തിരയുക

Vatican News
പാപ്പായുടെ പൊതുദര്‍ശന  പരിപാടി പാപ്പായുടെ പൊതുദര്‍ശന പരിപാടി  (ANSA)

പത്തു പ്രമാണങ്ങള്‍- ഉടമ്പടി ജീവിക്കാനുള്ള വചനങ്ങള്‍- പാപ്പാ

വേനല്‍ചൂടിന്‍റെ കാഠിന്യം രണ്ടു ദിവസമായി ഏറിനില്ക്കുകയാണ് റോമില്‍. എന്നിരുന്നലും ഈ ബുധനാഴ്ചയും(20/06/18) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ മുഖ്യ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു.

- ജോയി കരിവേലി

കേരളത്തില്‍ നിന്നുള്ള 60 പേരടങ്ങിയ ഒരു തീര്‍ത്ഥാടകസംഘവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചത്വരത്തിലേക്കു വരുന്നതിനു മുമ്പ് പാപ്പാ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ വച്ച് രോഗികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. എ എല്‍ എസ്, എം എന്‍ ഡി തുടങ്ങിയ ആംഗല ചുരുക്കസംജ്ഞകളില്‍ അറിയപ്പെടുന്ന ആമിയൊട്രോഫിക് ലാറ്ററല്‍ സ്ക്ലെറോസിസ് എന്ന അപൂര്‍വ്വ രോഗബാധിതരായിരുന്നു ഇവര്‍. നാഡീകോശങ്ങളെ ബാധിച്ച് പേശികളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി ഒരാളെ പൂര്‍ണ്ണമായി തളര്‍ത്തുന്നതുവരെ എത്തുന്ന ഗുരുതരമായ ഈ രോഗത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനുള്ള ലോകദിനം അനുവര്‍ഷം ജൂണ്‍ 21 ന് (ഇക്കൊല്ലം ഈ വ്യാഴാഴ്ച) ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നടക്കാന്‍ പോകുന്ന പൊതുദര്‍ശന പരിപാടിയില്‍ ടെലെവിഷന്‍ സംവിധാനത്തിലുടെ അവര്‍ക്ക് പങ്കുചേരാന്‍ കഴിയുമെന്നു അവരോടു പറഞ്ഞ പാപ്പാ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും അവരുടെ പ്രാര്‍ത്ഥന യാചിക്കുകയും ചെയ്തുകൊണ്ട് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന അവരുമൊത്ത് ചൊല്ലുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തതിനു ശേഷം ചത്വരത്തിലേക്കു പോയി. തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തു കൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി പ്രസംഗവേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“സഹോദരരേ, ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്. അവിടന്ന് ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍ എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവ് ജീവിപ്പിക്കുന്നു.... 17 കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്‍റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.” (വി. പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലോഖനം 3: 5B-6,17)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ കല്പനകളെ അധികരിച്ച് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധനപരമ്പര തുടര്‍ന്നു.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

പ്രഭാഷണ സംഗ്രഹം

ഇന്നത്തെ പൊതുദര്‍ശന പരിപാടി രണ്ടിടത്തായിട്ടാണ് നടക്കുന്നത്. നമ്മള്‍ ഇവിടെ ചത്വരത്തില്‍. പോള്‍ ആറാമന്‍ ശാലയില്‍ 200ലേറെ രോഗികള്‍ ഭീമന്‍ ടെലെവിഷന്‍വഴി ഈ കൂടിക്കാഴ്ചയില്‍ പങ്കുചേരുന്നുണ്ട്. നാമെല്ലാവരും ഒന്നു ചേര്‍ന്ന് ഏക സമൂഹമായിത്തീരുന്നു. അവരെ നമുക്ക് ഒരു കൈയ്യടിയോടെ അഭിവാദ്യം ചെയ്യാം.

കഴിഞ്ഞയാഴ്ച നാം കല്പനകളെ അധികരിച്ചുള്ള ഒരു പ്രബോധനത്തിന് തുടക്കമിട്ടു. കര്‍ത്താവായ യേശു വന്നത് നിയമത്തെ ഇല്ലാതാക്കാനല്ല മറിച്ച് അതിനു പൂര്‍ത്തീകരണമേകാനാണ് വന്നതെന്ന് നാം കണ്ടു. ഈ ഒരു വീക്ഷണം നാം എന്നും കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

വേദപുസ്തകത്തില്‍ കല്പനകള്‍ അവയ്ക്കുവേണ്ടിത്തന്നെ ജീവിക്കപ്പെടുന്നവയല്ല മറിച്ച് അവ ഒരു ബന്ധത്തിന്‍റെ ഭാഗമാണ്. കര്‍ത്താവായ യേശു വന്നത് നിയമത്തെ ഇല്ലാതാക്കാനല്ല മറിച്ച് അതിനു പൂര്‍ത്തീകരണമേകാനാണ് എന്നതില്‍ ഈ ബന്ധം കാണാം. ദൈവും അവിടത്തെ ജനതയുമായുള്ള ഉടമ്പടിയുടെ ബന്ധമാണത്.

