തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന  വിശ്വാസികള്‍ 28-10-18 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍ 28-10-18  (Vatican Media)

യുവജനത്തിനായുള്ള സിനഡു സമ്മേളനം:ശ്രവണവേള

ശ്രവണത്തിന്‍റെതായ മൗലിക മനോഭാവത്തോടുകുടി യാഥാര്‍ത്ഥ്യത്തെ വായിച്ചറിയാനും നമ്മുടെ ഈ കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ സ്വീകരിക്കാനും ശ്രമിച്ച സിനഡു സമ്മേളനം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇക്കഴിഞ്ഞ ശനിയാഴ്ച (27/10/18) മുതല്‍  മോശമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇറ്റലിയില്‍ പൊതുവെ ശക്തമായ കാറ്റും മഴയും മൂലം റോം ഉള്‍പ്പടെ പലയിടത്തും വിദ്യാലയങ്ങള്‍ക്ക് അവധിവരെ പ്രഖ്യാപിച്ചിരിക്കയാണ്. ഇത്തരമൊരു പ്രതികൂലസാഹചര്യം നിലനില്ക്കുന്നുണ്ടെങ്കിലും ഈ ഞായറാഴ്ച  (28/10/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ആയിരിക്കണക്കിന് വിശ്വാസികള്‍ സന്നിഹിതരായിരുന്നു. അന്നു രാവിലെ, മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതുസമ്മേളനത്തിന്‍റെ  സമാപനത്തോടനുബന്ധിച്ച്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പാ മുഖ്യകാര്‍മ്മികനായും സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പങ്കെടുത്ത ഏഴായിരത്തോളം വിശ്വാസികളില്‍ പലരും ത്രികാലപ്രാര്‍ത്ഥനയിലും സംബന്ധിച്ചു. മഴയില്‍ നിന്നു രക്ഷനേടുന്നതിന് പലരും കുടകള്‍ വിരച്ചു പിടിച്ചിരുന്നു, മറ്റു ചിലര്‍ മഴവസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു, മറ്റു ചിലര്‍ ചത്വരത്തിനു ചുറ്റുമുള്ള മേല്‍ക്കട്ടിയോടുകൂടിയ സ്താംഭാവലിക്കിടയില്‍ അഭയം തേടിയിരുന്നു. ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, മഴയില്‍ കുതിര്‍ന്നിരുന്ന ചത്വരം വിശ്വാസികളുടെ കരഘോഷത്താലും ആരവങ്ങളാലും മുഖരിതമായി

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(28/10/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ ഒന്നാം വായന, അതായത്, ഇസ്രായേല്‍ ജനത്തെ രക്ഷിച്ച കര്‍ത്താവിന് സ്തുതിപാടാനും ആനന്ദിച്ചാഹ്ലാദിക്കാനും ആഹ്വാന ചെയ്യുന്ന ജെറമിയ  പ്രവാചകന്‍റെ പുസ്തകം, 31-Ↄ○ അദ്ധ്യായം 7-9 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

 പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. എന്നാല്‍ അത്ര നല്ല ദിനമായി തോന്നുന്നില്ല, അല്ലേ? യുവജനത്തിന് സമര്‍പ്പിതമായിരുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് സമാപനംകുറിച്ച  ദിവ്യബലി ഇന്നു രാവിലെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നമ്മള്‍ അര്‍പ്പിച്ചു. ഒന്നാം വായന, അതായത്, ജെറമിയ പ്രവാചകന്‍റെ പുസ്തകം 31-Ↄ○ അദ്ധ്യായം 7-9 വരെയുള്ള വാക്യങ്ങള്‍, ഈയൊരുവസരത്തിന് സവിശേഷാമാംവിധം അനുയോജ്യമായിരുന്നു, കാരണം, തന്‍റെ ജനത്തിന് ദൈവം പ്രദാനം ചെയ്യുന്ന പ്രത്യാശയുടെ ഒരു വചനമാണ് അത്. സ്വന്തം ജനത്തിന്‍റെ പിതാവാണ് ദൈവം, അവിടന്ന് ആ ജനത്തെ ഒരു പുത്രനെയന്നപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമായ സാന്ത്വന വചസ്സാണ്. ആ ജനത്തിനു മുന്നില്‍ ദൈവം ഭാവിയുടെ ഒരു ചക്രവാളം, സഞ്ചാരയോഗ്യവും ഉപയോഗക്ഷമവും അന്ധര്‍ക്കും മുടന്തര്‍ക്കും ഗര്‍ഭിണികള്‍ക്കും  ഈറ്റുനോവ് അനുഭവിക്കുന്നവര്‍ക്കും, അതായത്, ക്ലേശിതര്‍ക്ക്, നടക്കാവുന്നതുമായ ഒരു പാത തുറന്നിടുന്നു. എന്തെന്നാല്‍, ദൈവത്തിന്‍റെ പ്രത്യാശ, സകലവും ഓജസ്സും അഴകും ഉള്ളവയായി പ്രത്യക്ഷപ്പെടുന്ന ചില പരസ്യങ്ങളെപ്പോലെ,  ഒരു മരീചികയല്ല, പ്രത്യുത, നാമെല്ലാവരെയും പോലെ, ഗുണങ്ങളും കുറവുകളുമുള്ളവരും, ബലവും ബലഹീനതയും ഉള്ളവരുമായ യഥാര്‍ത്ഥ ജനങ്ങള്‍ക്കുള്ള ഒരു വാഗ്ദാനമാണ്. നമ്മെപ്പോലുള്ള മനുഷ്യര്‍ക്കുള്ള ഒരു വാഗ്ദാനമാണ് ദൈവത്തിന്‍റെ പ്രത്യാശ.

സിനഡുകാലം:സമയവും ശ്രദ്ധയും,ഹൃദയമനസ്സുകളുടെ തുറവും ആവശ്യമായ ശ്രവണവേള.  

സിനഡുസമ്മേളന വാരങ്ങളില്‍ നാം ജീവിച്ച അനുഭവങ്ങളെ സമുചിതം ആവിഷ്ക്കരിക്കുന്നതാണ് ഈ ദൈവവചനം. സിനഡുകാലം സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും സമയമായിരുന്നു. അതു സര്‍വ്വോപരി ശ്രവണത്തിന്‍റെ നിമിഷമായി: ശ്രവിക്കുന്നതിന്, വാസ്തവത്തില്‍, സമയവും ശ്രദ്ധയും, ഹൃദയമനസ്സുകളുടെ തുറവും ആവശ്യമാണ്. ഈ യത്നം അനുദിനം സമാശ്വാസമായി രൂപാന്തരപ്പെട്ടു, അതിനുകാരണം, സര്‍വ്വോപരി, തങ്ങളുടെ ജീവിതകഥകളും സംഭാവനകളുമായി യുവതയുടെ സജീവവും പ്രചോദനദായകവുമായ സാന്നിധ്യം നമ്മുടെ മദ്ധ്യേ ഉണ്ടായിരുന്നു എന്നതാണ്. പുത്തന്‍ തലമുറകളുടെ ബഹുരൂപ യാഥാര്‍ത്ഥ്യം സിനഡുപിതാക്കന്മാരുടെ സാക്ഷ്യങ്ങളിലൂടെ ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലും നിന്ന്, അതായത്, എല്ലാ ഭൂഖണ്ഡങ്ങളിലും മാനുഷികവും സാമൂഹ്യവുമായ നരിവധി വിഭിന്ന അവസ്ഥകളിലും നിന്ന്, സിഡില്‍ പ്രവേശിച്ചുവെന്നു പറയാം.

