തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പ്രതിവാരപൊതുദര്‍ശനം അനുവദിക്കുന്നതിനെത്തുന്നു-24-10-18 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പ്രതിവാരപൊതുദര്‍ശനം അനുവദിക്കുന്നതിനെത്തുന്നു-24-10-18  (ANSA)

ദാമ്പത്യ വിശ്വസ്തത- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

“വ്യഭിചാരം ചെയ്യരുത്” എന്ന കല്പന നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് വിശ്വസ്തതയെക്കുറിച്ചാണ്. വിശ്വസ്തതയുടെയും ആത്മാര്‍ത്ഥതയുടെയും അഭാവത്തില്‍ യഥാര്‍ത്ഥ മാനുഷിക ബന്ധം സാധ്യമല്ല- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കനത്ത ആലിപ്പഴവര്‍ഷത്തോടെ റോമില്‍ ശൈത്യകാലത്തിന്‍റെ ആഗമനം ദിവസങ്ങള്‍ക്കു മുമ്പ് പ്രകടമാകുകയും അതോടെ താപനില താഴ്ന്നു തുടങ്ങുകയും ചെയ്തു. ഈ ബുധനാഴ്ച(24/10/18) രാവിലെ കുളിരനുഭവപ്പെട്ടുവെങ്കിലും ആദിത്യകിരണങ്ങള്‍ പകര്‍ന്ന ചൂടു ആശ്വാസമായി. അന്ന് ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന സന്ദര്‍ശകരും തീര്‍ത്ഥാടകരുമായിരുന്ന ഇരുപതിനായിരത്തിലേറെപ്പേര്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതാരായിരുന്നു. പാപ്പാ, ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ ജനസഞ്ചയം അവരുടെ ആനന്ദമറിയിച്ചു. കരഘോഷവും ആരവങ്ങളുമുയര്‍ന്നു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച്  പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം -മര്‍ക്കോസ് 10:02-09

2 ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? 3 അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പ്പിച്ച്ത?4 അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊ‌ടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്.5 യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്.6 എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.7 ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വി‌ടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും.8 പിന്നീട് ഒരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും.9 അതിനാല്‍ ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.” (മര്‍ക്കോസ് 10:02-09)   

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, പത്തു “വചനങ്ങളെ” അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. “വ്യഭിചാരം ചെയ്യരുത്” എന്ന ആറാം പ്രമാണമായിരുന്നു പാപ്പാ വിശകലനം ചെയ്തത്. പാപ്പായുടെ പ്രഭാഷണം  ഇറ്റാലിയന്‍ ഭാഷയിലായിരുന്നു.

പ്രഭാഷണ സംഗ്രഹം:

  ആറാം പ്രമാണം വിശ്വസ്തതയെക്കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

കല്പന്കളെ അധികരിച്ചുള്ള നമ്മുടെ പ്രബോധന പ്രയാണത്തില്‍ നാമിന്ന് “ആറാം വചനത്തില്‍” (ആറാം കല്പന)  എത്തിയിരിക്കയാണ്. സേനഹവികാരത്തിന്‍റെയും ലൈംഗികതയുടെയും മാനത്തെ സംബന്ധിച്ച ആ പ്രമാണം പറയുന്നു: “വ്യഭിചാരം ചെയ്യരുത്”. ഈ കല്പന നമ്മെ നേരിട്ട് ഓര്‍മ്മിപ്പിക്കുന്നത് വിശ്വസ്തതയെക്കുറിച്ചാണ്. വാസ്തവത്തില്‍ വിശ്വസ്തതയുടെയും ആത്മാര്‍ത്ഥതയുടെയും അഭാവത്തില്‍ യഥാര്‍ത്ഥ മാനുഷിക ബന്ധം സാധ്യമല്ല.

നിരുപാധികം സ്വയം ദാനമാകുന്ന സ്നേഹം

സൗകര്യപ്രദമായിരിക്കുന്നതുവരെ മാത്രം സ്നേഹിച്ചാല്‍ പോരാ. സ്വന്തം നേട്ടങ്ങളുടെ പടിക്കപ്പുറം കടന്ന് നിരുപാധികം സ്വയം ദാനം ചെയ്യുന്നതിലാണ് സ്നേഹം ആവിഷ്കൃതമാകുക. കത്തോലിക്കാസഭയുടെ മതബോധനം ഉദ്ബോധിപ്പിക്കുന്നതു പോലെ, “ സ്നേഹം സുനിശ്ചിതത്വം ആവശ്യപ്പെടുന്നു, ഇനി മറ്റൊരു തീരുമാനംവരെ എന്ന നിലപാട് സാധ്യമല്ല”. (മതബോധനം 1646) വിശ്വസ്തത, സ്വതന്ത്രവും പക്വവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാനുഷികബന്ധത്തിന്‍റെ സവിശേഷതയാണ്. ഒരു സുഹൃത്ത് ഏതൊരു സാഹചര്യത്തിലും മാറ്റമില്ലാതെ നിലകൊള്ളുമ്പോഴാണ് അവന്‍ ആത്മാര്‍ത്ഥ സുഹൃത്താണെന്ന് വ്യക്തമാകുക, അല്ലാത്ത പക്ഷം അവന്‍ സുഹൃത്തല്ല. യഥാര്‍ത്ഥ  സ്നേഹം എന്തെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു, പിതാവിന്‍റെ അനന്തസ്നേഹത്താലാണ് യേശു ജീവിക്കുന്നത്. ഈ സ്നേഹത്താലാണ് അവിടന്ന് നമുക്ക് വിശ്വസ്ത സ്നേഹിതന്‍ ആകുന്നത്. നാം തെറ്റു ചെയ്യുമ്പോഴും നമ്മെ സ്വീകരിക്കുകയും നമുക്ക് അര്‍ഹതയില്ലെങ്കിലും എന്നും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന സ്നേഹിതന്‍.

