തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു, 16/05/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു, 16/05/2020 

ക്രിസ്തു, പ്രാപഞ്ചികതയ്ക്ക് എതിരായ ഏക മരുന്ന്!

ലൗകികത, ചമയമിട്ട് സഭയിലുൾപ്പടെ സകലയിടത്തും കടന്നു കയറുന്നു. അത് ക്ഷണികതയുടെയും പ്രകടനപരതയുടെയും ചമയത്തിൻറെയും സംസ്ക്കാരമാണ്. അത് വിശ്വാസത്തെ വെറുത്തുകൊണ്ട് അതിനെ ഇല്ലായ്മചെയ്യുന്നു.- ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലൗകികതയാണ് സഭയെ ബാധിക്കുന്ന ഏറ്റവും വലിയ തിന്മയെന്ന് മാർപ്പാപ്പാ.

വത്തിക്കാനിൽ, താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലുള്ള, കപ്പേളയിൽ ശനിയാഴ്ച (16/05/20 രാവിലെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വചനശുശ്രൂഷാ വേളയിൽ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, “ലോകം നിങ്ങളെ വെറുക്കും” എന്നു യേശു, ശിഷ്യന്മാർക്ക് മുന്നറിയിപ്പു നല്കുന്ന സുവിശേഷഭാഗം, യോഹന്നാൻറെ സുവിശേഷം 15,18-21 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ലൗകികത, ക്ഷണികതയുടെയും പ്രകടനപരതയുടെയും ചമയത്തിൻറെയും സംസ്ക്കാരമാണെന്നു പറഞ്ഞ പാപ്പാ അതിലടങ്ങിരിക്കുന്നത് ഉപരിപ്ലവ മൂല്യങ്ങളാണെന്നും, ഓന്തു നിറം മാറുന്നതു പോലെ, സാഹചര്യത്തിനൊത്തു മാറുന്നതിനാൽ  വിശ്വസ്തത എന്നത് അതിന് അന്യമാണെന്നും വിശദീകരിച്ചു.

സാഹചര്യത്തിനൊത്ത് ഉപയോഗിച്ചു വലിച്ചെറിയുന്നതായ ഒരു സംസ്കൃതിയായ പ്രാപഞ്ചികതയിൽ നിന്ന് ശിഷ്യരെ രക്ഷിക്കാൻ യേശു പിതാവിനോടു പ്രാർത്ഥിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

ലോകത്തിൻറേതായ വ്യഗ്രതകൾ വിശ്വാസത്തെ മുക്കിക്കളയുന്നുവെന്നു പറഞ്ഞ പാപ്പാ അത് വിശ്വാസത്തെ വെറുത്തുകൊണ്ട് അതിനെ ഇല്ലായ്മചെയ്യുന്നുവെന്ന് വിശദീകരിച്ചു.

ലൗകികത, ചമയമിട്ട് സഭയിലുൾപ്പടെ സകലയിടത്തും കടന്നു കയറുന്നുവെന്നും കുരിശിൻറെ ഉതപ്പ് സഹിക്കാൻ അതിനാകില്ലെന്നും പാപ്പാ പറഞ്ഞു.

പ്രാപഞ്ചികതയ്ക്കെതിരായ ഏക മരുന്ന്, നമുക്കായി മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവാണെന്നും ലോകത്തിനെതിരായ വിജയം യേശുവിൽ വിശ്വസിക്കലാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇതിനർത്ഥം മതഭ്രാന്തന്മാരാകുക എന്നല്ല, മറ്റുള്ളവരുമായി സംഭാഷണത്തിലേർപ്പെടാതിരിക്കുക എന്നല്ല എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ലോകം മുന്നോട്ടു വയ്ക്കുന്നതെന്തെന്നും സുവിശേഷം നല്കുന്നതെന്തെന്നും തിരിച്ചറിയാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

നാം വഞ്ചിതരാകാതിരിക്കേണ്ടതിന് ഈ കൃപ ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി. 

 

16 May 2020, 09:35
വായിച്ചു മനസ്സിലാക്കാന്‍ >