തിരയുക

Vatican News
Pope Francis' Angelus Prayer - people before the giant screen Pope Francis' Angelus Prayer - people before the giant screen  (ANSA)

പ്രലോഭിതമായ ജീവിതങ്ങള്‍ക്ക് അര്‍ത്ഥംനല്കുന്ന ഹൃദയനാഥന്‍ - ക്രിസ്തു

ക്രിസ്തുരാജ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ റിപ്പോര്‍ട്ട്:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ത്രികാലപ്രാര്‍ത്ഥന സന്ദേശം - ക്രിസ്തുരാജമഹോത്സവം 2018

മഴയിലും ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആയിരങ്ങള്‍
വംബര്‍ 25-‍Ɔο തിയതി, ഞായറാഴ്ച! അന്തരീക്ഷം ഇരുണ്ടു മൂടിനിന്നു. ഇറ്റലിയില്‍ പൊതുവെയും, റോമാനഗരത്തില്‍ പ്രത്യേകിച്ചും
നല്ല മഴയുള്ള ദിവസമായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ മഴയെ വെല്ലുവിളിച്ചും ആയിരങ്ങള്‍ സമ്മേളിച്ചിരുന്നു. ചത്വരം തിങ്ങി നിറയുമാറ് നിന്ന ആബാലവൃന്ദം ജനങ്ങള്‍ തുറന്നുപിടിച്ച വര്‍ണ്ണക്കുടകള്‍ ചുറ്റും ക്രിസ്തുരാജ മഹോത്സവത്തിന്‍റെ ആനന്ദപ്രതീതി ഉണര്‍ത്തി. മദ്ധ്യാഹ്നം 12 മണിക്ക് പതിവുപോലെ അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ ജനങ്ങളെ അഭിവാദ്യംചെയ്തു,
എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

സാന്ദര്‍ഭികമല്ലാത്ത മനുഷ്യജീവിതങ്ങള്‍
1പ്രിയ സഹോദരങ്ങളേ, ആരാധനക്രമവത്സരത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടു നാമിന്ന് ക്രിസ്തുരാജ മഹോത്സവം കൊണ്ടാടുകയാണ്. ഭൂമിയില്‍ നമ്മുടെ ജീവിതങ്ങള്‍ സാന്ദര്‍ഭികമല്ല. അത് കൃത്യമായ ഒരു ലക്ഷ്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ഇതാണ് ഈ തിരുനാള്‍ സൂചിപ്പിക്കുന്നത്. ഈ ലക്ഷ്യം അടിസ്ഥാനമായും ക്രിസ്തുവിനെ ചരിത്രത്തിന്‍റെയും സൃഷ്ടിയുടെയും അതിനാഥനായി ആവിഷ്ക്കരിക്കുന്നു. ഇന്നത്തെ സുവിശേഷഭാഗം ക്രിസ്തുവിന്‍റെ രാജത്വത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് (യോഹ. 18, 33-37). അവിടുന്ന് ഗദ്സേമന്‍ തോട്ടത്തില്‍വച്ച് യഹൂദപ്രമാണികളാല്‍ ബന്ധിയാക്കപ്പെട്ടശേഷം, ഏറെ അവഹേളിക്കപ്പെട്ട പരിതാപകരമായ അവസ്ഥയാണ് സുവിശേഷഭാഗം ചിത്രീകരിക്കുന്നത് :  

അവിടുന്നു ബന്ധിതനും, പീഡിതനും, കുറ്റാരോപിതനുമായി ജരൂസലേമിലെ ദേവാലായധികൃതരുടെ മുന്നിലേയ്ക്ക് ആനയിക്കപ്പെട്ടു. റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിന്‍റെ മുന്നില്‍ അവര്‍ അവിടുത്തെ ഹാജരാക്കി. രാഷ്ട്രീയാധികാരത്തില്‍ കയറിവന്ന്, യഹൂദരുടെ രാജാവാകാന്‍ ഇയാള്‍ ശ്രമിക്കുന്നു. ഈ ആരോപണമാണ് അവര്‍ ക്രിസ്തുവിന്‍റെമേല്‍ ചുമത്തിയത്. രണ്ടു പ്രാവശ്യം അവിടത്തോട്, “താങ്കള്‍ യഹൂദരുടെ രാജാവാണോ” എന്നു ചോദിച്ചുകൊണ്ടാണ്  പീലാത്തോസ് തന്‍റെ അന്വേഷണം നാടകീയമാക്കുന്നത് (33, 37).

