തിരയുക

ഫ്രാന്‍സീസ് പാപ്പാ ഒരു രോഗിയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു, വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച വേളയില്‍ 01/08/18 ഫ്രാന്‍സീസ് പാപ്പാ ഒരു രോഗിയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു, വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച വേളയില്‍ 01/08/18 

വിഗ്രഹങ്ങളെ വലിച്ചെറിയുക-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ നാം സകല വിഗ്രഹങ്ങളിലും നിന്ന് വിമുക്തരാകണം-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൂര്യതാപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ദിനങ്ങളാണ് റോമില്‍. ഈ ബുധനാഴ്ചയും(01/08/18) അത്യുഷ്ണം അനുഭവപ്പെട്ടു. യുറോപ്പില്‍ വേനലവധി ആയതിനാലും താപനില അത്യധികം ഉയര്‍ന്നിരിക്കുന്നതിനാലും ഫ്രാ‍ന്‍സീസ് പ്രതിവാരപൊതുകൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുത്ത വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോ‍ള്‍ ആറാമന്‍ ശാലയായിരുന്നു.

വേനലവധി പ്രമാണിച്ച് ഒരു മാസം, അതായത്, ജൂലൈമാസം മുഴുവനും, നിറുത്തിവച്ച പൊതകൂടിക്കാഴ്ച പുനരാരംഭിച്ച ഫ്രാന്‍സീസ് പാപ്പാ പത്തുകല്പനകളെ അധികരിച്ചുള്ള പ്രബോധന പരമ്പര തുടര്‍ന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.

പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“3 ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിക്കുണ്ടാകരുത്.4 മുകളില്‍ ആകാശത്തിലോ താഴെ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്.5 അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്” (പുറപ്പാട് 20:3-5a)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തെ കല്പനയെന്തെന്ന് നാം കേട്ടു. “ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിക്കുണ്ടാകരുത്” (പുറപ്പാട് 20,3). ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും കാലികപ്രസക്തിയുള്ളതുമായ വിഗ്രഹാരാധനയെന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കുക ഉചിതം തന്നെ.

വിഗ്രഹാരാധന

വിഗ്രഹാരാധനയ്ക്കായി ഏതൊരു വസ്തുവിന്‍റെയും, പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കുന്നതിനെ ഈ കല്പന വിലക്കുന്നു. വിശ്വാസികളോ നിരീശ്രവാദികളോ എന്ന ഭേദമില്ലാതെ സകലരുടെയും മാനുഷികമായ ഒരു പ്രവണതയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഉദാഹരണമായി കൈസ്തവരായ നമുക്കു നമ്മോടുതന്നെ ഒന്നു ചോദിക്കാം: ആരാണ് എന്‍റെ ദൈവം? സ്നേഹമാകുന്ന ത്രിയേക ദൈവമാണോ അതോ എന്‍റെ സ്വരൂപമോ, ഒരു പക്ഷേ സഭയ്ക്കുള്ളില്‍ എന്‍റെ വ്യക്തിപരമായ നേട്ടമോ ?  വിജാതീയരുടെ വ്യാജ ആരാധനനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതുമാത്രമല്ല വിഗ്രഹാരാധന. വിശ്വാസത്തിന്‍റെ ഒരു പ്രലോഭനമുണ്ട്. ദൈവമല്ലാത്തതിന് ദൈവികപരിവേഷം നല്കുന്നതാണത്.

