തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 29-08-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 29-08-18  (ANSA)

പാപ്പായുടെ അയര്‍ലണ്ടു സന്ദര്‍ശനം-പുനരവലോകനം

അയര്‍ലണ്ട്, ആഴമേറിയ വേരുകളുള്ള വിശ്വാസത്തിന്‍റെ നാട്, പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പ   ഈ ബുധനാഴ്ച (29/08/18) അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന പതിനായിരത്തിലേലേറെപ്പേര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് ചത്വരത്തില്‍ സന്നിഹിതരായിരുന്നു. വെളുത്ത തുറന്ന വാഹനത്തില്‍  പാപ്പാ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷത്താലും ആനന്ദാരവങ്ങളാലും മുഖരിതമായി ചത്വരം. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി തൊട്ട് ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സങ്കീര്‍ത്തനം 128

കര്‍ത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. 2 നിന്‍റെ അദ്ധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായരിക്കു; നിനക്കു നന്മ വരും. 3 നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും. 4 കര്‍ത്താവിന്‍റെ  ഭക്തന്‍ ഇപ്രകാരം അനുഗ്രഹീതനാകും. 5 കര്‍ത്താവു സിയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍റെ ആയുഷ്ക്കാലമത്രയും  നീ ജറുസലേമിന്‍റെ ഐശ്വര്യം കാണും. 6 മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!” (സങ്കീര്‍ത്തനം 128,01-06)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇക്കഴിഞ്ഞ 25,26 തീയതികളില്‍ (25-26/08/18) താന്‍, ഒമ്പതാം ലോക കുടുംബസംഗമത്തോടനുബന്ധിച്ചു, അയര്‍ലണ്ടില്‍ നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തു. പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണ സംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇക്കഴിഞ്ഞ വാരാവസാനം ഞാന്‍ ലോക കുടുംബസംഗമത്തില്‍ സംബന്ധിക്കുന്നതിന് അയര്‍ലണ്ടിലേക്കു ഒരു യാത്ര നടത്തി. അതു നിങ്ങള്‍ ടെലവിഷനില്‍ കണ്ടിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ക്രൈസ്തവ കുടുംബങ്ങളെ അവയുടെ വിളിയിലും ദൗത്യത്തിലും സ്ഥിരീകരിക്കുകയായിരുന്നു, സര്‍വ്വോപരി, എന്‍റെ ഈ യത്രയുടെ ലക്ഷ്യം. ദമ്പതികള്‍, മുത്തശ്ശീ മുത്തച്ഛന്മാര്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ഡബ്ലിനില്‍ സമ്മേളിച്ചു. ഭിന്ന സംസ്കാരങ്ങളിലും ഭാഷകളിലും പെട്ടവരും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ക്കുടമകളും  ആയിരുന്ന അവര്‍ ദൈവത്തിന് മാനവകുടുംബത്തെക്കുറിച്ചുള്ള സ്വപ്നത്തിന്‍റെ മനോഹാരിതയുടെ വാചാല അടയാളമായി ഭവിച്ചു. നമുക്കറിയാം ദൈവത്തിന്‍റെ ഈ സ്വപ്നം എന്താണെന്ന്- കുടുംബങ്ങളിലും ലോകത്തിലും ഐക്യവും ഏകതാനതയും സമാധാനവും പുലരണം- അതാണ് ദൈവത്തിന്‍റെ സ്വപ്നം. ഇത് അവിടന്ന് ക്രിസ്തുവില്‍ നമുക്കേകിയ വിശ്വസ്തതയുടെയും മാപ്പിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഫലമാണ്. ഈ സ്വപ്നത്തില്‍ പങ്കാളികളാകാനും, ആരും ഒറ്റപ്പെടുത്തപ്പെടാത്തതും ആരും അസ്വീകാര്യരല്ലാത്തതും ആരും പുറന്തള്ളപ്പെട്ടവരല്ലാത്തതുമായ ഒരു ഭവനമാക്കി ലോകത്തെ മാറ്റാനും അവിടന്ന് കുടുംബങ്ങളെ വിളിക്കുന്നു.

അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ്, പ്രധാനമന്ത്രി, ഇതര പൗരമതാധികാരികള്‍ എന്നിവരോടും ഏല്ലാ ജനങ്ങളോടും എ​നിക്ക് നന്ദിയുണ്ട്. ഏറെ കര്‍മ്മനിരതരായിരുന്ന മെത്രാന്മാര്‍ക്കും  ഒത്തിരി നന്ദി.

