തിരയുക

Vatican News
     പാപ്പാ മദ്ധ്യഅമേരിക്കയിലെ   മെത്രാൻമാരുമൊത്ത്  വിശുദ്ധ ഫ്രാൻസിസ് അസ്സിസി ദേവാലയത്തിൽ പാപ്പാ മദ്ധ്യഅമേരിക്കയിലെ മെത്രാൻമാരുമൊത്ത് വിശുദ്ധ ഫ്രാൻസിസ് അസ്സിസി ദേവാലയത്തിൽ   (Vatican Media)

ക്രിസ്തുവിന്‍റെ ശൂന്യവത്ക്കരണത്തില്‍ പങ്കാളികളാകണം

മദ്ധ്യഅമേരിക്കയിലെ മെത്രാൻമാരെ അഭിസംബോധന ചെയ്ത് വിശുദ്ധ ഫ്രാൻസിസ് അസ്സിസി ദേവാലയത്തിൽ നടത്തിയ പാപ്പായുടെ പ്രഭാഷണ സംഗ്രഹം.

സി. റൂബിനി സി.റ്റി.സി

പാപ്പായ്ക്ക് സ്വാഗതം ആശംസിച്ച ഹൊസെ ലൂയിസ് എസ്കോബാർ മെത്രാപ്പോലീത്തായ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. മെത്രാൻമാര്‍ സന്നിഹിതരായിരുന്നു. ദൈവം ഏല്പിച്ച ജനതകളുടെ ഇടയന്മാരെന്ന നിലയില്‍ അവരുടെ സ്വപ്നങ്ങളെ അടുത്തറിയാൻ സാധിക്കുന്നതിൽ  പാപ്പാ സന്തോഷം പ്രകടിപ്പിച്ചു.

വിശുദ്ധ ഓസ്ക്കര്‍  റൊമേരോ ശൂന്യവത്ക്കരണത്തിന്‍റെ മാതൃക  

പ്രസംഗത്തിലുടനീളം രക്തസാക്ഷിയായ വിശുദ്ധ ഓസക്ർ റൊമേരോയും അദ്ദേഹത്തിന്‍റെ ചിന്തകളും നിറഞ്ഞുനിന്നു. മദ്ധ്യ അമേരിക്കയ്ക്കായുള്ള എപ്പിസ്കോപ്പൽ സെക്രട്ടറിയേറ്റ് (SEDAC) ന്‍റെ രൂപീകരണത്തിന് ശേഷമുള്ള 75 വർഷത്തെ ചരിത്രം വിശ്വാസികളുടെ ചരിത്രവുമായി ഇടകലർന്നു കിടക്കുന്നവെന്നും ആ പ്രവാചക ഫലങ്ങളിൽ വി.റൊമെരോയുടെ ജീവിതവും പഠനങ്ങളും സഭയ്ക്ക്  തുടർച്ചയായി പ്രചോദനവുമാകുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

വി. ഇഗ്നേഷ്യസിന്‍റെ “സഭയോടൊത്ത് ചിന്തിക്കാം” എന്ന നിയമം വി.ഓസ്ക്കാർ റൊമെറോയുടെ ജീവിതമാതൃകയോടു  കൂട്ടി വായിക്കുകയായിരുന്നു പാപ്പാ. റൊമേരോയ്ക്ക് തന്‍റെ വിശ്വാസത്തിന്‍റെ ഉറവിടമായ സഭയെ സ്നേഹിക്കാൻ ജന്മവാസനയായിരുന്നു. വിശ്വാസത്തിൽ തനിക്ക് ജന്മമേകിയ അമ്മയായ സഭയെ റൊമെറോ എല്ലാറ്റിലും അധികമായി സ്നേഹിച്ചിരുന്നതിനാൽ  അദ്ദേഹം സഭയോടൊത്ത് ചിന്തിച്ചുവെന്നും ഈ സ്നേഹവും വിശ്വസ്തതയും നന്ദിയും രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ ആധികാരിക  നവീകരണ ആഹ്വാനങ്ങളെ പഠിക്കാനും പുണരാനും  അദ്ദേഹത്തെ സഹായിച്ചുവെന്നും പാപ്പാ വ്യക്തമാക്കി. ക്രിസ്തു ശിഷ്യത്വത്തിന്‍റെ നേരായ വഴികാട്ടിയായി അദ്ദേഹം അതിനെ കണ്ടെത്തുകയും ചെയ്തു. അങ്ങനെ റൊമെരോ, സഭയോടൊത്തു ചിന്തിക്കുക എന്നാൽ സഭയെ ദൈവത്തിന്‍റെ ജനമായി ധ്യാനിക്കുക എന്നാണർത്ഥം എന്ന് വ്യക്തമാക്കി. ഇടയന് ദൈവത്തെ കണ്ടെത്താൻ തന്‍റെ ജനങ്ങളുടെ ഹൃദയ സ്പന്ദനമറിയണമെന്ന് നമുക്ക് കാണിച്ചു തന്നുവെന്ന് പാപ്പാ ഫ്രാൻസിസ് പറഞ്ഞു. ആടിന്‍റെ മണമുള്ള, അവരുടെ സന്തോഷങ്ങളിലും ആശകളിലും, ദു:ഖങ്ങളിലും ആകാംക്ഷകളിലും ഇറങ്ങിച്ചെന്ന് ദൈവവചനം ധ്യാനിക്കേണ്ടതെങ്ങനെയെന്ന് വിശുദ്ധൻ കാണിച്ചു തന്നു.

