തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ   (AFP or licensors)

മനന-കര്‍മ്മ സമന്വിതം ക്രിസ്തീയ ജീവിത ശൈലി

ക്രിസ്തീയ ജീവിത ശൈലി: യേശുവിന്‍റേതായ വികാരങ്ങളോടുകൂടി അവിടത്തെ സ്നേഹത്താല്‍ വാര്‍ത്തെടുക്കപ്പെടാന്‍ സ്വയം അനുവദിക്കല്‍-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനനവും കര്‍മ്മവും ഇഴചേര്‍ന്നതാകണം ക്രിസ്തീയജീവിതം എന്ന് മാര്‍പ്പാപ്പാ.

ആഗോള ക്രിസ്തീയജീവിത സമൂഹം (വേള്‍ഡ് ക്രിസ്ത്യന്‍ ലൈഫ് കമ്മ്യുണിറ്റി) അര്‍ജന്തീനയിലെ ബുവെനോസ് ഐറെസില്‍ ചേര്‍ന്നിരിക്കുന്ന പതിനേഴാം ലോക സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ക്രിസ്തീയജീവിത സമൂഹം-സിഎല്‍സി- സഭയ്ക്കും ലോകത്തിനും ഒരു ദാനം” എന്നതാണ് 1967 ല്‍ സ്ഥാപിതമായ ഈ സമൂഹത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ നടക്കുന്നതും ചൊവ്വാഴ്ച(31/07/18) സമാപിക്കുന്നതുമായ ഈ സമ്മേളനത്തിന്‍റെ   വിചിന്തന പ്രമേയം.

70 രാജ്യങ്ങളില്‍ നിന്നായി സിഎല്‍സിയുടെ 250 ഓളം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

ധ്യാനാത്മകതയുടെയും കര്‍മ്മോദ്യുക്തതയുടെയും സമന്വയമാണ് ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ആദ്ധ്യാത്മകി ശൈലി എന്ന് തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്ന പാപ്പാ അഹത്തെ മാറ്റിവച്ച് മറ്റുള്ളവരുമായി കണ്ടുമുട്ടുന്നതിന് പുറത്തേക്കിറങ്ങുക എന്ന ഉത്തരവാദിത്വം ഉണ്ടെന്നും ഇത് മനുഷ്യഹൃദയത്തെ സംതൃപ്തമാക്കാന്‍ കഴിയുന്ന ഏക അപ്പമായ യേശുക്രിസ്തുവിന്‍റെ  സനേഹം അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനാണെന്നും പാപ്പാ വിശദീകരിച്ചു.

ധ്യാനവും പ്രവര്‍ത്തനവും കൈകോര്‍ത്തു നീങ്ങുന്ന രണ്ടു മാനങ്ങളാണെന്നും കാരണം ക്രിസ്തുവിന്‍റെ മുറിവുകളിലൂടെ മാത്രമെ നമുക്കു ദൈവത്തിന്‍റെ ഹൃദയത്തില്‍ എത്തിച്ചേരാനാകുകയുള്ളുവെന്നും ഉദ്ബോധിപ്പിച്ച പാപ്പാ, ക്രിസ്തു വിശപ്പനുഭവിക്കുന്നവനിലും വിദ്യാഹീനനിലും പരിത്യക്തനിലും വയോധികനിലും രോഗിയിലും കാരാഗൃഹവാസിയിലും വേധ്യമായ മനുഷ്യശരീരത്തിലും മുറിപ്പെട്ടിരിക്കുന്നുവെന്നു വിശദീകരിച്ചു.

തീക്ഷണമായ ആദ്ധ്യാത്മികജീവിതത്തോടും ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തോടും കൂടിയ ക്രിസ്തീയ ജീവിത ശൈലിയാല്‍ നയിക്കപ്പെടുകയെന്നാല്‍ യേശുവിന്‍റേതായ വികാരങ്ങളോടുകൂടി അവിടത്തെ സ്നേഹത്താല്‍ വാര്‍ത്തെടുക്കപ്പെടാന്‍ സ്വയം അനുവദിക്കലാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

30 July 2018, 12:42