തിരയുക

Vatican News
പരിശുദ്ധ കന്യകാമറിയത്തിന്‍റെ രൂപവുമേന്തി പെറുവില്‍ നിന്നുള്ളതീര്‍ത്ഥാടകര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നു, വത്തിക്കാന്‍ 21-10-18 പരിശുദ്ധ കന്യകാമറിയത്തിന്‍റെ രൂപവുമേന്തി പെറുവില്‍ നിന്നുള്ളതീര്‍ത്ഥാടകര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നു, വത്തിക്കാന്‍ 21-10-18  (AFP or licensors)

ലൗകി ഭാവത്തില്‍ നിന്ന് ദൈവിക ഭാവത്തിലേക്ക്-ത്രികാലജപ വിചിന്തനം

പ്രഥമ സ്ഥാനങ്ങള്‍ തേടുന്നതായ രോഗത്തിനുള്ള ഫലപ്രദമായ മറുമരുന്നാണ് സേവനത്തിന്‍റെ സരണി, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അര്‍ക്കാംശുക്കള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ട ഒരു ദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച  (21/10/18) പകല്‍ . അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. പരിശുദ്ധ കന്യാകാമറിയത്തിന്‍റെ വലിയൊരു ചിത്രമടങ്ങിയ രൂപക്കൂടുമേന്തിയെത്തിയ, പെറുവില്‍ നിന്നുള്ള ഒരു സംഘം തീര്‍ത്ഥാടകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.   ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ വിശ്വാസികള്‍ കരഘോഷം മുഴിക്കി, ആരവങ്ങളുയര്‍ത്തി.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(21/10/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, കര്‍ത്താവായ യേശുവിന്‍റെ മഹത്വത്തില്‍ അവിടത്തെ ഇടത്തും വലത്തും ഉപവിഷ്ടരാകാന്‍ തങ്ങളെ അനുവദിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കുന്ന സെബദീപത്രന്മാരായ യോക്കോബിനോടും യോഹന്നാനോടും അവിടന്ന് നല്കുന്ന ഉത്തരവും വലിയവനാകാനഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനും, ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനും ആയിരിക്കണമെന്ന ഉദ്ബോധനവുമടങ്ങുന്ന, മര്‍ക്കോസിന്‍റെ  സുവിശേഷം, അദ്ധ്യായം 10,35-45 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പ്രഭാഷണം:

ശിഷ്യരെ തിരുത്താന്‍ ശ്രമിക്കുന്ന യേശു

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

യേശു, സ്വന്തം ശിഷ്യരെ, ലൗകിക മനോഭാവങ്ങളില്‍ നിന്ന് ദൈവിക ഭാവങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് അവരെ ഒരിക്കല്‍ക്കൂടി അതീവക്ഷമയോടുകൂടി,  തിരുത്താന്‍ ശ്രമിക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷത്താള്‍ (മര്‍ക്കോസ് 10,35-45) വിവരിക്കുന്നത്. യേശു ആദ്യമായി കണ്ടുമുട്ടുമുട്ടുകയും തന്നെ അനുഗമിക്കാന്‍  അവിടന്നു വിളിക്കുകയും ചെയ്തവരില്‍പ്പെട്ട രണ്ടുപേര്‍, സഹോദരങ്ങളായ യാക്കോബും യോഹന്നാനും, ആണ് ഈ അവസരം സംജാതമാക്കുന്നത്. ഇതിനകം യേശുവിനോടൊപ്പം ഏറെ സഞ്ചരിച്ചു കഴിഞ്ഞ അവര്‍ അവിടത്തെ 12 ശിഷ്യരുടെ ഗണത്തില്‍ അംഗങ്ങളാണ്.  ആകയാല്‍, യേശു ദൈവരാജ്യം സ്ഥാപിക്കുമെന്ന് ശിഷ്യന്മാര്‍ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുന്ന ജറുസലേമിലേക്ക്, പെസഹാ തിരുന്നാളിനോടനുബന്ധിച്ചുള്ള, യാത്രാവേളയില്‍ ഈ സഹോദരന്മാര്‍ ധൈര്യം സംഭരിച്ച് ഗുരുവിനെ സമീപിച്ച് അപേക്ഷിക്കുന്നു: ”അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ ഇടത്തുവശത്തും മറ്റെയാള്‍ വലത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കേണമേ” (മര്‍ക്കോസ് 10,37).

