തിരയുക

കുടുംബോത്സവ സമാപന ദിവ്യബലിയര്‍പ്പണ വേദി, ഫീനിക്സ് പാര്‍ക്ക് 26-08-18 കുടുംബോത്സവ സമാപന ദിവ്യബലിയര്‍പ്പണ വേദി, ഫീനിക്സ് പാര്‍ക്ക് 26-08-18 

കുടുംബോത്സവം സമാപിച്ചു- പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി

പാപ്പായുടെ ഇരുപത്തിനാലാം വിദേശ അപ്പസ്തോലിക പര്യ‌ടനത്തിന് തിരശ്ശീല വീണു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ മാസം 21-Ↄ○ തിയതി ചൊവ്വാഴ്ച മുതല്‍ 26-Ↄ○ തിയതി ഞായാറാഴ്ചവരെ നീണ്ട ഒമ്പതാം ലോക കുടുംബ സംഗമത്തില്‍ സംബന്ധിക്കുന്നതിന് അയര്‍ണ്ടിന്‍റെ തലസ്ഥാന നഗരിയായ ഡബ്ലിനില്‍ ദ്വിദിന ഇടയസന്ദര്‍ശന പരിപാടിയുമായിട്ടാണ് ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച ഫ്രാന്‍സീസ് പാപ്പാ എത്തിയത്.

പാപ്പാ ഇറ്റലിക്കു പുറത്തു നടത്തിയ ഇരുപത്തി നാലാം ഇടയസന്ദര്‍ശനമായിരുന്നു ഇത്.

ഞായറാഴ്ച (26/08/18) രാത്രി റോമിലെ സമയം 10.30 ഓടെ, ഇന്ത്യയിലെ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ, ആണ് പാപ്പാ റോമിലെ ചെറിയ വിമാനത്താവളമായ ചംപീനൊയില്‍ ഇറങ്ങിയത്. വിമാനം ഇറങ്ങുന്നതിനു അല്പം മുമ്പ് പൈലറ്റുമാരുടെ ക്ഷണപ്രകാരം പാപ്പാ കോക്പിറ്റില്‍ അല്പസമയം അവരോടൊത്തു ചിലവഴിച്ചു.

ഈ മടക്കയാത്രയില്‍ വിമാനം ഏതെല്ലാം രാജ്യങ്ങളുടെയെല്ലാം വ്യോമ പാത ഉപയോഗപ്പെടുത്തിയൊ ആ രാഷ്ട്രങ്ങളുടെയെല്ലാം തലവന്മാര്‍ക്ക് പാപ്പാ വിമാനത്തില്‍ നിന്ന് ആശംസാപ്രാര്‍ത്ഥനാ സന്ദേശങ്ങളയച്ചു.

അയര്‍ലണ്ട്, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട, ഇറ്റലി എന്നീ നാടുകളുടെ മുകളിലൂടെയായിരുന്നു വിമാനം പറന്നത്.

തനിക്കേകിയ ഉഷ്മള സ്വീകരണത്തിനും ആഥിത്യത്തിനും അയര്‍ലണ്ടിന്‍റെ  സര്‍ക്കാരിനോടും അന്നാട്ടിലെ പ്രിയപ്പെട്ടവരായ ജനങ്ങളോടും പ്രസിഡന്‍റ് മൈക്കിള്‍ ഹിഗ്ഗിന്‍സിനോടും നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന് പാപ്പാ അയച്ച സന്ദേശം. അയര്‍ലണ്ടിന് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും അനുഗ്രഹങ്ങള്‍ സര്‍വ്വശക്തനായ ദൈവം നല്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ബ്രിട്ടീഷ് രാജ്ഞി രണ്ടാം എലിസബത്തിനയച്ച സന്ദേശത്തില്‍ പാപ്പാ ബ്രിട്ടനെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ പരിപാലനയ്ക്ക് സമര്‍പ്പിക്കുകയും എല്ലാവര്‍ക്കും    സന്തോഷസമാധനാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ്  ഇമ്മാനുവേല്‍ മക്രോണിനും അന്നാട്ടുകാര്‍ക്കും   സര്‍വ്വേശ്വരന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന തന്‍റെ പ്രാര്‍ത്ഥന അദ്ദേഹത്തിനയച്ച സന്ദേശത്തില്‍ പാപ്പാ നവീകരിച്ചു.

