തിരയുക

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ചിലരുമൊത്ത്,, വത്തിക്കാന്‍ 07-11-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ചിലരുമൊത്ത്,, വത്തിക്കാന്‍ 07-11-18 

"മോഷ്ടിക്കരുത്" എന്ന കല്പനയുടെ പൊരുള്‍!

ഉടമസ്ഥത ഒരുത്തരവാദിത്വം, "മോഷ്ടിക്കരുത്" എന്ന കല്പനയുടെ ഭാവാത്മക മാനം എന്തെന്ന് ഫ്രാന്‍സീസ് പാപ്പാ വിശദീകരിക്കുന്നു പൊതുദര്‍ശന പ്രഭാഷണത്തില്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയില്‍ പൊതുവെ മോശമായ കാലാവസ്ഥ അനുഭവപ്പെടുന്ന ദിനങ്ങളാണിപ്പോള്‍. മഴയും കാറ്റും വെള്ളപ്പൊക്കവും റോമാ നഗരത്തിലുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു, ജീവാപായമുണ്ടായി. മഴപെയ്യുമെന്ന കാലാവസ്ഥ പ്രവചനനമുണ്ടായിരുന്നെങ്കിലും റോമില്‍ ഈ ബുധനാഴ്ച (07/11/18) രാവിലത്തെ മഴയ്ക്കു ശേഷം ഇടയ്ക്ക്  വെയില്‍ തെളിഞ്ഞിരുന്നു. ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, ബുധനാഴ്ചകളിലെ പതിവനുസരിച്ച്, ഈ ബുധനാഴ്ച അനുവദിച്ച  പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പന്തീരായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം ഹസ്തഘോഷത്തോടും ഹര്‍ഷാരവങ്ങളോടും കൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ, അവിടെ സന്നിഹിതരായിരുന്നവരുടെ ഇടയില്‍ നിന്ന് ഏതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റി പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍  പാപ്പാ, അതുവരെ തന്‍റെ സഹയാത്രികരായിരുന്ന കുട്ടികളെ വാഹനത്തില്‍ നിന്നിറക്കി. അതിനു ശേഷം വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

പൗലോസ് തിമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം 6:7-10

7 സഹോദരങ്ങളേ, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കില്ല.8 ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം.9 ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു.10 എന്തെന്നാല്‍, ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനം” പൗലോസ് തിമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം 6:7-10

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, പത്തു “വചനങ്ങളെ” അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പത്തുകല്പനകളുടെ വിശകലനം തുടരുന്ന നാം ഇന്ന് എത്തിയിരിക്കുന്നത്  “മോഷ്ടിക്കരുത്” എന്ന “ഏഴാം വചന”ത്തില്‍ ആണ്.

അനീതിപരമായ  കൈവശപ്പെടുത്തലുകളെ ഒരു സംസ്കാരവും നീതികരിക്കില്ല

ഈ കല്പനയെക്കുറിച്ച് ശ്രവിക്കുമ്പോള്‍ നമ്മള്‍ കളവിനെക്കുറിച്ചും അപരന്‍റെ  വസ്തുക്കളോടുള്ള ആദരവിനെക്കുറിച്ചും ചിന്തിച്ചുപോകുന്നു. മോഷണവും വസ്തുക്കള്‍ അന്യായമമായി കൈവശപ്പെടുത്തുന്നതും ന്യായമായി കാണുന്ന ഒരു സംസ്കാരവും ഇല്ല. കൈവശമുള്ളവ സംരക്ഷിക്കുന്ന കാര്യത്തില്‍ മാനവചേതന വളരെ ഉണര്‍വ്വു പുലര്‍ത്തുന്നു.

മോഷ്ടിക്കരുത് എന്ന കല്പനയെക്കുറിച്ച്, ക്രിസ്തീയ ജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ ഉപരിവിശാലമായ ഒരു വായനയ്ക്ക് നാം ശ്രമിക്കുന്നത് ഗുണദായകമാണ്.

