തിരയുക

Vatican News
സാഹോദര്യത്തോടെ...  ബാള്‍ക്കാന്‍ നാടുകളിലേയ്ക്ക് സാഹോദര്യത്തോടെ... ബാള്‍ക്കാന്‍ നാടുകളിലേയ്ക്ക് 

മനുഷ്യാന്തസ്സിന്‍റെ പ്രതീകമാണ് സ്വാതന്ത്ര്യം

സ്വാതന്ത്ര്യം ദൈവം നല്കിയിട്ടുള്ള മനുഷ്യാന്തസ്സിന്‍റെ പ്രതീകമാണ്. പാപ്പാ ഫ്രാന്‍സിസ് ബാള്‍ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവിടങ്ങളിലെ ജനങ്ങളോട്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

റഷ്യന്‍ അധിനിവേശത്തില്‍നിന്നും സ്വതന്ത്രമായതിന്‍റെ ശതാബ്ദിയില്‍  
തന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി ബാള്‍ട്ടിക് രാജ്യങ്ങളിലെ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് സെപ്തംബര്‍ 21-Ɔο തിയതി വെള്ളിയാഴ്ച അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. മൂന്നു ബാള്‍ടിക് രാജ്യങ്ങളും - ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവ തങ്ങളുടെ സ്വാതന്ത്ര്യലബ്ധിയുടെ 100-Ɔο വാര്‍ഷികം ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഈ കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ സന്ദര്‍ശിക്കുന്നത്. ഇന്നത്തെ തലമുറയുടെ സ്വാതന്ത്ര്യത്തിനായി ത്യാഗസമര്‍പ്പണം ചെയ്തിട്ടുള്ളവരെ ആദരിക്കേണ്ട അവസരമാണിത്.

സ്വാതന്ത്ര്യം നിധിയും പൈതൃകവും
നാം എന്നും കാത്തുസൂക്ഷിക്കേണ്ട നിധിയാണ് സ്വാതന്ത്ര്യം. മാത്രമല്ല, അത് പുതിയ തലമുറയ്ക്കായി കൈമാറേണ്ട വിലപ്പെട്ട പൈതൃകവുമാണ്. ചരിത്രത്തില്‍ ഒരു ജനത പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും മേല്‍ക്കോയ്മയുടെയും ഇരുണ്ടകാലഘട്ടം അനുഭവിക്കുമ്പോഴും സ്വാതന്ത്ര്യത്തിന്‍റെ നാളം കെട്ടുപോകുന്നില്ല. അത് ഭാവി ഭദ്രതയ്ക്കും, ദൈവം നല്കിയിട്ടുള്ള മനുഷ്യാന്തസ്സ് വീണ്ടെടുക്കാനുമുള്ള പ്രത്യാശയുടെ അണയാത്ത ദീപമായി സംരക്ഷിക്കപ്പെടേണ്ടതാണ്. സമൂഹത്തിന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തില്‍ ഊന്നിയാണ് നീതിയും സാഹോദര്യവുമുള്ള ഒരു സമൂഹം നാം വളര്‍ത്തിയെടുക്കേണ്ടത്. പാപ്പാ അനുസ്മരിപ്പിച്ചു.

സാഹോദര്യം വളര്‍ത്താം
ഐക്യദാര്‍ഢ്യബോധവും പൊതുനന്മയ്ക്കായുള്ള സേവനമനോഭാവവും എല്ലാവര്‍ക്കും ഏറെ ആവശ്യമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. സന്മനസ്സുള്ള സകലര്‍ക്കും തന്‍റെ അപ്പോസ്തോലിക യാത്ര പ്രചോദനമാകട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു. നാടിന്‍റെ ആഴമുള്ളതും ഏറെ പുരാതനവുമായ ആത്മീയവും സാംസ്ക്കാരികവുമായ മൂല്യങ്ങളില്‍ വേരൂന്നിനിന്നുകൊണ്ട് സമാധാനവഴികളില്‍ സമൂഹത്തില്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്താന്‍, വിശിഷ്യ എളിയവരും പാവങ്ങളുമായവരെ കൈപിടിച്ചുയര്‍ത്താന്‍ പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

പ്രാര്‍ത്ഥനയോടെ ഉപസംഹാരം
തന്‍റെ സന്ദര്‍ശനത്തിനുവേണ്ടി കഠിനാദ്ധ്വാനംചെയ്യുന്ന സകലരെയും പ്രത്യേകം നന്ദിയോടെ പാപ്പാ അനുസ്മരിച്ചു. പ്രാര്‍ത്ഥനയില്‍ താന്‍ ഓരോ രാജ്യത്തെയും ജനങ്ങളുടെ സമീപത്തുണ്ടെന്നും പ്രസ്താവിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് സന്ദേശം ഉപസംഹരിച്ചത്.

21 September 2018, 18:52