തിരയുക

Vatican News
സഭയുടെ ഉപവി പ്രവര്‍ത്തന കേന്ദ്രത്തില്‍ സഭയുടെ ഉപവി പ്രവര്‍ത്തന കേന്ദ്രത്തില്‍  (Vatican Media)

മനുഷ്യരെ സഹായിക്കുന്നവര്‍ ദൈവദൂതന്മാരെപ്പോലെയാണ്!

സെപ്തംബര്‍ 25-Ɔο തിയതി ബുധനാഴ്ച - ബാള്‍ടിക് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്‍റെ അവസാനഭാഗത്ത് എസ്തോണിയയിലെ സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള തളീനിലെ മന്ദരിത്തില്‍ ഒത്തുചേര്‍ന്ന ഗുണഭോക്താക്കളുടെ കൂട്ടായ്മയെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പരസഹായം ദൈവികമായ പ്രവൃത്തി
എല്ലാ സൗകര്യങ്ങളും സുഖവും പരിത്യജിച്ച് ഭയപ്പെടാതെ അപരനെ സഹായിക്കാനായി ഭയലേശമെന്യേ ഇറങ്ങുന്നവരുടെ വിശ്വാസം, “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍,” എന്ന ക്രിസ്തുവിന്‍റെ ആഹ്വാനത്തോട് അനുരൂപപ്പെടുന്നതാണെന്ന് പാപ്പാ വിശേഷിപ്പിച്ചു (യോഹ. 13, 34). വേദനക്കുകയും ജീവിതത്തില്‍ പകച്ചുനില്ക്കുകയും ചെയ്യുന്നവരുടെ ചാരത്തെത്തുന്ന ദൈവദൂതന്മാരാണവര്‍. അങ്ങനെ മനുഷ്യനെ ഒറ്റപ്പെടുത്തുകയും ഏകാന്തതയില്‍ ആഴ്ത്തുകയുംചെയ്യുന്ന സ്വാര്‍ത്ഥതയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞെങ്കില്‍ മാത്രമേ നിസ്വാര്‍ത്ഥ സ്നേഹത്തില്‍ മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്ന പാലം പണിയാന്‍ ജീവിതത്തില്‍ നമുക്കു സാധിക്കുകയുള്ളൂ. പാപ്പാ ആഹ്വാനംചെയ്തു.

വിശാലഹൃദയം സ്നേഹഭവനം
സ്നേഹം ഹൃദയവിശാലതയുള്ളതാണ്. അതിന് വലിയ കുടുംബങ്ങള്‍ സൃഷ്ടിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനും സാധിക്കും. സ്നേഹമുള്ളിടത്ത് എല്ലാവര്‍ക്കും സന്തോഷമുണ്ടാകും, അവിടെ സമാധാനമുണ്ടാകും. സ്നേഹത്തില്‍നിന്നും കാരുണ്യവും അന്തസ്സുള്ള പെരുമാറ്റവും സംസാരവും നിര്‍ഗളിക്കും. അതാണിവിടെ കാണുന്നതെന്നു പറഞ്ഞ പാപ്പാ, കൂട്ടത്തില്‍ സന്നിഹിതരായിരുന്ന ഒന്‍പതു മക്കളുള്ള കുടുബത്തെ അഭിനന്ദിക്കുയും മാതൃകയായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

വിശ്വാസജീവിതത്തിന്‍റെ പ്രേഷിതമാനം
വിശ്വാസജീവിതത്തിന് പ്രേഷിതഭാവമുണ്ട്, ഒരു മിഷണറി സ്വഭാവമുണ്ട്. വിശ്വാസികള്‍ അതിനാല്‍ നിസ്വാര്‍ത്ഥമായ സ്നേഹത്തില്‍ സഹോദരങ്ങളെ സഹായിക്കാന്‍ സന്നദ്ധരാവണം.
നാം ക്രൈസ്തവരും ക്രിസ്തുവിന്‍റെ സാക്ഷികളുമാണെന്ന് തെളിയിക്കേണ്ടത് ചെറുതും വലുതുമായ സ്നേഹപ്രവൃത്തികളിലൂടെയാണ്. സ്നേഹമുള്ളിടങ്ങള്‍ ചെറുതെങ്കിലും അവിടം ദൈവിക കുടുംബമായിരിക്കും, അവിടെ എല്ലാവരും സ്നേഹത്തിലും ഐക്യത്തിലും വസിക്കും. നഗരത്തിലെ എളിയവര്‍ക്കായി തുറക്കുന്ന ഈ ഭവനം ഒരു സ്നേഹനിലയവും സ്നേഹഭവനുമാണ്. ഇവിടെ മറ്റുള്ളവരെ സഹായിക്കാന്‍ നഗരവീഥികളിലേയ്ക്ക് ഇറങ്ങുന്ന സഹോദരിമാരും അവര്‍ക്കൊപ്പമുള്ള സന്നദ്ധസേവകരും അവരുടെ ഉപകാരികളും സ്നേഹദൂതരാണ്, മനുഷ്യരുടെ കാവല്‍ദൂതരാണ്, മാലാഖമാരാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

27 September 2018, 19:21