തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 10-10-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 10-10-18  (AFP or licensors)

മനുഷ്യ ജീവന്‍ നിന്ദിക്കപ്പെടരുത്-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ധനം, അധികാരം, നേട്ടം എന്നിവ ജീവനെതിരെ മനുഷ്യനെ തിരിക്കുന്ന ലോകബിംബങ്ങള്‍- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതുസമ്മേളനം നടന്നുവരികയാണെങ്കിലും ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചകളില്‍ പതിവുള്ള  പൊതുദര്‍ശന പരിപാടിക്ക് മുടക്കം വരുത്തിയില്ല. ഈ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വവിവധരാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ എത്തിയിരുന്നു ഈ ബുധനാഴ്ചയും (10/10/18). ഇരുപത്തിയാറായിരത്തിലേറെപ്പേര്‍ സന്നിഹിതരായിരുന്നു. അര്‍ക്കാംശുക്കളാല്‍ കുളിച്ചു നിന്ന ചത്വരത്തിലേക്ക് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. കൂടിക്കാഴ്ചയ്ക്കെത്തിയിരുന്ന കുട്ടികളില്‍ നിന്ന് 5 ബാലികാബാലന്മാരെ പാപ്പാ വഹനത്തിലേറ്റി യാത്ര തുടര്‍ന്നു. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച്  പാപ്പാ, തന്നോടൊപ്പം സഞ്ചരിച്ച കുട്ടികളെ വാത്സല്യത്തോടെ തലോടി വാഹനത്തില്‍ നിന്ന് ആദ്യം  ഇറക്കിയതിനു ശഷം  ഇറങ്ങി സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“24എല്ലാത്തിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല; ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല.25 അങ്ങ് ഇച്ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്‍ക്കുമോ? അങ്ങ് അസ്തിത്വം നല്‍കിയില്ലെങ്കില്‍ എന്തെങ്കിലും പുലരുമോ? 26 ജീവനുള്ളവയെ സ്നേഹിക്കുന്ന കര്‍ത്താവേ, സര്‍വ്വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു” (ജ്ഞാനം 11:24-26)  

 

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, പത്തു “വചനങ്ങളെ” അധികരിച്ചുള്ള പ്രബോധന പരമ്പര ഒരു ഇടവേളയ്ക്കു ശേഷം പുനനാരംഭിച്ചു. കൊല്ലരുത് എന്ന പ്രമാണമായിരുന്നു പാപ്പായുടെ പരിചിന്തനത്തിനാധാരം. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത് ഇപ്രകാരമായിരുന്നു:

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നത്തെ പ്രബോധനം “കൊല്ലരുത്” എന്ന അഞ്ചാം വചനത്തെ അധികരിച്ചാണ്. അഞ്ചാം പ്രമാണം: കൊല്ലരുത്. പത്തു വചനങ്ങളുടെ രണ്ടാം ഭാഗത്തിലാണ് നാമിപ്പോള്‍. അയല്‍ക്കാരനുമായുള്ള ബന്ധങ്ങളെ സംബന്ധിക്കുന്നതാണ് ആ ഖണ്ഡം. അര്‍ത്ഥസംപുഷ്ടവും സ്പഷ്ടവുമായ വിധം രൂപപ്പെടുത്തപ്പെട്ട ഈ കല്പന മാനുഷികബന്ധങ്ങളുടെ മൗലിക മൂല്യത്തെ സംരക്ഷിക്കുന്ന ഒരു മതിലായി ഉയര്‍ന്നുനില്ക്കുന്നു. ഏതാണ് മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാന മൂല്യം. അത് ജീവന്‍റെ മൂല്യമാണ്. അതുകൊണ്ടു തന്നെ, കൊല്ലരുത്.

ജീവനോടുള്ള നിന്ദയുടെ ഫലം

ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നു പറയാം. യുദ്ധങ്ങളാലും മനുഷ്യനെ ചൂഷണം ചെയ്യുന്ന സംഘടനകളാലും  ജീവന്‍ ആക്രമിക്കപ്പെടുന്നു. പത്രങ്ങളില്‍ നാം നിരവധികാര്യങ്ങള്‍ വായിക്കുന്നു, ടെലവിഷന്‍ വാര്‍ത്തകളി‍ല്‍ നാം കാണുന്നു.  സൃഷ്ടിയെ വച്ചുള്ള ചൂതാട്ടത്താലും വലിച്ചെറിയല്‍ സംസ്കൃതിയാലും പ്രയോജനത്തിന്‍റെ കണക്കുകള്‍ക്ക്   മാനവാസ്തിത്വത്തെ വിധേയമാക്കുന്ന സംവിധാനങ്ങളാലും ജീവന്‍റെ മൂല്യം ആക്രമിക്കപ്പെടുന്നു. നിരവധിപ്പേര്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന അപകീര്‍ത്തികരമായ അവസ്ഥ നിലനില്ക്കുന്നു. ഇത് ജീവനെ നിന്ദിക്കലാണ്, അതായത്, ഇത് ഒരു തരത്തില്‍ കൊല്ലുന്ന പ്രവൃത്തിയാണ്.