വിഭവങ്ങളുടെ സാര്‍വ്വത്രിക ലക്ഷ്യം

വിഭവങ്ങളുടെ സാര്‍വ്വത്രിക ലക്ഷ്യത്തെക്കുറിച്ച് സഭയുടെ സാമൂഹ്യ പ്രബോധനം പ്രതിപാദിക്കുന്നുണ്ട്. എന്താണ് ഇവിടെ വിവക്ഷിക്കുന്നത്? മതബോധനം പറയുന്നത് എന്താണെന്നു നമുക്കു നോക്കാം:

“ആരംഭത്തില്‍ ഭൂമിയെയും അതിന്‍റെ വിഭവങ്ങളെയും, അവയെ പരിരിക്ഷിക്കാനും അദ്ധ്വാനം വഴി അവയുടെമേല്‍ ആധിപത്യം പുലര്‍ത്താനും അവയുടെ ഫലങ്ങള്‍ ആസ്വദിക്കാനും വേണ്ടി മനുഷ്യവംശത്തിന്‍റെ പൊതുകാര്യസ്ഥതയ്ക്ക് ദൈവം ഭരമേല്പിച്ചു. സൃഷ്ടവസ്തുക്കള്‍ മനുഷ്യകുലത്തിനു മുഴുവനുമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്.”(2402) മതബോധനം, മറ്റൊരു പരിച്ഛേദത്തില്‍, വീണ്ടും പറയുന്നു: “പൊതുനന്മയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യസ്വത്തവകാശത്തെയും അതിന്‍റെ  വിനിയോഗത്തെയും മാനിക്കുക ആവശ്യമാണെങ്കിലും, വസ്തുക്കളുടെ സാര്‍വ്വത്രികലക്ഷ്യം ആദിമരൂപത്തില്‍ത്തന്നെ നിലനില്ക്കുന്നു” (2403)

വൈവിധ്യ വിന്യസ്ത ലോകം

ദൈവിക പരിപാലന എല്ലാം “പരമ്പര”യായിവരുന്ന ഒരു ലോകത്തെയല്ല, പ്രത്യുത വൈജാത്യവും വിഭിന്നങ്ങളായ അവസ്ഥകളും, ഭിന്ന സംസ്കൃതകിളും, ഉള്ള ഒരു ലോകത്തെയാണ് പ്രദാനം ചെയ്തിരിക്കുന്നത്. അങ്ങനെ പരസ്പരാശ്രയത്വത്തില്‍ ജീവിക്കാന്‍ സാധിക്കുന്നു. അടിസ്ഥാന വിഭവങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തത്തക്കവിധം വിഭവസമ്പന്നമാണ് ലോകം. എന്നിരുന്നാലും അനേകര്‍ ഇപ്പോഴും അപമാനകരമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. വിഭവങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്നതിനാല്‍ അവ ക്ഷയിച്ചുകൊണ്ടിരിക്കുകയുമാണ്. ലോകം ഒന്നേയുള്ളു. നരകുലം ഒന്നാണ്. ലോക സമ്പത്തുമുഴുവനും ഇന്ന്, ന്യൂനപക്ഷത്തിന്‍റെ കൈകളിലാണ്, അതു വളരെ കുറച്ചു പേരുടെ മാത്രമായിരിക്കുന്നു. എന്നാല്‍ ദാരിദ്ര്യം, അതിലുപരി,  ദുരിതവും സഹനങ്ങളും അനേകരുടെതായരിക്കുന്നു, ഭൂരിപക്ഷത്തിന്‍റെതായിരിക്കുന്നു.

