തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍ , സിറിയിയില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി താന്‍ തെളിച്ച മെഴുകുതിരിക്കരികില്‍,02-12-18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാവേളയില്‍ , സിറിയിയില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി താന്‍ തെളിച്ച മെഴുകുതിരിക്കരികില്‍,02-12-18  (AFP or licensors)

ആഗമനകാലം പ്രത്യാശയുടെ സമയം-പാപ്പായുടെ ത്രികാലജപ സന്ദേശം

ജാഗരൂകരായിരിക്കുക, പ്രാര്‍ത്ഥിക്കുക: കര്‍ത്താവിനായുള്ള കാത്തിരിപ്പിന്‍റെ കാലം സമുചിതം ജീവിക്കുന്നതിനാവശ്യമായ രണ്ടു ഭാവങ്ങള്‍, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നീലാംബരക്കുടക്കീഴില്‍, അര്‍ക്കാംശുക്കള്‍ പകര്‍ന്ന ചെറുചൂ‌ടില്‍ സുഖകരമായനുഭവപ്പെട്ട കാലവസ്ഥയായിരുന്നു തിരുപ്പിറവിത്തിരുന്നാളിനുള്ള ഒരുക്കത്തിന്‍റെ സമയമായ ആഗമനകാലത്തിലെ ആദ്യത്തെതായിരുന്ന  ഈ ഞായറാഴ്ച (02/12/18) റോമില്‍.  അന്നുച്ചയ്ക്ക് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു.

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, ചത്വരം വിശ്വാസികളുടെ കരഘോഷത്താലും ആരവങ്ങളാലും മുഖരിതമായി.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(02/12/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, മനുഷ്യപുത്രന്‍റെ  ആഗമനത്തെക്കുറിച്ചും പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായി അവിടത്തെ ആഗമനം പാര്‍ത്തിരിക്കേണ്ടതിനെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന, ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം ആദ്ധ്യായം 25-28 വരെയും 34-36 വരെയുമുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ പ്രഭാഷണം

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം,

കാത്തിരിപ്പിന്‍റെ കാലം

ഇന്ന് ആഗമനകാലം ആരംഭിക്കുകയാണ്. തിരുപ്പിറവിയാഘോഷത്തിന് നമ്മെ ഒരുക്കുന്ന ഈ കാലം നയനങ്ങള്‍ ഉയര്‍ത്താനും ജനതകള്‍ പാര്‍ത്തിരുന്ന യേശുവിനെ സ്വീകരിക്കുന്നതിന് ഹൃദയം തുറക്കാനും നമ്മെ ക്ഷണിക്കുന്നു. ക്രിസ്തുജനനാഘോഷത്തിനായി കാത്തിരിപ്പു മാത്രമല്ല ആഗമനകാലത്തില്‍ നമ്മില്‍ സജീവം; സുദൃഢവും സുധീരവുമായ തിരഞ്ഞെടുപ്പുകളാല്‍ ക്രിസ്തുവുമായുള്ള അന്തിമ കൂടിക്കാഴ്ചയക്ക് നമ്മെത്തന്നെ ഒരുക്കിക്കൊണ്ട് അവിടത്തെ മഹത്വപൂര്‍ണ്ണമായ പുനരാഗമനത്തെക്കുറിച്ചുള്ള, യുഗാന്ത്യത്തിലുള്ള വീണ്ടും വരവിനെ കുറിച്ചുള്ള, പ്രതീക്ഷ നമ്മിലുണര്‍ത്താനും നാം ക്ഷണിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ  തിരുജനനം നാം അനുസ്മരിക്കുന്നു; ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ പുനരാഗമനവും അവിടന്നുമായുള്ള നമ്മുടെ വ്യക്തിപരമായ കൂടിക്കാഴ്ചയും, അതായത്, കര്‍ത്താവു നമ്മെ വിളിക്കുന്ന ആ ദിനം, നാം പാര്‍ത്തിരിക്കുന്നു. സന്ധി ചെയ്തതും പതിവായതുമായ ജീവിതശൈലിയില്‍ നിന്നു പുറത്തുവരാന്‍, പുതിയൊരു ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഊട്ടിവളര്‍ത്തിക്കൊണ്ട് പുറത്തുവരാന്‍ ഈ നാലാഴ്ചകളില്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം ആദ്ധ്യായം 25-28 വരെയും 34-36 വരെയുമുള്ള വാക്യങ്ങള്‍, ആ ദിശയിലാണ് നീങ്ങുന്നത്. സ്വാര്‍ത്ഥപൂരിതമോ ജീവിതവ്യഗ്രതാഭരിതമോ ആയ ഒരു ജീവിതശൈലിക്ക് അടിമപ്പെടാതെ ജാഗരൂഗരായിരിക്കാന്‍ ഈ സുവിശേഷഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്‍റെ മൂര്‍ച്ചയേറിയ വാക്കുകള്‍ സവിശേഷമാംവിധം മുഴങ്ങുന്നു: “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാകുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.... പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍” (ലൂക്കായുടെ സുവിശേഷം 21:34-36)

