Cerca

Vatican News
Competitors take part in the London Santa Run, in Victoria Park, London ലണ്ടന്‍ വിക്ടോറിയ പാര്‍ക്കിലെ സാന്താക്ലോസ് ഓട്ടം  

“സാന്താക്ലോസി”ന്‍റെ ബസിലിക്കയ്ക്ക് 50 വയസ്സ്!

“സാന്താക്ലോസി”ന്‍റെ ഇറ്റലിയിലെ പൊന്തിഫിക്കല്‍ ബസിലിക്കയ്ക്ക് 50 വയസ്സ്. പാപ്പാ ഫ്രാന്‍സിസ് പ്രത്യേക സന്ദേശം അയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“സാന്താക്ലോസ്” എന്ന് ലോകമെങ്ങും വിഖ്യാതനായിട്ടുള്ള വിശുദ്ധ നിക്കോളസിന്‍റെ നാമത്തിലുള്ള തെക്കെ ഇറ്റലിയിലെ ബാരി എന്ന സ്ഥലത്തെ ബസിലിക്ക 1968-ല്‍ പൊന്തിഫിക്കല്‍ പദവിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ ജൂബിലിനാളിലാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും സന്ദേശം അയച്ചത്.

വിശ്വസാഹോദര്യത്തിന്‍റെ  മഹാവിശുദ്ധന്‍
വിശുദ്ധ നിക്കോളസിന്‍റെ നാമത്തിലുള്ള ബാരിയിലെ വിഖ്യാതമായ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് വിവിധ സഭാസമൂഹങ്ങളിലെ ജനങ്ങളും, മറ്റുമതസ്ഥരും വരുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. വിഭാഗീയത ഇല്ലാതെ ക്രൈസ്തവമക്കള്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന ഭാവിസ്വപ്നമായ സഭകളുടെ സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ പ്രതീകമാണെന്ന് സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

വിശുദ്ധ നിക്കോളസിന്‍റെ പുരാതന ബസിലിക്കയിലേയ്ക്കുള്ള യുറോപ്പിലെയും മദ്ധ്യപൂര്‍വ്വദേശത്തെയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെയും  ക്രൈസ്തവസമൂഹങ്ങളുടെ തീര്‍ത്ഥാടനവും കൂട്ടായ പ്രാര്‍ത്ഥനയും ദൈവാന്വേഷണ പാതയിലെ മനുഷ്യന്‍റെ ശുഷ്ക്കാന്തിയുടെ പ്രതീകമാണ്. പ്രാര്‍ത്ഥനയ്ക്ക് അസാധാരണമായ സുവിശേഷവത്ക്കരണ ശക്തിയുണ്ട്.  ബാരിയില്‍ വിശുദ്ധ നിക്കോളസിന്‍റെ ബസിലിക്കയില്‍ കാണുന്ന സഭൈക്യകൂട്ടായ്മയുടെ പ്രാര്‍ത്ഥനാചൈതന്യം ക്രൈസ്തവ സഭകളുടെ പരമമായ ഐക്യത്തിനും വിശ്വസാഹോദര്യത്തിനും സഹായകമാവട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ ആശംസിച്ചു. ബാരി-ബിത്തോന്തോ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ചേസ്ക്കൊ കക്കൂച്ചിക്കാണ് ബസിലിക്കയുടെ ജൂബിലി പ്രമാണിച്ച് നവംബര്‍ 30-ന് പാപ്പാ സന്ദേശമയച്ചത്.