പുറപ്പാടിന്‍റെ പുസ്തകത്തില്‍ 20-Ↄ○ അദ്ധ്യായത്തിന്‍റെ തുടക്കത്തില്‍ നാം വായിക്കുന്നു: “ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ” വാക്യം 1.

ദൈവം “ഈ കല്പനകള്‍” എന്നല്ല “ഈ വചനങ്ങള്‍” അരുളിച്ചെയ്തു എന്നാണ് പറയുന്നത്. ഹീബ്രു വിവര്‍ത്തനം ഇതിനെ “ദെക്കാലൊഗൊ” “പത്തു വാക്കുകള്‍” എന്നാണ് വിളിക്കുന്നത്. എന്നിരുന്നാലും അവയ്ക്ക് നിയമങ്ങളുടെ ഒരു രൂപമുണ്ട്. വസ്തുനിഷ്ഠമായി കല്പനകളുടെ രൂപം.

കല്പനയും വാക്കും തമ്മിലുള്ള വിത്യാസം എന്താണ്.? കല്പന സംഭാഷണം ആവശ്യമില്ലാത്ത ഒരു വിനിമയമാണ്. എന്നാല്‍ വചനമാകട്ടെ സംഭാഷണം പോലുള്ള ബന്ധത്തിന്‍റെ അനിവാര്യ മാര്‍ഗ്ഗമാണ്. പിതാവായ ദൈവം അവിടത്തെ വചനത്താലാണ് സൃഷ്ടി നടത്തുന്നത്. അവിടത്തെ പുത്രനാകട്ടെ മാംസംധരിച്ച വചനമാണ്. സ്നേഹം വചനത്താല്‍ പോഷിപ്പിക്കപ്പെടുന്നു. ശിക്ഷണമായാലും സഹകരണമായാലും അപ്രകാരംതന്നെയാണ്. സ്നേഹിക്കാനറിയാത്ത രണ്ടു വ്യക്തികള്‍ക്ക് പരസ്പരം വിനിമയം നടത്താനുമാവില്ല. ആരെങ്കിലും നമ്മുടെ ഹൃദയത്തോടു സംവദിച്ചാല്‍ നമ്മുടെ ഏകാന്തതയ്ക്ക് വിരാമമാകും. കല്പനകള്‍ നമ്മുടെ പ്രത്യുത്തരം പ്രതീക്ഷിക്കുന്ന ദൈവത്തിന്‍റെ വാക്കുകകളാണ്.

ഒരു കല്പന സ്വീകരിക്കുന്നതും നമ്മോടു സംസാരിക്കാന്‍ ശ്രമിക്കുന്നയാളെ മനസ്സിലാക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. സംഭാഷണമെന്നത് ഒരു സത്യം വിനിമയം ചെയ്യുന്നതിനെക്കാളൊക്കെ ഉപരിയാണ്. ഉദാഹരണമായി ഞാന്‍ ഇങ്ങനെ പറയുകയാണ്: ഇന്ന് വസന്തകാലത്തിന്‍റെ അവസാന ദിനമാണ്. ഇത്തവണ നമുക്കനുഭവപ്പെട്ടത് ചൂടുകൂടിയ ഒരു വസന്തമാണ്.. അതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇത് സംഭാഷണത്തിന്‍റെ ആരംഭമാണ്. ഇതു തന്നെ, ഇന്ന് വസന്തകാലത്തിന്‍റെ അവസാന ദിനമാണ് എന്നു പറഞ്ഞവസാനിപ്പിച്ചാല്‍ അത് ഒരു യാഥാര്‍ത്ഥ്യം അവതരിപ്പിക്കല്‍ മാത്രമാകും, അത് സംഭാഷണമല്ല. കല്പനകള്‍ സംഭാഷണമാണ്.

