തിരയുക

സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. 

പാപ്പാ: വിശ്വാസത്തിലേക്കുള്ള പ്രതിബന്ധങ്ങൾ

കോവിഡ് -19 മഹാമാരിക്കിരയായവർക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പാ ദിവ്യബലിയിൽ പ്രാർത്ഥിച്ചു. യേശുവിനെ അറിയുന്നതിൽ നിന്ന് നമ്മെ തടയുന്ന നിരവധി മനോഭാവങ്ങളെ കുറിച്ച് വചന സന്ദേശം നൽകുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പകർച്ചവ്യാധി മൂലം മരണമടഞ്ഞവർക്കുവേണ്ടി ഇന്ന്  നമുക്ക് പ്രാർത്ഥിക്കാം. പ്രിയപ്പെട്ടവരുടെ പരിലാളനമില്ലാതെ അവർ ഏകരായി മരിച്ചു. അനേകർക്ക് ശവസംസ്കാര കർമ്മങ്ങൾ പോലും ലഭിച്ചില്ല. ദൈവം തന്റെ മഹത്വത്തിൽ അവരെ സ്വീകരിക്കട്ടെ." എന്ന് ദിവ്യബലിയുടെ ആരംഭത്തിൽ കോവിഡ് -19  മഹാമാരിക്കിരയായവർക്ക് വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

വിശ്വാസത്തിലേക്കുള്ള പ്രതിബന്ധം

"യഹൂദര്‍ അവന്റെ  ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്‌ധവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്‌തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ  നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു." (യോഹ.10:24-25) എന്ന സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചന സന്ദേശം നൽകിയത്.

ഈ സുവിശേഷ ഭാഗം നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കാനുള്ള ക്ഷണമാണെന്ന് പറഞ്ഞ പാപ്പാ 'ഞാൻ വിശ്വസിക്കുന്നുണ്ടോ? എന്നും യേശു എന്ന വാതിലിന്റെ പുറത്ത് എന്നെ നിർത്താൻ എന്താണ് കാരണം? എന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

"മുൻവിധിയുടെ മനോഭാവം" നമ്മെ യേശുവിന്റെ ജ്ഞാനത്തിൽ വളരുന്നതിൽ നിന്ന് പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്ന് പാപ്പാ ചൂണ്ടി കാണിച്ചു.

സമ്പത്തിന്റെ തടവറയിൽ

ക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ നിന്ന് നമ്മെ തടയുന്ന പ്രതിബന്ധങ്ങളുടെ കൂട്ടത്തിലെ പ്രധാനി  ധനമാണെന്ന് പാപ്പാ പ്രബോധിപ്പിച്ചു. നമ്മിൽ പലരും ദൈവത്തിന്റെ വാതിൽക്കൽ പ്രവേശിച്ചെങ്കിലും സമ്പത്തിന്റെ തടവിലായിരിക്കുന്നതിനാൽ ദൈവ പരിജ്ഞാനത്തിൽ തുടരുന്നതിൽ പരാജയപ്പെടുന്നു. സമ്പത്തിനെക്കുറിച്ച് യേശു കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സമ്പത്ത് നമ്മെ മുന്നോട്ടു പോകുവാൻ തടസ്സം സൃഷ്ടിക്കുന്നു എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ നാം ദാരിദ്ര്യത്തിൽ  വീഴേണ്ടതില്ലെന്നും പക്ഷേ, നാം സമ്പത്തിന്റെ അടിമകളാകരുതെന്നും  സമ്പത്ത് ഈ ലോകത്തിന്റെ കർത്താവാണെന്നും നമുക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ലെന്നും പാപ്പാ വ്യക്തമാക്കി.

ദാർഢ്യം സ്വാതന്ത്ര്യത്തെ കവർച്ച ചെയ്യുന്നു

ഹൃദയകാഠിന്യം വിശ്വാസത്തിന്റെ മറ്റൊരു പ്രതിബന്ധമാണെന്ന് പാപ്പാ വ്യക്തമാക്കി. നിയമങ്ങളെ വ്യാഖ്യാനം ചെയ്യുന്നതിനെക്കുറിച്ച് യേശു നിയമജ്ഞരെ കുറ്റപ്പെടുത്തി. കാരണം അതിൽ  വിശ്വസ്ഥതയില്ല. വിശ്വസ്ഥത എപ്പോഴും ദൈവത്തിന്റെ ദാനമാണ്. ദാർഢ്യം തനിക്കുള്ള സുരക്ഷ മാത്രമാണ്.

ഒരുദിവസം തന്നോടു ഉപദേശം ചോദിക്കാൻ ഒരു സ്ത്രീ വന്നതിനെ അനുസ്മരിച്ച പാപ്പാ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്  നടന്ന ഒരു വിവാഹത്തിനു പോയിരുന്നതിനാൽ ഞായറാഴ്ച്ചത്തെ ദിവ്യബലിയിൽ പങ്കെടുക്കുന്നതിന്റെ കര്‍ത്തവ്യം നിർവ്വഹിക്കാമെന്ന് അവൾ കരുതി. എന്നാൽ അന്നത്തെ വായനകൾ ഞായറാഴ്ച്ചത്തെ വായനയുമായി പൊരുത്തപ്പെടുന്നില്ല എന്ന് അവൾക്ക് മനസ്സിലായി. അതുകൊണ്ട് അവൾ മാരക പാപം ചെയ്തുവെന്ന് അവൾക്ക്  തോന്നി. ഈ സംഭവത്തെ അനുസ്മരിപ്പിച്ച പാപ്പാ ദൈവത്തിൽ നിന്നും, അവന്റെ  സൗന്ദര്യത്തിൽ നിന്നും ദാർഢ്യം നമ്മെ അകറ്റുകയും നമ്മുടെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കി.

