Cerca

Vatican News
അഗ്ലോനയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥത്തിരു നടയിലെ  സമൂഹബലിയര്‍പ്പണം അഗ്ലോനയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥത്തിരു നടയിലെ സമൂഹബലിയര്‍പ്പണം  (ANSA)

മറിയം മക്കള്‍ക്കു നല്കുന്ന സാന്ത്വന സാമീപ്യം

സെപ്തംബര്‍ 24-‍Ɔο തിയതി, തിങ്കളാഴ്ച - പ്രാദേശിക സമയം വൈകുന്നേരം 4.30-ന് ലാത്വിയയില്‍ അഗ്ലോനയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ അംഗണത്തില്‍ വന്‍വിശ്വാസസമൂഹത്തോടൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചു. ലാത്വിയ സന്ദര്‍ശനത്തിലെ ഏറ്റവും അവസാനത്തെ ഇനമായിരുന്നു ഇത്. ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രാര്‍ത്ഥനയില്‍ മറിയത്തോടൊപ്പം...
അമ്മയായ മറിയത്തോടൊപ്പം അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അപ്പസ്തോല നടപടി പുസ്തകത്തിന്‍റെ ആരംഭത്തില്‍ കുറിച്ചിട്ടുള്ള ഈ വാക്യം (നടപടി, 1, 4) വിശുദ്ധ ലൂക്കാ സുവിശേഷത്തിലും ആവര്‍ത്തിക്കുന്നുണ്ട്.. എസ്തോണിയ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യവും ഇതുതന്നെയാണ്. അതില്‍ അമ്മേ, അങ്ങേ സ്തോത്രഗീതത്തിന്‍റെ വഴികള്‍ ഞങ്ങള്‍ക്കു കാണിച്ചു തരണമേ! അങ്ങേ തിരുക്കുമാരന്‍റെ കാല്‍വരിയിലെ കുരിശിന്‍ ചുവടും ഞങ്ങളുടെ ജീവിതപരിസരങ്ങളില്‍ അങ്ങു ഞങ്ങള്‍ക്കു കാണിച്ചു തരണമേ! പ്രാര്‍ത്ഥനയോടെയാണ് പാപ്പാ വചനചിന്തയ്ക്ക് തുടക്കമിട്ടത്.

മറിയം കാനായിലും കാല്‍വരിയിലും
ക്രിസ്തു തന്‍റെ അമ്മയുമായി ഇടപഴകുന്ന രണ്ടു സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് സുവിശേഷകന്‍, വിശുദ്ധ യോഹന്നാനാണ്. ആദ്യത്തേത് കാനായിലെ കല്യണവിരുന്നും, രണ്ടാമത്തേത് കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലുമാണ് (യോഹ. 2, 1-12... 19, 25-27). വൈവിധ്യമാര്‍ന്ന ക്രിസ്തുവിന്‍റെ ജീവിതഘട്ടങ്ങളിലെ മാതൃസാന്നിദ്ധ്യമാണ് യോഹന്നാന്‍ വരച്ചുകാട്ടുന്നത് – വിവാഹവിരുന്നിന്‍റെ ആനന്ദമുഹൂര്‍ത്തത്തിലും, കാല്‍വരിയിലെ കഠോരമായ വേദനയുടെയും വ്യസനത്തിന്‍റെയും യാമത്തിലും. മനുഷ്യാവതാരത്തിന്‍റെ ദിവ്യരഹസ്യത്തിലുള്ള മറിയത്തിന്‍റെ പക്വമാര്‍ന്ന പങ്കാളിത്തം നമുക്കു വെളിപ്പെട്ടുകിട്ടുന്ന രണ്ടു സംഭവങ്ങളാണിവ.

സാന്ത്വനമാകേണ്ട  സാന്നിദ്ധ്യം 
കുരിശില്‍ പരിത്യക്തനായി കിടക്കുന്ന തിരുക്കുമാരന്‍റെ ചാരെ നില്കുന്ന അമ്മയ്ക്ക്, യോഹന്നാനെ ക്രിസ്തു മകനായി ചൂണ്ടിക്കാണിക്കുന്നു. പതറാത്ത ബോധ്യത്തോടും ഭീതിയില്ലാത്ത വിശ്വാസബോധ്യത്തോടും കൂടിയ നില്പാണ് യോഹന്നാന്‍ പങ്കുവയ്ക്കുന്നത്. അതിനാല്‍ ജീവിയയാത്രയില്‍ ഉഴലുന്നവരോടും, പരിത്യക്തരാകുന്നവരോടും, പീഡിപ്പിക്കപ്പെടുന്നവരോടും, അന്യായമായി വിധിക്കപ്പെടുന്നവരോടും, ബന്ധിതരായവരോടും, നാടുകടത്തപ്പെട്ടവരോടുംകൂടെ മറിയം എപ്പോഴും ഉണ്ടാകുമെന്ന ആത്മീയ ധൈര്യമാണ് നമുക്കു ലഭിക്കുന്നത്. അവര്‍ പീഡിതരും ചൂഷിതരും മാത്രമല്ല, പൂര്‍ണ്ണമായും മാനുഷിക സംവിധാനങ്ങളില്‍നിന്നെല്ലാം പുറംന്തള്ളപ്പെട്ട്, തന്‍റെ തിരുക്കുമാരന്‍റെ ചാരത്തെന്നപോലെ സമൂഹത്തിന്‍റെ പാതിവക്കിലാവയവരുടെ ചാരത്ത് മറിയം കൂടെയുണ്ടാകും (സുവിശേഷ സന്തോഷം, 53).