എന്നാല്‍ ആരംഭം മുതല്‍ തന്നെ പ്രലോഭകന്‍, സാത്താന്‍, സ്ത്രീയെയും പുരുഷനെയും കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. നന്മതിന്മകളുടെ വൃക്ഷത്തിന്‍റെ ഫലം തിന്നരുതെന്ന സ്ത്രീക്കും പുരുഷനും ദൈവം ഏകിയ വിലക്ക് അവരെ ദൈവത്തിന്‍റെ ആധിപത്യത്തിന്‍ കീഴിലാക്കാന്‍ ആയിരുന്നുവെന്ന് അവരെ ധരിപ്പിക്കാന്‍ സാത്താന്‍ ശ്രമിച്ചു. അതൊരു അടിച്ചമര്‍ത്തലായിരുന്നോ അതോ സ്വയം നശിക്കുന്നതില്‍ നിന്ന് സ്വന്തം മക്കളെ തടയുന്ന ഒരു പിതാവിന്‍റെ കരുതലായിരുന്നോ? ‌‍

മനുഷ്യന്‍ എന്നും ഈ കവലയ്ക്കു മുന്നിലാണ്. ദൈവം കാര്യങ്ങള്‍ എന്നില്‍ അടിച്ചേല്പിക്കുകയാണോ അതോ എന്നെ പരിപാലിക്കുകയാണോ? കല്പനകള്‍ വെറും നിയമം മാത്രമാണോ അതോ എന്നെ പരിപാലിക്കുന്നതിനുള്ള വാക്കുള്‍ക്കൊള്ളുന്നതാണോ? ഈ പോരാട്ടം നമ്മുടെ ഉള്ളില്‍ നിരന്തരം നടക്കുന്നു. അടിമത്തത്തിന്‍റെ മനോഭാവവും മക്കള്‍ക്കടുത്ത മനോഭാവവും, ഒരായിരം തവണ ഇവയില്‍ നിന്ന് ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്നു.

പരിശുദ്ധാരൂപി മക്കളുടെ അരൂപിയാണ്, യേശുവിന്‍റെ ആത്മാവാണ്. അടിമത്തത്തിന്‍റെ അരൂപിയാകട്ടെ നിയമത്തെ അടിച്ചമര്‍ത്തലിന്‍റെ ഭാവത്തില്‍ മാത്രമാണ് സ്വീകരിക്കുക. അത് രണ്ടു വിരുദ്ധ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും. ഒന്ന് ദൗത്യങ്ങളും കടമകളുമടങ്ങിയ ഒരു ജീവിതം, മറ്റൊന്ന് തിരസ്കരണത്തിന്‍റെ അക്രമാസക്തമായ പ്രതികരണം.

ക്രിസ്തീയ ജീവിതം മുഴുവന്‍ നിയമത്തിന്‍റെ അക്ഷരാര്‍ത്ഥത്തില്‍നിന്ന് ജീവദായക അരൂപിയിലേക്കുള്ള കടക്കലാണ്. പിതാവായ ദൈവത്തിന്‍റെ വചനമാണ് അല്ലാതെ പിതാവിന്‍റെ ശാപമല്ല യേശു. അവിടന്ന് വന്നത് നമ്മെ വിധിക്കാനല്ല, രക്ഷിക്കാനാണ്.

കല്പനകള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ്, എന്തെന്നാല്‍ ഈ യാത്രയില്‍ നമ്മെ സ്വതന്ത്രരാക്കുന്ന പിതാവിന്‍റെ വചനമാണ് അവ. ലോകത്തിനാവശ്യം നിയമാനുസാരിത്വമല്ല കരുതലാണ്. മക്കളുടെ ഹൃദയമുള്ള ക്രൈസ്തവരെയാണ് ലോകത്തിനാവശ്യം... ഇതു നിങ്ങള്‍ മറക്കരുത്. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സര്‍ക്കസ്സുകാരടങ്ങിയ സംഘത്തെ പ്രത്യേകം സംബോധനചെയ്ത പാപ്പാ സൗന്ദര്യം ആത്മാവിനും ശരീരത്തിനും എത്രമാത്രം ഗുണദായകമാണെന്ന് അവര്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ കാണിച്ചുതരുന്നുവെന്ന് ശ്ലാഘിച്ചു. ഈ മനോഹാരിത അവര്‍ ആവിഷ്കരിച്ചത് നീണ്ട മണിക്കുറുകള്‍ നടത്തിയ പരിശീലനത്തിന്‍റെയും കഠിനദ്ധ്വാനത്തിന്‍റെയും ഫലമായിട്ടാണെന്നും സൗന്ദര്യത്തിന്‍റെ ഓരോ ഭാവവും നമ്മെ ദൈവത്തിലേക്കടുപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പൊതുദര്‍ശനപരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ജൂണ്‍ മാസം തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമാണെന്നത് അനുസ്മരിക്കുകയും പ്രതിഫലം കാംക്ഷിക്കാതെ സനേഹിക്കാന്‍ ആ ഹൃദയം എല്ലാവരേയും പഠിപ്പിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ വിളിയോടു വിശ്വസ്തപുലര്‍ത്താന്‍ തനിക്കുവേണ്ടിയും എല്ലാ വൈദികര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി

15 July 2018, 16:20