തിരയുക

Vatican News
പാപ്പായുടെ പൊതുദര്‍ശന ചിന്ത പാപ്പായുടെ പൊതുദര്‍ശന ചിന്ത  (AFP or licensors)

സ്ഥൈര്യലേപനവും പരിശുദ്ധാത്മദാനവും-പാപ്പായുടെ പൊതുദര്‍ശന ചിന്ത

റോമില്‍ പൊതുവെ ചൂടുള്ള കാലവസ്ഥ അനുഭവപ്പെടുന്ന ദിനങ്ങളാണിപ്പോള്‍. ഈ ബുധനാഴ്ചയും (06/06/18) അതിന് അപവാദമായിരുന്നില്ല. അന്ന് പതിവുപോലെ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു.

ജോയി കരിവേലി

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു.ചത്വരത്തിലെത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരെ തന്‍റെ വാഹനത്തിലേറ്റി പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തു കൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ ആദ്യം കുട്ടികളെ ഇറക്കിയതിനു ശേഷം, അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകീട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം.........ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍” (യോഹന്നാന്‍ 20: 19,22)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ സ്ഥൈര്യലേപനകൂദാശയെ അധികരിച്ച് തുടരുന്ന പ്രബോധന പരമ്പരയില്‍ മൂന്നാമത്തേതായി ഈ കൂദാശ സഭയുടെ വളര്‍ച്ചയ്ക്കുള്ളതാണെന്ന് സമര്‍ത്ഥിച്ചു.

പ്രഭാഷണസംഗ്രഹം:

സ്ഥൈര്യലേപനകൂദാശയെ അധികരിച്ചുള്ള വിചിന്തനത്തില്‍ നമ്മള്‍ ആ കൂദാശ സ്വീകരിച്ചവരില്‍ പരിശുദ്ധാരൂപിയുടെ ദാനം ഉളവാക്കുന്ന ഫലങ്ങളെക്കുറിച്ച് പരിചിന്തനം ചെയ്യുകയാണ്. ഈ ദാനം അവരെ അപരര്‍ക്കുള്ള ദാനമാക്കി മാറ്റുന്നു. പരിശുദ്ധാത്മാവാണ് ഈ ദാനം. തൈലം കൊണ്ട് അഭിഷേകം നടത്തുന്ന വേളയില്‍ മെത്രാന്‍ പറയുന്ന വാക്കുകള്‍ നാം ഓര്‍ക്കുക: നിനക്ക് ദാനമായി നല്കപ്പെട്ട പരിശുദ്ധാത്മാവിനെ സ്വീകരിക്കുക”. ആ ദാനം, പരിശുദ്ധാത്മദാനം, അരൂപി, നമ്മില്‍ പ്രവേശിക്കുന്നു. ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാക്കി നമ്മെ മാറ്റുന്നു. മറ്റുള്ളവര്‍ക്ക് നല്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. എന്നും നാം സ്വീകരിക്കുന്നത് നല്കുന്നതിനുവേണ്ടിയാണ്. ആത്മാവിനെ ഒരു സംഭരണശാലയായി കരുതി എല്ലാം സ്വീകരിച്ച് അതിനുള്ളില്‍ സൂക്ഷിച്ചുവയ്ക്കരുത്. നല്കുന്നതിനുവേണ്ടി സ്വീകരിക്കുക. വാസ്തവത്തില്‍ പരിശുദ്ധാരൂപിയാണ് നമ്മെ നമ്മുടെ “ഞാന്‍” എന്ന ഭാവത്തില്‍ നിന്ന് സമൂഹത്തിന്‍റെ "നമ്മള്‍” ഭാവത്തിലേക്ക് തുറവുള്ളവരാക്കുന്നത്.