ലോകാരൂപിയുടെ സ്വാധീനവും നഷ്ടപ്പെടല്‍ ഉള്‍ക്കൊള്ളുന്ന സ്നേഹസരണിയും

തന്നെയും ദൈവരാജ്യത്തെയും സംബന്ധിച്ച ആവേശത്താല്‍ നയിക്കപ്പെടുന്നവരാണ് യോക്കോബും യോഹന്നാനുമെന്ന് യേശുവിനറിയാം. അതോടൊപ്പംതന്നെ അവരുടെ പ്രതീക്ഷകളും തീക്ഷ്ണതയും ലോകത്തിന്‍റെ അരൂപിയാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നുവെന്നും അവിടന്ന് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവിടന്ന് ഇപ്രകാരം പ്രത്യുത്തരിക്കുന്നു: “നിങ്ങള്‍ ആവശ്യപ്പെടുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല”.(മര്‍ക്കോസ് 10:38). ക്രിസ്തുരാജന്‍റെ സമീപെ തങ്ങള്‍ ആസനസ്ഥരാകേണ്ട “മഹത്വത്തിന്‍റെ സിംഹാസനങ്ങളെ”ക്കുറിച്ച് അവര്‍ സംസാരിക്കുമ്പോള്‍ യേശു പറയുന്നത് താന്‍ കുടിക്കേണ്ടുന്ന “പാനപാത്ര”ത്തെയും താന്‍ സ്വീകരിക്കണ്ട “മാമ്മോദീസാ”യെയും, അതായത്, തന്‍റെ പീഢാസഹനത്തെയും മരണത്തെയും കുറിച്ചാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന സവിശേഷാനുകൂല്യം സദാമുന്നില്‍ കണ്ടുകൊണ്ട് യാക്കോബും യോഹന്നാനും ഉടന്‍ നല്കുന്ന മറുപടി അതു തങ്ങള്‍ക്കു സാധിക്കും എന്നാണ്. ഇവിടെയും അവര്‍ക്കറിയില്ല, അവര്‍ പറയുന്നത് എന്താണെന്ന്.  തന്‍റെ പാനപാത്രം അവര്‍ കുടിക്കുമെന്നും തന്‍റെ സ്നാനം അവര്‍ സ്വീകരിക്കുമെന്നും, അതായത്, ഇതര അപ്പസ്തോലന്മരെപ്പോലെ അവരും, അവരുടെ സമയമാകുമ്പോള്‍ തന്‍റെ കുരിശില്‍ പങ്കുചേരുമെന്ന് യേശു മുന്‍കൂട്ടി അറിയിക്കുകയാണ്. എന്നിരുന്നാലും യേശു ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “എന്‍റെ ഇടത്തുവശത്തോ വലത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടത് ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്” (മര്‍ക്കോസ് 10:40). ഇപ്പോള്‍ നിങ്ങള്‍ എന്നെ അനുഗമിക്കുക, നഷ്ടം സഹിച്ചും സ്നേഹത്തിന്‍റെ സരണി അഭ്യസിക്കുക. പ്രതിഫലം സ്വര്‍ഗ്ഗസ്ഥനായ പിതാവ് നോക്കിക്കൊള്ളും എന്നു പറയുന്നതു പോലെയാണിത്. സ്നേഹത്തിന്‍റെ പാത എന്നും നഷ്ടപ്പെടുത്തലിന്‍റെതാണ്. കാരണം സ്നേഹിക്കുകയെന്നതിന്‍റെ പൊരുള്‍ പരസേവനോന്മുഖരായി സ്വാര്‍ത്ഥതയും തന്‍പോരിമയും വെടിയുക എന്നാണ്.