എല്ലാ പ്രായത്തിലും പെട്ടവരായ ദമ്പതികള്‍ ഏകിയ സാക്ഷ്യങ്ങളായിരുന്ന ഈ ദിനങ്ങളിലെ യഥാര്‍ത്ഥവും തനതുമായ പ്രകാശബിന്ദുക്കള്‍. അവരുടെ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിച്ചത് വൈവാഹക സ്നേഹം ദൈവത്തിന്‍റെ സവിശേഷ ദാനമാണെന്നും അത് കുടുംബമാകുന്ന “ഗാര്‍ഹിക സഭയില്‍” അനുദിനം ഊട്ടിവളര്‍ത്തപ്പെടേണ്ടതാണെന്നുമാണ്. പൗരാധികരികളെ സംബോധന ചെയ്യവേ ഞാന്‍ സമൂഹത്തില്‍ കുടുംബങ്ങള്‍ക്കുള്ള സത്താപരമായ പങ്കു നിര്‍വ്വഹിക്കാന്‍ കഴിയുന്നതിന് കുടുംബങ്ങള്‍ക്ക്    പിന്തുണയേകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു. അതേസമയം സെന്‍റ് മേരീസ് പ്രോ-കത്തീദ്രലിലും ഫീനിക്സ് പാര്‍ക്കില്‍ നടന്ന കുടുംബമഹോത്സവത്തിലും, സ്നേഹമെന്ന ദൈവിക ദാനം പരിപോഷിപ്പിക്കുകയും വിശ്വാസം കൈമാറ്റം ചെയ്യുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അതു നടക്കേണ്ടത് അനുദിനം കുടുംബമേശയ്ക്കു ചുറ്റും മുത്തശ്ശീമുത്തച്ഛന്മാരും മാതാപിതാക്കളും മക്കളും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എന്നാല്‍ പറയാന്‍ ഏറെ പ്രയാസമുണ്ട്, ഇന്നത്തെ സംസ്കൃതിയില്‍ മുത്തശ്ശീമുത്തച്ഛന്മാര്‍ വിലിച്ചെറിയപ്പെടുന്ന പാഴ്വസ്തുവാക്കപ്പെടന്നു. അവര്‍ ദൂരെയകറ്റപ്പെടുന്നു. എന്നാല്‍ അവര്‍ വിജ്ഞാനമാണ്, ഒരു ജനതയുടെ ഓര്‍മ്മയാണ്, കുടുംബങ്ങളുടെ ഓര്‍മ്മയാണ്. ഈ സ്മരണ മുത്തശ്ശീമുത്തശ്ശന്മാര്‍ അവരുടെ പേരക്കിടങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കണം. ചരിത്രത്തില്‍ മുന്നേറാന്‍ കഴിയേണ്ടതിന് യുവതീയുവാക്കളും കുട്ടികളും മുത്തശ്ശീമുത്തശ്ശന്മാരോട് സംസാരിക്കണം. ദയവുചെയ്ത് അവരെ വലിച്ചെറിയരുത്. അവര്‍ നിങ്ങളുടെ മക്കളുടെ ചാരെ ആയിരിക്കട്ടെ, പേരക്കിടാങ്ങളുടെ ചാരത്തുണ്ടായിരിക്കട്ടെ.

നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വച്ച് ഞാന്‍ എല്ലാ കുടുംബങ്ങളെയും പരിശുദ്ധ കന്യകാനാഥയ്ക്ക് സമര്‍പ്പിച്ചു. ഉത്തര അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ സ്നഹോഷ്മള അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

സഭാശുശ്രൂഷകരില്‍ ചിലര്‍ കുട്ടികളെയും യുവജനങ്ങളെയും പലതരത്തില്‍ പീഢനത്തിന് ഇരകളാക്കിയ സംഭവങ്ങള്‍ അന്നാടിനുളവാക്കിയരിക്കുന്ന വേദനകള്‍ എന്‍റെ യാത്രയുടെ ആനന്ദത്തില്‍ ദുഃഖത്തിന്‍റെ നിഴല്‍ പരത്തി.  ആ കുറ്റകൃത്യങ്ങളെ ഉചിതമായ രീതിയില്‍ കൈകകാര്യം ചെയ്യുന്നതില്‍ ഗതകാലത്ത് സഭാധികാരികള്‍ക്ക് വീഴ്ച സംഭവിച്ചു. പീഢനങ്ങളെ അതി ജീവിച്ചവരില്‍ 8 പേരുമായി ഞാന്‍ നടത്തിയ കൂടിക്കാഴ്ച എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഞാന്‍ പലവുരു കര്‍ത്താവിനോടു മാപ്പപേക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഞാന്‍ പ്രചോദനം പകര്‍ന്നു.

ഗതകാലത്തു വന്നുപോയിട്ടുള്ള തെറ്റുകള്‍ സത്യസന്ധതയോടും ധീരതയോടും കര്‍ത്താവിന്‍റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്തോടും കൂടെ തിരുത്താനുള്ള പരിശ്രമങ്ങളില്‍ മുന്നേറാന്‍ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ഞാന്‍ പ്രോത്സാഹനമേകി.