ക്രിസ്തുവിനോടുള്ള സാദൃശ്യം സ്നാനിതരില്‍ പൂര്‍ത്തിയാക്കിക്കൊണ്ട് സ്ഥൈര്യലേപനം അവരെ സഭയുടെ മൗതികഗാത്രത്തിലെ ജീവനുള്ള അവയവമാക്കി ഉപരിശക്തമായി സംയോജിപ്പിക്കുന്നു. സഭയിലെ അംഗങ്ങളുടെ സഹായത്തോടെയാണ് സഭയുടെ ദൗത്യം ലോകത്തില്‍ മുന്നേറുന്നത്. ചിലരെങ്കിലും ചിന്തിച്ചേക്കാം സഭയില്‍ അധിപന്‍മാരുണ്ടെന്ന്. പാപ്പാ, മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ അധിപന്മാരും മറ്റുള്ളവര്‍ വേലക്കാരും. ഒരിക്കലും അങ്ങനെയല്ല. നാമെല്ലാവരും ചേര്‍ന്നതാണ് സഭ. പരസ്പരം പവിത്രികരിക്കാനും അപരന്‍റെ കാര്യത്തില്‍ കരുതലുള്ളവരായിരിക്കാനും എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. നാം അറിയുന്നവരും, നമ്മള്‍ ഒത്തൊരുമിച്ചു ചരിക്കുന്നവരുമായ വ്യക്തികള്‍ ചേര്‍ന്ന ജീവനുള്ള ഒരു ഗാത്രമായി നാം സഭയെ വീക്ഷിക്കണം. അമൂര്‍ത്തവും വിദൂരസ്ഥവുമായ ഒരു യാഥാര്‍ത്ഥ്യമായിട്ടല്ല നാം സഭയെ കാണേണ്ടത്. സ്ഥൈര്യേലപനകൂദാശ സ്വീകരിച്ചവരെ ആ കൂദാശ ഭൂമിയിലാകമാനം വ്യാപിച്ചുകിടക്കുന്ന സാര്‍വ്വത്രിക സഭയുമായി ബന്ധത്തിലാക്കുന്നു. അവര്‍ അംഗങ്ങളായുള്ളതും അപ്പസ്തോലന്മാരുടെ പിന്‍ഗാമിയായ മെത്രാന്‍ തലവനായുള്ളതുമായ പ്രാദേശിക സഭയുടെ ജീവിതത്തില്‍ സജീവഭാഗഭാഗിത്വമുള്ളവരാക്കിത്തീര്‍ത്തുകൊണ്ടാണ് ഇത് സാധ്യമാക്കിത്തീര്‍ക്കുന്നത്.

ആകയാല്‍ മെത്രാനാണ് സ്ഥൈര്യലേപനകൂദാശയുടെ പരികര്‍മ്മി. അദ്ദേഹമാണ് ആ കൂദാശ സ്വീകരിച്ച വ്യക്തിയെ സഭയില്‍ ഉള്‍ച്ചേര്‍ക്കുന്നത്. സഭാപരമായ ഈ ഉള്‍പ്പെടുത്തല്‍ സ്ഥൈര്യലേപനകൂദാശയ്ക്ക് സമാപനം കുറിക്കുന്ന സമാധാനത്തിന്‍റെ അടയാളത്താല്‍ കൂടുതല്‍ അര്‍ത്ഥ സാന്ദ്രമാക്കപ്പെടുന്നു. വാസ്തവത്തില്‍ മെത്രാന്‍ സ്ഥൈര്യലേപനം സ്വീകരിച്ച ഓരോ വ്യക്തിയോടും പറയുന്നു: “സമാധാനം നിന്നോടു കൂടെ” എന്ന്. ഉയിര്‍പ്പു ദിനത്തില്‍ സായാഹ്നത്തില്‍ ക്രിസ്തു ശിഷ്യര്‍ക്കേകിയ ആശംസയെ ഈ വാക്കുകള്‍ അനുസ്മരിപ്പിക്കുന്നു. മെത്രാനും സകലവിശ്വാസികളും തമ്മിലുള്ള സഭാത്മകമായ കൂട്ടായ്മയെ ആവിഷ്ക്കരിക്കുന്ന ഒരു പ്രവര്‍ത്തിയെ പ്രബുദ്ധമാക്കുന്ന വാക്കുകളായണിവ. സ്ഥൈര്യലേപനത്തില്‍ നമ്മള്‍ പരിശുദ്ധാരൂപിയെയും സമാധാനവും സ്വീകരിക്കുന്നു. ആ സമാധാനം നമ്മള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കണം. ഒരിക്കല്‍ മാത്രം സ്വീകരിക്കുന്ന സ്ഥൈര്യലേപനത്തില്‍ തൈലാഭിഷേകം സൃഷ്ടിക്കുന്ന ആദ്ധ്യാത്മിക ബലതന്ത്രം കാലം മുഴുവന്‍ നിലനില്ക്കുന്നു.