കുരിശിലൂടെ ഭരണം നടത്തുന്ന യേശു

മറ്റു പത്തു അപ്പസ്തോലന്മാര്‍ യോക്കോബിനോടും യോഹന്നാനോടും അമര്‍ഷം  കാട്ടുന്നതായി യേശു പിന്നീട് മനസ്സിലാക്കുന്നു. തങ്ങള്‍ക്കും അതേ ലൗകികമനോഭാവമാണ് ഉള്ളതെന്ന്, ഇതുവഴി, ഈ ശിഷ്യന്മാരും വെളിപ്പെടുത്തുകയാണ്. എക്കാലത്തെയും ക്രൈസ്തവര്‍ക്ക്, നമുക്കും, ഒരു പാഠം നല്കാന്‍ ഈ സംഭവം യേശുവിന് അവസരമേകുന്നു. അവിടന്നു ഇപ്രകാരം പറയുന്നു: “വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ അധീശത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമാല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം” (മര്‍ക്കോസ് 10,42-44). ഇതാണ് ക്രൈസ്തവ നിയമം. ഗുരുവിന്‍റെ സന്ദേശം സുവ്യക്തമാണ്: ഭൂമിയിലെ വലിയവര്‍ സ്വന്തം അധികാരത്തിനായി “സിംഹാസനങ്ങള്‍” തീര്‍ക്കുമ്പോള്‍ ദൈവം തിരഞ്ഞെടുക്കുന്നത് സുഖകരമല്ലാത്ത ഒരു സിംഹാസനമാണ്, അത് കുരിശാണ്. അവിടന്ന് ജീവന്‍ ദാനം ചെയ്തുകൊണ്ട് കുരിശിലൂടെ ഭരണം നടത്തുന്നു. യേശു പറയുന്നു: “മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, പ്രത്യുത, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമാണ്” (മര്‍ക്കോസ് 10:45)

സ്ഥാനമോഹാതുരതയ്ക്ക് പ്രത്യൗഷധം സേവനപാത

പ്രഥമ സ്ഥാനങ്ങള്‍ തേടുന്നതായ രോഗത്തിനുള്ള ഫലപ്രദമായ മറുമരുന്നാണ് സേവനത്തിന്‍റെ സരണി. നിരവധിയായ മാനുഷികചുറ്റുപാടുകളെ ബാധിക്കുന്നതും ക്രൈസ്തവരെ, ദൈവജനത്തെപ്പോലും, സഭാധികാരികളെപ്പോലും ഒഴിവാക്കാത്തതുമായ  പ്രഥമസ്ഥാനങ്ങള്‍ തേടല്‍ എന്ന രോഗത്തിന്, പ്രഥമസ്ഥാനത്തേക്കുള്ള പിടിച്ചുകയറ്റക്കാര്‍ക്ക് ഉള്ള ഔഷധമാണിത്. ആകയാല്‍ ക്രിസ്തു ശിഷ്യരെന്ന നിലയില്‍ നമുക്ക് ഈ സുവിശേഷത്തെ, മാനസാന്തരത്തിനും, സ്നേഹത്തോടും ലാളിത്യത്തോടുംകൂടി എളിയവരെ ശുശ്രൂഷിക്കുന്നതിന് അവരുടെ പാദങ്ങള്‍ക്കു മുന്നില്‍ കുമ്പിടുന്ന ഒരു സഭയ്ക്ക് ധീരതയോടും ഉദാരതയോടും കൂടി സാക്ഷ്യമേകുന്നതിനുമുള്ള, ഒരു ക്ഷണമായി സ്വീകരിക്കാം. ദൈവഹിതം പൂര്‍ണ്ണമായും എളിമയോടും പാലിച്ച കന്യകാമറിയം, നമ്മെ സ്വര്‍ഗ്ഗത്തിലേക്കുള്ള രാജവീഥിയായ സേവനത്തിന്‍റെ പാതയില്‍ യേശുവിനെ ആനന്ദത്തോടെ അനുഗമിക്കാന്‍, സഹായിക്കട്ടെ.     

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധ സമൂഹങ്ങളെയും സംഘടനകളയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

22 October 2018, 13:22