തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, പത്തു നാടുകള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ച പുതിയ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങള്‍ വ്യാഴാഴ്ച (13/12/18) വത്തിക്കാനില്‍ വച്ച് സ്വീകരിച്ച് അവരെ  പൊതുവായി സംബോധന ചെയ്യുന്നു. ഫ്രാന്‍സീസ് പാപ്പാ, പത്തു നാടുകള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ച പുതിയ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങള്‍ വ്യാഴാഴ്ച (13/12/18) വത്തിക്കാനില്‍ വച്ച് സ്വീകരിച്ച് അവരെ പൊതുവായി സംബോധന ചെയ്യുന്നു.  (Vatican Media)

മാനവാന്തസ്സ് സംരക്ഷിക്കുന്നതിന് സഭ പ്രതിജ്ഞാബദ്ധയാണ്-പാപ്പാ

ലോകത്തെ അലട്ടുന്ന പ്രശ്നങ്ങളെ നേരിടേണ്ടതിന് മാനവ ഔന്നത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവും സത്താപരമെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ സമാധാനം മനുഷ്യര്‍ക്കിടയില്‍ സംസ്ഥാപിക്കാനും ആ ലക്ഷ്യപ്രാപ്തിക്കാവശ്യമായ ഉപാധികള്‍ സംലഭ്യമാക്കാനും സ്ഥാനപതികളുടെ ദൗത്യം സംഭാവനയേകട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

ഗ്രെനാഡ, ഗാംബിയ, ബഹാമാസ്, സ്വിറ്റ്സര്‍ലണ്ട്, കേപ് വെര്‍ദെ, എസ്തോണിയ, ഐസ്ലാന്‍റ്, ടര്‍ക്മെനിസ്ഥാന്‍, ഖത്തര്‍ എന്നീ പത്തു നാടുകള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ച പുതിയ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങള്‍ വ്യാഴാഴ്ച (13/12/18) വത്തിക്കാനില്‍ വച്ച് സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ അവരെ പൊതുവായി സംബോധന ചെയ്യുകയായിരുന്നു.

ലോകത്തെ അ‌ലട്ടുന്ന യുദ്ധങ്ങള്‍, സായുധ സംഘര്‍ഷങ്ങള്‍, കൊ‌ടും ദാരിദ്ര്യം, വിവേചനം, അസമത്വം തുടങ്ങിയ നിരവധി പ്രശ്നങ്ങളെ നേരിടേണ്ടതിന് മാനവ ഔന്നത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവും സത്താപരമാണെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ ഈ പ്രശ്നങ്ങള്‍ക്കും മറ്റ് അടിയന്തിര പ്രശ്നങ്ങള്‍ക്കും  സമൂര്‍ത്തമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഉത്തരവാദിത്വപ്പെട്ടവരുമായി രചനാത്മക സംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സഭ പ്രതിജ്ഞാ ബദ്ധയാണെന്ന് പറഞ്ഞു.

ഇതുവഴി സഭ മനുഷ്യജീവനും മാനവ ഔന്നത്യവും സംരക്ഷിക്കുകയും സഹനങ്ങള്‍ കുറയ്ക്കുകയും അധികൃതവും സമഗ്രവുമായ വികസനം ഉപരിവര്‍ദ്ധമാനമാക്കുകയും ചെയ്യാന്‍ പരിശ്രമിക്കുകയാണെന്നും പാപ്പാ വിശദീകരിച്ചു.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ഒന്നാം ശതാബ്ദിയും ഐക്യരാഷ്ട്രസഭ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്‍റെ എഴുപതാം വാര്‍ഷികവും ഇക്കൊല്ലം ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

13 December 2018, 14:18