ദൈവചനാധിഷ്ഠിതമായ വിവേചനബുദ്ധി      

ശ്രവണത്തിന്‍റെ ഈ മൗലിക മനോഭാവത്തോടുകുടി നമ്മള്‍ യാഥാര്‍ത്ഥ്യത്തെ വായിച്ചറിയാനും നമ്മുടെ ഈ കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ സ്വീകരിക്കാനും ശ്രമിച്ചു. ദൈവവചനത്തിന്‍റെയും പരിശുദ്ധാരൂപിയുടെയും വെളിച്ചത്തില്‍ നടത്തപ്പെട്ട കൂട്ടായ വിവേചിച്ചറിയല്‍ ആയിരുന്നു അത്. ഇത്, അതായത്, ഏറെ വിഭിന്നങ്ങളായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് സ്വരങ്ങളും വദനങ്ങളും സ്വീകരിക്കാന്‍ കഴിയുകയും, അങ്ങനെ, പ്രതിഭാസങ്ങളുടെ സമ്പന്നതകളെയും സങ്കീര്‍ണ്ണതകളെയും കണക്കിലെടുത്തുകൊണ്ട് എന്നും സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നത്, കര്‍ത്താവ് കത്തോലിക്കാസഭയ്ക്ക് ഏകുന്ന അതിമനോഹര ദാനങ്ങളില്‍ ഒന്നാണ്. അങ്ങനെ, ഈ ദിവസങ്ങളില്‍, നാം, ഡിജിറ്റല്‍ ലോകം, കുടിയേറ്റ പ്രതിഭാസം, ശരീരത്തിന്‍റെയും ലൈംഗികതയുടെയും പൊരുള്‍, യുദ്ധങ്ങള്‍, അതിക്രമങ്ങള്‍ എന്നീ ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള നിരവധിയായ വെല്ലുവിളികളിലൂടെ എങ്ങനെ ഒത്തൊരുമിച്ചു നീങ്ങാന്‍ സാധിക്കും എന്നു ചര്‍ച്ചചെയ്തു.

സിനഡിന്‍റെ ഫലങ്ങള്‍

മുന്തിരിവിളവെടുപ്പിനുശേഷം ഭരണികളില്‍ നിക്ഷേപിക്കുന്ന മുന്തിരിയുടെ ചാറിനു സംഭവിക്കുന്നതു പോലെ, സിനഡിന്‍റെ പ്രവര്‍ത്തന ഫലങ്ങള്‍ “പതഞ്ഞു പൊങ്ങാന്‍” തുടങ്ങിക്കഴിഞ്ഞു. യുവജനങ്ങളെ അധികരിച്ചുള്ള സിനഡുസമ്മേളനം മുന്തിരിയുടെ നല്ലൊരു വിളവെടുപ്പായിരുന്നു, അത്, നല്ല വീഞ്ഞ് വാഗ്ദാനം ചെയ്യുന്നുണ്ട്. സിനഡിന്‍റെ ഒരുക്കസമയം മുതല്‍ പിന്‍ചെല്ലാന്‍ ശ്രമിച്ച മാതൃകാപരമായ ശൈലിയിലാണ് ഈ സിനഡുസമ്മേളനത്തിന്‍റെ ആദ്യഫലം അടങ്ങിയിരിക്കുന്നതെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു രേഖ, അതു വിലയേറിയതും ഉപകാരപ്രദവും ആണ് എന്നിരിക്കലും, ആ രേഖയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയതായിരുന്നില്ല ഈ സിനഡിന്‍റെ ശൈലി. ഒരു രേഖയുടെ രൂപീകരണം എന്നതിലുപരി പ്രാധാന്യം കല്പിക്കപ്പെട്ടത്, യാഥാര്‍ത്ഥ്യത്തോടു പ്രത്യുത്തരിക്കുന്നതായ അജപാലന തിരഞ്ഞെടുപ്പുകളില്‍ എത്തിച്ചേരുന്നതിന്, ശ്രവണത്തിലും വിവേചിച്ചറിയുന്നതിലും   യുവജനവും വൃദ്ധജനവും ഒത്തൊരുമിച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ശൈലിയുടെ പ്രസരണത്തിനാണ്.

