തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ദോമൂസ് സാംക്കെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യപൂജ അർപ്പിക്കുന്നു, 15/05/20 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ദോമൂസ് സാംക്കെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യപൂജ അർപ്പിക്കുന്നു, 15/05/20  (Vatican Media)

പാപ്പാ, ലോകകുടുംബദിനം അനുസ്മരിക്കുന്നു!

സ്വതന്ത്യത്തെ ഇല്ലായ്മ ചെയ്യുന്ന കാർക്കാശ്യാരൂപിയിൽ നിന്നു നമ്മെ മോചിപ്പിക്കുന്നതിന് നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം - ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടുംബങ്ങളിൽ സ്നേഹചൈതന്യം വളരുന്നതിനായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

ആഗോള കുടുംബദിനം ആചരിക്കപ്പെട്ട വെള്ളിയാഴ്ച (15/05/20) വത്തിക്കാനിൽ, തൻറെ വാസയിടമായ  “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലുള്ള കപ്പേളയിൽ, രാവിലെ അർപ്പിച്ച ദിവ്യബലിയുടെ തുടക്കത്തിലാണ് ഫ്രാൻസീസ് പാപ്പാ കുടുംബങ്ങളെ അനുസ്മരിച്ചു പ്രാർത്ഥിച്ചത്.

കർത്താവിൻറെ അരൂപി, സ്നേഹത്തിൻറെയും ആദരവിൻറെയും സ്വാതന്ത്ര്യത്തിൻറെയും ചൈതന്യം, കുടുബങ്ങളിൽ വർദ്ധമാനമാകുന്നിന് കർത്താവിനോടു പ്രാർത്ഥിക്കാൻ പാപ്പാ ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ ദിവ്യബലിയിൽ പങ്കുകൊള്ളുകയായിരുന്ന എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.

ഈ ദിവ്യബലിയിൽ വചനശുശ്രൂഷാവേളയിൽ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ അപ്പസ്തോല പ്രവർത്തനങ്ങൾ 15,22-31 വരെയുള്ള വാക്യങ്ങൾ, അതായത്, അപ്പസ്തോലന്മാർ, വിജാതീയരായിരുന്നവരിൽ നിന്ന് ക്രിസ്തുമതവിശ്വാസത്തിലെത്തിയ ചിലരെ തിരഞ്ഞെടുത്ത് ഒരു കത്തും കൊടുത്ത്  ബർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യയിലേക്ക് അയക്കുന്നതും അവിടെ അവർ വചനം പ്രഘോഷിക്കുന്നതുമായ സംഭവം പാപ്പാ വിശകലനം ചെയ്തു.

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിൽ സംതൃപ്തരായിരുന്ന അവരുടെ, മനസ്സിൽ, യൂദയായിൽ നിന്നെത്തിയ ചിലരുടെ പ്രബോധനം, അതായത് ക്രൈസ്തവനാകണമെങ്കിൽ ആദ്യം യഹൂദരായിത്തീരണമെന്ന് അജപാലന,ദൈവശാസ്ത്ര, ധാർമ്മിക തലങ്ങളിലുള്ള വാദങ്ങൾ നിരത്തി ഉദ്ബോധിപ്പിച്ചത്, അസ്വസ്ഥതയ്ക്ക് കാരണമായി എന്ന് പാപ്പാ അനുസ്മരിച്ചു.

ഈ പ്രബോധകർ, വാസ്തവത്തിൽ വിശ്വാസപ്രബോധനത്തെ ഒരു സിദ്ധാന്തമാക്കി തരം താഴ്ത്തുകയാണ് ചെയ്തതെന്നും കൽപ്പനകളുടെതായ ഒരു മതമാണ് അവർ വിഭാവനം ചെയ്തതെന്നും കുറ്റപ്പെടുത്തിയ പാപ്പാ അവർ ആത്മാവിൻറെ സ്വാതന്ത്ര്യം എടുത്തു കളഞ്ഞുവെന്നും കർക്കശക്കാരായിരുന്ന അവർക്ക് സുവിശേഷത്തിൻറെ സന്തോഷം അന്യമായിരുന്നുവെന്നും വിശദീകരിച്ചു. 

യൂദയായിൽ നിന്നുവന്ന പ്രബോധകർ വിശ്വാസികളുടെ മനസ്സാക്ഷിയെ വളച്ചൊടിക്കുകയും വിശ്വാസികളെ കർക്കശക്കാരായി മാറ്റുകയുമാണ് ചെയ്തതെന്നും കാർക്കശ്യം നല്ല അരൂപിയുടേതല്ലെന്നും കാരണം ഈ കാർക്കശ്യം സൗജന്യമായ രക്ഷയെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നതെന്നും  പാപ്പാ പറഞ്ഞു.

ഈ പ്രശ്നം സഭയുടെ ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. 

കാർക്കശക്കാരായ അംഗങ്ങളോടുകൂടിയ ചില സംഘടനകൾ നന്നായി മുന്നോട്ടുപോകുന്നതും എന്നാൽ ഒരു ഘട്ടത്തിൽ അവിടെ അഴിമതി കടന്നു വരുന്നതും നാം കാണുന്നുണ്ടെന്നും കാരണം കാർക്കശ്യമുള്ളിടത്ത് ദൈവത്തിൻറെ അരൂപി ഇല്ല എന്നതാണ് വസ്തുതയെന്നും പാപ്പാ വിശദീകരിച്ചു.

നമ്മുടെ സ്വതന്ത്യത്തെ ഇല്ലായ്മ ചെയ്യുന്ന കാർക്കാശ്യാരൂപിയിൽ നിന്നു നമ്മെ മോചിപ്പിക്കുന്നതിന് കർത്താവിനോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

സാന്ത മാർത്തയിലെ വിശുദ്ധ കുർബ്ബാന 150520

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2020, 09:26
വായിച്ചു മനസ്സിലാക്കാന്‍ >