ഭ്രൂണഹത്യ

ജീവനു വിരുദ്ധമായ നിലപാട്, മറ്റവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന മാതാവിന്‍റെ  ഉദരത്തില്‍ വച്ചുതന്നെ മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നതിന് അനുവദിക്കുന്നു. നിഷ്ക്കളങ്കവും നിസ്സഹായവസ്ഥയിലുള്ളതുമായ ഒരു ജീവനെ മൊട്ടിടുമ്പോള്‍ തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തി എങ്ങനെ ചികിത്സാപരമാകും, പരിഷ്കൃതമാകും, ലളിതമായി പറഞ്ഞാല്‍ മാനുഷികമാകും? ഞാന്‍ നിങ്ങളോടു ചോദിക്കുകയാണ്: ഒരു പ്രശ്നം പരിഹരിക്കുന്നതിന്  മനുഷ്യ ജീവനെ നശിപ്പിക്കുന്നത് ശരിയാണോ? നിങ്ങളു‌ടെ അഭിപ്രായം എന്താണ്? ശരിയാണോ? പ്രശ്ന പരിഹൃതിക്ക് കൊലയാളിയെ വാടകയ്ക്കെടുന്നത് ഉചിതമാണോ? (ഈ ചോദ്യങ്ങള്‍ക്കെല്ലാം ജനങ്ങളുടെ ഉത്തരം അല്ല എന്നായിരുന്നു) പ്രശ്നനിവാരണത്തിന് ഒരു മനുഷ്യവ്യക്തിയെ ഇല്ലായ്മ ചെയ്യാന്‍ പാടില്ല, അത് ശരിയല്ല.

ജീവനോടുള്ള എതിര്‍പ്പിന്‍റെ ഉറവിടം

ഇതിന്‍റെയൊക്കെ ഉത്ഭവം എവിടെയാണ്? അതിക്രമവും ജീവന്‍റെ തിരസ്കരണവും ഒക്കെ ജന്മംകൊള്ളുന്നത് എവിടെ നിന്നാണ്. അത് ഭയത്തില്‍ നിന്നാണ്. അപരനെ ഉള്‍ക്കൊള്ളുകയെന്നത് വാസ്തവില്‍ വ്യക്തിമാഹാത്മ്യവാദത്തില്‍ ഒരു വെല്ലുവെളിയാണ്. ഉദാഹരണമായി, ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക. വേദനാപൂര്‍ണ്ണമായ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക്, ആ അവസ്ഥയില്‍ അടങ്ങിയിട്ടുള്ള ഭയങ്ങളെ അതിജീവിച്ച്, യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് യഥാര്‍ത്ഥ സ്നേഹ സാമീപ്യവും എൈക്യദാര്‍ഢ്യവും ആവശ്യമായിവരുന്നു. എന്നാല്‍ അവര്‍ക്ക് പലപ്പോഴും ലഭിക്കുക ഭ്രൂണത്തെ നശിപ്പിക്കുകയെന്ന തിടുക്കത്തിലുള്ള ഉപദേശമായിരിക്കും. ഗര്‍ഭം  അലസിപ്പിക്കുകയെന്നാണ്  പ്രയോഗമെങ്കിലും അതിനര്‍ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നുതന്നെയാണ്.

ഭൂമിയില്‍ ആവശ്യത്തിലിരിക്കുന്ന മറ്റെല്ലാവരെയും പോലെ തന്നെ രോഗിയായ കുഞ്ഞും, സഹായം ആവശ്യമുള്ള വൃദ്ധനും ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ക്ലേശിക്കുന്ന നിരവധിയായ നിര്‍ദ്ധനരും ഒരു പ്രശ്നമായി അവതരിപ്പിക്കപ്പെടുന്ന വ്യക്തികളുമെല്ലാം, വാസ്തവത്തില്‍, എന്നെ എന്നോടുമാത്രമുള്ള എന്‍റെ സ്നേഹത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാനും എന്നെ സ്നേഹത്തില്‍ വളര്‍ത്താനുമുള്ള ദൈവത്തിന്‍റെ  ദാനമാണ്. വേധ്യമായ ജീവന്‍ നമുക്ക് പുറത്തേക്കുള്ള വഴി, അവനവനില്‍ത്തന്നെ സ്വയം അടച്ചിടുന്നതായ ഒരു അസ്തിത്വത്തില്‍ നിന്നു രക്ഷപ്പെടാനും സ്നേഹത്തിന്‍റെ   സന്തോഷം കണ്ടെത്താനുമുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്നു.

