തിരയുക

ജപമാലരാഞ്ജിയുടെ അനുസ്മരണം@pontifex

ഒക്ടോബര്‍ 7 - ഞായറാഴ്ച

“സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!” #PrayForTheChurch
എന്നു മാത്രമായിരുന്നു ഈ നാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഹ്രസ്വസന്ദേശം.   വത്തിക്കാനില്‍ ഒക്ടോബര്‍ 3-ന് ആരംഭിച്ചിരിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സിനഡുസമ്മേളനവും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന സാമൂഹ്യ രാഷ്ട്രീയ കലാപങ്ങളും, സഭാപ്രതിസന്ധികളും മനസ്സിലേറ്റിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ദൈവമാതാവായ ജപമാലരാഞ്ജിയുടെ മാദ്ധ്യസ്ഥം യാചിക്കുന്നത്.

മേരിയന്‍ പ്രാര്‍ത്ഥനയുടെ ‘വീഡിയോ’ ലിങ്ക്
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുടെ ഭാഗമായി പരിശുദ്ധ കന്യാകാനാഥയോടുള്ള ഏറ്റവും പുരാതനമായ sub tuum praesidium,
അങ്ങേ സംരക്ഷണയ്ക്കായ്…” എന്ന് അര്‍ത്ഥം വരുന്ന ലത്തീന്‍ ഗീതം ഇവിടെ കണ്ണിചേര്‍ത്തിരിക്കുന്നു. വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായകസംഘമാണ് (chorus of the Sistine Chapel) ഇത് ആലപിച്ചത്. “യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പും വിശ്വാസവും” സംബന്ധിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് ആമുഖമായി ഒക്ടോബര്‍ 3-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാടിയ ശബ്ദരേഖയും, ആ സമയത്തെ ദൃശ്യബിംബങ്ങളും “ലിങ്കി”ല്‍ ലഭ്യമാണ്.

Sub tuum praesidium  അങ്ങേ സംരക്ഷണയ്ക്കായ്...
ക്രിസ്തുവര്‍ഷം 250-ല്‍ ഈജിപ്തില്‍ ഗവേഷകര്‍ കണ്ടെത്തിയ പ്രാചീനമായ “പപ്പീരസ്”  താളിയില്‍നിന്നും ലഭിച്ച വളരെ ഹ്രസ്വമായ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് sub tuum praesidium, “അങ്ങേ സംരക്ഷണയ്ക്കായ്…”. മൂലരചന ഗ്രീക്കുഭാഷയിലാണ്. അത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്  ഇന്നും ഉപയോഗത്തിലുണ്ട്. ഗാനരൂപത്തിലാണ് ലത്തീനിലും മറ്റുഭാഷകളിലും ഈ പ്രാര്‍ത്ഥന അധികവും പ്രചരിച്ചിട്ടുള്ളത്. ലോകത്ത് എവിടെയും രണ്ടാം വത്തിക്കാന്‍ സൂനഹദോസുവരെയ്ക്കും ഈ പ്രാര്‍ത്ഥന മരീയന്‍ ദിനങ്ങളിലെ പ്രത്യേക ഗീതമായും, യാമപ്രാര്‍ത്ഥനകളുടെ ഉപസംഹാര പ്രാര്‍ത്ഥനയായും പതിവായി പാടുകയോ ചൊല്ലുകയോ ചെയ്തിരുന്നു.

ലത്തീന്‍ പ്രാര്‍ത്ഥനയുടെ മലയാളഗാനരൂപം
ആരാധനക്രമം മലയാളത്തിലേയ്ക്ക് പരിഭാഷചെയ്ത സൂനഹദോസിനുശേഷമുള്ള കാലഘട്ടത്തില്‍ ഏകദേശം 1968-ല്‍ ലത്തീന്‍ ഭാഷാപണ്ഡിതനും കവിയുമായിരുന്ന ഫാദര്‍ ജോസഫ് മനക്കില്‍ ഈ പ്രാര്‍ത്ഥന മലയാളത്തില്‍ രചിച്ചത് കേരളത്തില്‍ ഇന്നും ഉപയോഗത്തിലുണ്ട്. ഈ ഗീതം ഈണം പകര്‍ന്നത് ജോബ്&ജോര്‍ജ്ജ് സംഗീതജോഡിയാണ്.

തേടിവരുന്നു നിന്‍ സുതരമ്മേ
രക്ഷദമാം നിന്‍ സങ്കേതം
ദൈവത്തിന്‍ പ്രിയജനനീ, ധന്യേ,
കന്യേ, മഹിതമനോജ്ഞേ!
നിറമിഴിയോടിവരണയുമ്പോള്‍
നിരസിക്കരുതേ യാചനകള്‍
ആപത്തുകളില്‍ നിന്നിവരെ
പരിരക്ഷിക്കുക തായേ!

പ്രാര്‍ത്ഥനയുടെ ഇംഗ്ലിഷ് രുപം
WE fly to thy patronage, O holy Mother of God;
despise not our petitions in our necessities,
 but deliver us always from all dangers,
O glorious and blessed Virgin.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2018, 19:15