തിരയുക

Vatican News
കേരളത്തെ രക്ഷിക്കൂ, കേരളത്തിനായി പ്രാര്‍ത്ഥിക്കൂ-വത്തിക്കാനില്‍  ഞായറാഴ്ച ഫ്രാന്‍സീസ് പാപ്പാ നയിച്ച   ത്രികാലപ്രാര്‍ത്ഥനാവേളയില്‍ മലയാള മക്കള്‍ ബാനറുകളുമായി 19/08/18 കേരളത്തെ രക്ഷിക്കൂ, കേരളത്തിനായി പ്രാര്‍ത്ഥിക്കൂ-വത്തിക്കാനില്‍ ഞായറാഴ്ച ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ മലയാള മക്കള്‍ ബാനറുകളുമായി 19/08/18 

സഹോദരങ്ങള്‍ക്കായി മുറിക്കപ്പെട്ട അപ്പമാകുക-പാപ്പാ

ദിവ്യകാരുണ്യം സ്വീകരിക്കുക, മുറിക്കപ്പെട്ട അപ്പമായിത്തീരുക-പാപ്പായുടെ ത്രികാലജപ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായറാഴ്ചയും (19/08/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. പെരുമഴവിതച്ച പ്രളയക്കെടുതിയില്‍ മുങ്ങിയ മലയാളനാടിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും സഹായഭ്യര്‍ത്ഥനയും അടങ്ങിയതായിരുന്നു ഈ ത്രികാലപ്രാര്‍ത്ഥന. മെച്ചപ്പെട്ടൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ തേടി കടലുകള്‍ താണ്ടി അന്യനാടുകളില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന പ്രവാസികളായ മലയാളിമക്കളുടെ പ്രതിനിധികളെന്നോണം റോമിലെ നിരവധി മലയാളികള്‍, പ്രളയദുരിതമനുഭവിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെയും ബന്ധുമിത്രാദികളെയും ഓര്‍ത്തുകൊണ്ടും അവര്‍ക്ക്   പ്രാര്‍ത്ഥനാ സഹായം തേടിക്കൊണ്ടും ഈ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. പ്രളയബാധിത കേരളത്തെ രക്ഷിക്കൂ, കേരളത്തിനായി പ്രാര്‍ത്ഥിക്കൂ തുടങ്ങിയ ലിഖിതങ്ങളോടുകൂടിയ വലിയ ശീലകളും, അഥവാ, ബാനറുകളും അവര്‍ ഏന്തിയിരുന്നു. മലയാളികളുള്‍പ്പടെ വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം പേര്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. ത്രികാലജപം നയിക്കുന്നതിന്, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ കരഘോഷവം ആനന്ദാരവങ്ങളും ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(19/08/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവദായ അപ്പമാണെന്നും ഈ അപ്പം ഭക്ഷിക്കുന്നവന്‍ ഒരിക്കലും മരിക്കില്ലയെന്നും യേശു വിശദീകരിക്കുന്ന യോഹന്നാന്‍റെ സുവിശേഷം 6-Ↄ○ അദ്ധ്യായം 51-58 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം

അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ച അത്ഭുതത്തിന്‍റെ പൊരുള്‍

അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ച് വലിയൊരു ജനക്കൂട്ടത്തിനു ഭക്ഷണം നലികിയതിനു ശേഷം കഫര്‍ണാമിലെത്തിയ യേശു അവിടത്തെ സിനഗോഗില്‍ നടത്തുന്ന പ്രഭാഷണത്തിന്‍റെ രണ്ടാമത്തെ ഭാഗത്തിലേക്കു നമ്മെ ആനയിക്കുന്നതാണ് ഈ ഞായറാഴ്ചത്തെ (19/08/18) സുവിശേഷഭാഗം. “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പ”മായി യേശു സ്വയം അവതരിപ്പിക്കുന്നു. താന്‍ നല്കുന്ന അപ്പം നിത്യജീവന്‍ പ്രദാനം ചെയ്യും എന്നു പറയുന്ന യേശുനാഥന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കുന്നു “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്” (വാക്യം 51). ഈ വാക്യം നിര്‍ണ്ണായകമാണ്, വാസ്തവത്തില്‍, അത് ശ്രോതാക്കളില്‍ പ്രതികരണമുളവാക്കുന്നു, അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങി – “തന്‍റെ ശരീരം ഭക്ഷണമായി തരാന്‍ ഇവനെങ്ങനെ സാധിക്കും” (വാക്യം 52) പങ്കുവയ്ക്കപ്പെട്ട അപ്പത്തിന്‍റെ  അടയാളം അതിന്‍റെ യഥാര്‍ത്ഥ പൊരുളിലേക്ക്, അതായത്, ബലിയില്‍ വരെ എത്തുന്ന ആത്മദാനത്തിലേക്ക്, നയിക്കുമ്പോള്‍, അവിടെ അഗ്രാഹ്യത ഉടലെടുക്കുന്നു, വാസ്തവത്തില്‍, അല്പം മുമ്പുവരെ, ആരെ വിജയാഹ്ലാദത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിച്ചുവോ അവനെ തള്ളിക്കളയുന്ന അവസ്ഥ സംജാതമാകുന്നു. യേശുവിനെ രജാവായി വാഴിക്കാനുള്ള ജനങ്ങളുടെ ശ്രമത്തെതുടര്‍ന്നാണ് അവിടത്തേക്കു പലായനം ചെയ്യേണ്ടിവന്നതെന്ന കാര്യം നാം ഓര്‍ക്ക​ണം.

സമൂര്‍ത്ത മാനവികതയെ ദ്യോതിപ്പിക്കുന്ന മാംസരക്തങ്ങള്‍

യേശു തുടരുന്നു: “മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല” (വാക്യം 53). ഇവിടെ ശരീരത്തോടൊപ്പം രക്തവും പരാമര്‍ശിക്കപ്പെടുന്നു. ബൈബിള്‍ ശൈലിയില്‍ മാംസരക്തങ്ങള്‍ സമൂര്‍ത്ത മാനവികതയെ ദ്യോതിപ്പിക്കുന്നു. താനുമായി കൂട്ടായ്മയിലാകുന്നതിന് തന്നെ ഭക്ഷിക്കാന്‍, തന്‍റെ മനുഷ്യപ്രകൃതിയെ ഉള്‍ക്കൊള്ളാന്‍, ലോകത്തിന്‍റെ നന്മയ്ക്കായി ജീവന്‍റെ ദാനം താനുമായി പങ്കുവയ്ക്കാന്‍  യേശു തങ്ങളെ ക്ഷണിക്കുന്നതായി ജനങ്ങളും ശിഷ്യര്‍തന്നെയും മനസ്സിലാക്കുന്നു. വിജയോത്സവങ്ങളും നേട്ടങ്ങളുടെ മരിചികകളുമല്ല, നമുക്കായി സ്വയം ദാനമായിത്തീരുന്ന യേശുവിന്‍റെ  യാഗമാണ്.

