തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍  (AFP or licensors)

പരിശുദ്ധാത്മാവിന്‍റെ പ്രേരണയും മനുഷ്യന്‍റെ ജീവിതസാക്ഷ്യവും

സെപ്തംബര്‍ 30, ഞായര്‍ - പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ ത്രികാല പ്രാര്‍ത്ഥന സന്ദേശത്തില്‍നിന്ന്... അടര്‍ത്തിയെടുത്ത ചിന്തകള്‍.
ശബ്ദരേഖ - ത്രികാലപ്രാര്‍ത്ഥന 30-09-18

ശിഷ്യരുടെ അടഞ്ഞ മനഃസ്ഥിതി
യോഹന്നാനും മറ്റു ശിഷ്യന്മാരും പ്രകടമാക്കുന്നത് ഒരു അടഞ്ഞ മനസ്ഥിതിയാണ്.  അപരന്‍ ചെയ്തകാര്യം അതില്‍ത്തന്നെ വളരെ നല്ലതായിരുന്നെങ്കിലും അത് തങ്ങളുടെ പക്ഷത്തുള്ളവരല്ലല്ലോ എന്നൊരു വംശീയതയാണ് ഇവിടെ കാണുന്നത്. എന്നാല്‍ ക്രിസ്തുവാകട്ടെ, വളരെ സ്വതന്ത്രമായും വിശാലഹൃദയത്തോടെയും സംസാരിക്കുന്നു. സല്‍പ്രവൃത്തികള്‍ക്കും ദൈവരാജ്യസന്ദേശത്തിനും ഒരു അതിരും വെയ്ക്കാത്ത ദൈവാരൂപിയുടെ സ്വതന്ത്രവീക്ഷണമാണ് ക്രിസ്തുവിന്‍റേത്. തന്നെ അനുഗമിക്കുന്നവര്‍ക്ക്
ഈ ആന്തരിക സ്വാതന്ത്ര്യം ഇന്നും ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്.

നന്മചെയ്താലും അംഗീകരിക്കാത്ത മനഃസ്ഥിതി
ഈ സുവിശേഷഭാഗം ധ്യാനിക്കുന്ന നാമോരോരുത്തരും ഒരാത്മശോധന ചെയ്യേണ്ടതാണ്. അന്ന് ശിഷ്യന്മാര്‍ കാണിച്ച മനോഭാവം, നന്മ ചെയ്തവനെ എതിര്‍ത്ത സങ്കുചിത മനോഭാവം വളരെ മാനുഷികവും സാധാരണവുമാണ്. ഇത് എക്കാലത്തും ക്രിസ്തീയ സമൂഹങ്ങളില്‍ തലപൊക്കിയിട്ടുണ്ട്, ഇന്നും പൊന്തിവരുന്നുമുണ്ട്. നന്മയുടെയും അത്ഭുതപ്രവൃത്തികളുടെയും ഉപജ്ഞാതാവായ തങ്ങളുടെ ഗുരുവിനെ വ്യാജപ്രവാചകരില്‍നിന്നും സംരക്ഷിക്കാനോ, മാറ്റിനിര്‍ത്താനോ ഉള്ള ശിഷ്യഗണത്തിന്‍റെ തീക്ഷ്ണതയും ബോദ്ധ്യവുമാണിത്. ഈ ആവേശം ചിലപ്പോള്‍ നമ്മിലും കണ്ടേക്കാം.

എന്‍റെ നല്ലതും അപരന്‍റെ മോശവും!
ഇത് മത്സരബുദ്ധിയില്‍ നിന്നുണ്ടാകുന്നതാണ്. അതു മോശവുമാണ്. കൂട്ടായ്മയില്‍നിന്നും തങ്ങളുടെ ഗുരുനാഥനെ മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്ന ഭീതിയാണിത്. പിന്നെ നമ്മുടേതല്ലാത്തത് മോശമാണെന്ന ചിന്തയും, ഒരുതരം താരതമ്യപ്പെടുത്തലും മേല്‍ക്കോയ്മാ ഭാവവുമാണിത്. ഇവിടെ മതപരിവര്‍ത്തനത്തിന്‍റെ വേരുകളും കാണാനാകും. ഇതിന്‍റെ പശ്ചാത്തലത്തില്‍, മുന്‍പാപ്പാ ബനഡിക്ട് പ്രബോധിപ്പിച്ചിട്ടുള്ള കാര്യം  ഇവിടെ ഓര്‍ക്കേണ്ടതാണ്, “സഭ വളരുന്നത് മതപരിവര്‍ത്തനംകൊണ്ടല്ല. പരിശുദ്ധാത്മാവിന്‍റെ പ്രേരണകൊണ്ടും മറ്റുള്ളവര്‍ക്കു നാം നല്കുന്ന ജീവിതസാക്ഷ്യത്തിന്‍റെ ആകര്‍ഷണംകൊണ്ടുമാണ്.”

