തിരയുക

Pope Francis visited Vatican Library Pope Francis visited Vatican Library 

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ ലൈബ്രറി സന്ദര്‍ശിച്ചു

ചൊവ്വാഴ്ച ഡിസംബര്‍ 4-Ɔο തിയതി രാവിലെ പാപ്പാ ഫ്രാന്‍സിസിനെ ഏറെ സന്തോഷത്തോടെ വത്തിക്കാന്‍ ലൈബ്രറിയില്‍ സ്വീകരിച്ചതായി, അന്നുതന്നെ പ്രസിദ്ധപ്പെടുത്തിയ വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ ട്വിറ്റര്‍ സന്ദേശം വെളിപ്പെടുത്തി @VaticanLibrary.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വരവേല്‍പ്!
വത്തിക്കാന്‍ ഗ്രന്ഥശാലയുടെ ലൈബ്രേറിയന്‍, ആര്‍ച്ചുബിഷപ്പ് ഷാണ്‍ ലൂയി ബോര്‍ജസ്, രഹസ്യശേഖരങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന (Archivist) ആര്‍ച്ചുബിഷപ്പ് ഹൊസെ തൊളെന്തീനോ മെന്തോന്‍സ, പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ചെസാരെ പസീനി എന്നിവര്‍ പാപ്പാ ഫ്രാന്‍സിസിനെ സ്വാഗതംചെയ്തു. മൂവരും പാപ്പായെ അനുഗമിക്കുകയും ഗ്രന്ഥശേഖരങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഒരു മണിക്കൂറില്‍ അധികം പാപ്പാ ഗ്രന്ഥാലയത്തില്‍ ചെലവഴിച്ചു.

വത്തിക്കാന്‍റെ അമൂല്യഗ്രന്ഥശേഖരം
ലോകത്തെ ഏറ്റവും അധികം പഴക്കമുള്ള ഗ്രന്ഥാലയങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ബൃഹത്തായ ലൈബ്രറി. ഏറെ ശ്രദ്ധേയമായ ചരിത്രഗ്രന്ഥങ്ങളുള്ളതും ഇവിടെയാണ്. ചരിത്രപരമായി അമൂല്യങ്ങളായ 75,000 കൈയ്യെഴുത്തു പ്രതികളും (codices ), പത്തുലക്ഷത്തില്‍ അധികം വിലപ്പെട്ട പുസ്തകങ്ങളും (volumes) വത്തിക്കാന്‍ ലൈബ്രറിയുടെ വന്‍ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഗുട്ടന്‍ബര്‍ഗ് അച്ചടികണ്ടുപിടിക്കും മുന്‍പ്, അതായത് 15-Ɔο നൂറ്റാണ്ടിനും മുന്‍പുള്ള കല്ലച്ചില്‍ പകര്‍ത്തിയെടുക്കപ്പെട്ട  'ഇങ്കുനാബൂള' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥത്തിന്‍റെ  (incunabula)  8,500 പ്രതികളും വത്തിക്കാന്‍ ഗ്രന്ഥക്കൂട്ടത്തിലുണ്ട്.

ലോകത്തെ മികച്ച ഗവേഷണഗ്രന്ഥാലയം
ചരിത്രം, നിയമം, തത്ത്വശാസ്ത്രം, ശാസ്ത്രം, ദൈവശാസ്ത്രം, പ്രാതിഭാസിക വിജ്ഞാനം എന്നീ വിഷയങ്ങളെ സംബന്ധിച്ച ലോകത്തെ ഏറ്റവും മികച്ച ഗവേഷണ ഗ്രന്ഥാലയമായി വത്തിക്കാന്‍ ലൈബ്രറി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ അറിവിന്‍റെ മേഖല, അര്‍ഹത, ഗവേഷണപരമായ ആവശ്യം എന്നിവ ഉന്നയിച്ചാല്‍ ആര്‍ക്കും വത്തിക്കാന്‍ ലൈബ്രറി ലഭ്യമാണ്. 1801-മുതല്‍ 1990-വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങളുടെ ഫോട്ടോസ്റ്റാറ്റ് പ്രതികള്‍ അവശ്യപ്പെടുന്നവര്‍ക്ക് ലഭ്യമാക്കാറുണ്ട്. 2014 മാര്‍ച്ചില്‍ ആരംഭിച്ച ഗ്രന്ഥാലയത്തിലെ കൈയ്യെഴുത്തു പ്രതികളുടെ അത്യപൂര്‍വ്വശേഖരം ‘ഡിജിറ്റ’ലാത്ക്കരണം പൂര്‍ത്തീകരിച്ച് ആവശ്യാനുസരണം online-ല്‍ ലഭ്യമാക്കിയിട്ടുണ്ട്. വത്തിക്കാന്‍ ലൈബ്രറിയുടെ 1,50,000-ല്‍പ്പരം പ്രതികള്‍ 17-Ɔο നൂറ്റാണ്ടുമുതല്‍ രഹസ്യശേഖരത്തിന്‍റെ പ്രത്യേക വിഭാഗമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ഗ്രന്ഥാലയത്തിന്‍റെ സ്ഥാനം
വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ഭാഗമാണ് വത്തിക്കാന്‍ ലൈബ്രറി. വത്തിക്കാന്‍ മ്യൂസിയത്തോടും മൈക്കിളാഞ്ചലോ രചിച്ച സൃഷ്ടി മുതല്‍ അന്ത്യവിധിവരെയുള്ള വിശ്വോത്തര ചുവര്‍ചിത്രങ്ങളുള്ള (frescoes) സിസ്റ്റൈന്‍ കപ്പേളയോടു (Sistine chapel) ചേര്‍ന്നുമാണ് അത് സ്ഥിതിചെയ്യുന്നത്. വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വലതുഭാഗത്തെ “സെന്‍റ് ആന്‍” കവാടത്തിലെ “ബെല്‍വെദേരെ” വഴിയാണ് (via Belvedere) വത്തിക്കാന്‍ ലൈബ്രറിയിലേയ്ക്കുള്ള പ്രവേശനം.

