തിരയുക

ചിത്രം :  ഡബ്ലിന്‍ വേദിയില്‍നിന്ന് ചിത്രം : ഡബ്ലിന്‍ വേദിയില്‍നിന്ന് 

സുവിശേഷപ്രഘോഷണ പൂര്‍ണ്ണിമയില്‍ ഒന്നായിരിക്കാം!

ആഗസ്റ്റ് 29, വത്തിക്കാന്‍ വടക്കെ ഇറ്റലിയിലെ പിയഡ്മൊണ്ടില്‍ ആഗസ്റ്റ് 26-ന് ആരംഭിച്ച മെത്തഡിസ്റ്റ്-വല്‍ഡേന്‍ഷ്യന്‍ ക്രൈസ്തവ സഭകളുടെ സിനഡു സമ്മേളനത്തിന് ആഗസ്റ്റ് 28-Ɔο തിയതി ചെവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് അയച്ച പ്രത്യേക ആശംസാക്കത്തിലാണ് ക്രൈസ്തവൈക്യത്തിന്‍റെ ചിന്തകള്‍ പങ്കുവച്ചത്:

- ഫാദര്‍ വില്യം നെല്ലിക്കല്‍

കൂട്ടായ്മയുടെ സാക്ഷ്യം
മെത്തഡിസ്റ്റ്-വല്‍ഡേന്‍ഷ്യന്‍ സഭകളുടെ സിനഡിനായി ഒത്തുചേരുന്ന ഈ അവസരം ക്രിസ്തുവിലുള്ള വിശ്വാസദാനവും ഇതര ക്രൈസ്തവസഭകള്‍ തമ്മിലുള്ള പരസ്പര ധാരണയും വര്‍ദ്ധിച്ച് സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ പാതയിലേയ്ക്ക് വളരാന്‍ സഹായകമാവട്ടെ! ആത്മാര്‍ത്ഥ ഹൃദയത്തോടെ എല്ലാ ക്രൈസ്തവ സഭകളും ക്രിസ്തുവില്‍ ഒത്തൊരുമിച്ച് സുവിശേഷ സാക്ഷ്യമേകാന്‍ ഇടയാവട്ടെ എന്നാണ് ഇരുസഭകളുടെയും സിനഡു കൂട്ടായ്മയോടു ചേര്‍ന്ന് താനും പ്രാര്‍ത്ഥിക്കുന്നത്. “എല്ലാവരും ഒന്നായിരിക്കുന്നതിന്…” എന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ അന്തിമാഹ്വാനത്തോട് സത്യസന്ധമായി പ്രതികരിച്ചാല്‍ മാത്രമേ അവിടുത്തെ സുവിശേഷം പൂര്‍ണ്ണതയോടെ പ്രഘോഷിക്കാനാകൂ! (യോഹ. 17, 21).

“വാതിക്കല്‍ മുട്ടുന്ന ലാസര്‍മാര്‍...!”
ക്രൈസ്തവ ജീവിതങ്ങള്‍ ക്രിസ്തുവിന്‍റെ പ്രഘോഷണമാകുന്നതിന് നാം ലോകത്തിന് പ്രത്യേകിച്ച് നമ്മുടെ മുന്നില്‍ ക്ലേശിച്ചു കഴിയുകയും “വാതുക്കല്‍ മുട്ടുകയുംചെയ്യുന്ന ലാസര്‍‍മാര്‍ക്ക്… പാവങ്ങള്‍ക്ക്” കൂട്ടായ്മയുള്ള സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും സാക്ഷ്യമേകണം. എളിയവരുടെ അന്തസ്സിനും, നീതിക്കും സമാധാനത്തിനുമായി നാം നിലകൊണ്ടെങ്കില്‍ മാത്രമേ ഉത്ഥിതന്‍ പ്രഘോഷിച്ച സമാധാനത്തിന്‍റെ വക്താക്കളാകാന്‍ ക്രൈസ്തവര്‍ക്കു സാധിക്കൂ!  (യോഹ. 20, 19).  

പ്രാര്‍ത്ഥനയോടെ ആശംസകള്‍
അര്‍ജന്‍റീനയിലും ട്യൂറിനിലും റോമിലും നടന്ന നേര്‍ക്കാഴ്ചകളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് സിനഡുസമ്മേളനത്തിന് പാപ്പാ സമാധാനാശംസകള്‍ നേര്‍ന്നു. സിനഡിലെ ഒത്തുചേരല്‍ പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയും പരിശ്രമത്തിന്‍റെയും ഫലവത്തായ ദിനങ്ങളാകട്ടെ!
പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

സഭകളുടെ സമൂഹത്തിലെ സ്ഥാനം, കൂട്ടായ്മയുടെ ജീവിതം, ശുശ്രൂഷയും പ്രഘോഷണവും, കുടിയേറ്റക്കാര്‍, സഭൈക്യനീക്കങ്ങള്‍ എന്നീ വിഷയങ്ങള്‍ പഠിക്കുന്ന  180 പ്രതിനിധികളുള്ള സിനഡ് സമ്മേളനം ആഗസ്റ്റ് 31-ന് വെള്ളിയാഴ്ച സമാപിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2018, 08:39