സ്വിറ്റ്സര്‍ലണ്ടിന്‍റെ മുകളിലൂടെ വിമാനം പറക്കവെ പാപ്പാ അന്നാടിന്‍റെ പ്രസിഡന്‍റ്  അലെന്‍ ബെര്‍സെറ്റിനയച്ച സന്ദേശത്തില്‍ അദ്ദേഹത്തിനും അന്നാട്ടുകാര്‍ക്കും തന്‍റെ  പ്രാര്‍ത്ഥന ഉറപ്പു നല്കുകയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അനുഗ്രഹങ്ങള്‍ അവര്‍ക്കേകാന്‍ സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഇറ്റലിയുടെ വ്യാമപാതയില്‍ വിമാനം പ്രവേശിച്ചപ്പോള്‍ ഇറ്റലിയുടെ പ്രസിഡന്‍റ്   സേര്‍ജൊ മത്തരെല്ലയ്ക്ക് പാപ്പാ സന്ദേശമയച്ചു. സമൂഹത്തിന്‍റെ കോശമായ കുടുംബസ്ഥാപനത്തെ സംരക്ഷിക്കാനും പരിപാലിക്കാനും ഉദാരതയോടെ പ്രവര്‍ത്തിക്കുന്ന പൗരന്മാരെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിക്കുകയും ഇറ്റലിയുടെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.   

ഡബ്ലിനില്‍ നിന്നുള്ള മടക്കയാത്രയിലും ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഉത്തരമേകി.

പാപ്പായുടെ  അപ്പസ്തോലികയാത്രയുടെ സമാപനദിനത്തിലെ പരിപാടികളിലേക്ക്.

കുടുംബ സമ്മേളനത്തിന്‍റെ ആറാം ദിവസവും സമാപനദിനവുമായിരുന്ന 26-Ↄ○ തിയതി ഞായറാഴ്ച പാപ്പാ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുകയും തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അങ്കണത്തില്‍ വച്ച് ത്രികാലജപ സന്ദേശം നല്കുകയും മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞ്‍ ഡ്ബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കായി സമൂഹബലിയര്‍പ്പിച്ചു, ഡൊമിനിക്കന്‍ സന്ന്യാസിനികളുടെ ഭവനത്തില്‍ വച്ച് അയര്‍ലണ്ടിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇവയായിരുന്നു പാപ്പായുടെ ഔപചാരിക പരിപാടികള്‍ അന്ന്.

ശനിയാഴ്ച (25/08/18) രാത്രി ഡബ്ലിനിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍, അഥവാ, വത്തിക്കാന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയില്‍, വിശ്രമിച്ച പാപ്പാ ഞായറാഴ്ച രാവിലെ ഡബ്ലിനില്‍ നിന്ന് 178 കിലോമീറ്റര്‍ അകലെയുള്ള നോക്കിലേക്കു പുറപ്പെട്ടു. അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് കാറിലും അവിടെ നിന്ന് നോക്കിലേക്ക് വിമാനത്തിലുമായിരുന്നു പാപ്പായുടെ യാത്ര.

"നോക്ക്"

"കുന്ന്" എന്ന അര്‍ത്ഥം വരുന്ന നാമമാണ് നോക്ക്.  മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ  സാന്നിധ്യത്താല്‍ വിഖ്യാതമായ ഗ്രാമമാണിത്. യൂറോപ്പിലെ ലൂര്‍ദ്ദ്, ഫാത്തിമ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെന്ന പോലെ തന്നെ പുകള്‍പെറ്റതാണ് നോക്ക്.   അനുവര്‍ഷം 15 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നു. നോക്കില്‍ നിന്നു നോക്കിയാല്‍ വിശുദ്ധ പാട്രിക് അയര്‍ലണ്ട് ദ്വീപില്‍ നിന്ന് സര്‍പ്പങ്ങളെ തുരത്തിയതും 441-Ↄ○ ആണ്ടില്‍ നോമ്പുകാലത്ത് 40 ദിവസം ഉപവസിച്ചതും എന്നു പറയപ്പെടുന്ന ക്രൊആഹ് പാട്രിക് എന്ന കുന്നിന്‍റെ മനോഹരമായ ദൃശ്യം ആസ്വദിക്കാന്‍ കഴിയും എന്നൊരു പ്രത്യേകതയുമുണ്ട്. അനുവര്‍ഷം ജൂലൈ മാസത്തെ അവസാന ഞായറാഴ്ച “റീക്ക് സണ്ടേ” എന്ന പേരില്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍, നിഷ്പാദുകരായി, ഈ കുന്നു കയറാറുണ്ട്.