രാഷ്ട്രീയമില്ലാത്തൊരു  ജനനേതാവ്
2 യേശുവിന്‍റെ ആദ്യത്തെ മറുപടി, “തന്‍റെ രാജ്യം ഐഹികമല്ല” (36). പിന്നെയും അവിടുന്നു പറയുന്നു, “താങ്കള്‍ പറയുന്നല്ലോ, ഞാന്‍ രാജാവാണെന്ന്!” (37). എന്നാല്‍ ക്രിസ്തുവിന്‍റെ ജീവിതത്തില്‍നിന്നും വളരെ വ്യക്തമാണ് അവിടുത്തേയ്ക്ക് യാതൊരു രാഷ്ട്രിയ മോഹങ്ങളും ഇല്ലായിരുന്നെന്ന്. കഫര്‍ണാമില്‍ അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയ അത്ഭുതപ്രവൃത്തിക്കുശേഷം അവിടുത്തെ രാജാവാക്കണമെന്ന് ജനങ്ങള്‍ക്ക് മോഹമുണ്ടായിരുന്നു. അങ്ങനെ റോമന്‍ നുകത്തിന്‍ കീഴില്‍നിന്നും ഇസ്രായേലിനെ മോചിപ്പിച്ച്, ക്രിസ്തുവിനെ രാജാവാക്കി പ്രഖ്യാപിക്കാം!! ഇതായിരുന്നു അവരുടെ കണക്കുകൂട്ടല്‍...!! എന്നാല്‍ യേശുവിനെ സംബന്ധിച്ച് സാമ്രാജ്യം മറ്റൊന്നായിരുന്നു. അത് പ്രക്ഷോഭത്തിന്‍റെയോ, അതിക്രമങ്ങളുടെയോ, സായുധപോരാട്ടത്തിന്‍റെയോ രാജ്യമായിരുന്നില്ല. അതില്‍പ്പിന്നെ പ്രാര്‍ത്ഥിക്കാനായി മലയിലേയ്ക്കു അവിടുന്നു പിന്‍വാങ്ങിയെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (യോഹ. 6, 5-15). പീലാത്തോസിനോടുള്ള പ്രതികരണത്തില്‍ യേശു പറയുന്നുണ്ട്, തന്‍റെ സംരക്ഷണയ്ക്കായി ശിഷ്യന്മാര്‍ ആരെയെങ്കിലും എതിര്‍ക്കുകയോ അവരുമായി പോരാടുകയോ ചെയ്തിട്ടില്ല! അവിടുന്നു പറഞ്ഞത്, “എന്‍റെ രാജ്യം ഐഹികമല്ല, ഐഹികമായിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍  എന്‍റെ സേവകര്‍ പോരാടുമായിരുന്നു” (36).

