തിരയുക

മനുഷ്യാവകാശത്തെ അധികരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം റോമില്‍, ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ 10-11/12/18 മനുഷ്യാവകാശത്തെ അധികരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം റോമില്‍, ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ 10-11/12/18 

മൗലികാവകാശങ്ങളുടെ ആദരവ്-സകലരുടെയും കടമയെന്ന് പാപ്പാ

ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി സ്വന്തം സാഹചര്യത്തിനനുസൃതം നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി സംഭാവനചെയ്യാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 70-Ↄ○ വാര്‍ഷികത്തോടും ലോകത്തിലെ മനുഷ്യാവകാശസംരക്ഷണത്തിനായുള്ള വിയെന്ന കര്‍മ്മപരിപാടിയുടെയും പ്രഖ്യാപനത്തിന്‍റെയും 25-Ↄ○ വാര്‍ഷികത്തോടും അനുബന്ധിച്ച് റോമില്‍, പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയും വത്തിക്കാന്‍റെ മാനവ വികസന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് അതിന്‍റെ ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച (10/12/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥനയുള്ളത്.

വികസനസഹകരണത്തിനുള്ളതുള്‍പ്പടെയുള്ള എല്ലാ നയങ്ങളുടെയും കേന്ദ്രസ്ഥാനത്ത്, ഒഴുക്കിനെതിരെയാണെങ്കില്‍ പോലും, മനുഷ്യാവകാശങ്ങള്‍ വയ്ക്കണമെന്ന് പാപ്പാ ഭരണപരമായ ഉത്തരവാദിത്വമുള്ളവരോട് അഭ്യര്‍ത്ഥിച്ചു.

മനുഷ്യാവകാശ പ്രഖ്യാപനം 70 വര്‍ഷം പിന്നിടുമ്പോഴും ലോകത്തില്‍ അനീതി വാഴുന്നു എന്ന ഖേദകരമായ വസ്തുത അനുസ്മരിച്ച പാപ്പാ ന്യൂനീകൃതമായ ഒരു നരവംശസാസ്ത്രവീക്ഷണവും ലാഭത്തില്‍ മാത്രം അധിഷ്ഠിതമായ സാമ്പത്തിക മാതൃകയുമാണ് ഈ അനീതിയെ പോറ്റി വളര്‍ത്തുന്നതെന്നും മനുഷ്യനെ ചൂഷണം ചെയ്യുന്നതിനും പാഴ്വസ്തുകണക്കെ വലിച്ചറിയുന്നതിനും വധിക്കുന്നതിനുപോലും മടിക്കാത്തതാണ് ഈ അനീതിയെന്നും കുറ്റപ്പെടുത്തുന്നു.

ഒരു വശത്ത് ഒരു കൂട്ടം മനുഷ്യര്‍ ആഢംബര ജീവിതം നയിക്കുമ്പോള്‍ മറുവശത്ത് തങ്ങളുടെ ഔന്നത്യം അനാദരിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും മൗലികാവകാശങ്ങള്‍ അവഗണിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്ത മനുഷ്യരാണുള്ളതെന്ന് പാപ്പാ അുസ്മരിക്കുന്നു.

ലോകത്തില്‍ പിറന്നുവീഴാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പെട്ട ഗര്‍ഭസ്ഥശിശുക്കളെയും മാന്യമായ ജീവിതം നയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരെയും വിദ്യഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവരെയും അടിമവേല ചെയ്യാന്‍ നിര്‍ബ്ബന്ധിതരായവരെയും മനുഷ്യോചിതമല്ലാത്ത അവസ്ഥകളില്‍ കഴിയേണ്ടിവരുന്നവരും പീഢിപ്പിക്കപ്പെടുന്നവരുമായ തടവുകാരെയും മറ്റും പാപ്പാ തന്‍റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു.

ഗൗരവതരമായ ഇക്കാര്യങ്ങളില്‍ ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ടെന്നും ആകയാല്‍ ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി സ്വന്തം സാഹചര്യത്തിനനുസൃതം നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി സംഭാവനചെയ്യാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

“മനുഷ്യാവകാശങ്ങള്‍ ആനുകാലിക ലോകത്തില്‍: പിടിച്ചടക്കലുകളും ഉപേക്ഷകളും തിരസ്കരണങ്ങളും” എന്നതായിരുന്നു റോമില്‍, പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ചൊവ്വാഴ്ച (11/12/18) സമാപിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2018, 12:50