ക്രിസ്തുവിന്‍റെ സ്വയം ശൂന്യവൽക്കരണത്തിൽ ജീവിക്കുക എന്നതാണ് സഭയുടെ മഹത്വമെന്നും ഇതാണ് സഭയോടൊത്ത് ചിന്തിക്കലെന്നും റൊമേരോ മനസ്സിലാക്കി. ക്രിസ്തുവിന്‍റ സ്വയം ശൂന്യവൽക്കരണം ഒരു പഴങ്കഥയല്ലെന്നും അതറിയാന്‍ ആഗ്രഹിച്ചാല്‍ ഇന്നും ചരിത്രത്തിൽ കണ്ടെത്താൻ കഴിയുന്നതാണെന്നും പറഞ്ഞ പാപ്പാ നമ്മുടെ ജനങ്ങളുടെ മുറിവുകളിൽ അടുത്തുചെന്ന് തൊടാൻ ഭയപ്പെടരുതെന്നും ആ മുറിവുകൾ നമ്മുടേയും മുറിവുകൾ തന്നെയാണെന്നും ക്രിസ്തു ചെയ്തത് ഇതു തന്നെയാണെന്നും ഓർമ്മിപ്പിച്ചു.

യുവത്വം നിറഞ്ഞ   ക്രിസ്തുവിന്‍റെ  ശൂന്യവൽക്കരണം 

 ക്രിസ്തുവിന്‍റെ സ്വയം ശൂന്യവൽക്കരണം ഇപ്പോഴും ചെറുപ്പമാണെന്നും യുവാക്കളുടെ അടുത്തേക്ക് ചെന്ന് അവരുടെ അനുഭവങ്ങളോട് ചേർന്നു നില്കുവാനുള്ള ഒരു സന്ദർഭമാണ് ലോകയുവജനദിനമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. യുവജന സിനഡിനെ ഉദ്ധരിച്ച് യുവജനങ്ങൾ ഒരു ദൈവശാസ്ത്രത്തിന്‍റെ ശ്രോതസ്സാണ് എന്ന് പാപ്പാ പറഞ്ഞു. ഇടയന്‍റെ  സഞ്ചാരത്തിന് യുവജനങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നില്ല. സിനഡ് പിതാക്കന്മാർ പറഞ്ഞതുപോലെ ചില കാര്യങ്ങളിൽ ഇടയനേക്കാൾ മുമ്പേ പോകുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുവജനങ്ങളുടെ ഉന്നമനത്തിനായി വേണ്ട കാര്യങ്ങൾ ഏറ്റെടുത്ത സഭ ഇന്നും അമ്മയാണെന്നും പലപ്പേഴും യുവജനങ്ങൾ അനുഭവിക്കുന്ന അനാഥത്വമാണ് അവരെ നാശത്തിലേക്കെത്തിക്കുന്നതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