ഭഷ്യവസ്തുക്കളുടെ ആധിക്യവും പട്ടിണിയെന്ന വൈരുദ്ധ്യവും

മന്നില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ അത് ഭക്ഷണത്തിന്‍റെ അഭാവം കൊണ്ടല്ല. മറിച്ച്, കമ്പോളത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതം ചിലപ്പോഴൊക്കെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളയുന്നതുവരെ എത്തുന്നു കാര്യങ്ങള്‍. പാഴാക്കിക്കളയുന്നു. വാസ്തവത്തില്‍ മതിയായ ഉല്പാദനവും ഭദ്രതയും സമത്വമാര്‍ന്ന  വിഭവവിതരണവും ഉറപ്പുനല്കാന്‍ കഴിയുന്നതായ സ്വതന്ത്രവും ദീര്‍ഘവീക്ഷണവുമുള്ള ഒരു സംരംഭകത്വത്തിന്‍റെ അഭാവമാണ് ഇവിടെ പ്രകടമാകുന്നത്. മതബോധനം വീണ്ടും പറയുന്നു:”വസ്തുക്കളുടെ ഉപയോഗത്തില്‍, മനുഷ്യന്‍ നിയമാനുസൃതമായി സ്വന്തമാക്കിയിട്ടുള്ള ബാഹ്യവസ്തുക്കളെ തന്‍റേതുമാത്രമായി കരുതാന്‍ പാടില്ല. പിന്നെയോ, തനിക്കും മറ്റുള്ളവര്‍ക്കും അതില്‍ നിന്ന് പ്രയോജനം ലഭിക്കണം എന്ന അര്‍ത്ഥത്തില്‍ അവര്‍ക്കുകൂടി ഉള്ളവയായി കരുതണം” (2404) ഓരോ സമ്പന്നത്തും ഗുണകരമാകണമെങ്കില്‍ അതിന് സാമൂഹ്യമാനം കൂടിയേ തീരൂ.

“മോഷ്ടിക്കരുത്” എന്ന കല്പനയുടെ ഭാവാത്മകമാനം- ഉടമസ്ഥത ഒരു ഉത്തരവാദിത്വം

“മോഷ്ടിക്കരുത്” എന്ന കല്പനയുടെ ഭാവാത്മകവും വിശാലവുമായ പൊരുള്‍ ഈ വീക്ഷണത്തില്‍ ആവിഷ്കൃതമാകുന്നു. “ഏതൊരു വസ്തുവിന്‍റെയും ഉടമസ്ഥത, അതിന്‍റെ  ഉടമസ്ഥനെ ദൈവപരിപാലനയുടെ കാര്യസ്ഥനാക്കിയിരിക്കുന്നു”(കത്തോലിക്കാസഭയുടെ മതബോധനം-2404)  വസ്തുക്കളുടെ പരിപൂര്‍ണ്ണ ഉടമസ്ഥാവകാശം ആര്‍ക്കുമില്ല, അവന്‍ വസ്തുക്കളുടെ നടത്തിപ്പുകാരന്‍ മാത്രമാണ്. ഉടമസ്ഥത ഒരു ഉത്തരവാദിത്വം ആണ്. ഞാന്‍ എല്ലാംകൊണ്ടും സമ്പന്നാണ് നീ പറയുകയാണെങ്കില്‍ അത് നിനക്കുള്ള ഉത്തരവാദിത്വമാണ്. ദൈവിക പരിപാലനയുടെ യുക്തിയില്‍നിന്ന് എടുത്തുമാറ്റപ്പെടുന്ന ഒരോ വിഭവവും വഞ്ചനയാണ്, അതിന്‍റെ ആഴമായ അര്‍ത്ഥത്തില്‍ത്തന്നെ വഞ്ചനയാണ്.

ഭൗതികവസ്തുക്കള്‍ക്ക് നാം അടിമകളാകുമ്പോള്‍

എനിക്കു നല്കാന്‍ കഴിയുന്നവയാണ് യഥാര്‍ത്ഥത്തില്‍ എന്‍റെ കൈവശമുള്ളവ. വാസ്തവത്തില്‍ എന്തെങ്കിലും ദാനം ചെയ്യാന്‍ എനിക്കു കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ അടിമയാണ്, എന്‍റെ കൈവശമുള്ളവയുടെ അടിമയാണ്, ആ വസ്തുവിന് എന്‍റെ  മേല്‍ ആധിപത്യമുണ്ട്. വസ്തുക്കളുടെ ഉടമസ്ഥത സര്‍ഗ്ഗശക്തിയാല്‍ അവയെ പലമടങ്ങായി വര്‍ദ്ധിപ്പിക്കാനും വിശാലഹൃദയത്തോടെ വിനിയോഗിക്കാനും ഉപവിയിലും സ്വാതന്ത്ര്യത്തിലും വളരാനുമുള്ള അവസരമാണ്.

