തിരയുക

Pope Francis' Angelus Prayer- st. Peter's square getting ready for World Day of the Poor on 18, November. Pope Francis' Angelus Prayer- st. Peter's square getting ready for World Day of the Poor on 18, November. 

മൗഢ്യമായ കൂട്ടക്കുരുതിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ശതാബ്ദിവര്‍ഷം 1914-1918. ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സ്പെയ്നിലെ രക്തസാക്ഷികള്‍
1.   സ്പെയിനിലെ ബാര്‍സലോണയില്‍ നവംബര്‍ 10-Ɔο തിയതി ശനിയാഴ്ച രക്തസാക്ഷികളായ ഫാദര്‍ തിയദോര്‍ ഇലേരയേയും, അദ്ദേഹത്തിന്‍റെ 15 അനുചരന്മാരേയും വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്തിയത് പാപ്പാ ഫ്രാന്‍സിസ് ജനങ്ങളെ ആദ്യമായി അറിയിച്ചു. ആകെ 16 രക്തസാക്ഷികളില്‍ അവര്‍ 13 പേര്‍ സന്ന്യസ്തരും മറ്റു 3 പേര്‍ അല്‍മായരുമാണെന്ന് പാപ്പാ വിശദീകരിച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്പെയിനിലുണ്ടായ ആഭ്യന്തര കലാപകാലത്ത് വിവിധ സ്ഥലങ്ങളില്‍ വിവിധ ദിവസങ്ങളിലായി വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ചവരാണിവര്‍. ധീരമായ അവരുടെ വിശ്വാസസാക്ഷ്യത്തിന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ഈ രക്തസാക്ഷികളെ നമുക്കു പ്രകീര്‍ത്തിക്കാമെന്നു പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചപ്പോള്‍ ജനങ്ങള്‍ സന്തോഷത്തോടെ കരഘോഷം മുഴക്കി.

 മഹാദുരന്തത്തിന്‍റെ ശതാബ്ദിസ്മരണയില്‍
2.   “മൗഢ്യമായ കൂട്ടക്കുരുതി”യെന്നു പറഞ്ഞ് തന്‍റെ മുന്‍ഗാമി ബെനഡിക്ട് 15-Ɔമന്‍ പാപ്പാ അപലപിച്ച ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ശതാബ്ദിവര്‍ഷമാണിതെന്ന് വത്തിക്കാനില്‍ സംഗമിച്ച ആയിരങ്ങളെയും ലോകത്തെയും പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. യുദ്ധത്തില്‍ പൊലിഞ്ഞുപോയ പതിനായരങ്ങളെ അനുസ്മരിക്കാം, നമ്മുടെ നിക്ഷേപങ്ങള്‍ സമാധാനത്തിനാവട്ടെ, യുദ്ധത്തിനോ കലഹത്തിനോ ആകരുതെന്ന് പരസ്പരം അനുസ്മരിപ്പിക്കാം.

തന്‍റെ സൈനികവേഷത്തിലെ മേലങ്കിയുടെ പാതി മുറിച്ച് ഒരു പാവം മനുഷ്യന്‍റെ തണുപ്പു ശമിപ്പിച്ച വിശുദ്ധ മാര്‍ട്ടിന്‍ ദെ ടൂഴ്സിന്‍റെ അനുസ്മരണദിനമായിരുന്നു നവംബര്‍ 11, ഞായര്‍. പങ്കുവയ്ക്കലിന്‍റെയും സാഹോദര്യത്തിന്‍റെയും ജീവിതശൈലിക്ക് വിശുദ്ധ മാര്‍ട്ടിന്‍ നമുക്കു മാതൃകയും പ്രചോദനവുമാകട്ടെ! മാനവിക കൂട്ടായ്മയുടെ അടയാളങ്ങള്‍ എന്നും സമാധാനവഴികള്‍ തെളിയിക്കട്ടെ! പാപ്പാ ആശംസിച്ചു.

പാവങ്ങള്‍ക്കായുള്ള ആഗോളദിനം - നവംബര്‍ 18
3.   നവംബര്‍ 18, ഞായറാഴ്ച പാവങ്ങള്‍ക്കായുള്ള രണ്ടാമത്തെ ആഗോളദിനം ആചരിക്കപ്പെടുന്ന കാര്യം പാപ്പാ ജനങ്ങളെ ഓര്‍പ്പിച്ചു. അന്നാളില്‍ റോമിലെ പാവങ്ങള്‍ക്കായി ഒരു പ്രത്യേക മെഡിക്കല്‍ ക്യാമ്പ് വത്തിക്കാനിലെ ചത്വരത്തില്‍ ദിവസം മുഴുവനും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പാപ്പാ അറിയിച്ചു. ആ ദിവസത്തിന്‍റെ അനുസ്മരണം സമൂഹത്തില്‍ പാവങ്ങളോടും പരിത്യക്തരോടും വിശക്കുന്നവരോടും അനുകമ്പ വളര്‍ത്താന്‍ സാഹായകമാകട്ടെ! പാപ്പാ ആശംസിച്ചു.

തീര്‍ത്ഥാടകരും സന്ദര്‍ശകരും 
4.   തീര്‍ത്ഥടകരും സന്ദര്‍ശകരുമായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ എല്ലാവര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സ്പെയിനിലെ മേഹിബാര്‍, ബാര്‍സിലോണ എന്നിവിടങ്ങളില്‍നിന്നു വന്ന വിശ്വാസികളെയും സന്ന്യസ്തരെയും കത്തോലിക്കാ അദ്ധ്യാപകരുടെ കൂട്ടായ്മയെയും പാപ്പാ പ്രത്യേകമായി അഭിവാദ്യംചെയ്തു. വടക്കെ ഇറ്റലിയിലെ ത്രെന്തോ പ്രവിശ്യയിലെ തീര്‍ത്ഥാടകരെയും, -സാന്‍ ബെനെദേത്തോ പോ എന്ന സ്ഥലത്തെ വിശ്വാസികളെയും, ചുപ്പാനോയില്‍നിന്നും വന്ന സ്ഥൈര്യലേപനം സ്വീകരിച്ച യുവജനക്കൂട്ടായ്മയെയും പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അഭിവാദ്യംചെയ്തു. ദൂരെ നോക്കി, കൈനീട്ടിക്കൊണ്ട്... ഇവിടെ ധാരാളമായി കാണുന്ന പോളണ്ടുകാര്‍ക്കും പ്രത്യേക ആശംസകള്‍! എന്നു പറഞ്ഞു.

പ്രര്‍ത്ഥിക്കാന്‍ മറക്കരുതേ!
5.  ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2018, 17:46