ഒരു “ദേവന്‍” എന്നത് അസ്തിത്വപരമായ തലത്തില്‍ എന്താണ്? സ്വന്തം ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നില്കുന്നതും നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ആശ്രയിച്ചു നില്ക്കുന്നതുമാണ് ആ ദൈവം. പേരില്‍ മാത്രം ക്രിസ്തീയമായ ഒരു കുടുംബത്തില്‍ സുവിശേഷത്തിന് അന്യമായവയില്‍ കേന്ദ്രീകൃതമായി ജീവിക്കാന്‍ സാധിക്കുന്ന അവസ്ഥയുണ്ട്. എന്തിലെങ്കിലും ഊന്നിനില്ക്കാതെ മനുഷ്യന് ജീവിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് ലോകം വസ്തുക്കളും സ്വരൂപങ്ങളും ആശയങ്ങളു ദൗത്യങ്ങളുമടങ്ങിയ വിഗ്രഹങ്ങളുടെ ഒരു മഹാവില്പനശാല നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഉദാഹരണമായി പ്രാര്‍ത്ഥന. നാം നമ്മുടെ പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കണം. ഞാന്‍ ഒരിക്കല്‍ ഒരിടവകയിലേക്ക് സ്ഥൈര്യലേപന കൂദാശനല്കുന്നതിനായി നടന്നു പോകുകയായിരുന്നു. ഒരു പാര്‍ക്കിലൂടെ കടന്നുപോകവേ അവിടെ അമ്പതോളം പേര്‍ കൂടിയിരിക്കുന്നതായി കണ്ടു. അവര്‍ അവിടെ ഭാവിപ്രവചന ചീട്ടു കളിയ്ക്കുകയായിരുന്നു. വിഗ്രഹാരാധന നടത്തുകയായിരുന്നു. തങ്ങളെ പരിപാലിക്കുന്നവനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനു പകരം തങ്ങളുടെ ഭാവി അറിയുന്നതിന് ഭാവിപ്രവചനചീട്ടുകളി നടത്തുന്നു. ഇത് നമ്മുടെ ഇക്കാലത്തെ വിഗ്രഹാരാധനയക്ക് ഒരു ഉദാഹരണമാണ്. നിങ്ങളിലെത്ര പേര്‍ ഭാവി അറിയുന്നതിന് ഇതു ചെയ്തിട്ടുണ്ട്? കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നതിനു പകരം ഭാവി അറിയുന്നതിന് കൈനോട്ടക്കാരുടെ പക്കല്‍ പോയിട്ടുണ്ട്? കര്‍ത്താവും വിഗ്രഹങ്ങളും തമ്മില്‍ ഒരു വിത്യാസമുണ്ട്. കര്‍ത്താവു ജീവിക്കുന്നു. മറ്റുള്ളവ അചേതന രൂപങ്ങള്‍ മാത്രമാണ്. ഫലശൂന്യമാണ് വിഗ്രഹപൂജ.

വിഗ്രഹാരാധനയുടെ വിവിധ ഘട്ടങ്ങള്‍

വിഗ്രഹാരാധനയുടെ പരിണാമഘട്ടങ്ങള്‍ പത്തുപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

1 മുകളില്‍ ആകാശത്തിലോ താഴെ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്.5 അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് (പുറപ്പാട് 20,4-5)    

വിഗ്രഹം എന്ന പദത്തിന്‍റെ ഉല്പത്തി കാണുക എന്നര്‍ത്ഥം വരുന്ന ഗ്രീക്കുക്രിയാപദത്തില്‍ നിന്നാണ്. വിഗ്രഹം എന്നു പറഞ്ഞാല്‍ ഒരു നിര്‍ണ്ണയനവും ഒഴിയാബാധയുമായിത്തീരുന്ന പ്രവണതയുള്ള ഒരു കാഴ്ചയാണ്. വാസ്തവത്തില്‍ വിഗ്രഹം വസ്തുക്കളിലോ പദ്ധതികളിലോ ഒരുവന്‍റെ സ്വയാവിഷ്കാരമാണ്. ഈ ബലതന്ത്രമാണ്, ഉദാഹരണമായി, പരസ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. പരസ്യത്തില്‍ ഒരു വസ്തുവിനെ ഞാന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നില്ല എന്നിരുന്നാലും ഒരുവന്‍ ആ പരസ്യം ഉദ്ദേശിക്കുന്നത് ഒരു വാഹനമാണെങ്കില്‍ ആ വാഹനത്തെയും, ഫോണ്‍ ആണെങ്കില്‍ അതിനെയും ദര്‍ശിക്കുന്നു. സ്വയാവിഷ്ക്കാരത്തിനും സ്വന്തം   ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതിനുമുള്ള ഉപാധി ഒരുവന്‍ അതില്‍ കാണുന്നു. അതു ഞാന്‍ അന്വേഷിക്കുന്നു, അതിനോടു സംവദിക്കുന്നു, അതിനെക്കുറിച്ചു ചിന്തിക്കുന്നു.