സ്ഥൈര്യലേപനം സ്വീകരിച്ചവര്‍ പരിശുദ്ധാരൂപിയെ കൂട്ടിലടയ്ക്കാനും സ്വാതന്ത്ര്യത്തില്‍ നടക്കുന്നതിന് മുന്നോട്ടു തള്ളുന്ന കാറ്റിനെ പ്രതിരോധിക്കാനും ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി സ്വയം എരിഞ്ഞ് ഇല്ലാതാകുന്നതിലേക്കു നയിക്കുന്ന ഉജ്ജ്വല സ്നേഹാഗ്നിയെ കെടുത്താനും ശ്രമിക്കരുത്. നമ്മുടെ വഴികളില്‍ നാം കണ്ടുമുട്ടുന്നവര്‍ക്ക് വചനപ്രവര്‍ത്തികളാല്‍ സുവിശേഷം പകര്‍ന്നു നല്കുന്നതിനുള്ള ധൈര്യം പരിശുദ്ധാരൂപി നമുക്കു പ്രദാനം ചെയ്യട്ടെ. പ്രവര്‍ത്തികളും വാക്കുകളും, അതായത്, നല്ല വാക്കുകള്‍, രചനാത്മക വാക്കുകള്‍ കൊണ്ട്. നിങ്ങള്‍ ദേവാലയത്തില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍, ദയവുചെയ്ത്, ഓര്‍ക്കുക, നിങ്ങള്‍ക്കു ലഭിച്ച സമാധാനം മറ്റുള്ളവര്‍ക്ക് നല്കാനുള്ളതാണ്. ജല്പനങ്ങളാല്‍ നശിപ്പിക്കാനുള്ളതല്ല. ഇതു നിങ്ങള്‍ മറക്കരുത്. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യേശുവിന്‍റെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിക്കുക

വെള്ളിയാഴ്ച (08/06/18) യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ തിരുന്നാളാണെന്നത് അനുസ്മരിച്ച പാപ്പാ ജൂണ്‍മാസം മുഴുവനും യേശുവിന്‍റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കാനും കരുണാര്‍ദ്രസ്നേഹത്താല്‍ സാന്ദ്രമായ ആ ഹൃദയത്തിന്‍റെ രൂപമായി വൈദികര്‍ മാറുന്നതിന് സ്നേഹസാമീപ്യങ്ങളാല്‍ അവര്‍ക്ക് താങ്ങാകുന്നതിനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ദൈവിക സ്നേഹത്താലുള്ള ആന്തരികപരിവര്‍ത്തനത്തനം

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ജീവിതത്തിനാവശ്യമായ ആത്മീയ പോഷണം യേശുവിന്‍റെ ഹൃദയത്തില്‍ നിന്ന് സ്വീകരിക്കാനും ആ ദൈവിക സ്നേഹത്താല്‍ ആന്തരികമായി രൂപാന്തരപ്പെടുത്തപ്പെട്ട് പുതിയ മനുഷ്യരാകാനും അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

15 July 2018, 16:07