തിരയുക

സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... 

പാപ്പാ: യേശുവിന്റെ സമാധാനം നമ്മെ അപരരിലേക്ക് തുറവുള്ളവരാക്കുന്നു

ഫ്രാൻസിസ് പാപ്പാ സാന്താ മാർത്തയിൽ ഇന്ന് അർപ്പിച്ച ദിവ്യബലിയുടെ ആമുഖത്തിൽ, ഈ മഹാമാരിയുടെ സമയത്ത് ധീരതയുടെ ഉദാഹരണങ്ങളായി മാറിയ നേഴ്സുമാർക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇന്ന് നേഴ്സ്മാരുടെ ദിനമെന്നനുസ്മരിക്കുകയും, അവരുടേത് ഒരു ജോലി എന്നതിനേക്കാൾ ഒരു വിളിയും സമർപ്പണവുമാണെന്ന് ചൂണ്ടികാണിക്കുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. " (യോഹ.14:27) എന്ന് ഇന്നത്തെ സുവിശേഷത്തിൽ  യേശു തന്റെ ശിഷ്യരോടു പറയുന്ന വചനത്തെ ആസ്പദമാക്കിയാണ്  പാപ്പാ തന്റെ വചനപ്രഘോഷണം നടത്തിയത്.

സാന്താ മാർത്തയിൽ പാപ്പാ അർപ്പിച്ച ദിവ്യബലി

കർത്താവിന്റെ സമാധാനവും ലോകത്തിന്റെ സമാധാനവും

കർത്താവ് പോകുന്നതിന് മുമ്പ് തന്റെ ശിഷ്യർക്ക് ആശംസകളർപ്പിച്ച് സമാധാനത്തെ വരമായി നൽകുന്നു. അത് കർത്താവിന്റെ സമാധാനമാണെന്നും, നമ്മളാഗ്രഹിക്കുന്ന യുദ്ധങ്ങളില്ലാത്ത ലോകസമാധാനത്തെക്കുറിച്ചല്ല മറിച്ച് ഹൃദയത്തിലും, ആത്മാവിലുള്ള ആന്തരീക സമാധാനമാണതെന്ന് പാപ്പാ വ്യക്തമാക്കി. ലോകം നൽകുന്ന സമാധാനം പോലല്ല കർത്താവു നൽകുന്ന സമാധാനം എന്നും പാപ്പാ പറഞ്ഞു.

ലോകം നൽകുന്ന സമാധാനം നിന്നെ മറ്റുള്ളവരിൽനിന്ന് നിന്നിലേക്ക് തന്നെ ഒതുക്കുന്നതാണെന്നും, അത് നിന്റെ സമ്പാദ്യമാന്നെന്നു വിചാരിച്ച് നിന്നെ അനസ്തേഷ്യ പോലെ മയക്കുമെന്നും, അത് സ്വാർത്ഥമാണ്, വില കൂടിയതും, ആ സമാധാനം വെറും താല്കാലികവും വന്ധ്യവുമായതിനാൽ  നീ ആ സമാധാനത്തിനായുള്ള ഉപകരണങ്ങൾ പല പ്രാവശ്യം മാറ്റേണ്ടി വരുമെന്നും പാപ്പാ പറഞ്ഞു.

യേശു നൽകുന്ന സമാധാനം നിന്നെ  ചലനാത്മകമാക്കും, മറ്റുള്ളവരിലേക്ക് എത്താനും, സമൂഹം രൂപീകരിക്കാനും, സംവേദനം നടത്താനും പ്രേരിപ്പിക്കും. ലോകം നൽകുന്ന സമാധാനം വില കൂടിയതും യേശു നൽകുന്നത് സൗജന്യവുമാണ്. കർത്താവ് നൽകുന്ന സമാധാനം കർത്താവിന്റെ സമ്മാനമാണ്. അത് ഫലം നൽകുന്നതും മുന്നോട്ടു നയിക്കുന്നതുമാണ്. സുവിശേഷത്തിൽ അറപ്പുരയിൽ ധാന്യം നിറച്ചു  വച്ച് വീണ്ടും വലുതാക്കിപ്പണിയാൻ ആഗ്രഹിച്ച്, നല്ലതു ചെയ്തു എന്ന് വിചാരിച്ച  ധനവാന്റെ ഉദാഹരണം ഉദ്ധരിച്ച പാപ്പാ ലോകം നൽകുന്ന സമാധാനം ഭാവിയുടെ, സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുകയില്ല എന്നും അത് സ്വന്തം കാര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു യേശു നൽകുന്ന സമാധാനം കർത്താവിൽ കേന്ദ്രീകൃതമാണ്. അത് ഇന്നുകളെക്കുറിച്ചല്ല ഭാവിയെക്കുറിച്ചാണെന്ന് പറഞ്ഞ പാപ്പാ, അത് " സ്വർഗ്ഗത്തിന്റെ ഫലങ്ങളോടെ സ്വർഗ്ഗത്തിൽ ജീവിക്കാൻ തുടങ്ങുന്നതാണ്, '' എന്ന് വിശദീകരിച്ചു.

കർത്താവ് പ്രത്യാശ പകരുന്ന, സമൂഹം സൃഷ്ടിക്കുന്ന, സ്വർഗ്ഗത്തിന്റെ ഉറപ്പായ സമാധാനത്തിലേക്ക് കണ്ണു നട്ടിരിക്കുന്ന, സമാധാനം നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ വചന പ്രഘോഷണം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2020, 10:14
വായിച്ചു മനസ്സിലാക്കാന്‍ >