ജാഗരൂകതയും പ്രാര്‍ത്ഥനയും

ജാഗരൂഗരായിരിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍: ഇപ്രകാരമാണ് തിരുജനനം വരെയുള്ള സമയം ജീവിക്കേണ്ടത്. ജാഗരൂകരായിരിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍. ആന്തരികമായ ഉറക്കത്തിന്‍റെ തുടക്കം നാം സദാ നമുക്കുചുറ്റും വലംവയ്ക്കുകയും പ്രശ്നങ്ങളും സന്തോഷസന്താപങ്ങളുമടങ്ങിയ സ്വന്തം ജീവിതത്തില്‍ സ്വയം അടച്ചിട്ട് അതില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതിലൂടെയാണ്. നാം എല്ലായ്പോഴും പോായപ്പോഴും  രിക്കുന്നത് ന്നിബബസന്തോഷസന്താപങ്ങളുമടങ്ങിയ സ്വന്തം ജീവിതബലമാകുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്നമുക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ഇത്, ക്ഷീണമുളവാക്കുന്നു മടുപ്പിക്കുന്നു, പ്രതീക്ഷയെ കൊട്ടിയടയ്ക്കുന്നു. സുവിശേഷം പരാമര്‍ശിക്കുന്ന മന്ദതയുടെയും അലസതയുടെയും മൂലം ഇവിടെ നാം കാണുന്നു. നമ്മിലേക്കു തന്നെ നോക്കാതെ പുറത്തേക്കു നോക്കിയും ജനങ്ങളുടെ, സഹോദരങ്ങളുടെ ആവശ്യങ്ങളിലേക്കും പുതിയൊരു ലോകത്തിനായുള്ള അഭിവാഞ്ഛയിലേക്കും നമ്മുടെ ഹൃദയമനസ്സുകളെ തുറക്കുകയും ചെയ്തുകൊണ്ട് ജാഗരൂഗരായിരിക്കാന്‍ പരിശ്രമിക്കുന്നതിന് ആഗമനകാലം നമ്മെ ക്ഷണിക്കുന്നു. ഒരു പുത്തന്‍ ലോകത്തിനായുള്ള ആഗ്രഹം, പട്ടിണിയാലും അനീതിയാലും യുദ്ധത്താലും പീഢിതരായ അനേകം ജനങ്ങളുടെ അഭലാഷമാണ്; ദരിദ്രരുടെയും ബലഹീനരുടെയും പരിത്യക്തരുടെയും ആഗ്രഹമാണ്. നമ്മുടെ ഹൃദയം തുറന്നിടാനും, നമ്മുടെ ജീവിതം എങ്ങനെ, ആര്‍ക്കുവേണ്ടി ജീവിക്കുന്നു എന്ന് സമൂര്‍ത്തമാംവിധം നമ്മോടുതന്നെ ചോദിക്കാനുമുള്ള ഉചിതമായ സമയമാണിത്.