‍സാന്താക്ലോസ് എന്ന വിശുദ്ധ നിക്കോളസ്
ക്രിസ്താബ്ദം 280-ല്‍ തുര്‍ക്കിയിലെ പട്ടാറയില്‍, ഇപ്പോഴത്തെ ദോംറെയില്‍ ജനിച്ച നിക്കോളസാണ്, പിന്നീട് പാവങ്ങളോടും രോഗികളോടും അനുകമ്പയുള്ള  മെത്രാനായിത്തീര്‍ന്നത്.  ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം പ്രകടമാക്കിയ ദാനശീലവും ദീനാനുകമ്പയും അനിതരസാധാരണമായിരുന്നു. വേഷപ്രച്ഛന്നനായും രഹസ്യമായും അദ്ദേഹം ചെയ്ത ഉപവിപ്രവര്‍ത്തനങ്ങളുടെ രസകരമായ കഥകള്‍ ലോകമെമ്പാടും വ്യാപിച്ചു.  സാന്തോ നിക്കോളസ്, സിന്തെര്‍ ക്ലാസ്... എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള വിശുദ്ധന്‍റെ പേരു ലോപിച്ചാണ് സാന്തക്ലോസ് എന്ന ജനകീയ നാമം രൂപപ്പെട്ടതെന്ന് പൊതുവെ അംഗീകരിക്കുന്ന വസ്തുതയാണ്. ഡിസംബര്‍ 6-നാണ് വിശുദ്ധ നിക്കോളസിന്‍റെ അനുസ്മരണവും തിരുനാളും ആഗോളസഭയില്‍ ആചരിക്കപ്പെടുന്നത്.

തുര്‍ക്കിയില്‍നിന്നും ഇറ്റലിയിലേയ്ക്ക്
തുര്‍ക്കിയിലെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളിലാണ്, അവിടെ ദോംറെ-യിലായിരുന്ന വിശുദ്ധന്‍റെ ഭൗതികശേഷിപ്പുകള്‍ ഇറ്റലിയിലെ സമുദ്ര പട്ടണമായി  ബാരിയിലേയ്ക്ക് മാറ്റപ്പെട്ടത്.  ബാരിയില്‍ എത്തിച്ച ഭൗതികശേഷിപ്പുകള്‍ പ്രതിഷ്ഠിച്ച ദേവാലയം 1087-ല്‍ വിശുദ്ധ നിക്കോളസിന്‍റെ നാമത്തിലുള്ള ബസിലിക്കയായി ഉയര്‍ത്തപ്പെട്ടു. 1968-ല്‍ ബാരി സന്ദര്‍ശിച്ച പോള്‍ ആറാമന്‍ പാപ്പയാണ് വിശുദ്ധ നിക്കോളസിന്‍റെ ബസിലിക്കയ്ക്ക് പൊന്തിഫിക്കല്‍ പദവി നല്കിയത്. ഓര്‍ത്തഡോക്സ്, കത്തോലിക്ക പൗരസ്ത്യ ക്രൈസ്തവ സമൂഹങ്ങള്‍ പങ്കെടുക്കുന്ന സഭൈക്യവേദി ശ്രദ്ധയില്‍പ്പെട്ടതിനാലും, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിച്ച,  ഇനിയും വളരേണ്ട സഭകളുടെ ഐക്യം എന്ന സ്വപ്നം  മനസ്സിലേറ്റിക്കൊണ്ടുമാണ് വിശുദ്ധ നിക്കോളസിന്‍റെ ബാരിയിലെ പുരാതന മഹാദേവാലയത്തിന് പോള്‍ ആറാമന്‍ പാപ്പാ  പൊന്തിഫിക്കല്‍ സ്ഥാനം നല്കിയത്.

ബാരിയിലെ സഭൈക്യസംഗമം
വിശുദ്ധ നിക്കോളസിന്‍റെ ബസിലിക്കയ്ക്കുള്ള സഭൈക്യ ചരിത്രപശ്ചാത്തലം  കണക്കിലെടുത്ത്,  പാപ്പാ ഫ്രാന്‍സിസ് വിവിധ ക്രൈസ്തവസഭകളുടെ അദ്ധ്യക്ഷന്മാരെ 2018 ജൂലൈ 7-ന് ബാരിയില്‍ വിളിച്ചുകൂട്ടി മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായി ഏകദിന സഭൈക്യപ്രാര്‍ത്ഥനാ സംഗമം നടത്തിയത് അനുസ്മരണീയമാണ്. സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും കൊല്ലപ്പെടുകയും ചെ്യ്യുന്ന നിര്‍ദ്ദോഷികളായ ക്രൈസ്തവരെ തുണയ്ക്കാനാണ് സഭകളുടെ കൂട്ടായ്മ ബാരിയില്‍ സംഗമിച്ചത്. 

02 December 2018, 17:28