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ 1979 ല്‍  നോക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 1879 ആഗസ്റ്റ് 21ന് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷയായതിന്‍റെ  ശതാബ്ദിയോടനുബന്ധിച്ചായിരുന്നു ഈ സന്ദര്‍ശനം.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദര്‍ശനം 2 മണിക്കൂറോളം ദീര്‍ഘിച്ചുവെന്നും ആദ്യം രണ്ടു സ്ത്രീകളും പിന്നീട് പ്രദേശ വാസികളായ മറ്റു ചിലരും ഈ ദര്‍ശനത്തിന് സാക്ഷികളായി എന്ന് പറയപ്പെടുന്നു. കന്യകാമറിയത്തോടൊപ്പം വിശുദ്ധ യോഹന്നാനും വിശുദ്ധ യൗസേപ്പിതാവും ഈ ദര്‍ശനത്തില്‍ കാണപ്പെട്ടു.

തുവാം അതിരൂപതയില്‍പ്പെട്ടതാണ് നോക്ക് ഗ്രാമം. 3676 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 134000 ജനങ്ങളില്‍ 131000 ത്തോളവും കത്തോലിക്കരാണ്. 56 ഇടവകകളിലായി കഴിയുന്ന ഇവരുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് നൂറിലേറെ രൂപതാവൈദികരും ഇരുപതോളം സന്ന്യസ്തരും 190 നടുത്ത് സന്ന്യാസിനികളുമുണ്ട്. ഈ അതിരൂപതയുടെ കീഴില്‍ 200 ലേറെ വിദ്യഭ്യാസസ്ഥാപനങ്ങളുണ്ട്. ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ നിയെറി ആണ് അതിരൂപതാദ്ധ്യക്ഷന്‍.

