Cerca

Vatican News
ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ,  ത്രിദിന സമ്പൂര്‍ണ്ണ  സമ്മേളനത്തില്‍ പങ്കെടുക്കുന്ന എണ്‍പതോളം പേരടങ്ങിയ സംഘത്തെ  ഫ്രാന്‍സീസ് പാപ്പാ സംബോധന ചെയ്യുന്നു,12-11-18 ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ, ത്രിദിന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എണ്‍പതോളം പേരടങ്ങിയ സംഘത്തെ ഫ്രാന്‍സീസ് പാപ്പാ സംബോധന ചെയ്യുന്നു,12-11-18  (Vatican Media)

ശാസ്ത്രവും സമഗ്ര മാനവ പുരോഗതിയും-പാപ്പായുടെ സന്ദേശം

മത, ആദ്ധ്യാത്മിക മൂല്യങ്ങളോടു സന്ദേഹ ഭാവം പ്രകടിപ്പിച്ചുകൊണ്ട് സ്വയംപര്യാപ്തതയുടെയും സ്വയംഭരണാധികാരത്തിന്‍റെയും നിലപാടുകള്‍ ഗതകാലത്തു സ്വീകരിച്ചു പോന്ന ശാസ്ത്ര ലോകം ഇന്ന് ലോകത്തിന്‍റെയും മനുഷ്യവ്യക്തിയുടെയും സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പുലര്‍ത്തുന്നുണ്ടെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജനതകളും സമൂഹവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്‍റെ അടിത്തറയായ മൗലിക മൂല്യങ്ങളിലും നന്മകളിലും ഉപരി ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വത്തിക്കാനില്‍, ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ, തിങ്കളാഴ്ച (12/11/14) ആരംഭിച്ചതും പതിനാലാം തിയതി സമാപിക്കുന്നതുമായ ത്രിദിന സമ്പൂര്‍ണ്ണ  സമ്മേളനത്തില്‍ പങ്കെടുക്കുന്ന എണ്‍പതോളം പേരടങ്ങിയ സംഘത്തെ പേപ്പല്‍ ഭവനത്തിലെ “കണ്‍സിസ്റ്ററി” ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശാസ്ത്രത്തിന്‍റെ രൂപാന്തരീകരണ ദൗത്യം സമൂഹത്തില്‍: നവശാസ്ത്രത്തില്‍ നിന്ന് വ്യക്തികളുടെ ക്ഷേമത്തിലേക്ക്” എന്നതാണ് ഈ സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം.

മത, ആദ്ധ്യാത്മിക മൂല്യങ്ങളോടു സന്ദേഹ ഭാവം പ്രകടിപ്പിച്ചുകൊണ്ട് സ്വയംപര്യാപ്തതയുടെയും സ്വയംഭരണാധികാരത്തിന്‍റെയും നിലപാടുകള്‍ ഗതകാലത്തു സ്വീകരിച്ചു പോന്ന ശാസ്ത്ര ലോകം ഇന്ന് ലോകത്തിന്‍റെയും മനുഷ്യവ്യക്തിയുടെയും സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പുലര്‍ത്തുന്നുണ്ടെന്ന് പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു.

കടിഞ്ഞാണില്ലാത്ത ഒരു ശാസ്ത്ര-സാങ്കേതിക വികാസം വ്യക്തികളുടെയും ജനതകളുടെയും നന്മയ്ക്കെതിരാകാനുള്ള അപകടസാധ്യതയെക്കുറിച്ചുള്ള ഭീതിയും കാണപ്പെടുന്നുണ്ടെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.

ആകയാല്‍ മനുഷ്യവ്യക്തിയുടെ സമഗ്രമായ പുരോഗതിയും പൊതുനന്മയും പരിപോഷിപ്പിക്കുന്നതിനുതകുന്നതായ ഒരു പുനഃവിചിന്തനം ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

ശാസ്ത്ര സമൂഹം, സമൂഹത്തില്‍ നിന്നു വേറിട്ടു നില്ക്കുന്നതും സ്വതന്ത്രവുമല്ല, പ്രത്യുത, സമൂഹത്തിന്‍റെ ഭാഗംതന്നെയാണെന്നും മാനവകുടുംബത്തിനും അതിന്‍റെ  സമഗ്രവികസനത്തിനും വേണ്ടി പരിശ്രമിക്കാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

കാലാവസ്ഥ വ്യതിയാനം, അണുബോംബു ഭീക്ഷണി എന്നിവയെപ്പറ്റി പരാമര്‍ശിച്ച പാപ്പാ അണുവായുധവിമുക്ത ലോകത്തിനായി പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകത വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെയും വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെയും ചുവടുപിടിച്ച്  ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുകയും നരകുലത്തിനും നമ്മുടെ ഗ്രഹത്തിനും അപരിഹാര്യമായ ഹാനിവരുത്താന്‍ കഴിയുന്ന അണുവായുധത്തിന്‍റെ യുക്തി അസ്വീകാര്യമാണെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രക്രിയയില്‍ സജീവസഹകരണം ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിരായുധീകരണത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതിന്‍റെയും അടിയന്തിരപ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

സമഗ്രവും നീണ്ടുനില്ക്കുന്നതുമായ ഒരു വികസനത്തിന് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്നും പട്ടിണി, ദാരിദ്ര്യം എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെങ്കില്‍, വിശിഷ്യ, അവശ്യത്തിലിരിക്കുന്നവരും പരിത്യക്തരുമായ 80 കോടിയോളം ജനങ്ങളുടെ ആവശ്യങ്ങളോടു പ്രത്യത്തരിക്കുന്നതിന് ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും പാപ്പാ വ്യക്തമാക്കി.

ഭൂനിവാസികളുടെ വിശപ്പും ദാഹവും ശമിപ്പിക്കപ്പെടുന്നതിനും ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിനും രൂപീകരണത്തിനും ഉപയുക്തമായി ഭവിക്കട്ടെ ശാസ്ത്ര ഗവേഷണങ്ങള്‍ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

12 November 2018, 13:24