നന്മചെയ്യാന്‍ നെഞ്ചുറപ്പുള്ളവരാകാം
മറിയം കാട്ടിത്തരുന്ന മാതൃക ഒരു കാഴ്ചക്കാരിയുടെയോ, ഐക്യദാര്‍ഢ്യം പ്രകടമാക്കാന്‍ വരുന്ന ഒരു വഴിപോക്കന്‍റെയോ സാന്നിദ്ധ്യമല്ല. മറിച്ച് വേദനിക്കുന്നവരുടെ സമീപത്തെത്തുകയും പക്ഷംചേരുകയും ചെയ്യുന്ന ഉറച്ച നിലപാടാണത്. പാവങ്ങള്‍ക്ക് ആ സാന്നിദ്ധ്യം സാന്ത്വനമാവണം. സമൂഹത്തില്‍ പരിത്യക്തരായവര്‍ക്ക് ആ മാതൃസാന്നിദ്ധ്യം സാന്ത്വനസ്പര്‍ശമാകണം. കാരണം പാവങ്ങളുടെ മുറിപ്പാടുകളില്‍ ആ അമ്മ കാണുന്നത് തന്‍റെ തിരുക്കുമാരന്‍റെ ആണിപ്പാടുകളും തിരുമുറിവുകളുമാണ്. കുരിശിന്‍ ചുവട്ടില്‍വച്ചു തന്നെയായിരിക്കണം മറിയം ഇതെല്ലാം പഠിച്ചത്. നാമും സഹോദരങ്ങളുടെ മുറിവുണക്കാനും സാന്ത്വനംപകരാനും വിളിക്കപ്പെട്ടവരാണ്. പാവങ്ങളെയും എളിയവരെയും സഹായിക്കാന്‍ നാം അവസരം കണ്ടെത്തണം, പുറത്തിറങ്ങണം. നാം അവരെ പിന്‍താങ്ങണം, അവര്‍ക്ക് സാന്ത്വനംപകരണം. കാരുണ്യത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുന്നതിലും, അപരന്‍റെ വേദനയില്‍ പങ്കുചേരുന്നതിലും, അങ്ങനെ നമ്മുടെ ജീവിതം അല്പം വ്യഗ്രതപ്പെടുന്നതിലും നാം ഒട്ടും ഭയപ്പെടരുത് (സുവിശേഷ സന്തോഷം, 270). മറിയത്തെപ്പോലെ നമുക്കും നന്മചെയ്യുന്നതില്‍ നെഞ്ചുറപ്പുള്ളവരായിരിക്കാം. വീണവരെ കൈപിടിച്ച് ഉയര്‍ത്താം, ജീവിതസാഹചര്യങ്ങളില്‍ വിവിധ തരത്തില്‍ ക്രൂശിക്കപ്പെടുന്നവരുടെ ചാരത്ത് മറിയത്തെപ്പോലെ നമുക്കും നിലകൊള്ളാം.

അകലം കാക്കുന്ന അയല്‍ക്കാര്‍?
കുരിശില്‍ കിടന്നുകൊണ്ട് മറിയത്തോട് യേശു ആവശ്യപ്പെട്ടത് ചാരത്തു നില്ക്കുന്ന യോഹന്നാനെ സ്വന്തം മകനായി സ്വീകരിക്കാനാണ്. നാം ഒരാളുടെ സമീപത്തായതുകൊണ്ടു മാത്രം കാര്യമായില്ല. നമ്മുടെ ജീവിതപരിസരങ്ങളില്‍ നാം പലരുടെയും അടുത്തായിരിക്കുന്നതുകൊണ്ടു മാത്രം പോര, നാം അവരെ സ്വീകരിക്കണം. പാവങ്ങളുടെയും, അയല്‍ക്കാരുടെയും പ്രായമായവരുടെയും കുട്ടികളുടെയുമെല്ലാം സമീപത്തായതുകൊണ്ടും മാത്രമായില്ല, അവരെ നാം ഉള്‍ക്കൊള്ളണം. നാം അവരെ സ്നേഹിക്കണം, അവരെ സഹായിക്കണം!

മനുഷ്യരുടെ അടുത്തായിരിക്കുക, അടുത്തു വസിക്കുക സാധാരണമാണ്. അത് ജീവിതസാഹചര്യങ്ങളിലെയും തൊഴില്‍ മേഖലയിലെയുമെല്ലാം അയല്‍പക്കങ്ങളാകാം. നാം ഒരേ വിശ്വാസവും ദിവ്യരഹസ്യങ്ങളും ധ്യാനിക്കുകയും, അനുഭവിക്കുകയും, ഒരേ പള്ളിയില്‍ പോവുകയും, ഒരേ ഗ്രാമങ്ങളില്‍ വസിക്കുകയും ചെയ്യാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളെ സ്നേഹത്തില്‍ സ്വീകരിക്കുന്നില്ലെങ്കിലോ? വിവാഹതിരായവര്‍ ഒരേ കൂരക്കിഴില്‍... എത്രയോ ദമ്പതികള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരസ്നേഹമില്ലാതെയും ഒരുമയില്ലാതെയും വസിക്കുന്നു. എത്രയോ യുവജനങ്ങള്‍ സ്നേഹമില്ലാതെ മുതിര്‍ന്നവരില്‍നിന്നും  അകന്നുപോകന്നു! വാര്‍ദ്ധക്യത്തിലെത്തിയ എത്രയോ പേര്‍ സ്നേഹിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നു....!

25 September 2018, 19:48