തിരയുക

Pope with the International Commission against death penalty Pope with the International Commission against death penalty 

നീതിനടപ്പാക്കല്‍ ശിക്ഷയല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

വധശിക്ഷ നടപടിക്രമത്തിന് എതിരായ രാജ്യാന്തര കമ്മിഷനിലെ (International Commission against Capital Punishment) 9 രാഷ്ട്രപ്രതിനിധികളുമായി വത്തിക്കാനില്‍ ഡിസംബര്‍ 17-Ɔο തിയതി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിലെ ചിന്തകള്‍:

- ഫാദര്‍ വില്യം നെല്ലിക്കല്‍

വധശിക്ഷയ്ക്ക് എതിരായ നിലപാട്
ജീവന്‍ ദൈവികദാനമാണെന്ന ബോധ്യത്തിലും അതിനാല്‍ അതിന്‍റെ മനുഷ്യാന്തസ്സ് ഏത് അവസ്ഥയിലും മാനിക്കപ്പെടേണ്ടതാണെന്ന നിഗമനത്തിലും വധശിക്ഷയ്ക്ക് എതിരായ നിലപാട് തന്‍റെ ശുശ്രൂഷയുടെ ആരംഭകാലം മുതല്‍ എടുത്തിട്ടുള്ളതാണ്. ലോക വ്യാപകമായി എല്ലാ രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കപ്പെടണം എന്നുതന്നെയാണ് തന്‍റെ നിലപാട്. രാജ്യാന്തര തലത്തില്‍ വിവിധ സ്ഥാപനങ്ങളിലും സാമൂഹിക തലങ്ങളിലും വധശിക്ഷ നിര്‍ത്തല്‍ചെയ്യുന്നതിന് ശുപാര്‍ശകള്‍ ചെയ്തിട്ടുണ്ടെന്ന് തന്‍റെ പ്രഭാഷണത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ആഗോളതലത്തിലുള്ള ഇടപെടലുകള്‍
2015 സെപ്തംബര്‍ 24-ന് അമേരിക്കന്‍ ഐക്യനാടുകളുടെ കോണ്‍ഗ്രസ്സിനെ (United States Congress) അഭിസംബോധനചെയ്തപ്പോഴും, 2014 മെയ് 30-ന് കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമ രൂപീകരണത്തിനുള്ള രാജ്യാന്തര സംഘടന (International Association for Criminal Law), കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചു പഠിക്കുന്ന ലാറ്റിനമേരിക്കന്‍ സംഘടന (Latin American Association of Criminal Law & Criminology) എന്നിവയ്ക്ക് അയച്ച സന്ദേശങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കാന്‍ സാധിക്കണം എന്ന തന്‍റെ ബോധമ്യുള്ള നിലപാട് വ്യക്തമായി അറിയിച്ചിട്ടുള്ളതാണ്.

ജയില്‍, കുറ്റവാളികള്‍, കുറ്റകൃത്യങ്ങള്‍ എന്നവിയെക്കുറിച്ചും, കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരെയും കുറിച്ചും പഠിക്കുന്ന 5 രാജ്യാന്തര സംഘടനകള്‍ക്ക് പലപ്പോഴായി എഴുതിയ കത്തുകളിലും വധശിക്ഷ നിരോധിക്കുന്നതു സംബന്ധിച്ചുള്ള സഭയുടെ നിലപാടും കാഴ്ചപ്പാടും അറിയിച്ചിട്ടുള്ളതാണെന്ന് പാപ്പാ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

വധശിക്ഷയെക്കുറിച്ച് സഭാപഠത്തില്‍ മാറ്റം
ആഗോള സഭയുടെ മതബോധനഗ്രന്ഥത്തില്‍, ഗൗരവകരമായ കുറ്റകൃത്യങ്ങളുടെ സാഹചര്യത്തില്‍ നീതിന്യായക്കോടതി നല്കുന്ന വധശിക്ഷാനടപടി ന്യായികരിക്കാവുന്നതാണെന്ന പ്രസ്താവം (Catechism of the Catholic Church 2267) എടുത്തുമാറ്റുകയുണ്ടായി.

ദൈവമാണ് സമുന്നത വിധിയാളന്‍
 സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ സഭ ഇന്നു പഠിപ്പിക്കുന്നത്  വധശിക്ഷ അനുവദനീയമല്ലാത്തതും, മനുഷ്യാന്തസ്സിന് ഇണങ്ങാത്തതും, ആഗോളവ്യാപകമായി അത് ഇല്ലായ്മചെയ്യാന്‍  പരിശ്രമിക്കേണ്ടതും ആണെന്നാണ്. തന്‍റെ ദൃഷ്ടിയിലും സൃഷ്ടികളിലും സമുന്നതവും ശ്രേഷ്ഠവുമായ മനുഷ്യജീവന്‍റെ യഥാര്‍ത്ഥമായ വിധിയാളനും, അതിന് ഉറപ്പുനല്കുന്നവനും ദൈവം തന്നെയാണ്. ഇങ്ങനെ പാപ്പാ പ്രസ്താവിച്ചത്, വധശക്ഷയ്ക്ക് എതിരായ രാജ്യന്തര കമ്മിഷന്‍റെ പ്രസിഡന്‍റിന്, 2009 മാര്‍ച്ച് 20-ന് എഴുതിയ കത്തിലും, പിന്നീട്
2015-ല്‍ എഴുതിയ കത്തിലും പരാമര്‍ശിച്ചിട്ടുള്ളത് പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.