നിസ്സംഗത, പുരോഹിത പ്രമാണിത്വം വലയിൽ കുടുങ്ങി...

ക്രിസ്തുവിനെകുറിച്ചുള്ള നമ്മുടെ അറിവിൽ വളരുന്നതിൽ നിന്ന് നമ്മെ തടയുന്ന മറ്റു മൂന്നു മനോഭാവങ്ങളാണ് നിസ്സംഗത, പുരോഹിത പ്രമാണിത്വം, ലൗകീകാരൂപി എന്ന് പാപ്പാ വിശദീകരിച്ചു. നിസ്സംഗത അല്ലെങ്കിൽ ഒരു തരം തളർച്ച... അത് മുന്നോട്ടു പോകാനുള്ള നമ്മുടെ ആഗ്രഹം കവർന്നെടുക്കുകയും നമ്മിൽ മന്ദോഷ്ണത ജനിപ്പിക്കുകയും ചെയ്യുന്നു. പുരോഹിത പ്രമാണിത്വം നമ്മെ യേശുവിന്റെ സ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നു. യജമാനനെ നയിക്കാൻ അനുവദിക്കുന്നതിനു പകരം വിശ്വാസത്തിന്റെ വാതിലിൽ പ്രവേശിക്കുന്നതിനു മുമ്പ് പുരോഹിത പ്രമാണിത്വം  പാലിക്കേണ്ട നിയന്ത്രണങ്ങളെ നമ്മിൽ ഏർപ്പെടുത്തുന്നു. ഇത് വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുകയും ക്രിസ്തുവിന്റെ അടുത്തേക്ക് പോകുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭയങ്കരമായ ഒരു രോഗമാണ്.

ലൗകീകാരൂപിയുടെ തടവ്

ലൗകീകാരൂപി വിശ്വാസത്തിന്റെ പടിവാതിൽക്കൽ നിന്നു നമ്മെ തടയുന്നു. ചില ഇടവകകളിൽ കൂദാശകൾ എങ്ങനെയാണ് പരികർമ്മം ചെയ്യപ്പെടുന്നതെന്ന് നമുക്കു ചിന്തിക്കാനാകും. ചില സമയങ്ങളിൽ യേശുവിന്റെ കൃപയും സാനിധ്യവും തിരിച്ചറിയുവാൻ നമുക്ക് കഴിയുന്നില്ല. യേശുവിന്റെ ആട്ടിൻ കൂട്ടത്തിൽ അംഗങ്ങളാകുന്നതിൽ നിന്നും നമ്മെ തടയുന്നു ചില കാര്യങ്ങളാണിവ.

സമ്പത്ത്, നിസ്സംഗത, കാർക്കശ്യം, ലൗകികത, പുരോഹിത പ്രമാണിത്വം, പ്രത്യയശാസ്ത്രങ്ങൾ എന്നിവയുടെ ആടുകളാണ് നാം. ഇവിടെ സ്വാതന്ത്ര്യത്തിന് കുറവുണ്ട്. സ്വാതന്ത്ര്യം ഇല്ലാതെ നമുക്ക് യേശുവിനെ അനുഗമിക്കുവാൻ കഴിയുകയില്ല. ചില സമയങ്ങളിൽ സ്വാതന്ത്ര്യം വളരെയധികം മുന്നോട്ടു പോകുകയും,നാം വഴുതി വീഴുകയും ചെയ്യാം.  

യേശുവിനെക്കുറിച്ചുള്ള അറിവിൽ മുന്നേറാൻ സ്വാതന്ത്ര്യമുണ്ട്. കർത്താവിന്റെ ജ്ഞാനത്തിൽ പുരോഗമിക്കാനായി ഈ പ്രലോഭനങ്ങളിൽ നിന്ന് നാം സ്വതന്ത്രരാണോ എന്ന് ചിന്തിക്കാൻ പാപ്പാ എല്ലാവരോടും ആഹ്വാനം ചെയ്തു. യേശുവാകുന്ന വാതിലിലൂടെ കടന്നു പോകാനും, അവിടുത്തെ ആട്ടിൻകൂട്ടത്തിലെ ആടുകളായി തീരാനും യേശുവിനോടൊപ്പം അതിനപ്പുറത്ത് കടക്കാനും ദൈവം നമ്മെ ദീപ്തമാക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തന്റെ വചനസന്ദേശം ഉപസംഹരിച്ചു.

സാന്താ മാർത്തയിൽ പാപ്പാ അർപ്പിച്ച ദിവ്യബലി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2020, 11:04
വായിച്ചു മനസ്സിലാക്കാന്‍ >