തിരയുക

Vatican News
സിറിയ ഇദിലീബ് - യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ സിറിയ ഇദിലീബ് - യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍  (AFP or licensors)

സിറിയയ്ക്കുവേണ്ടി വീണ്ടും രാജ്യാന്തരസമൂഹത്തോട്...!

സെപ്തംബര്‍ 2, ഞായര്‍ മദ്ധ്യാഹ്നത്തില്‍ വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ അന്ത്യത്തിലെ ഹ്രസ്വമായ ആശംസകളും അഭ്യര്‍ത്ഥനയും അഭിവാദ്യങ്ങളും :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മറ്റൊരു മരിയ ഗൊരേറ്റി – വാഴ്ത്തപ്പെട്ട കൊലസരോവ
തന്‍റെ ചാരിത്ര്യവും അന്തസ്സും സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ സമര്‍പ്പിച്ച കന്യകയായ രക്തസാക്ഷിണിയെ, അന്നാ കൊലസരോവായെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ശനിയാഴ്ച - സ്ലൊവാക്യയിലെ കൊസീചേയില്‍ സഭ ഉയര്‍ത്തുകയുണ്ടായി. വിശുദ്ധ മരിയ ഗൊരേറ്റിയുടെ ഒരു മറുപതിപ്പാണ് വാഴ്ത്തപ്പെട്ട അന്ന കൊലസരോവ! സുവിശേഷത്തോടു വിശ്വസ്തരായി ജീവിക്കാനും, വേണ്ടിവന്നാല്‍ ജീവന്‍ സമര്‍പ്പിക്കാനുമുള്ള കരുത്തും ആത്മധൈര്യവുമാണ് ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് വാഴ്ത്തപ്പെട്ട കൊലസരോവ തന്‍റെ ജീവിതമാതൃകകൊണ്ടു നല്കുന്നത്. ഒരു കരഘോഷത്തോടെ ഈ വാഴ്ത്തപ്പെട്ടവളെ സ്തുതിക്കാം!

സിറയയ്ക്കുവേണ്ടി വീണ്ടും ഒരഭ്യര്‍ത്ഥന!
വലിയ മാനവികദുരന്തത്തിന്‍റെ ഭീതിദമായ കാറ്റ് സിറിയയിലെ ഇദുലീബ് പ്രവിശ്യയില്‍ വീശുന്നുവെന്ന വാര്‍ത്ത വേദനയോടെയാണ് കേട്ടത്. നയതന്ത്രശ്രമങ്ങളിലൂടെയും, സംവാദത്തിന്‍റെയും സൗഹൃദത്തിന്‍റെയും പരിശ്രമങ്ങളിലൂടെയും ആ നാടിനെയും അവിടത്തെ ജനങ്ങളെയും രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ഉടന്‍ ഇടപെടണമെന്ന് രാജ്യാന്തര സമൂഹത്തോട് അപേക്ഷിക്കുന്നു!

"വെസ്പ സ്ക്കൂര്‍"  കൂട്ടായ്മയ്ക്കും...!
ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതരരാജ്യങ്ങളില്‍നിന്നും എത്തിയിട്ടുള്ള സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ചെരാനോ സാന്‍ മാര്‍ക്കോയില്‍നിന്നു വന്ന മതാദ്ധ്യാപകര്‍ക്കും, മോന്തിരോണെയില്‍നിന്നും എത്തിയ യുവജനങ്ങള്‍ക്കും, സ്പെയിനില്‍നിന്നും നീണ്ടയാത്രചെയ്ത് എത്തിയ തീര്‍ത്ഥാടകര്‍ക്കും അഭിവാദ്യങ്ങള്‍! ഇവിടെ റോമില്‍ ഈ ദിവസങ്ങളില്‍ സംഗമിക്കുന്ന “വെസ്പ സ്ക്കൂട്ടര്‍ കൂട്ടായ്മ”യും ഇവിടെ ചത്വരത്തില്‍ കൊടിയുയര്‍ത്തി നില്ക്കുന്നതു കാണാം. ഏവര്‍ക്കും ആശംസകള്‍ നേരുന്നു!

തുടര്‍ന്നു പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന അഭ്യര്‍ത്ഥനയോടെ, നല്ലൊരു ദിനത്തിന്‍റെ ആശംസകള്‍ സകലര്‍ക്കും നേരുന്നുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുമാണ് പാപ്പാ ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്!

03 September 2018, 17:34