അനതിക്രമണീയമായ മനുഷ്യജീവന്‍
ലോകത്ത് ഇന്ന് വധശക്ഷയ്ക്കെതിരായി വളര്‍ന്നു വന്നിട്ടുള്ള ശക്തമായ പൊതുഅഭിപ്രായവും എതിര്‍പ്പും ഈ മേഖലയില്‍ പ്രത്യാശയുടെ പ്രതീകവും, ഒപ്പം ന്യായമായ സാമൂഹ്യ പ്രതിഷേധവുമാണ്. കുറ്റകൃത്യങ്ങള്‍ എത്ര കഠോരമായിരുന്നാലും ഇന്ന് വധശിക്ഷ അസ്വീകാര്യമാണ് എന്നു തുറന്നു പ്രസ്താവിച്ചു. ജീവന്‍റെ അനതിക്രമണീയതയ്ക്കും (inviolability) മനുഷ്യാന്തസ്സിനും വിരുദ്ധമായ തിന്മയാണിത്. അതുപോലെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കുന്ന അവിടുത്തെ കരുണാര്‍ദ്രമായ നീതിയുടെ നിഷേധവുമാണ് വധശിക്ഷ. മാത്രമല്ല, വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന ശിക്ഷയുടെ ന്യായമായ ലക്ഷ്യത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമമാണിത്.

കൊല്ലരുതെന്ന ദൈവകല്പന
കുറ്റവാളികള്‍ക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരില്‍ പ്രതിഷേധവും വൈരാഗ്യവും വളര്‍ത്തുന്നു. ‘കൊല്ലരുത്,’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിര്‍ദ്ദോഷികള്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകമാണ്. വ്യക്തികളുടെ ജീവനോടും അവരുടെ മനുഷ്യാന്തസ്സിനോടും പൂര്‍വ്വോപരി ആദരവു പുലര്‍ത്തുവാനും, ഇനിയും ലോകത്ത് അത് വളര്‍ത്തുവാനുമുള്ള ഏറെ ശ്രേഷ്ഠമായ കാഴ്ചപ്പാടാണ് സുവിശേഷകാരുണ്യം! ദൈവം നല്കിയ ജീവന്‍ പരിരക്ഷിക്കപ്പെടണമെന്നും, ജീവിക്കുവാനുള്ള അവകാശം മാനിക്കപ്പെടണമെന്നും, ജീവന്‍റെ അനതിക്രമണീയത കുറ്റവാളികള്‍ക്കും ഉള്ളതാണെന്നുമുള്ള സത്യം മറന്നുപോകരുത്.

നീതിനടപ്പാക്കല്‍ ശിക്ഷയല്ല!
വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സകലരെയും പ്രോത്സഹിപ്പിക്കുക മാത്രമല്ല, നമ്മുടെ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും, ബന്ധനത്തില്‍ കഴിയുന്നവരുടെയും മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്ന തരത്തിലായിരിക്കണം അവയെന്നും അഭ്യര്‍ത്ഥിക്കുന്നു. നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നര്‍ത്ഥമില്ല. കുറ്റവാളിയെ തിരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക - എന്നാണ് ശിക്ഷകൊണ്ട് ലക്ഷ്യംവയ്ക്കേണ്ടത്.

ശിക്ഷയ്ക്കു പിന്നില്‍ വിരിയേണ്ട പ്രത്യാശ
സമൂഹത്തില്‍ കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിലവിലുള്ള സാമൂഹ്യ ശിക്ഷാ-നീതിയുടെ വളരെ വിസ്തൃതമായ ചട്ടക്കൂട്ടില്‍ കൈകാര്യംചെയ്യേണ്ടതാണ്. ഓരോ കുറ്റത്തിനും ശിക്ഷയ്ക്കും പിന്നില്‍ പ്രത്യാശയുടെ കിരണം വിരിയിക്കപ്പെടേണ്ടതാണ്! ശിക്ഷിക്കാന്‍ വേണ്ടിയുള്ള ശിക്ഷയും, പ്രത്യാശയില്ലാത്ത ശിക്ഷാക്രമവും ശിക്ഷയല്ല, പീഡനമാണ്. അതിനാല്‍ വധശിക്ഷയ്ക്ക് എതിരായ ഈ കൂട്ടായപരിശ്രമം ഇനിയും ഒരുമയോടെ തുടരാം. നിങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം!  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2018, 19:34