അയര്‍ലണ്ടില്‍ വിശ്വാസം തെളിഞ്ഞു നിലക്കുന്നു, ജനങ്ങള്‍ വിശ്വാസികളാണ്, വലിയ വേരുകളുള്ള വിശ്വാസമാണ് അവിടെയുള്ളത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? അവിടെ പൗരോഹിത്യ ദൈവവിളി വിരളമാണ്...അതിന് കാരണങ്ങള്‍ ലൈംഗിക പീഢന സംഭവങ്ങളുള്‍പ്പടെ പലതാണ്. ആകയാല്‍ പുതിയ ദൈവവിളികള്‍ ഉണ്ടാകുന്നതിനായി, അയര്‍ലണ്ടിലേക്ക് വിശുദ്ധരായ വൈദികരെ അയക്കുന്നതിനായി നാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണം.

നോക്കിലെ നാഥയോടു പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിച്ച പാപ്പാ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന നയിച്ചു.

ഈ പ്രാര്‍ത്ഥനാന്തരം പാപ്പാ ഇപ്രകാരം തുടര്‍ന്നു...

പ്രിയ സഹോദരീസഹോദരന്മാരേ,

ഡബ്ലിനില്‍ അരങ്ങേറിയ ലോക കുടുംബസമ്മേളനം, സുവിശേഷത്തിലധിഷ്ഠിതമായ വിവാഹത്തിന്‍റെ കുടുംബജീവിതത്തിന്‍റെയും വഴിയില്‍ ചരിക്കുന്നതിന് പരിശ്രമിക്കുന്ന നിരവധിയായ കുടുംബങ്ങളുടെ, നന്മയുടെയും വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്‍റെയും പുളിമാവായിരിക്കുന്നതും പ്രേഷിതസ്വഭാവവും ക്രിസ്തുവിനോടുള്ള ശിഷ്യത്വത്തിന്‍റെ ഭാവവും പേറുന്നതുമായ കുടുംബങ്ങളുടെ പ്രവചനാത്മകവും സാന്ത്വനദായകവുമായ അനുഭവമായിരുന്നു.

വിശ്വസ്തതയോടുകൂടിയും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാപ്പപേക്ഷിച്ചും സ്വന്തം കുടുംബത്തെയും മക്കളെയും മുന്നോട്ടുകൊണ്ടുപോകുന്ന  നിരവധിയായ കുടുംബങ്ങളെ നാം മറക്കരുത്. വിവാഹബന്ധം വേര്‍പെടുത്തിയവരെക്കുറിച്ച് പത്രങ്ങളും മാസികകളും വിളിച്ചു പറയുന്നത് ഇന്നു സാധാരണമായിരിക്കുന്നു.  അതു മോശമാണ്. തീര്‍ച്ചയായും ഓരോവ്യക്തിയെയും ജനത്തെയും ആദരിക്കണം എന്നതു ശരിയാണ്. എന്നാല്‍ വിവാഹമോചനല്ല, വിവാഹം വേര്‍പെടുത്തലല്ല, കുടുംബത്തെ തകര്‍ക്കലല്ല ആദര്‍ശപരം. കുടുംബത്തിന്‍റെ ഐക്യമാണ് മാതൃകാപരം.

അടുത്ത കുടുംബസംഗമം 2021ല്‍ റോമില്‍വച്ചാണ്. അതിന് ഒരുങ്ങുക. യേശുവും മറിയും യൗസേപ്പുമടങ്ങുന്ന തിരുക്കുടുംബത്തില്‍ ഇടവകകളും സമൂഹങ്ങളും ലോകത്തിന് ആനന്ദമായി ഭവിക്കുന്നതിന്  സകലവും നമുക്ക് തിരുക്കുടുംബത്തിന്‍റെ  സംരക്ഷണത്തിന് ഭരമേല്പിക്കാം.     

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഓര്‍ത്തഡോക്സ് സഹോദരങ്ങളോടും ഇതര കൈസ്തവ സമൂഹങ്ങളോടുമുള്ള ഐക്യത്തില്‍ കത്തോലിക്കാസഭ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള നാലാം ലോകദിനം സെപ്തംബര്‍ ഒന്നിന് ആചരിക്കപ്പെടുന്നത്  പൊതുകൂടിക്കാഴ്ചാവേളയില്‍ പാപ്പാ അനുസ്മരിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, വിശുദ്ധ സ്നാപകയോഹന്നാന്‍റെ നിണസാക്ഷിത്വത്തിന്‍റെ  ഓര്‍മ്മ അനുവര്‍ഷം ആഗസ്റ്റ് 29 ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പരമമായ മൂല്യം, നമ്മുടെ മദ്ധ്യേ ജീവിക്കുകയും പ്രവര്‍ത്തനനിരതനായിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രഭുത്വത്തിന് വാക്കുകള്‍ കൊണ്ടുമാത്രമല്ല ജീവന്‍ കൊടുത്തുപോലും സാക്ഷ്യമേകുകയാണ് എന്ന് മനസ്സിലാക്കാന്‍ ക്രിസ്തുവിന്‍റെ മുന്നോടിയായ സ്നാപകന്‍റെ വീരോചിതമായ ബലി നമ്മെ പഠിപ്പിക്കട്ടെയെന്ന് ആശംസിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

29 August 2018, 14:15