തിരയുക

Vatican News
Emblem of the UAE Apostolic Journey Emblem of the UAE Apostolic Journey  

യു.എ.ഇ. അപ്പസ്തോലിക സന്ദര്‍ശനത്തിന് ‘ഫ്രാന്‍സിസ്ക്കന്‍’ പ്രാഭവം

അറേബ്യന്‍ പ്രവിശ്യയിലേയ്ക്ക് ഒരു പത്രോസിന്‍റെ പിന്‍ഗാമി നടത്തുന്ന ചരിത്രത്തിലെ ആദ്യ സന്ദര്‍ശനം 2019 ഫെബ്രുവരി 3-മുതല്‍ 5-വരെ തിയതികളില്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സന്ദര്‍ശനത്തിന്‍റെ ഫ്രാന്‍സിസ്കന്‍ പ്രഭ
യുണൈറ്റഡ് അറബ് എമിറേറ്റിസിലേയ്ക്കുള്ള (UAE – United Arab Emirates) പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ്കന്‍ പ്രഭാവമുണ്ടെന്ന് തെക്കന്‍ അറേബ്യന്‍ സഭാപ്രവിശ്യയുടെ അപ്പസ്തോലിക വികാരി, ബിഷപ്പ് പോള്‍ ഹിന്‍ഡറാണ് പ്രസ്താവിച്ചത്.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി 1219-ല്‍ സംവദിച്ചതിന്‍റെ
800-Ɔοവാര്‍ഷിക നാളിലാണ് 2019 ഫെബ്രുവരി 3-മുതല്‍ 5-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് യു.എ.ഇ. -ലേക്ക് ശ്രദ്ധേയമായ ഈ യാത്ര നടത്തുന്നത്. അസ്സീസിയിലെ സിദ്ധന്‍റെ വിശ്വോത്തരമായ സമാധാന പ്രാര്‍ത്ഥനയിലെ (Prayer for Peace) “ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ,” എന്ന പ്രഥമവരി ആപ്തവാക്യമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മുസ്ലിം സാമ്രാജ്യത്തിലേയ്ക്കുള്ള ഈ പ്രഥമ യാത്ര നടത്തുന്നത്. ഈ രണ്ടു ഘടകങ്ങളോടൊപ്പം, അസ്സീസിയിലെ സിദ്ധന്‍റെ നാമധാരിയായ സഭയുടെ പ്രഥമ പാപ്പാ എന്ന നിലയിലും ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരു ഫ്രാന്‍സിസ്ക്കന്‍ പ്രഭ ലഭിക്കുന്നുണ്ടെന്ന് ബിഷപ്പ് ഹിന്‍ഡര്‍, ഡിംസംബര്‍ 11, ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

സമാപന ദിനത്തിലെ സമൂഹദിവ്യബലിയര്‍പ്പണം
കത്തോലിക്കര്‍ ചെറുസമൂഹമായ രാജ്യമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നതെങ്കിലും, യു.എ.ഇ. -യുടെ പ്രസിഡന്‍റ്, ഷെയ്ക്ക് ഖലീഫബീന്‍ സായിദ് അല്‍-നഹ്യാന്‍റെ പ്രത്യേക താല്പര്യവും  ക്ഷണപ്രകാരവുമാണ് ഈ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നത്. അതേദിവസം തലസ്ഥാന നഗരമായ അബുദാബിയില്‍ സംഗമിക്കുന്ന “മാനവിക സാഹോദര്യം” Human Fraternity എന്ന രാജ്യാന്തര മതാന്തര സംഗമത്തിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. സന്ദര്‍ശനത്തിന്‍റെ ആദ്യദിനങ്ങള്‍ സ്വകാര്യ കൂടിക്കാഴ്ചകള്‍ക്കും സംവാദങ്ങള്‍ക്കും, മാനവിക സാഹോദര്യത്തിന്‍റെ സംഗമത്തിലും പങ്കെടുക്കാന്‍  ഉപയോഗിക്കുന്ന പാപ്പാ ഫ്രാന്‍സിസ്,  സമാപനദിനമായ ഫെബ്രുവരി 5-Ɔο തിയതി യു.എ.ഇ. -യുടെ തലസ്ഥാന നഗരമായ അബുദാബിയിലെ താല്ക്കാലിക വേദിയില്‍ സമൂഹബലിയര്‍പ്പിക്കും. തദ്ദേശീയരായ വളരെക്കുറച്ചു കത്തോലിക്ക്രര്‍ക്കൊപ്പം  ധാരാളം വിദേശീയരായ കത്തോലിക്ക ജോലിക്കാരും  യു.എ.ഇ. -യുടെ തൊഴില്‍ മേഖലയിലുണ്ടെന്ന് ബിഷപ്പ് ഹിന്‍ഡര്‍ അറിയിച്ചു. പാപ്പായുടെ യു.എ.ഇ. -യിലെ പരിപാടികളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