സ്നേഹിക്കപ്പെടുകയെന്ന അനിവാര്യ ആവശ്യം

മനുഷ്യവ്യക്തി നിരുപാധികം സ്നേഹിക്കപ്പെടുകയെന്ന ആവശ്യമുള്ളവനാണ്. ഈ സ്നേഹം ലഭിക്കാത്തവന്, അവനില്‍ത്തന്നെ ഒരു തരം അപൂര്‍ണ്ണത അവനറിയാതെതന്നെയുണ്ട്. സ്നേഹത്തെ അപേക്ഷിച്ച് അവ്യക്തമായ ഒരു സ്വഭാവം മാത്രമുള്ള സന്ധിചെയ്തും സാമാന്യത്വം അംഗീകരിച്ചും, പകരവസ്തുക്കളാല്‍ ഈ ശൂന്യത  നികത്താന്‍,  മാനവഹൃദയം ശ്രമിക്കുന്നു. സ്നേഹമെന്ന്, തിക്തവും അപക്വവുമായ ബന്ധങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്ന അപകടമാണ് ഇവിടെ സംഭവിക്കുന്നത്. ജീവിതവെളിച്ചം കണ്ടെത്താമെന്ന വ്യാമോഹം ഇവിടെയുണ്ടാകുന്നു. ഇവിടെ നല്ലതെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ തന്നെ, അത്, ഒരു പ്രതിഫലനം മാത്രമായിരിക്കും.

ശാരീരികാകര്‍ഷണവും അതിന്‍റെ ലക്ഷ്യവും

ഉദാഹരണമായി, ശാരീരിക ആകര്‍ഷണത്തിന് അതിമൂല്യം കല്പിക്കുമ്പോള്‍  സംഭവിക്കുന്നത് ഇതാണ്. ശാരീരികാകര്‍ഷണം അതില്‍ത്തന്നെ ഒരു ദൈവികദാനമാണ്. എന്നാല്‍ അത് വ്യക്തിയുമായി ആത്മാര്‍ത്ഥവും വിശ്വസ്തവുമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനുള്ളതാണ്. വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ പറയുന്നതു പോലെ, “മനുഷ്യവ്യക്തി പൂര്‍ണ്ണവും പക്വവുമായ സ്വാഭാവിക ബന്ധ്ങ്ങളിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു”. അതാകട്ടെ “സ്വന്തം ഹൃദമിടിപ്പുകള്‍ വിവേചിച്ചറിയുന്നതിന്‍റെ പടിപടിയായുള്ള ഫലമാണ്”......

വിവാഹബന്ധത്തില്‍ ദൈവിക കരം ദര്‍ശിക്കുക

ആകയാല്‍ വിവാഹജീവിതാന്തസ്സിലേക്കുള്ള വിളി, ആ ബന്ധത്തിന്‍റെ ഗുണമേന്മ വിവേചിച്ചറിയലും, അതു പരിശോധിക്കുന്നതിനുള്ള വിവാഹവാഗ്ദാനത്തിന്‍റെ ഒരു സമയവും വ്യവസ്ഥ ചെയ്യുന്നു. വിവാഹമെന്ന കൂദാശ സ്വീകരിക്കണമെങ്കില്‍, വിവാഹവാഗ്ദാനം ചെയ്തിരിക്കുന്നവര്‍, അവരുടെ ബന്ധത്തില്‍ ദൈവത്തിന്‍റ കരമുണ്ടെന്നും അവിടന്ന് അവര്‍ക്കു മുമ്പേ നടക്കുകയും തുണയേകുകയും ചെയ്യുന്നുവെന്നും “ക്രിസ്തുവിന്‍റെ കൃപയാല്‍ എന്നും നിന്നോട് വിശ്വസ്തത പാലിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു”വെന്നു പറയാന്‍ പ്രാപ്തരാക്കുന്നുവെന്നുമുള്ള സുനിശ്ചിതത്വം വളര്‍ത്തിയെടുക്കണം. നല്ലമനസ്സിന്‍റെയും, കാര്യങ്ങള്‍ ഭംഗിയായിട്ടു പോകുമെന്ന പ്രതീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രം  “സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തരായിരുന്നുകൊള്ളാമെന്നും ജീവിതകാലം മുഴുവന്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും വാഗ്ദാനം ചെയ്യാന്‍ പാടില്ല. ദൈവത്തിന്‍റെ വിശ്വസ്ഥ സ്നേഹമാകുന്ന ഉറച്ചനിലത്ത് അവര്‍ അടിസ്ഥാനമുറപ്പിക്കണം.