ക്രിസ്തുതന്നെ, ദൈവമായിരുന്നിട്ടുപോലും, “ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി” (പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം 2:6-7) തന്‍റെ ദാര്യദ്ര്യത്താല്‍ യേശു നമ്മെ സമ്പന്നരാക്കി.( 2 കോറിന്തോസ് 8:9)

നമ്മുടെ "കീശ" നമ്മിലേക്കുള്ള സാത്താന്‍റെ പ്രവേശന കവാടം 

കൂടുതല്‍ സമ്പാദിക്കുന്നതിനായി നരകുലം തത്രപ്പെടുമ്പോള്‍ ദൈവവമാകട്ടെ ദരിദ്രനായിക്കൊണ്ടാണ് ലോകത്തെ വീണ്ടെടുക്കുന്നത്. ക്രൂശിക്കപ്പെട്ട ആ മനുഷ്യന്‍ നമുക്കെല്ലാവര്‍ക്കും വേണ്ടി, “കരുണയില്‍ സമ്പന്നനായ” ദൈവപിതാവിന്‍റെ  ഭാഗത്തുനിന്നുള്ള അമൂല്യ മോചനദ്രവ്യമായി സ്വയം നല്കി. നമ്മെ സമ്പന്നരാക്കുന്നത് വസ്തുക്കളല്ല സ്നേഹമാണ്. “കീശയിലൂടെയാണ് സാത്താന്‍ കടന്നുകൂടുന്നതെന്ന്” ദൈവജനം പറയുന്നത് നാം നിരവധിതവണ കേട്ടിരിക്കുന്നു, ആദ്യം പണം, ധനത്തോടുള്ള സ്നേഹം, സമ്പത്തു കുന്നുകൂട്ടാനുള്ള അത്യാര്‍ത്തി, തുടര്‍ന്നുണ്ടാകുന്നത് പൊങ്ങച്ചം, അതായത്, ഞാന്‍ പണക്കാരനാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവസാനമായി കടന്നുവരുന്നു ഔദ്ധത്യം, അഹംഭാവം. നമ്മില്‍ സാത്താന്‍ പ്രവര്‍ത്തനനിരതനാകുന്ന രീതിയാണിത്. എന്നാല്‍ കീശയാണ് സാത്താന്‍റെ പ്രവേശന കവാടം.

ജീവിതം സ്നേഹിക്കാനുള്ളത്

പ്രിയ സഹോദരീസഹോദരന്മാരേ, തിരുലിഖിതങ്ങളുടെ പൂര്‍ണ്ണപൊരുള്‍ എന്തെന്ന് യേശുക്രിസ്തു ഒരിക്കല്‍ കൂടി നമുക്കു വെളിപ്പെടുത്തിത്തരുകയാണ്. “മോഷ്ടിക്കരുത്” എന്നതിനര്‍ത്ഥം നിന്‍റെ കൈവശമുള്ള വസ്തുക്കളോടുകൂടി സ്നേഹിക്കുക, അവയെ, നിനക്കു സാധിക്കും വിധം സ്നേഹിക്കാനുള്ള ഉപകരണങ്ങളാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുക എന്നാണ്. അപ്പോള്‍ നിന്‍റെ ജീവിതം ഫലദായകമാകും, കൈവശമുള്ള സമ്പത്ത് യഥാര്‍ത്ഥ ദാനമായി ഭവിക്കും. എന്തെന്നാല്‍ ജീവിതം സ്വത്തുസമ്പാദിച്ചുകൂട്ടുന്നതിനുള്ളതല്ല മറിച്ച് സ്നേഹിക്കാനുള്ളതാണ്. നന്ദി.                         

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പ്രഥമ അന്താരാഷ്ട്ര മാനവസമ്മേളനം റോമില്‍ ഈ ദിനങ്ങളി‍ല്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് പാപ്പാ അനു്സമരിക്കുകയും അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശംസകള്‍ ഏകുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2018, 13:04