ഹൃദയങ്ങളില്‍ സ്ഥാപിതമാകേണ്ട ദൈവരാജ്യം
3 യേശു തന്‍റെ പ്രതിയോഗികളെ അറിയിക്കാന്‍ ആഗ്രഹിച്ചത്, മാനുഷികമായ കരുത്തിനോ ശക്തിക്കോ നേടാനാവാത്തതും, രാഷ്ട്രീയ ശക്തിക്ക് അതീതവുമായ മറ്റൊരു വലിയ ശക്തിയുണ്ടെന്നാണ്. അവിടുന്ന് ഈ ഭൂമിയിലേയ്ക്കു വന്നത് ആ ശക്തി പ്രായോഗികമാക്കാനായിരുന്നു. അത് സ്നേഹമാണ്,  സത്യത്തിന്‍റെ സാക്ഷ്യംവഹിക്കലുമാണ് (37). സുവിശേഷത്തിന്‍റെ സത്തയായ സന്ദേശവും ദൈവിക സത്യവുമാണ് – ദൈവം സ്നേഹമാകുന്നു! അവിടുന്ന് ആ സ്നേഹത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും സാമ്രാജ്യം ഭൂമിയില്‍ സുസ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നു. (1യോഹ. 4, 8). കാലാന്തരത്തോളം നിലനില്ക്കുന്ന സ്നേഹസാമ്രാജ്യത്തിന്‍റെ രാജാവാണ് ക്രിസ്തു. സായുധ ശക്തിയിലും, ധാര്‍ഷ്ട്യത്തിലും അധിഷ്ഠിതമായ സാമ്രാജ്യങ്ങള്‍ താല്ക്കാലികവും ലോലവുമാണ്. അതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ അവ നിലംപരിശാകുമെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ ദൈവരാജ്യം സ്നേഹത്തില്‍ അധിഷ്ഠിതമാണ്. അത് ഹൃദയങ്ങളിലാണ് സ്ഥാപിതമാകുന്നത്. ഹൃദയത്തില്‍ സമാധാനവും, സ്വാതന്ത്ര്യവും ജീവന്‍റെ പൂര്‍ണ്ണിമയും കാംക്ഷിക്കുന്നവര്‍ക്കുള്ളതാണ് ദൈവരാജ്യം. ഇതു നാം ആര്‍ജ്ജിക്കണമെങ്കില്‍ എന്തു ചെയ്യണം? ദൈവസ്നേഹവും, ദൈവരാജ്യവും ക്രിസ്തുസ്നേഹവും നമ്മുടെ ഹൃദയത്തില്‍ വേരുപിടിക്കാന്‍ അനുവദിക്കണം. അപ്പോള്‍ നമുക്ക് സമാധാനവും, സ്വാതന്ത്ര്യവും ജീവിത പൂര്‍ണ്ണിമയുമുള്ള ദൈവരാജ്യത്തിന്‍റെ മക്കളാകാം. ഈ ഭൂമിയില്‍ ദൈവസ്നേഹത്തിന്‍റെ അത്ഭുതങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം.

പ്രഭ മങ്ങിയ ജീവിതങ്ങള്‍ക്ക് പ്രകാശമേകാന്‍!
4 നമ്മുടെ ജീവിതത്തിന്‍റെ രാജാവാകാന്‍ ക്രിസ്തു ആഗ്രഹിക്കുന്നെന്നാണ് ക്രിസ്തുരാജോത്സവം ആവശ്യപ്പെടുന്നത്. തന്‍റെ വചനത്താലും, ജീവിതചെയ്തികളാലും, അവസാനം കുരിശിലേറിയ സ്വയാര്‍പ്പണത്താലും മരണത്തില്‍നിന്നു നമ്മെ രക്ഷിക്കുകയും, ജീവിതപാതയില്‍ വഴിതെറ്റിയ നമ്മെ അവിടുന്നു നേരായ വഴിയില്‍ നയിക്കുകയും ചെയ്യുന്നു. അസ്തിത്വത്തിന്‍റെ സന്ദേഹങ്ങളാലും, ഭീതിയാലും ദൈനംദിന വ്യഗ്രതകളാലും പ്രഭ മങ്ങിയ മനുഷ്യജീവിതങ്ങളിലേയ്ക്ക് അവിടുന്നു പ്രകാശം വീശിന്നു. എങ്കിലും നാം ഓര്‍ക്കണം ക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല, ഭൗമികമല്ല! അതില്‍ നാം ലോകത്തിന്‍റെ യുക്തിഭദ്രതയും അതിലെ “രാജാക്കളെ”യും അനുധാവനംചെയ്യുന്നില്ല. പാപത്താലും മറ്റു കുറവുകളാലും പ്രലോഭിതമായ നമ്മുടെ ജീവിതങ്ങള്‍ക്ക് നവമായ അര്‍ത്ഥം നല്കാന്‍ ക്രിസ്തുരാജനു കഴിയും. ഹൃദയനാഥനും രാജാവുമായ യേശുവിനെ ഉള്‍ക്കൊള്ളാനും, അവിടുത്തെ സ്നേഹത്തിനും സത്യത്തിനും സാക്ഷ്യംവഹിച്ചുകൊണ്ട് ജീവിക്കാനും, അവിടുത്തെ രാജ്യം വിസ്തൃതമാക്കാനും പരിശുദ്ധ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

പ്രഭാഷണാനന്തരം പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.

26 November 2018, 16:55