തിരയുക

Vatican News
ഉണ്ണിയേശുവിന്‍റെ രൂപങ്ങളുമേന്തി ഞായറാഴ്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സമ്മേളിച്ച വിശ്വാസികള്‍ 16-12-18 ഉണ്ണിയേശുവിന്‍റെ രൂപങ്ങളുമേന്തി ഞായറാഴ്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സമ്മേളിച്ച വിശ്വാസികള്‍ 16-12-18  (ANSA)

ആനന്ദിച്ചുല്ലസിക്കുവിന്‍: ആഗമനകാല ക്ഷണം

പ്രയാസവേളകളില്‍ നമുക്കെന്നും കര്‍ത്താവിനോടപേക്ഷിക്കാന്‍ സാധിക്കുമെന്നും നമ്മുടെ യാചനകള്‍ അവിടന്ന് ഒരിക്കലും തള്ളിക്കളയില്ലയെന്നുമുള്ള അവബോധം ആനന്ദത്തിന്‍റെ ഒരു വലിയ കാരണമാണ്. യാതൊരുവിധ ഉല്‍ക്കണ്ഠകള്‍ക്കും ഭയത്തിനും നമ്മുടെ ശാന്തതയെ നമ്മില്‍ നിന്നെടുത്തു കളയാനാകില്ല.-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ശൈത്യം പിടിമുറുക്കിയിരുന്നെങ്കിലും കതിരവന്‍ കതിരുകള്‍ വീശിയ ദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (17/12/18) രാവിലെ. ഞായറാഴ്ചകളിലെ പതിവനുസരിച്ച് അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവിധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. “സകല സന്തോഷവും ഒരു പുല്‍ത്തൊട്ടിയില്‍” എന്നര്‍ത്ഥം വരുന്ന “തൂത്ത ല ജോയിയ ഇന്‍ ഊന കൂള്ള” (TUTTA LA GIOIA IN UNA CULLA) എന്ന് ഇറ്റാലിയന്‍ ഭാഷയിലെഴുതിയ ഒരു നീണ്ട ഒരു ശീലയും അവിടെ കാണാമായിരുന്നു. തങ്ങളുടെ ഭവനങ്ങളിലെ പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ രൂപം പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കുന്നതിന് അനുവര്‍ഷം പതിവുള്ളതുപോലെ, അതുമായെത്തിയ റോമാക്കാരായ കുട്ടികളും ചത്വരത്തില്‍ ഉണ്ടായിരുന്നു.

തിരുപ്പിറവിത്തിരുന്നാളാഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഈ ചത്വരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന 21 മീറ്ററോളം ഉയരമുള്ളതും വര്‍ണ്ണ ദീപങ്ങളാലും തൂക്കുകളാലും തൊങ്ങലുകളാലും അലംകൃതവുമായ ക്രിസ്തുമസ് മരവും മണല്‍കൊണ്ടു തീര്‍ത്ത   മനോഹരമായ പുല്‍ക്കൂടും കാണാനെത്തിയിരുന്നവരും നിരവധിയായിരുന്നു. പുല്‍ക്കൂടിനും ക്രിസ്തുമസ്സ് മരത്തിനും നിശ്ചിത അകലത്തില്‍ സുരക്ഷാവലയം തീര്‍ത്തിരുന്നതിനാല്‍ ജനസഞ്ചയം ആ വലയത്തിനു പുറത്തു നിന്നാണ് അവ വീക്ഷിച്ചത്.

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (16/12/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍,  ഒന്നാം വായന, ആനന്ദഗീതം പൊഴിക്കാനും ആര്‍പ്പുവിളിക്കാനും സിയോന്‍ പുത്രിയെ ആഹ്വാനം ചെയ്യുന്ന സെഫാനിയാ പ്രവാചകന്‍റെ പുസ്തകം മൂന്നാം ആദ്ധ്യായം 14-17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

വിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ആനന്ദത്തിലേക്കുള്ള ക്ഷണം

ആഗമനകാലത്തിലെ മൂന്നാമത്തെതായ ഈ ഞായറാഴ്ചത്തെ (16/12/18) ആരാധാനാക്രമം ആനന്ദിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍- ആനന്ദിക്കാനാണ് നമ്മെ ക്ഷണിക്കുന്നത്. ഇസ്രായേലിലെ ഒരു ചെറു വിഭാഗത്തോടു സെഫാനിയ പ്രവാചകന്‍ ഇങ്ങനെ പറയുന്നു: ”സിയോന്‍ പുത്രീ, സന്തോഷിക്കുക, സന്തോഷഗീതം പൊഴിക്കുക, ഇസ്രായേലേ, ആര്‍പ്പുവിളിക്കുക, ജറുസലേം പുത്രീ പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക” (സെഫാനിയ 3,14). ആനന്ദാരവമുയര്‍ത്തുക, ആനന്ദിച്ചുല്ലസിക്കുക, ആനന്ദിക്കുക: ഇതാണ് ഈ ഞായറാഴ്ച നല്കുന്ന ക്ഷണം. വിശുദ്ധ നഗരത്തിലെ നിവാസികളെല്ലാം സന്തോഷിക്കാന്‍ ക്ഷണിക്കപ്പെടുന്നു. എന്തെന്നാല്‍ കര്‍ത്താവ് ആ നഗരത്തിനെതിരായ വിധി പിന്‍വലിച്ചിരിക്കുന്നു. ദൈവം ക്ഷമിച്ചു, ശിക്ഷിക്കാന്‍ അവിടന്നാഗ്രഹിച്ചില്ല. തത്ഫലമായി ജനങ്ങള്‍ക്ക് ഇനി ദു:ഖകാരണമില്ല. നിരാശയ്ക്ക് ഇനി കാരണമില്ല. സ്നേഹിക്കുന്നവരെ വീണ്ടെടുക്കാനും രക്ഷിക്കാനും ആഗ്രഹക്കുന്ന  ദൈവത്തോടുള്ള ആനന്ദഭരിത കൃതജ്ഞതയിലേക്കു നമ്മെ സകലവും നയിക്കുന്നു. കര്‍ത്താവിന് സ്വന്തം ജനത്തോടുള്ള അഭംഗുര സ്നേഹത്തെ പിതാവിന് മക്കളോടും, മണവാളന് മണവാട്ടിയോടുമുള്ള സ്നേഹത്തോടു ഉപമിക്കാം. സെഫാനിയ പ്രവാചകന്‍ പറയുന്നതു പോലെ “ അവിടന്ന് നിന്നെക്കുറിച്ച് അതിയായി ആനന്ദിക്കും, തന്‍റെ സ്നേഹത്തില്‍ അവിടന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും  ഉത്സവദിനത്തിലെന്നപോലെ അവിടന്ന് നിന്നെപ്രതി ആനന്ദഗീതമുതിര്‍ക്കും" (സെഫാനിയ 3,18). അങ്ങനെ, ഇതാണ് ആനന്ദ ഞായര്‍, തിരുപ്പിറവിക്ക് മുമ്പുള്ള ആഗമനകാലത്തിലെ മൂന്നാമത്തെ ഞായര്‍.