പാപ്പാ "നോക്കി"ല്‍

വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പായെ തുവാം ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ നിയെറിയും ഇതരമെത്രാന്മാരും വിമനാത്താവളാധികാരികളും ചേര്‍ന്നു സ്വീകരിച്ചു.  അവിടെ നിന്ന് പാപ്പാ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാറില്‍ യാത്രയായി. തീര്‍ത്ഥാടന കേന്ദ്രത്തിനടുത്തെത്തിയപ്പോള്‍ പാപ്പാ കാറില്‍ നിന്ന് പേപ്പല്‍ വാഹനത്തിലേക്കു മാറിക്കയറി. ജനങ്ങള്‍ക്ക് തന്നെയും തനിക്ക് എല്ലാവരെയും കാണത്തക്കവിധത്തില്‍ സജ്ജീകൃതമായ ഈ വാഹനത്തില്‍ ഏറിയ പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി. പാതയുടെ ഇരു വശങ്ങളിലും നിന്നിരുന്ന ജനങ്ങള്‍ കൊടികള്‍ വീശിയും കൈയ്യടിച്ചും ആനന്ദാരവങ്ങളുയര്‍ത്തിയും പാപ്പായെ പ്രത്യഭിവാദ്യം ചെയ്തു. മരിയന്‍ ദേവാലയത്തിനു മുന്നില്‍ വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ ദേവാലയത്തിന്‍റെ റെക്ടര്‍ സ്വീകരിച്ച് അകത്തേക്കാനയിച്ചു. ദേവാലയത്തിനകത്തുണ്ടായിരുന്ന ഇരുനൂറോളം വിശ്വാസികളില്‍ ചിലരുടെ അടുത്തെത്തിയപ്പോള്‍ പാപ്പാ അവര്‍ക്ക് ഹസ്തദാനമേകുകയും ചക്രക്കസേരയില്‍ ഇരുന്നിരുന്ന പ്രായം ചെന്ന രണ്ടു വൈദികരുടെ അടുത്തു ചെന്ന് അവരോടു തന്‍റെ  സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രത്യക്ഷീകരണത്തിന്‍റെ  കപ്പേളയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും യൗസേപ്പിതാവിന്‍റെയും യോഹന്നാന്‍റെയും പൂര്‍ണ്ണകായ വെണ്‍ തിരു സ്വരൂപങ്ങള്‍ക്കു മുന്നില്‍ പുഷ്പമഞ്ജരിയര്‍പ്പിച്ചു. തദ്ദനന്തരം പടികളിറങ്ങിയ പാപ്പാ സമീപത്തു നിന്നിരുന്ന രണ്ടുകുട്ടികളെ തലോടുകയും  അവിടെ ഒരുക്കിയിരുന്ന ഒരു വലിയ മെഴുകുതിരി തെളിക്കുകയും ചെയ്തു. തുടര്‍ന്ന്  അല്പസമയം മൗനപ്രാര്‍ത്ഥനയായിരുന്നു. തദ്ദനന്തരം കസേരയില്‍ നിന്നെഴുന്നേറ്റ പാപ്പാ ഒരു സ്വര്‍ണ്ണക്കൊന്ത പരിശുദ്ധ കന്യാകമറിയത്തിനു മുന്നില്‍ സമര്‍പ്പിച്ചു. അതിനുശേഷം പാപ്പാ ദേവാലയത്തിനു മുന്നിലേക്കു വരികയും അവി‌ടെ സമ്മേളിച്ചിരുന്ന വിശ്വാസികളുമൊത്തു ത്രികാല ജപം ചൊല്ലുകയും ചെയ്തു.

പ്രത്യേകം സജ്ജീകരിച്ചിരുന്ന വേദിയിലേക്കു കയറിയ പാപ്പാ പ്രാര്‍ത്ഥനയ്ക്കു മുമ്പ് അവരെ സംബോധന ചെയ്തു.     

നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച പാപ്പാ അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് കാറില്‍ യാത്രയായി. പാപ്പായെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ തുവാം ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ നിയെറിയും  ഏതാനും വിശ്വാസികളും സന്നിഹിതരായിരുന്നു.

ഡബ്ലിനിലെ വിമാനത്താവളത്തിലിറങ്ങിയ പാപ്പാ കാറില്‍ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു പോകുകയും ഉച്ചവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3 മണിക്കായിരുന്ന പാപ്പായുടെ ഈ അപ്പസ്തോലികയാത്രയിലെ ഉപാന്ത്യപരിപാടി ആരംഭിച്ചത്. ഒമ്പതാം ആഗോള കുടുംബസമാഗമത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പണമായിരുന്നു അത്. ഫീനിക്സ് പാര്‍ക്കായിരുന്നു വേദി.

പാപ്പാ ഫീനിക്സ് പാര്‍ക്കില്‍

യൂറോപ്പിലെ ഏറ്റം വലിയ പാര്‍ക്കുകളില്‍ ഒന്നാണ് ഫീനിക്സ് പാര്‍ക്ക്. 700 ഹെക്ടര്‍ ഏകദേശം 1730 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഈ പാര്‍ക്ക്. 

ഭൂനിരപ്പില്‍ നിന്ന് അല്പം ഉയര്‍ത്തി അര്‍ദ്ധവൃത്താകൃതിയില്‍ തീര്‍ത്തതായിരുന്നു വെള്ളനിറമാര്‍ന്ന യാഗാര്‍പ്പണവേദി.  3ലക്ഷത്തോളം പേര്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. ഫീനിക്സ് പാര്‍ക്കിലെത്തിയ പാപ്പാ പേപ്പല്‍ വാഹനത്തില്‍ വിശ്വാസികളുടെ ഇടയിലൂടെ നീങ്ങി. പ്രവേശന ഗീതം ആരംഭിച്ചപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തി. വിശുദ്ധകുര്‍ബ്ബനായ്ക്കു തുടക്കമായി.