2 വിഗ്രഹാരാധനയെക്കുറിച്ചുള്ള കല്പനയുടെ രണ്ടാമത്തെ ഘട്ടം “അവയ്ക്കുമുമ്പില്‍ അതായത്, വിഗ്രഹങ്ങള്‍ക്കു മുന്നില്‍, പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് എന്നതാണ്. വിഗ്രഹങ്ങള്‍ക്ക് പൂജ, പൂജാകര്‍മ്മങ്ങള്‍ ആവശ്യമാണ്. അവയ്ക്കു മുന്നില്‍ പ്രണമിക്കുകയും ബലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. പുരാതനകാലത്ത് വിഗ്രഹങ്ങള്‍ക്കു മുന്നില്‍ നരബലി വരെ നടത്തുമായിരുന്നു. ഇന്നും അതു സംഭവിക്കുന്നുണ്ട്. തൊഴില്‍ പരമായ നേട്ടത്തിന് മക്കളെ കുരുതികൊടുക്കുന്നു, അതു മക്കളെ അവഗണിച്ചുകൊണ്ടാകാം, അല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്കാതെയാകാം.

സൗന്ദര്യസംവര്‍ദ്ധക വസ്തുക്കളുമായി ദര്‍പ്പണത്തിനുമുന്നില്‍ എത്രനേരമാണ് ചിലര്‍ ചിലവഴിക്കുന്നത്... അതും വിഗ്രഹാരാധനയാണ്. സാധാരണഗതിയില്‍ ചമയമിടല്‍, അഥവാ, അണിഞ്ഞൊരുങ്ങല്‍ മോശമായ ഒരു പ്രവര്‍ത്തിയല്ല. സൗന്ദര്യം മാനുഷികമായ ത്യാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വിഗ്രഹങ്ങള്‍ രക്തം ആവശ്യപ്പെടുന്നു. ധനം ജീവിതത്തെ കവര്‍ന്നെടുക്കുന്നു. ലൗകികസുഖങ്ങള്‍ ഏകാന്തതയിലേക്കാനയിക്കുന്നു. സമ്പദ്ഘടനകള്‍ കൂടുതല്‍ നേട്ടത്തിനായി മനുഷ്യജീവനുകളെ കുരുതികഴിക്കുന്നു. തൊഴില്‍രഹിതരെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. എന്തുകൊണ്ട് അവര്‍ക്ക്  തൊഴിലില്ല?. കൂടുതല്‍ സമ്പാദിക്കുന്നതിനായി തൊഴില്‍ ദാതാക്കാള്‍ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നതാണ് കാരണം. ജീവിതങ്ങളും കുടുംബങ്ങളും നശിപ്പിക്കപ്പെടുന്നു. ലാഭമുണ്ടാക്കുന്നതിനായി യുവജനങ്ങള്‍ വിനാശകരങ്ങളായ മതൃകകളുടെ കരങ്ങളിലേല്പിക്കപ്പെടുന്നു. മയക്കുമരുന്നും ഒരു വിഗ്രഹമാണ്. ഈ വിഗ്രഹത്തെ പൂജിച്ചുകൊണ്ട് ആരോഗ്യവും ജീവന്‍ തന്നെയും നശിപ്പിക്കുന്ന യുവതീയുവാക്കള്‍ എത്രയേറെയാണ്!