സന്തോഷിച്ചുല്ലസിക്കാനുള്ള ക്ഷണത്തിന്‍റെ സാംഗ്യത്യം

പ്രവാചകന്‍റെ അഭ്യര്‍ത്ഥന, തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ സമയത്ത് സവിശേഷമാംവിധം സംഗതമാണ്. കാരണം അത് ഇമ്മാനുവേല്‍, അതായത്, ദൈവം നമ്മോടു കൂടെ, ആയ യേശുവിന് പ്രയുക്തമാണ്. അതായത്, യേശുവിന്‍റെ സാന്നിധ്യം ആനന്ദത്തിന്‍റെ ഉറവിടമാണ്. വാസ്തവത്തില്‍ സെഫാനിയ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഇസ്രായേലിന്‍റെ കര്‍ത്താവായ രാജാവ് നിങ്ങളുടെ മദ്ധ്യേയുണ്ട്”. അല്പം കഴിഞ്ഞ് പ്രവാചകന്‍ ആവര്‍ത്തിക്കുന്നു: നിന്‍റെ മദ്ധ്യേയുള്ള കര്‍ത്താവ്, നിന്‍റെ ദൈവം ശക്തനായ രക്ഷകനാണ്”. ഈ സന്ദേശം അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം കണ്ടെത്തുന്നത് ലുക്കാ സുവിശേഷകന്‍ വിവരിക്കുന്ന മറിയത്തിന്‍റെ മംഗളവാര്‍ത്തയിലാണ്. ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോടു പറയുന്ന വാക്കുകള്‍ സെഫാനിയ പ്രവാചകന്‍റെ   വാക്കുകളുടെ പ്രതിധ്വനി പോലെയാണ്. ഗബ്രിയേല്‍ ദൈവദൂതന്‍ എന്താണ് പറയുന്നത്? “ദൈവകൃപ നിറഞ്ഞവളേ ആനന്ദിക്കുവിന്‍,കര്‍ത്താവ് നിന്നോടു കൂടെ” (ലൂക്കാ 1,28) സന്തോഷിക്കുവിന്‍ എന്നാണ് ദൈവദൂതന്‍ മറിയത്തോട് പറയുന്നത്. ഗലീലിയിലെ ഒരു വിദൂര ഗ്രാമത്തില്‍, ലോകത്തില്‍ അറിയപ്പെടാത്തവളായ ഒരു യുവതിയുടെ ഹൃദയത്തില്‍ ദൈവം ലോകം മുഴുവനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ സ്ഫുലിംഗമുളവാക്കുന്നു. ആ വിളംബരം ഇന്ന് സഭയ്ക്ക് മുഴുവന്‍ ഉള്ളതാണ്. മാംസവും സമൂര്‍ത്ത ജീവിതവുമാകുന്നതിനുവേണ്ടി സുവിശേഷം സ്വീകരിക്കാന്‍ വിളിക്കപ്പെട്ടവളാണ് സഭ. ആ സഭയോടും നാമെല്ലാവരോടുമുള്ളതാണ് ആ വിളംബരം.  “ദരിദ്രവും, എളിയതും എന്നാല്‍ എന്‍റെ നയനങ്ങള്‍ക്കുമുന്നില്‍ മനോഹരവുമായ ചെറു ക്രൈസ്തവ സമൂഹമേ, ആനന്ദിക്കുവിന്‍. എന്തെന്നാല്‍ എന്‍റെ രാജ്യം നീ തീവ്രമായി അഭിലഷിക്കുന്നു, നീ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു, നീ ക്ഷമയോടെ സമാധനത്തിന്‍റെ ഇഴകള്‍ നെയയ്യുന്നു. മാറിമാറിവരുന്ന ശക്തികളുടെ പിന്നാലെ നീ പായുന്നില്ല, മറിച്ച് പാവപ്പെട്ടവരുടെ ചാരെ വിശ്വസ്തതയോടെ നിലകൊള്ളുന്നു. അപ്രകാരം നീ ഒന്നിനെയും ഭയപ്പെടുന്നില്ല, മറിച്ച് നിന്‍റെ ഹൃദയം ആനന്ദതുന്ദിലമാണ്.” നാം ഇപ്രകാരം  കര്‍ത്താവിന്‍റെ സന്നിധിയില്‍ ആയിരിക്കയാണെങ്കില്‍ നമ്മുടെ ഹൃദയം എന്നും സന്തോഷഭരിതമായിരിക്കും. അത് ഉന്നതനിലയിലുള്ള ആനന്ദമാണ്, നിറഞ്ഞ ആനന്ദമാണ്, ഓരോ ദിനത്തിലെയും ചെറിയ ആനന്ദമാണ്, അത് ശാന്തിയാണ്. സമാധാനമെന്നത് ഏറ്റവും ചെറിയ ആനന്ദമാണ്. ചെറുതാണെങ്കിലും ആന്ദം തന്നെയാണത്.

നമ്മുടെ യാചനകള്‍ സദാ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം

പ്രത്യശാരഹിതരും ആകുലരുമാകാതെ, ഏതൊരു സാഹചര്യത്തിലും നമ്മു‌ടെ അപേക്ഷകളും ആവശ്യങ്ങളും ആശങ്കകളും “പ്രാര്‍ത്ഥനയിലൂടെയും യാചനകളിലൂടെയും”  ദൈവത്തിനുമുന്നില്‍ സമര്‍പ്പിക്കാനാണ് ഇന്ന് പൗലോസപ്പലസ്തോലനും നമ്മെ ഉപദേശിക്കുന്നത്. പ്രയാസവേളകളില്‍ നമുക്കെന്നും കര്‍ത്താവിനോടപേക്ഷിക്കാന്‍ സാധിക്കുമെന്നും നമ്മുടെ യാചനകള്‍ അവിടന്ന് ഒരിക്കലും തള്ളിക്കളയില്ലയെന്നുമുള്ള അവബോധം ആനന്ദത്തിന്‍റെ ഒരു വലിയ കാരണമാണ്. യാതൊരുവിധ ഉല്‍ക്കണ്ഠകള്‍ക്കും ഭയത്തിനും നമ്മുടെ ശാന്തതയെ നമ്മില്‍ നിന്നെടുത്തു കളയാനാകില്ല. കാരണം ആ പ്രശാന്തത മാനുഷികമായവയില്‍ നിന്നുള്ളതല്ല, മാനുഷികമായ സാന്ത്വനങ്ങളില്‍ നിന്നുള്ളതല്ല. അല്ല, അതു വരുന്നത് ദൈവത്തില്‍ നിന്നാണ്, ദൈവം നമ്മുടെ ജീവിതത്തെ വാത്സല്യത്തോടെ നയിക്കുന്നു എന്നും നയിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്. ഈ സുനിശ്ചിതത്വം പ്രശ്നങ്ങളുടെയും സഹനങ്ങളുടെയും മദ്ധ്യേയും പ്രത്യാശയെയും മനശ്ശക്തിയെയും ഊട്ടിവളര്‍ത്തും.