 വിശപ്പും ദാഹവുമകറ്റുന്ന മാംസരക്തങ്ങളുടെ കൂദാശ

ജീവന്‍റെ ഈ അപ്പം, ക്രിസ്തുവിന്‍റെ മാംസരക്തങ്ങളുടെ കൂദാശ, നമുക്കു നല്കപ്പെടുന്നത് ദിവ്യകാരുണ്യവിരുന്നില്‍ സൗജന്യമായിട്ടാണ്. ഇന്നും എന്നേയ്ക്കും നമ്മുടെ വിശപ്പും ദാഹവും ആദ്ധ്യാത്മികമായി അകറ്റുന്നവയെയാണ് അള്‍ത്താരയ്ക്കു ചുറ്റും നാം കാണുക. ഓരോ തവണയും നാം ദിവ്യബലിയില്‍ പങ്കുചേരുമ്പോള്‍, ഒരര്‍ത്ഥത്തില്‍, നമ്മള്‍, ഭൂമിയില്‍ സ്വര്‍ഗ്ഗം മുന്‍കൂട്ടി അനുഭവിക്കുകയാണ്. കാരണം, നിത്യജീവന്‍ എന്താണെന്ന് ദിവ്യകാരുണ്യ ഭോജനത്തില്‍ നിന്നാണ്, അതായത്, യേശുവിന്‍റെ  മാംസനിണങ്ങളില്‍ നിന്നാണ്, നാം പഠിക്കുന്നത്. അത് കര്‍ത്താവിനായി ജീവിക്കലാണ്. കര്‍ത്താവരുളിചെയ്യുന്നു:“എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും” (വാക്യം 57). നാം നമുക്കായിട്ടല്ല, പ്രത്യതുത, കര്‍ത്താവിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിക്കേണ്ടതിന് ദിവ്യകാരുണ്യം നമ്മെ മെനഞ്ഞെടുക്കുന്നു. ദിവ്യകാരുണ്യത്തില്‍ നാം സ്വീകരിക്കുന്ന സുവിശേഷ സ്നേഹം ഫലദായകമാക്കാന്‍ നമുക്കുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു ആനന്ദവും നിത്യ ജീവനും.

ഇന്നും യേശു നമ്മോടാവര്‍ത്തിക്കുന്നു......

യേശു, അക്കാലത്തെന്നപോലെ, ഇന്നും നാമോരോരുത്തരോടും ആവര്‍ത്തിക്കുന്നു: “നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവനുണ്ടാകുകയില്ല” (വാക്യം 53). സഹോദരീസഹോദരന്മാരേ, ഇത് ഭൗതികാഹാരമല്ല, ദൈവികജീവന്‍ തന്നെ പകര്‍ന്നുനല്കുന്ന, ജീവനുള്ളതും ജീവദായകവുമായ  അപ്പമാണ്. നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ദൈവികജീവന്‍ തന്നെയാണ് സ്വീകരിക്കുന്നത്. ഈ ജീവന്‍ ഉണ്ടാകേണ്ടതിന് സുവിശേഷത്താലും സഹോദരസ്നേഹത്താലും പോഷിതരാകേണ്ടത് ആവശ്യമാണ്. തന്‍റെ ശരീരത്താലും രുധിരത്താലും പോഷിതരാകാന്‍ യേശു നല്കുന്ന ക്ഷണത്തിനു മുന്നില്‍ നമുക്കും, ഇന്നത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ശ്രോതാക്കളെ പോലെ, തര്‍ക്കിക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത അനുഭവപ്പെടാം. ഇതു സംഭവിക്കുന്നത് നമ്മുടെ അസ്തിത്വത്തെ യേശുവിന്മേല്‍ രൂപപ്പെടുത്താനും, ലോകത്തിന്‍റെതല്ല, മറിച്ച്, അവിടത്തെ മാനദണ്ഡങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കാനും ബുദ്ധിമുട്ടുമ്പോഴാണ്. എന്നാല്‍ യേശുവാകട്ടെ “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ അപ്പമായ” തന്നെ ഭക്ഷിച്ചു തൃപ്തരാകാന്‍ നമ്മെ ക്ഷണിക്കുന്നതില്‍ മടുക്കുന്നില്ല. ഈ അപ്പത്താല്‍ പോഷിതരാകുകവഴി നമുക്ക്  ക്രിസ്തുവിനോടു, അവിടത്തെ വികാരങ്ങളോടു, അവിടത്തെ പെരുമാറ്റരീതികളോടു പൂര്‍ണ്ണമായി ഐക്യപ്പെടാന്‍ സാധിക്കും. ഇതു സുപ്രധാനമാണ്: ദിവ്യപൂജയ്ക്കണയുക, ദിവ്യകാരുണ്യം സ്വീകരിക്കുക, കാരണം കുര്‍ബ്ബാന കൈക്കൊള്ളുക വഴി നാം ജീവിക്കുന്നവനായ ക്രിസ്തുവിനെ സ്വീകരിക്കുകയാണ്. അവിടന്ന് നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുകയും നമുക്കായി സ്വര്‍ഗ്ഗം ഒരുക്കുകയും ചെയ്യുന്നു.