വിവാഹം ഒരു കൂദാശ... ഒരുക്കം അനിവാര്യം

വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതിന് ഉചിതമായ ഒരുക്കം ആവശ്യമാണ്. കാരണം ജീവിതം മുഴുവന്‍ സ്നേഹത്തിലുള്ള കളിയാണ്. സ്നേഹം കൊണ്ട് തമാശകളിക്കാനാകില്ല. ഇടവകയില്‍ രണ്ടോ മൂന്നോ ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുക്കുന്നതല്ല ഈ ഒരുക്കം. അത് യഥാര്‍ത്ഥമല്ല. അതിന് ഉത്തരവാദികള്‍ അതു സംഘടിപ്പിക്കുന്നവരാണ്, അത് ഇടവക വികാരിയാകാം, അത് അനുവദിച്ചുകൊടുക്കുന്ന മെത്രാനാകാം. വിവാഹത്തിനുള്ള ഒരുക്കം പക്വതയാര്‍ന്നതാകണം, അതിന് സമയം വേണം. അത് ഒരു ഔപചാരിക ക്രമമാകരുത്. വിവാഹം ഒരു കൂദാശയാണ്.

വിശ്വസ്തയെന്നാല്‍ ഒരുവന്‍ ആയിരിക്കുന്ന രീതിയാണ്, ജീവിത ശൈലിയാണ്. അവന്‍ ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്നു, സത്യസന്ധമായി സംസാരിക്കുന്നു, സ്വന്തം ചിന്തകളിലും പ്രവൃത്തികളിലും സത്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നു. വിശ്വസ്തതയാല്‍ നെയ്തെടുത്ത ജീവിതം അതിന്‍റെ എല്ലാ മാനങ്ങളിലും പ്രകടമാകുന്നു, അത് ഏതൊരു സാഹചര്യത്തിലും വിശ്വസ്തരും വിശ്വാസയോഗ്യരുമായിരിക്കുന്നതിന് സ്ത്രീപുരുഷന്മാരെ പ്രാപ്തരാക്കുന്നു.

ദാമ്പത്യ വിശ്വസ്ത ജീവിക്കുന്നതിന് ദൈവകൃപ ആവശ്യം

എന്നാല്‍ ഇത്തരമൊരു സുന്ദരമായ ജീവിതത്തില്‍ എത്തിച്ചേരണമെങ്കില്‍ നമ്മുടെ മനുഷ്യപ്രകൃതി മാത്രം പോരാ, ദൈവത്തിന്‍റെ വിശ്വസ്തത നമ്മുടെ അസ്തിത്വത്തിലേക്കു കടക്കണം, നമ്മില്‍ പടര്‍ന്നുപിടിക്കണം. ക്രിസ്തുവിലേക്കു തിരിയാന്‍ നമ്മെ ക്ഷണിക്കുകയാണ്, “വ്യഭിചാരം ചെയ്യരുത്” എന്ന ഈ “ആറാമത്തെ വചനം”. മലിനമായ ഹൃദയം നമ്മില്‍ നിന്നു നീക്കി വിശ്വസ്തമായ ഒരു ഹൃദയം നമുക്കു നല്കാന്‍ തന്‍റെ വിശ്വസ്തതയാല്‍ ക്രിസ്തുവിനു സാധിക്കും. അവിടുന്നില്‍, അവിടുന്നില്‍ മാത്രമാണ് നിരുപാധിക സ്നേഹം, കാര്യാനന്തരചിന്തയില്ലാത്ത സ്നേഹവും വ്യവസ്ഥകളില്ലാത്ത സമ്പൂര്‍ണ്ണ ദാനവും അങ്ങേയറ്റം വരെ നമ്മെ സ്വീകരിക്കുന്ന നിര്‍ബന്ധബുദ്ധിയും കാണുക.

വിശ്വസ്തതയുടെ ഉറവിടം

ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളില്‍ നിന്നാണ് നമ്മുടെ വിശ്വസ്തത ജന്മം കൊള്ളുന്നത്, അവിടെത്ത നിരുപാധിക സ്നേഹമാണ്  നമ്മുടെ ബന്ധങ്ങളുടെ ദൃഢതയുടെ സ്രോതസ്സ്. അവിടത്തോടും പിതാവിനോടും പരിശുദ്ധാരൂപിയോടുമുള്ള കൂട്ടായ്മയില്‍ നിന്നാണ് നമ്മുടെ കൂട്ടായ്മ പിറവിയെടുക്കുന്നതും നമ്മുടെ ബന്ധങ്ങള്‍ വിശ്വസ്തയോടു കൂടി ജീവിക്കാനുള്ള അറിവു നാം നേടുന്നതും. നന്ദി.                       

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

24 October 2018, 13:30