നിക്കോളസ് 5-Ɔമന്‍ പാപ്പായാണ് (1447-1455) വത്തിക്കാന്‍ ലൈബ്രറിയുടെ സ്ഥാപകന്‍. എന്നാല്‍ 1548-ല്‍ സ്ഥാനമേറ്റ പാപ്പാ പോള്‍ 3-‍Ɔമനായിരുന്ന ഗ്രന്ഥാലയത്തിന്‍റെ പ്രഥമ കര്‍ദ്ദിനാള്‍ ലൈബ്രേറിയന്‍. ഉദാരമതികളുടെ സംഭാവനകള്‍ വഴിയും, ഒസ്യത്തുപ്രകാരവും വിലകൊടുത്തു വാങ്ങിയും  ലിയോ 13-Ɔമന്‍, പിയൂസ് 11-Ɔമന്‍ എന്നീ സഭാദ്ധ്യക്ഷന്മാരുടെ ശ്രദ്ധേയമായ പരിലാളനയില്‍ വത്തിക്കാന്‍ ഗ്രന്ഥാലയം പെട്ടെന്നു വളര്‍ന്നു വലുതായി. വത്തിക്കാന്‍റെ ഗ്രന്ഥാലയ ശാസ്ത്ര പഠനവിഭാഗം (Vatican School of Library Science) വിശ്വവിഖ്യാതമാണ്.

“ഹോര്‍ത്തൂസ് മലബാറിക്കൂസ്”
ഡച്ച് അധിനിവേശ കാലത്ത് മലബാറിന്‍റെ ഗവര്‍ണറായിരുന്ന ഹെന്‍റിക് വാന്‍ റെഡേ (Hendrik van Rheede) ശേഖരിച്ചു പ്രസിദ്ധപ്പെടുത്തിയ പശ്ചിമഘട്ടത്തിലെ സസ്യലതാദികളെക്കുറിച്ച്, പ്രത്യേകിച്ച് കേരളത്തിന്‍റെ സമ്പന്നമായ ഔഷധച്ചെടികളെക്കുറിച്ചു പ്രതിപാദിക്കുന്ന “ഹോര്‍ത്തൂസ് മലബാറിക്കൂസ്”  (Hortus Malabaricus, മലബാറിലെ സസ്യലതാദികള്‍) എന്ന ലത്തീന്‍ ഭാഷയിലുള്ള മൂലകൃതികള്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ ലഭ്യമാണ്. 1670-1693 കാലയളവിലുള്ള പഠനങ്ങളാണ്  സചിത്ര രചനകളുടെ ഉള്ളടക്കം.  200 താളുകള്‍ വീതമുള്ള 12 വാല്യങ്ങള്‍ പ്രകാശനംചെയ്യപ്പെട്ടത് ആംസ്റ്റര്‍ഡാമിലാണ്. കേരളത്തിലെ ആയൂര്‍വേദ വൈദ്യന്മാരായിരുന്ന ഇട്ടി അച്ചുതന്‍, കൊച്ചിയിലെ രംഗ ഭട്ട്, വിനായക പണ്ഡിറ്റ്, വരാപ്പുഴ സെന്‍റ് ജോസഫ് ആശ്രമത്തിലെ ഫാദര്‍ മത്തെയോ ഒ.സി.ഡി. എന്നിവര്‍ ഗ്രന്ഥശേഖരത്തിലെ പല വാല്യങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കൗതുകമുണര്‍ത്തുന്ന വസ്തുതയാണ്.

35 വര്‍ഷക്കാലം അദ്ധ്വാനിച്ച സസ്യശാസ്ത്ര ഗവേഷണ പണ്ഡിതനായ പ്രഫസര്‍ കെ.എസ്. മണിലാല്‍ ഈ ഗ്രന്ഥശേഖരങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും പരിഭാഷചെയ്തത് കേരളസര്‍വ്വകാലശാല  (University of Kerala) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

06 December 2018, 09:18