പൗരോഹിത്യത്തില്‍ വിരിയുന്ന  ക്രിസ്തുവിന്‍റെ  ശൂന്യവൽക്കരണം

ക്രിസ്തുവിന്‍റെ ശൂന്യവത്കരണം പൗരോഹിത്യത്തിൽ എങ്ങനെ അനുവർത്തിക്കാമെന്ന് പാപ്പാ വിശദമാക്കിയത് പുരോഹിതരുടെ ജീവിത സാഹചര്യങ്ങളിൽ ഒരു മെത്രാന്‍റെ ഉത്തരവാദിത്വം നിറഞ്ഞ സമീപനങ്ങളും, പിതൃസ്നേഹത്തോടുള്ള സാന്നിധ്യവുമാണ് വേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തി. വൈദീകരുടെ  അനിവാര്യമായ ചില സമയങ്ങളിൽ അവരെ മെത്രാൻമാർ സ്വീകരിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യണം. തന്‍റെ ഉത്തരവാദിത്വത്തിൽപ്പെട്ട വൈദീകർക്ക് താൻ യഥാർത്ഥത്തിൽ പിതാവാണോ എന്ന് ഓരോ മെത്രാനും സ്വയം ചോദിക്കണമെന്നും ദൈവജനത്തിന്‍റെ ജീവിതാനുഭവങ്ങളുടെ ഭാരവും വേദനയും വൈദീകരെ തളർത്തുമ്പോൾ മെത്രാൻ തന്‍റെ സാന്നിധ്യവും, സാമീപ്യവും നൽകണമെന്നും അതിന് അവർ അർഹരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സുവിശേഷവത്ക്കരണത്തിന്‍റെയും അജപാലന ദൗത്യത്തിന്‍റെയും ഫലങ്ങൾ പുറപ്പെടേണ്ടത് ഭൗമീക വസ്തുക്കളുടെ ഉറവിടത്തിൽ നിന്നല്ല മറിച്ച് കാരുണ്യത്തെ കേന്ദ്രീകരിച്ചാണ്.

ഇടവകകളിൽ വൈദീകർ ചെയ്യുന്ന പ്രവർത്തനങ്ങൾ, സന്ദർശനങ്ങൾ, സമ്മേളനങ്ങൾ ഉത്തരവാദിത്വ നിർവ്വഹണം എന്നതില്‍ മാത്രം ഒതുങ്ങി നിൽക്കാതെ ഓരോ വ്യക്തികളെയും ശ്രവിക്കുന്നതിന്നു നമ്മെ സംലഭ്യരാക്കണം. ഭയത്തേക്കാൾ വിശ്വാസവും അഭിനയത്തേക്കാൾ ആത്മാർത്ഥതയും ആത്മഗതം ചെയ്യുന്നതിനേക്കാൾ നിഷ്കപടമായ തുറ വിയുള്ള സംഭാഷണവും നൽകുന്ന  വാതിലിരിക്കണം വൈദീക സാന്നിധ്യം.

ക്രിസ്തുവിന്‍റെ  ശൂന്യവൽക്കരണം  ദാരിദ്ര്യത്തില്‍

ക്രിസ്തുവിന്‍റെ  ശൂന്യവത്ക്കരണം ദാരിദ്യമാണന്ന് പറഞ്ഞ പാപ്പാ ദാരിദ്യം മാതാവും മതിലുമാണെന്ന് പറഞ്ഞ ഇഗ്‌നേഷ്യസിന്‍റെ സൂക്തത്തെ ഓർമ്മിപ്പിച്ചു. ഫലം നൽകുവാനും, ജീവൻ  നൽകുവാനും  നമ്മെ തന്നെ സ്വാർത്ഥത നിറഞ്ഞ ഹൃദയങ്ങൾക്ക് നൽകാൻ നമ്മെ  ക്ഷണിക്കുന്നതിലൂടെ ദാരിദ്യം ഒരമ്മയാണെന്നും സമർപ്പിതർ എന്ന നിലയിൽ പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന മതിലാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. പ്രവാസികളിലെ യുവമുഖങ്ങളെ ഓർമ്മിച്ചു കൊണ്ട് സഭയുടെ സാർവ്വത്രികത വഴി സാഹോദര്യപൂര്‍വ്വം പ്രവാസത്തിന്‍റെ ഉറവിടവും, അവരുടെ ഭാവി ജീവിതവും തമ്മിൽ ബന്ധിപ്പിച്ച് ഭയവും സംശയങ്ങളും ദൂരീകരിക്കാൻ കഴിയുമെന്ന് പാപ്പാ പ്രത്യാശിച്ചു. പരസ്പരം കണ്ടുമുട്ടൽ എന്ന സംസ്ക്കാരം ഒരു വിളിയാണ്. പങ്കുവയ്ക്കപ്പെട്ട സ്വപ്നങ്ങളെ ജീവസ്സുറ്റതാക്കാൻ നമ്മെ ധൈര്യപ്പെടുത്തുവാൻ ക്ഷണിക്കുന്ന വിളിയെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട്  പാപ്പാ തന്‍റെ പ്രഭാഷണം  ഉപസംഹരിച്ചു.

25 January 2019, 10:27