പാപ്പാ ഫ്രാന്‍സിസ് ഒരു വിശിഷ്ടാതിഥി
സമാധാനദൂതനും, സഹിഷ്ണുതയുടെ ആചാര്യനും, വിശ്വസാഹോദര്യത്തിന്‍റെ പ്രയോക്താവുമെന്ന് പാപ്പാ ഫ്രാന്‍സിസിനെ പ്രസിഡന്‍റ് ഷെയിക്ക് മഹമ്മെദ് നഹ്യാന്‍ ആവര്‍ത്തിച്ചു വിശേഷിപ്പിച്ചിട്ടുള്ളത് ബിഷപ്പ് ഹിന്‍ഡര്‍  അനുസ്മരിച്ചു. പാപ്പായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചു നീങ്ങുന്നതിന് ഒരു പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രവിശ്യയാണ് പശ്ചിമേഷ്യന്‍ രാജ്യമായ യു.എ.ഇ.  എങ്കിലും ജനതകള്‍ക്കിടയില്‍ സംവാദം സഹവര്‍ത്തിത്വം എന്നിവ വളര്‍ത്താനും, മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാന പാതയില്‍ പിന്‍തുണയ്ക്കാനും ഇസ്ലാമിക സാമ്രാജ്യത്തിലേയ്ക്കുള്ള ഈ സന്ദര്‍ശനം സഹായകമാകുമെന്ന് ബിഷപ്പ് ഹിന്‍ഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അറേബ്യന്‍ പ്രവിശ്യയിലെ സഭ
യു.എ.ഇ. , ഒമാന്‍, യെമന്‍, ഖത്തര്‍, ബഹറിന്‍, സൗദി അറേബിയ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ സഭാപ്രവിശ്യയുടെ അപ്പസ്തോലിക വികാരിയാണ്, കപ്പൂച്ചിന്‍ സഭാംഗവും സ്വിറ്റ്സര്‍ലണ്ട് സ്വദേശിയും 76 വയസ്സുകാരനുമായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍. ഇസ്ലാമിക രാജ്യങ്ങളില്‍ ജോലിക്കായി എത്തുന്ന വിവിധ രാജ്യക്കാരും തരക്കാരുമായ കുടിയേറ്റ ക്രൈസ്തവരാണ് ഈ പ്രവിശ്യകളില്‍ അജപാലനശുശ്രൂഷ തേടുന്നവര്‍. തദ്ദേശീയരായ ക്രൈസ്തവര്‍ തുലോം നിസ്സാരമെങ്കിലും വളരെ പുരാതനക്രൈസ്തവ പാരമ്പര്യങ്ങള്‍ ഉള്ളവരാണ്. അറേബ്യന്‍ പ്രവിശ്യയില്‍ സേവനംചെയ്യുന്ന മെത്രാന്മാരുടെ സംഘത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും ബിഷപ്പ് ഹിന്‍ഡറാണ്.

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം (Congregation for the Evangelization of Peoples), മാനവികതയുടെ സമഗ്ര പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Integral Human Development), മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Coucil for Interreligious Dialogue) എന്നീ മൂന്നു വത്തിക്കാന്‍ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിലെ അംഗവും, ഉപദേഷ്ടാവുമാണ് ബിഷപ്പ് ഹിന്‍ഡര്‍.

12 December 2018, 17:43