള്‍ കടക്കവെ അവിടത്തെ ഭരണാധിപന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ടെലിഗ്രാം സന്ദേശങ്ങള്‍ അയച്ചു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അയര്‍ലണ്ട്, കൊളംബിയ എന്നിങ്ങനെ 8 രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ കടന്നാണ് പാപ്പാ ഫ്രാന്‍സിസ് പനാമയിലേയ്ക്കു സഞ്ചരിച്ചത്. റോമില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് പറന്ന സമയം 13 മണിക്കൂറില്‍ അധികമാണ്. രാജ്യാതിര്‍ത്തികള്‍ കടക്കവെ ഓരോ രാഷ്ട്രത്തിന്‍റെയും തലവന് ടെലിഗ്രാമിലൂടെ പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും തന്‍റെ യാത്രായുടെ ലക്ഷ്യം ഹ്രസ്വമായി വിവിരിക്കുകയും ചെയ്തു. ഓരോ രാഷ്ട്രത്തിന്‍റെയും ഭര്‍ണകര്‍ത്താക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച പാപ്പാ, അവിടത്തെ ജനങ്ങളുടെ ശ്രേയസ്സിനായി പ്രാര്‍ത്ഥിക്കുന്നതായും സന്ദേശത്തിലൂടെ അറിയിച്ചു.

1. ഇറ്റാലിയന്‍ പ്രസിഡന്‍റ് സേര്‍ജോ മത്തരേല
പനാമയിലെ ലോകയുവജനോത്സവത്തിലെ യുവതീ യുവാക്കളെ കാണാനുള്ള തീക്ഷ്ണതയോടെ യാത്രചെയ്യുമ്പോള്‍, പ്രസിഡന്‍റ് സേര്‍ജോ മത്തരേലയ്ക്കും, പ്രിയ ഇറ്റാലിയന്‍ ജനതയ്ക്കും അഭിവാദ്യങ്ങള്‍! പൊതുനന്മയ്ക്കായുള്ള ശാന്തമായ പരിശ്രമത്തെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ പിന്‍താങ്ങുന്നെന്ന് പാപ്പാ അറിയിച്ചു.

2. ഫ്രഞ്ച് പ്രസിഡന്‍റ്, ഇമാനുവേല്‍ മാക്രോണ്‍
പനാമയിലേയ്ക്കുള്ള പ്രേഷിതയാത്രയില്‍ പ്രസിഡന്‍റ് ഇമാനുവേല്‍ മാക്രോണിനും ഫ്രാന്‍സിലെ ജനതയ്ക്കും അഭിവാദ്യങ്ങള്‍. കൂടുതല്‍ സമാധാനവും ശ്രേയസ്സും നാടിനു ലഭ്യമാകാനുള്ള ദൈവിക അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു!

3. സ്പെയിനിലെ ഫിലിപ്പ് ആറാമന്‍ രാജാവ്
സ്പെയിനിന്‍റെ വ്യോമാതിര്‍ത്തി കടക്കുമ്പോള്‍, മഹാനുഭാവനായ ഫിലിപ്പ് രാജാവിനും, രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും, സ്പെയിനിലെ ജനതയ്ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍ നേരുന്നു. നിങ്ങള്‍ക്കെല്ലാം നന്മയും സമാധാനവും നേരുന്നു.

4. പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് മര്‍ചേലോ റിബേലോ ദി സോസാ
പനാമയിലേയ്ക്കു യാത്രചെയ്യവെ... പ്രസി‍ഡന്‍റ് മര്‍ചേലോ സോസയ്ക്കും, രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും ദൈവാനുഗ്രഹത്താല്‍ സന്തോഷവും സമാധാനവും കൈവരട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.

5. അമേരിക്കയുടെ പോര്‍ത്തോ റിക്കോ കടക്കവെ
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :
പനാമയിലേയ്ക്കുള്ള ഈ അപ്പസ്തോലിക യാത്രയില്‍ അമേരിക്കയുടെ അതിര്‍ത്തി കടക്കവെ, പ്രസിഡന്‍റ് ട്രംപിനും അമേരിക്കന്‍ ജനതയ്ക്കും സുസ്ഥിതിയും സമാധാനവുമുണ്ടാകട്ടെയെന്നാണു തന്‍റെ പ്രാര്‍ത്ഥനയെന്ന് പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു.

6. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റ്, പ്രസിഡന്‍റ് ഡനീലോ മെന്തീന സാഞ്ചസ്
പ്രസിഡന്‍റ് സാഞ്ചസ്സിനും നാട്ടിലെ പൗരന്മാര്‍ക്കും, പനാമയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആശംസകള്‍ നേരുന്നു. രാജ്യത്ത് സമാധാനവും സമൃദ്ധിയും വര്‍ദ്ധമാനമാവട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.

7. നെതര്‍ലണ്ടിലെ രാജാവ് വില്യം അലക്സാണ്ടര്‍
പനാമയിലേയ്ക്കുള്ള യാത്രയില്‍ നെതര്‍ലണ്ടിന്‍റെ കരീബിയന്‍ തീരം കടക്കവെ, ഭരണകര്‍ത്താവായ അലക്സാണ്ടര്‍ രാജാവിനും ജനതയ്ക്കും ഊഷ്മളമായ ആശംസകള്‍ നേരുകയും, ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.  

8 കൊളംബിയന്‍ പ്രസിഡന്‍റ് ഐവന്‍ ഡ്യൂക് മാര്‍ക്കസ്
യുവജനോത്സവത്തിനായി പനാമയിലേയ്ക്കു യാത്രചെയ്യവെ, കൊളംബിയയുടെ പ്രസിഡന്‍റിനും, ജനതയ്ക്കും ദൈവാനുഗ്രഹത്താല്‍ സമാധാനവും നന്മയും കൈവരട്ടെ, എന്നു പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.


23 January 2019, 18:51