അപരനിലെ ദൈവികസാന്നിദ്ധ്യം
മനോഭാവത്തിലും പരസ്പരബന്ധങ്ങളിലും മാറ്റംവരുത്താന്‍ നമ്മെ വെല്ലുവിളിക്കുന്ന ക്രിസ്തുവിന്‍റെ ഈ ഉപദേശം, ദൈവം നമുക്കു നല്കുന്ന വലിയ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമാണ്. ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ക്രിസ്തു ഇന്നു നമുക്കു തരുന്ന ശിഷ്യത്വത്തിലേയ്ക്കുള്ള ക്ഷണമാണിത്. നമ്മുടെ സാഹോദര്യ വലയത്തില്‍പ്പെടാത്തവര്‍ സ്നേഹിതരോ ശത്രുക്കളോ, ഞാനോ അന്യരോ, അകത്തുള്ളവരോ പുറത്തുള്ളവരോ, എന്‍റെയോ നിങ്ങളുടെയോ..., ആരുടെയുമാവട്ടെ, അവരില്‍ അപൂര്‍വ്വവും മുന്‍വിധിയില്ലാത്തതുമായ ദൈവിക സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും അംഗീകരിക്കാനാണ് ഈശോ ഇന്നു നമ്മോ‌ട് ആവശ്യപ്പെടുന്നത്. ഇവിടെ നന്മ ആരുചെയ്യുന്നുവെന്നോ, അവരുടെ പേരോ ഊരോ, വംശമോ ജാതിയോ നോക്കാതെ അവര്‍ ചെയ്ത യഥാര്‍ത്ഥമായ നന്മയുടെ മനോഹാരിതയും സത്യവും അംഗീകരിക്കുകയാണ് അഭികാമ്യം.

അന്യനെ വിധിക്കും മുന്‍പ്....!
ഇന്നത്തെ സുവിശേഷത്തിന്‍റെ ബാക്കിയുള്ള ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറ്റുള്ളവരെ വിധിക്കുന്നതിനു മുന്‍പ് നാം നമ്മെക്കുറിച്ചുതന്നെ വിലയിരുത്തണമെന്നും അവബോധമുള്ളവരായിരിക്കണമെന്നും വിശ്വാസത്തില്‍ ബലഹീനരായവര്‍ക്ക് ഉതപ്പു നല്കുന്നതെന്തും പാടെ ഉപേക്ഷിക്കണമെന്നുമാണ്. നമുക്കു ചിന്തിക്കാവുന്നതിലും അത്യപൂര്‍വ്വമായ സാഹചര്യങ്ങളില്‍, തന്നെത്തനെ എവിടെയും എപ്പോഴും വെളിപ്പെടുത്തിയ ദൈവത്തെ നാം കണ്ടെത്താനും അംഗീകരിക്കാനും, ദൈവികമായ അത്ഭുതങ്ങളെ എളിമയോടെ ഉള്‍ക്കൊണ്ട പരിശുദ്ധ കന്യാനാഥ നമ്മെ തുണയ്ക്കട്ടെ!  അസൂയയോ അടഞ്ഞ മനഃസ്ഥിതിയോ ഇല്ലാതെ ഞങ്ങളുടെ സമൂഹത്തെ സ്നേഹിക്കാന്‍ ദൈവാരൂപിയുടെ പ്രവര്‍ത്തനങ്ങളുടെ വിശാലമായ ചക്രവാളങ്ങളെ ആശ്ലേഷിച്ച് സ്നേഹത്തോടെ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണേയെന്നും അമ്മയോടു പ്രാര്‍ത്ഥിക്കാം.

01 October 2018, 18:09