ജീവനെതിരായ ലൗകിക ബിംബങ്ങള്‍

ജീവനെ തിരസ്കരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് എന്താണ്? ലോകത്തിന്‍റെതായ വിഗ്രങ്ങളാണ്. ധനം, അധികാരം, നേട്ടം എന്നിവയാണ് അവ.  ഇവ ജീവന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്ന തെറ്റായ മാനദണ്ഡങ്ങളാണ്. ജീവന്‍റെ ഏക അധികൃത അളവുകോല്‍ ഏതാണ്? അത് സ്നേഹമാണ്. ദൈവം ജീവനെ സ്നേഹിക്കുന്ന ആ സ്നേഹമാണ്.

“കൊല്ലരുത്” എന്ന പദത്തിന്‍റെ ഭാവാത്മക പൊരുള്‍, വാസ്തവത്തില്‍, എന്താണ്? ബൈബിള്‍ വായനയില്‍ നാം അല്പം മുമ്പ് ശ്രവിച്ചതു പോലെ, ദൈവം ജീവനുള്ളവയെ സ്നേഹിക്കുന്നവനാണ് എന്നതാണ്.

സ്നേഹത്തിന്‍റെ സന്തോഷം നമുക്കു വെളിപ്പുത്തുന്നതിന് ക്രിസ്തു, രോഗിയായ ഒരോ കുഞ്ഞിലും, ബലഹീനനായ ഓരോ വയോധികനിലും, ഹതാശനായ ഒരോ കുടിയേറ്റക്കാരനിലും, ബലഹീനവും ഭീഷണിപ്പെടുത്തപ്പെടുന്നതുമായ ഒരോ ജീവനിലും നമ്മെ തേടുന്നു, നമ്മുടെ ഹൃദയം അന്വേഷിക്കുന്നു.

ജീവനെ അവതിക്കരുതേ

നാം ലോകത്തിലെ സ്ത്രീപുരുഷന്മോരോട് വിളിച്ചു പറയണം: ജീവനെ നിന്ദിക്കരുത്. അപരന്‍റെ ജീവനെ മാത്രമല്ല സ്വന്തം ജീവനെയും നിന്ദിക്കരുത്. കാരണം കൊല്ലരുത് എന്ന കല്പന അവനവന്‍റെ ജീവനെ സംബന്ധിച്ചും ബാധകമാണ്. നിരവാധിയായ യുവജനങ്ങളോടു പറയണം: നിങ്ങളുടെ അസ്തിത്വത്തെ അവഹേളിക്കരുത്. ദൈവത്തിന്‍റെ കരവേലയെ തിരസ്ക്കരിക്കുന്നത് അവസാനിപ്പിക്കു, നീ ദൈവത്തിന്‍റെ ഒരു കരവേലയാണ്. നീ സ്വയം അവമതിക്കരുത്. നിന്നെ അടിമപ്പെടുത്തുന്നതും മരണത്തിലേക്കു നയിക്കുന്നതുവമായവയില്‍ ആസക്തനായി നീ സ്വയം വെറുക്കരുത്.

ദൈവം ജീവനെ സ്നേഹിക്കുന്നു

ഈ ലോകത്തിന്‍റെ കുടിലതകള്‍ കൊണ്ട് ആരും ജീവനെ അളക്കരുത്. നമ്മെ സൃഷ്ടിച്ച പിതാവിന്‍റെ നാമത്തില്‍ എല്ലാവരും അവനവനെയും മറ്റുള്ളവരെയും സ്വീകരിക്കുക. അവിടന്ന് ജീവനെ സ്നേഹിക്കുന്നവനാണ്. മനോഹരമാണിത്. നമുക്കായി സ്വപുത്രനെ അയക്കത്തക്കവിധം നമ്മള്‍ അത്രമാത്രം അവിടത്തേക്കു പ്രിയപ്പെട്ടവരാണ്. വാസ്തവത്തില്‍ സുവിശേഷം പറയുന്നു “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാന്‍ 3,16) നന്ദി.                        

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പാപ്പാ യുവജനത്തോടും വയോജനത്തോടും രോഗികളോടും നവദമ്പതികളോടും

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഒക്ടോബര്‍ മാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ചു.

പ്രഷിതപ്രവര്‍ത്തനത്തിനും കൊന്തനമസ്ക്കാരത്തിനും പ്രത്യേകം പ്രതിഷ്ഠിതമാണ് ഒക്ടോബര്‍ മാസമെന്ന് അനുസ്മരിച്ച പാപ്പാ തങ്ങളുടെയും സഭയുടെയും ആവശ്യങ്ങള്‍ക്കായും എന്നും ഉപരിപരിശുദ്ധയും പ്രേഷിതയും ലോകത്തിന്‍റെ  പാതയിലൂടെയുള്ള യാത്രയിലും ഓരോ വ്യക്തിക്കും ക്രിസ്തുവിനെ എത്തിച്ചുകൊടുക്കുന്ന പ്രക്രിയയിലും ഐക്യമുള്ളവളുമായിരിക്കാന്‍ സഭയ്ക്കു കഴിയുന്നതിനായും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം കൊന്തനമസ്ക്കാരം വഴി യാചിക്കാന്‍ അവരെ ക്ഷണിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

10 October 2018, 13:10