തിരയുക

തൊഴിലാളികളടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ  ഫ്രാൻസീസ് പാപ്പാ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, മെയ് 01,2020 തൊഴിലാളികളടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, മെയ് 01,2020 

മാനവ തൊഴിലും മാനവാന്തസ്സും!

മാനുഷികമായ തൊഴിൽ ദൈവത്തിൽ നിന്ന് മനുഷ്യനു ലഭിച്ച ഒരു വിളിയാണ്. അത് അവനെ ദൈവത്തോടു സദൃശനാക്കുന്നു. കാരണം ജോലിയിലൂടെ അവൻ സൃഷ്ടി ചെയ്യാൻ പ്രാപ്തനാകുന്നു. ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൊഴിലാളികൾക്ക് ന്യായമായ വേതനവും മാന്യമായ തൊഴിലും വിശ്രമവും ലഭിക്കുന്നതിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.

തൊഴിലാളികളുടെ മദ്ധ്യസ്ഥനയായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാളും ലോക തൊഴിലാളിദിനവും ആചരിക്കപ്പെട്ട മെയ് ഒന്നിന്, വെള്ളിയാഴ്ച (01/05/2020) വത്തിക്കാനിൽ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ പരിശുദ്ധാരൂപിക്കു സമർപ്പിതമായ കപ്പേളയിൽ അർപ്പിച്ച പ്രഭാത ദിവ്യബലിയുടെ തുടക്കത്തിലാണ് ഫ്രാൻസീസ് പാപ്പാ തൊഴിലാളികളെ അനുസ്മരിച്ച് പ്രാർത്ഥിച്ചത്.

ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളികളുടെ സംഘടനയായ "ആക്ലി" (ACLI- Associazioni cristiane dei Lavoratori italiane ) തൊഴിലാളികളുടെ മദ്ധ്യസ്ഥനയായ, തൊഴിലുപകരണമേന്തിയ, വിശുദ്ധ യൗസേപ്പിതാവിൻറെ ഒരു രൂപം കപ്പേളയിൽ ഈ തിരുന്നാൾ പ്രമാണിച്ച് താൽക്കാലികമായി പ്രതിഷ്ഠിച്ചിരുന്നു.

ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ ദൈവം സ്വന്തം ഛായയിലും സാദൃശത്തിലും മനുഷ്യനെ സൃഷ്ടിക്കുന്നതും സൃഷ്ടികർമ്മം പൂർത്തിയാക്കിയ ദൈവം ഏഴാം ദിനം വിശ്രമിക്കുന്നതുമായ സംഭവ വിവരണം, ഉൽപത്തിപ്പുസ്തകം 1,26-2,3 വരെയുള്ള വാക്യങ്ങളാണ് പാപ്പാ സുവിശേഷ വിചിന്തനത്തിന് അവലംബമാക്കിയത്.

തൻറെ ജോലി ദൈവം മനുഷ്യനെ ഏല്പിക്കുന്നുവെന്നും അത് മനുഷ്യൻ അവിടത്തെ സഹകാരിയാകുന്നതിനു വേണ്ടിയാണെന്നും പാപ്പാ വിശദീകരിച്ചു.

മാനുഷികമായ തൊഴിൽ ദൈവത്തിൽ നിന്ന് മനുഷ്യനു ലഭിച്ച ഒരു വിളിയാണെന്നും അത് അവനെ ദൈവത്തോടു സദൃശനാക്കുന്നുവെന്നും കാരണം ജോലിയിലൂടെ അവൻ സൃഷ്ടിക്കാൻ പ്രാപ്തനാകുന്നുവെന്നും പാപ്പാ പറഞ്ഞു.

തൊഴിൽ മനുഷ്യന് ഔന്നത്യം പകരുന്നുവെന്നു പറഞ്ഞ പാപ്പാ ഈ ഔന്നത്യം ചരിത്രത്തിൽ ഏറെ ചവിട്ടിമെതിക്കപ്പെട്ടിട്ടുള്ളതും അടിമത്തത്തിൻറെ വിവിധങ്ങളായ രൂപങ്ങൾ ഇന്നും നിലനിൽക്കുന്നതും അതിജീവനത്തിനായി മനുഷ്യവ്യക്തികൾ അടിമപ്പണി ചെയ്യേണ്ടിവരുന്നതും അനുസ്മരിച്ചു.

നിർബന്ധിത തൊഴിൽ, ഉചിതമായ കൂലിയുടെ അഭാവം, തുടങ്ങിയവ മാനവാന്തസ്സിനെ ചവിട്ടിമെതിക്കുന്നുവെന്നും വ്യക്തികളുടെ ഔന്നത്യം എടുത്തുകളയുന്നുവെന്നും പാപ്പാ പറഞ്ഞു.

കുറഞ്ഞ ദിവസവേതനത്തിൽ അനേകം മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നവരുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ ന്യായമായ കൂലിയും സാമൂഹ്യ സുരക്ഷയും പെൻഷനും നിഷേധിക്കപ്പെടുന്ന വീട്ടുവേലക്കാരുടെ അവസ്ഥ ഉദാഹരിച്ചു.

തൊഴിലാളിയോടു അനീതി കാട്ടുമ്പോഴെല്ലാം മാനവ ഔന്നത്യത്തെ ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നതെന്ന് പാപ്പാ കുറ്റപ്പെടുത്തി.

തൊഴിൽ മേഖലയിൽ നീതി ലഭിക്കുന്നതിനുായി പോരാടുന്നവർക്കുവേണ്ടി വിശ്വാസികളും അവിശ്വാസികളും ഒന്നു ചേർന്ന് മെയ് ഒന്നിന് തൊഴിലാളി ദിനവും തൊഴിൽ ദിനവും ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

നഷ്ടം സഹിക്കേണ്ടിന്നാൽപ്പോലും തൊഴിലാളികൾക്ക് നീതി ഉറപ്പാക്കി മുന്നോട്ടു പോകുന്ന നല്ലവരായ തൊഴിൽദാതാക്കളെയും പാപ്പാ നന്ദിയോടെ ഓർമ്മിച്ചു.

എല്ലാവർക്കും മാന്യമായ തൊഴിൽ ഉണ്ടാകുന്നതിനായുള്ള പോരാട്ടത്തിൽ നമ്മെ സഹായിക്കാൻ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ്  പാപ്പാ വചനവിശകലനം ഉപസംഹരിച്ചത്.  

കോവിദ് 19 മഹാവസന്തയിൽ നിന്ന് മാനവരാശി വിമുക്തമാകുന്നതിനുവേണ്ടിയുള്ള പ്രത്യേക നിയോഗത്തോടു കൂടി ഈ ദിനങ്ങളിൽ പാപ്പാ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയുടെ അവസാനം ദിവ്യകാരുണ്യാരാധന നയിക്കുകയും ദിവ്യകാരുണ്യാശീർവ്വാദം നല്കുകയും ചെയ്യാറുണ്ട്.

പാപ്പാ നയിക്കുന്ന തിരുക്കർമ്മങ്ങളിൽ വിശ്വാസികളുടെ ഭാഗഭാഗിത്വം, ഈ കാലയളവിൽ,  കോവിദ് 19 രോഗപ്രതിരോധനടപടികളുടെ ഭാഗമായി ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലുടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 12:54
വായിച്ചു മനസ്സിലാക്കാന്‍ >