മുറിക്കപ്പെട്ട അപ്പമാകുക!

നമ്മളും സഹോദരങ്ങള്‍ക്കായി മുറിക്കപ്പെട്ട അപ്പമായി പരിണമിക്കേണ്ടതിന് ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് യേശു ക്രിസ്തുവുമായ ഐക്യത്തിലായരിക്കാനുള്ള നമ്മുടെ പ്രതിജ്ഞയെ പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ.  

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ജലപ്രളയം ദുരന്തസാഗരത്തിലാഴ്ത്തിയ കേരളത്തെ അനുസ്മരിച്ചു.

പ്രളയബാധിത കേരളത്തിനായുള്ള അഭ്യര്‍ത്ഥന

പ്രിയ സഹോദരീ സഹോദരന്മാരെ, ഇക്കഴിഞ്ഞ ദിനങ്ങളില്‍, ഇന്ത്യയില്‍, കേരളത്തിലെ  നിവാസികള്‍ക്ക് പെരുമഴയുടെ കനത്ത പ്രഹരമേറ്റു. ഈ പേമാരിയെ തുടര്‍ന്ന് ജലപ്രളയവും ഉരുള്‍പൊട്ടലുമുണ്ടായി, അനേകരുടെ ജീവനപഹരിക്കപ്പെട്ടു, നിരവധിപ്പേരെ കാണാതാവുകയും അനേകര്‍ പലയിടങ്ങളിലേക്കു മാറ്റപ്പെടുകയും ചെയ്തു. കൃഷികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും വന്‍ നാശങ്ങള്‍ സംഭവിച്ചു. കേരളജനതയക്ക്  നമ്മുടെ ഐക്യദാര്‍ഢ്യവും അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായവും ഉണ്ടാകണം. ജനങ്ങള്‍ക്ക്  സഹായമെത്തിക്കുന്നതിന് മുന്‍നിരയില്‍ത്തന്നെ നില്ക്കുന്ന കേരളത്തിലെ സഭയുടെ ചാരെ ഞാനുണ്ട്. ഞങ്ങളെല്ലാവരും കേരളസഭയുടെ ചാരെയുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ഈ മഹാദുരന്തത്താല്‍ യാതനകളനുഭവിക്കുന്ന സകലര്‍ക്കും വേണ്ടി നമുക്ക് ഏകയോഗമായി പ്രാര്‍ത്ഥിക്കാം. നമുക്കു മൗന പ്രാര്‍ത്ഥന നടത്താം..

ഈ ക്ഷണത്തെത്തുടര്‍ന്ന് അല്പനേരത്തെ നിശബ്ദ പ്രാര്‍ത്ഥനയുക്കു ശേഷം പാപ്പാ നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന നയിച്ചു.

അഭിവാദനങ്ങള്‍

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച ഇറ്റലിക്കാരെയും ഇതര രാജ്യക്കാരെയും അഭിവാദ്യം ചെയ്തു. ഉക്രയിനില്‍ നിന്നെത്തിയിരുന്ന യുവജനത്തെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശില്പികളാകാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു. റോമിലേ വടക്കെ അമേരിക്കന്‍ കോളേജില്‍ നിന്നെത്തിയിരുന്ന പുതിയ വൈദികാര്‍ത്ഥികളെയും കോളേജിന്‍റെ ചുമതല വഹിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു.

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്ന്, ഇറ്റാലിയന്‍ ഭാഷയില്‍ “അരിവെദേര്‍ച്ചി” എന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

20 August 2018, 13:12