പ്രാര്‍ത്ഥന

കര്‍ത്താവിനായുള്ള കാത്തിരിപ്പിന്‍റെ കാലം സമുചിതം ജീവിക്കുന്നതിനാവശ്യമായ രണ്ടാമത്തെ മനോഭാവം പ്രാര്‍ത്ഥനയുടെതാണ്. “നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കുവിന്‍, നിങ്ങളുടെ മോചനം സമീപിച്ചിരിക്കുന്നു” (ലൂക്കാ, 21:28) എന്ന് ലൂക്കായുടെ സുവിശേഷം അനുശാസിക്കുന്നു. ആഗതനാകുന്ന യേശുവിങ്കലേക്ക് നമ്മുടെ വിചാരങ്ങളും ഹൃദയവും തിരിച്ചുകൊണ്ട് ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ചാണ് പരാമര്‍ശം. എന്തെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും പ്രതീക്ഷിക്കുമ്പോള്‍ നാം ഉണര്‍ന്നിരിക്കുന്നു. നാമിപ്പോള്‍ യേശുവിനെ പാര്‍ത്തിരിക്കുന്നു, ജാഗരൂഗതയോടു അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനയില്‍ ഇങ്ങനെ കാത്തിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുക, യേശുവിനെ കാത്തിരിക്കുക, അപരര്‍ക്കായി സ്വയം തുറന്നിടുക, ഉണര്‍ന്നിരിക്കുക, നമ്മില്‍ത്തന്നെ അടച്ചിടാതിരിക്കുക. എന്നാല്‍ നമ്മള്‍ ഉപഭോഗത്തിന്‍റെതായ ഒരന്തരീക്ഷത്തില്‍, തിരുപ്പിറവിയെക്കുറിച്ചു ചിന്തിക്കുകയും        ലൗകികമായ ഒരാഘോഷത്തിനായി അതുമിതുമൊക്കെ ചെയ്യാന്‍ എന്തുമേടിക്കാം എന്നു നോക്കിനടക്കുകയും ചെയ്യുകയാണെങ്കില്‍, യേശു കടന്നുപോകും എന്നാല്‍ നാം അവിടത്തെ കാണുകയില്ല. നാം യേശുവിനെ കാത്തിരിക്കുന്നു, ജാഗരൂഗതയോടു അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനയില്‍ അവി‌ടത്തെ പാര്‍ത്തിരിക്കാനാണ് നാം ആഗ്രഹിക്കുക.

പതിയിരിക്കുന്ന അപകടം

എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ കാത്തിരിപ്പിന്‍റെ ചക്രവാളം ഏതാണ്? അത് ബൈബിള്‍, സര്‍വ്വോപരി, പ്രവാചകന്മാരുടെ സ്വരം കാണിച്ചു തരുന്നുണ്ട്. പ്രവാസത്താല്‍ കഠിനമായി പരീക്ഷിക്കപ്പെടുകയും സ്വന്തം തനിമ നഷ്ടപ്പെടുന്ന അപകടത്തിലായിരിക്കുകയും ചെയ്യുന്ന ജനതയെക്കുറിച്ചു സംസാരിക്കുന്ന ജെറമിയ പ്രവാചകന്‍റെതാണ് ഇന്നത്തെ സ്വരം. ദൈവജനംതന്നെയായ ക്രൈസ്തവരായ നമ്മളും ഭൗതികവത്ക്കരിക്കപ്പെടുകയും തനിമ കൈമോശം വരുകയും ചെയ്യുന്ന അപകടത്തിലാണ്. ക്രിസ്തീയശൈലി അക്രൈസ്തവീകരിക്കപ്പെടുന്ന അപകടത്തിലാണെന്നു പറയാം. ആകയാല്‍ പ്രവാചകന്‍ വഴി സംസാരിക്കുന്ന ദൈവത്തിന്‍റെ വചനം നമുക്കും ആവശ്യമായിരിക്കുന്നു: “ഇസ്രായേല്‍ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു. ആനാളില്‍ ആ സമയത്ത്, ദാവീദിന്‍റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന്‍ ദേശത്ത് നീതിയും ന്യായവും നടത്തും” (ജെറമിയ-33:14-15) നീതിമാനായ ആ മുള യേശുവാണ്. യേശുവാണ് ആഗതനാകുന്നത്, അവിടത്തെയാണ് നാം കാത്തിരിക്കുന്നത്. നമുക്കായി യേശുവിനെ സംവഹിക്കുന്ന, കാത്തിരിപ്പിന്‍റെയും പ്രാര്‍ത്ഥനയുടെയും മഹിളായ കന്യകാമറിയം അവളുടെ പുത്രന്‍റെ വാഗ്ദാനങ്ങളി‍ലുള്ള നമ്മുടെ പ്രത്യാശയെ നാം ശക്തിപ്പെടുത്തുന്നതിന് നമ്മെ സഹായിക്കുകയും ചരിത്രത്തിന്‍റെ ക്ലേശങ്ങളിലൂ‌ടെ ദൈവം എന്നും വിശ്വസ്തനായി നിലകൊള്ളുകയും തന്‍റെ കാരുണ്യം വെളിപ്പെടുത്തുന്നതിന് മാനുഷികമായ തെറ്റുകളെ അവിടന്നു ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നും അനുഭവിച്ചറിയുന്നതിന് നമ്മെ പ്രാപ്തരാക്കുകയും ചെയ്യട്ടെ.     