ഇതിനുവേണ്ടി നമുക്കു കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാം. ഈ സിനഡു സമ്മേളനമെന്ന ദാനം നമുക്കേകിയതിന് ദൈവത്തിനുള്ള കൃതജ്ഞത നമുക്ക് സഭയുടെ അമ്മയായ അവളെ വിശ്വാസപൂര്‍വ്വം എല്പിക്കാം. നമ്മള്‍ അനുഭവിച്ചറിഞ്ഞവ അനുദിന സമൂഹജീവിതത്തില്‍ ഭീതികൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് അവള്‍ നമ്മെ സഹായിക്കട്ടെ. ലോകമഖിലമുള്ള യുവജനത്തോടൊപ്പം യാത്ര തുടരുന്നതിന് നമ്മുടെ പ്രവര്‍ത്തന ഫലങ്ങളെ പരിശുദ്ധാരൂപി വിവേകപൂര്‍ണ്ണമായ സര്‍ഗ്ഗശക്തിയാല്‍ സംവര്‍ദ്ധകമാക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

പിറ്റ്സ്ബര്‍ഗ്ഗിലെ സിനഗോഗിലുണ്ടായ വെടിവെയ്പു ദുരന്തം 

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (27/10/18) അമേരിക്കന്‍ ഐക്യനാടുകളിലെ പിറ്റ്സ്ബര്‍ഗ്ഗില്‍ യഹൂദ ആരാധനാലയമായ ഒരു സിനഗോഗിലുണ്ടായ വെടിവെയ്പ്പില്‍  പത്തിലേറെപ്പേര്‍ മരണടയുകയും ഏതാനും പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്ത ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തുകയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മൃഗീയമായ ഈ ആക്രമണം വാസ്തവത്തില്‍ നമ്മെ എല്ലാവരെയും മുറിപ്പെടുത്തിയിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ സമൂഹങ്ങളില്‍ വളരുന്ന വിദ്വേഷത്തിന്‍റെ അഗ്നിനാളം കെടുത്താനും  മാനവികതയെക്കുറിച്ചുള്ള അവബോധവും ജീവനോടുള്ള ആദരവും ധാര്‍മ്മിക-പൗര മൂല്യങ്ങളും, സ്നേഹവും സകലരുടെയും പിതാവും ആയ ദൈവത്തോടുള്ള പരിശുദ്ധമായ ഭയവും ശക്തിപ്പെടുത്താനും കര്‍ത്താവ് നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

ഗോട്ടിമാലയിലെ നവവാഴ്ത്തപ്പെട്ടവര്‍

ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ സമൂഹമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ അംഗമായ വൈദികന്‍ ഹൊസേ തൂല്യൊ മറൂത്സൊ, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ അല്മായന്‍ ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ എന്നിവര്‍ മദ്ധ്യ അമേരിക്കന്‍ നാടായ ഗോട്ടിമാലയിലെ മൊറാലെസില്‍ ശനിയാഴ്ച (27/10/18) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടതും പാപ്പാത്രികാലപ്രാര്‍ത്ഥനാനന്തരം അനുസ്മരിച്ചു.

നീതിയും സമാധാനവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പരിശ്രമിച്ച ഈ നവവാഴ്ത്തപ്പെട്ടവര്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കെതിരെ നടന്ന പീഢനകാലത്ത്, വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണെന്നു പറഞ്ഞ പാപ്പാ, ഗോട്ടിമാലയിലെ സഭയെയും സുവിശേഷത്തിന്‍റെ സാക്ഷികളാണെന്ന കാരണത്താല്‍, ദൗര്‍ഭാഗ്യവശാല്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഇന്നും പീഡിപ്പിക്കപ്പെടുന്ന സകല സഹോദരീസഹോദരന്മാരെയും നവവാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്തിനു സമര്‍പ്പിക്കുകയും കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്തു.

പാപ്പാ, ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിവധ സംഘങ്ങളെയും അഭിവാദ്യം ചെയ്തു.

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എത്തിയ ഒരു സംഘത്തെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

ലത്തീനമേരിക്കന്‍ നാടായ പെറുവില്‍, പ്രത്യേകിച്ച് ലീമ പട്ടണത്തില്‍, അത്ഭുത ചെയ്തികളുടെ കര്‍ത്താവിന്‍റെ ( സെഞ്ഞോര്‍ ദെ ലോസ് മിലഗ്രോസ്- Sseñor de los Milagros) തിരുന്നാള്‍ ഈ ഞായറാഴ്ച ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിക്കുകയും അന്നാട്ടുകാരെയും റോമില്‍ ജീവിക്കുന്ന പെറു സ്വദേശികളെയും തന്‍റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.  

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

29 October 2018, 12:45