വിശുദ്ധ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ അനുതാപശുശ്രൂഷാവേളയില്‍ പാപ്പാ, സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ലജ്ജാകരമായ തെറ്റുകള്‍ക്ക്  മാപ്പപേക്ഷിച്ചു. വചനശുശ്രൂഷാവേളയില്‍ സുവിശേഷവായനയ്ക്കു ശേഷം പാപ്പാ വചനസന്ദേശം നല്കി.

അടുത്ത കുടുംബ സമ്മേളനം 2021 ല്‍

ദിവ്യബലിയുടെ സമാപനത്തിനു മുമ്പ്, അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമാന്‍ കൂരിയാവിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ അടുത്ത ലോക കുടുംബസംഗമത്തിന്‍റെ വേദി റോമിലായിരിക്കുമെന്നും 2021-Ↄ○ ആണ്ടിലായിരിക്കും ഈ സംഗമമെന്നും അറിയിക്കുകയും പാപ്പായ്ക്കും ഒമ്പതാം ലോകകുടുംബസമ്മേളനത്തിന്‍റെ  വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സമാപനാശീര്‍വ്വാദത്തിനു മുമ്പ് പാപ്പാ ഈ കുടുംബസംഗമത്തിന്‍റെ   സാക്ഷാത്ക്കാരത്തിന് ഭിന്നരീതികളില്‍ സഹകരിച്ച സകലര്‍ക്കും നന്ദിയര്‍പ്പിച്ചു. തദ്ദനന്തരം ആശീര്‍വ്വാദം നല്കിയതോടെ ദിവ്യപൂജയ്ക്ക് സമാപനമായി.

വിശുദ്ധ കുര്‍ബ്ബാനാന്തരം സംഘാടകസമിതിയംഗങ്ങളുമായി സങ്കീര്‍ത്തിയില്‍ വച്ച് പാപ്പാ കൂടിക്കാഴ്ച നടത്തി. അതിനുശേഷം പാപ്പാ ഡൊമീനിക്കന്‍ സന്ന്യാസിനികളുടെ ഭവനത്തിലേക്കു പോയി. അയര്‍ലണ്ടിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയുടെ വേദി ഈ ഭവനമായിരുന്നു. 4 അതിരൂപതകളുടെ മെത്രാപ്പോലീത്താമാരും 22 രൂപതകളുടെ മെത്രാന്മാരും 4 സഹായമെത്രാന്മാരും അടങ്ങിയതാണ് അയര്‍ലണ്ടിലെ മെത്രാന്‍ സംഘം. ആര്‍മാ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എയമോണ്‍ മാര്‍ട്ടിനാണ് മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍.

ഡൊമീനിക്കന്‍ സന്ന്യാസിനികളുടെ ഭവനത്തിലെത്തിയ പാപ്പായെ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ സ്വീകരിച്ച് കൂടിക്കാഴ്ചാവേദിയിലേക്കാനയിച്ചു. ആര്‍ച്ച്ബിഷപ്പ് എയമോണ്‍ മാര്‍ട്ടിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പാ മെത്രാന്മാരെ സംബോധന ചെയ്തു.

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ ഡബ്ലിനിലെ വിമാനത്താളത്തിലേക്കു പോയി. അവിടെ പാപ്പായെ യാത്രയയ്ക്കുന്നതിന് അയര്‍ലണ്ടിന്‍റെ പ്രധാനമന്ത്രി ലെയൊ വരാദ്ക്കാറും പത്നിയും സഭാപ്രതിനിധികളും സന്നിഹിതരായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ പാപ്പാ എയര്‍ ലിംഗുസ് വിമാനക്കമ്പനിയുടെ എയര്‍ബസ് 321 ല്‍ കയറി. റോമിലെ ചംപിനൊ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്ന വ്യോമയാനം പ്രാദേശിക സമയം രാത്രി 10.30 ഓടെ ലക്ഷ്യസ്ഥാനത്തെത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2018, 14:39