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്തു.

സിറിയയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

യുദ്ധം പിച്ചിച്ചിന്തിയിരിക്കുന്ന സിറിയയില്‍ യാതനകളനുഭവിക്കുന്ന കുട്ടികള്‍ക്ക് സമാധനം ലഭിക്കുമെന്ന പ്രത്യാശ പാപ്പാ നവീകരിച്ചു.

പാപ്പാ ഇങ്ങനെ പറഞ്ഞു:

ആഗമനകാലം പ്രത്യാശയുടെ സമയമാണ്. 8 വര്‍ഷം നീണ്ട യുദ്ധം തകര്‍ത്ത പ്രിയപ്പെട്ട നാടായ സിറിയിലെ കുഞ്ഞുങ്ങളുടെ സമാധാന പ്രതീക്ഷ ഈ വേളയില്‍ ഞാന്‍ സ്വന്തമാക്കുന്നു. ആകയാല്‍ “ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” (AID TO THE CHURH IN NEED) എന്ന പ്രസ്ഥാനത്തിന്‍റെ സംരംഭത്തോട് ഒന്നു ചേര്‍ന്ന് ഞാന്‍, ഇന്ന് സിറിയയിലെ കുട്ടികളും ലോകത്തില്‍ നിരവധിവിശ്വാസികളും ചെയ്യുന്നതുപോലെ, തിരി തെളിയിക്കുകയാണ്.

ഈ വാക്കുകളെ തുടര്‍ന്നു് പാപ്പാ വലിയൊരു മെഴുകുതിരി തെളിച്ചു.

പ്രത്യാശയുടെ ഈ നാളവും പ്രത്യാശയുടെ നിരവധിയായ ചെറുനാളങ്ങളും യുദ്ധത്തിന്‍റെ ഇരുളകറ്റട്ടെ! ക്രൈസ്തവര്‍ സിറിയയിലും മദ്ധ്യപൂര്‍വ്വദേശത്തും കാരുണ്യത്തിന്‍റെയും പൊറുക്കലിന്‍റെയും അനുരഞ്ജനത്തിന്‍റെയും സാക്ഷികളായി തുടരുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യാം. ഈ ദിനങ്ങളില്‍, ലോകത്തിന്‍റെ മറ്റിടങ്ങളില്‍, ദൂരത്തും ചാരത്തും, അക്രമത്തിന്‍റെയും പിരിമുറുക്കങ്ങളുടെയുമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവരിലേക്കും പ്രത്യാശയുടെ ഈ നാളം എത്തിച്ചേരട്ടെ. ദൈവജനത്തിന്‍റെ സാമീപ്യം അനുഭവിച്ചറിയാന്‍ സഭയുടെ പ്രാര്‍ത്ഥന അവരെ സഹായിക്കുകയും സമാധാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ എല്ലാവരുടെയും മനസ്സാക്ഷിയെ സ്പര്‍ശിക്കുകയും ചെയ്യട്ടെ. യുദ്ധം ചെയ്യുന്നവരോടും അപരനെ നിഹനിക്കുന്നതിനുള്ള ആയുധം  നിര്‍മ്മിക്കുന്നവരോടും നമ്മുടെ കര്‍ത്താവായ ദൈവം പൊറുക്കുകയും ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യട്ടെ. പ്രിയ നാടായ സിറിയയ്ക്ക് സമാധാനം ലഭിക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനാനന്തരം റോമാക്കാരും വിവിധ രാജ്യാക്കാരുമുള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായറും നല്ലൊരു ആഗമനകാലയാത്രയും ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

02 December 2018, 13:10