ഞാന്‍ എന്തു ചെയ്യണം?

എന്നാല്‍, ആനന്ദിക്കാനുള്ള കര്‍ത്താവിന്‍റെ ക്ഷണം സ്വീകരിക്കുന്നതിന് നാം നമ്മെത്തന്നെ ചോദ്യം ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളാകേണ്ടതുണ്ട്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?. സ്നാപകയോഹന്നാന്‍റെ പ്രഭാഷണം ശ്രവിച്ചതിനുശേഷം അദ്ദേഹത്തോടു ചോദ്യം ഉന്നയിക്കുന്ന ആ ജനത്തപ്പോലെ ആകണം. അവര്‍ സ്നാപകനോട് ചോദിക്കുന്നു : നീ ഞങ്ങളോട് ഇങ്ങനെ പ്രസംഗിച്ചു. എന്നാല്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ എന്തു ചെയ്യണം? ഈ ചോദ്യം, ഈ ആഗമനകാലത്തില്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്ന മാനസാന്തരത്തിനുള്ള ആദ്യ പടിയാണ്. നാം ഒരോരുത്തരും ചോദിക്കണം: ഞാന്‍ എന്താണ് ചെയ്യേണ്ടത്? ചെറിയ ഒരു കാര്യമാണ്, എന്നിരുന്നാലും, ഞാന്‍ എന്തു ചെയ്യണം? നമ്മുടെ അമ്മയായ കന്യകാമറിയം, ആഗതനാകുന്ന ദൈവം നമ്മുടെ ജീവിതത്തെ മുഴുവന്‍ ആനന്ദത്താല്‍ നിറയിക്കുന്നതിനായി നമ്മുടെ ഹൃദയം അവിടത്തേക്കു തുറന്നിടുന്നതിന് നമ്മെ സഹായിക്കട്ടെ.  

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വാദാനന്തര അഭിവാദ്യങ്ങള്‍

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും, ഇറ്റലിയുടെ ഇതരഭാഗങ്ങളിലും, ലോകത്തിന്‍റെ പലയിടങ്ങളിലും നിന്നെത്തിയിരുന്നവരുമായ തീര്‍ത്ഥാടകരെ, അഭിവാദ്യം ചെയ്തു.

കുടിയേറ്റം

സുരക്ഷിതവും ക്രമനിബദ്ധവും നിയമാനുസൃതവുമായ ഒരു കുടിയേറ്റത്തിനായുള്ള ആഗോള ഉടമ്പടി, അന്താരാഷ്ട്ര സമൂഹത്തിന് ഒരു പ്രമാണ രേഖയെന്നവിധം, കഴിഞ്ഞയാഴ്ച മൊറോക്കൊയിലെ മറാക്കെച്ചില്‍ വച്ച് അംഗീകരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

വിവിധങ്ങളായ കാരണങ്ങളാല്‍ സ്വദേശം വിട്ടു പോരാന്‍ നിര്‍ബന്ധിതരാകുന്നവരുടെ കാര്യത്തില്‍ ഉത്തരവാദിത്വത്തോടും ഐക്യദാര്‍ഢ്യത്തോടും സഹാനുഭൂതിയോടും കൂടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു ഉപകരണമായി ഈ ഉടമ്പടി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ഈ നിയോഗം എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ ആശീര്‍വ്വദിക്കുന്നതിനായി കൊണ്ടുവന്ന റോമാക്കാരായ കുട്ടികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

പുല്‍ക്കൂടിനു മുന്നിലെ വിസ്മയം

സ്വഭവനങ്ങളില്‍ പുല്‍ക്കൂടിനു മുന്നില്‍ ഉണ്ണിയേശുവിനെ നോക്കി പ്രാര്‍ത്ഥനയോടെ നില്ക്കുമ്പോള്‍, ദൈവം മനുഷ്യനായവതരിച്ച മഹാരഹസ്യത്തിന്‍റെ ആ വിസ്മയം അനുഭവവേദ്യമാകുമെന്ന് പാപ്പാ കുട്ടികളോടു പറഞ്ഞു.

യേശുവിന്‍റെ എളിമയും ആര്‍ദ്രതയും നന്മയും പരിശുദ്ധാരൂപി കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ നിക്ഷേപിക്കുമെന്നും ഇതാണ് യഥാര്‍ത്ഥ തിരുപ്പിറവിയെന്നും ഉദ്ബോധിപ്പിച്ച പാപ്പാ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തിരുപ്പിറവി അപ്രകാരം ആയിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് എല്ലാവര്‍ക്കും  ശുഭ ഞായര്‍ നേര്‍ന്ന പാപ്പാ നല്ലൊരു ആഗമനകാല മൂന്നാം വാ

രം ആശംസിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം, നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

17 December 2018, 12:29