3 വിഗ്രഹാരാധനയുടെ മൂന്നാമത്തെയും ഉപരിദുരന്തപൂര്‍ണ്ണവുമായ ഘട്ടമാണ് അടുത്തത്.

......അവയെ ആരാധിക്കരുത് എന്നാണ് കല്പന. വിഗ്രങ്ങള്‍ നമ്മെ അടിമകളാക്കുന്നു. ആനന്ദം വാഗ്ദാനം ചെയ്യുന്നു എന്നാല്‍ അതു നല്കുന്നില്ല. ഒരുവന്‍ അതിനുവേണ്ടിയോ ആ വീക്ഷണത്തിനുവേണ്ടിയോ ജീവിക്കുകയും സ്വയം നശിക്കലിന്‍റെ  അഗാധഗര്‍ത്തത്തില്‍ നിപതിക്കുകയും ഒരിക്കലും ലഭിക്കാത്തതായ ഒരു ഫലം കാത്തു കഴിയുകയും ചെയ്യുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, വിഗ്രഹങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, വാസ്തവത്തില്‍, അത് എടുക്കുകയാണ് ചെയ്യുന്നത്. നേരെമറിച്ച് സത്യദൈവമാകട്ടെ ജീവന്‍ ആവശ്യപ്പെടുന്നില്ല നല്കുന്നു, സമ്മാനിക്കുന്നു. നമ്മുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു വീക്ഷണമല്ല സത്യദൈവം നമുക്കേകുന്നത് പ്രത്യുത സ്നേഹിക്കാന്‍ പഠിപ്പിക്കയാണ് ചെയ്യുന്നത്. എന്നാല്‍ വിഗ്രഹങ്ങള്‍ ഭാവിയെക്കുറിച്ചുള്ള പരികല്പനകള്‍ അവതരിപ്പിക്കുകയും വര്‍ത്തമാനകാലത്തെ അവമതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സത്യദൈവം അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ജീവിക്കാന്‍ പഠിപ്പിക്കുന്നു.

ആകയാല്‍ വിഗ്രഹങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അത് കൃപയുടെ തുടക്കമാണ്, സ്നേഹത്തിന്‍റെ പാതയില്‍ പാദമൂന്നലാണ്.

നിങ്ങള്‍ ഇതു ഹൃദയത്തില്‍ സൂക്ഷിക്കുക: വിഗ്രഹങ്ങള്‍ സ്നേഹം കവര്‍ന്നെടുക്കുകയും സ്നേഹം കാണാന്‍ കഴിയാത്തവിധം നമ്മെ അന്ധരാക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ നാം എല്ലാ വിഗ്രഹങ്ങളിലും നിന്നു മുക്തരാകണം.

എന്‍റെ വിഗ്രഹം എന്താണ്? അതിനെ എടുത്തു ജാലകത്തിലൂടെ പുറത്തേക്കു വലിച്ചെറിയുക.

നന്ദി.                         

പ്രഭാഷണാനന്തര അഭിവാദ്യങ്ങള്‍                      

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശനപരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ആഗസ്റ്റ് ഒന്നിന് വിശുദ്ധ അല്‍ഫോന്‍സ് മരീ ലിഗൂറിയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

അനന്തനന്മയായ ദൈവവുമായുള്ള സമ്പര്‍ക്കത്തിന്‍റെ ഫലങ്ങളായ സൗമ്യശീലവും കാരുണ്യവുംകൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ തീക്ഷ്ണമതിയായ ഒരു അജപാലകനായിരുന്നു ആ വിശുദ്ധന്‍ എന്ന് പാപ്പാ പറഞ്ഞു. അനുദിനജീവിതത്തിലെ സാധാരണപ്രവര്‍ത്തികളില്‍ വിശ്വാസം ആനന്ദത്തോടെ ജീവിക്കാന്‍ ആ വിശുദ്ധന്‍റെ   മാതൃക സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2018, 13:57