തിരയുക

at the lectern of Santa Marta at the lectern of Santa Marta   (Vatican Media)

ആശ്ചര്യത്തിനും അപ്പുറം ആത്മീയാനന്ദമാണ് അഭികാമ്യം

ഏപ്രില്‍ 16-Ɔο തിയതി വ്യാഴാഴ്ച - സാന്താ മാര്‍ത്തയിലെ വചനസമീക്ഷ

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തകള്‍ :

1. ഉത്ഥാനം നല്കിയ സമ്മിശ്രവികാരങ്ങള്‍
ഉത്ഥാനാന്തരമുള്ള സംഭവങ്ങളില്‍ ജരുസലേത്തുള്ള ജനങ്ങള്‍ക്ക് സമ്മിശ്ര വികാരങ്ങളായിരുന്നു - ചിലര്‍ക്ക് ഭീതിയായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് ആശ്ചര്യമായിരുന്നു, മറ്റു പലര്‍ക്കും സംശയവുമായിരുന്നെന്ന് പാപ്പാ സുവിശേഷത്തിന്‍റെ ഏടുകളില്‍നിന്നും ചൂണ്ടിക്കാട്ടി (ലൂക്കാ 24, 35-48).  ആ ദിനങ്ങളില്‍ ജന്മനാ മുടന്തനായ ഒരു മനുഷ്യനെ പത്രോസും യോഹന്നാനും ചേര്‍ന്ന് ഈശോയുടെ നാമത്തില്‍ അത്ഭുതകരമായി സുഖപ്പെടുത്തിയതില്‍ സോളമന്‍റെ മണ്ഡപത്തില്‍വച്ച് വീണ്ടും അവരെ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ട ജനങ്ങള്‍ തടിച്ചുകൂടുവാന്‍ തുടങ്ങി. എന്നാല്‍ അവിടെ ഒരു സമാധാനപൂര്‍ണ്ണായ അന്തരീക്ഷമായിരുന്നില്ല. കാരണം, എല്ലാവര്‍ക്കും അപ്പോസ്തോലന്മാര്‍ ഉണര്‍ത്തിയ ആശ്ചര്യത്തോടൊപ്പം ജനങ്ങള്‍ക്ക് അവരെ സംശയവുമായിരുന്നെന്ന് പാപ്പാ വിശദീകരിച്ചു.

2. സന്തോഷത്തിലേറെ സംശയം പ്രകടിപ്പിച്ചവര്‍
ഉത്ഥിതായ ക്രിസ്തു ശിഷ്യന്മാരുടെ പക്കലേയ്ക്കു ചെന്നു. അവിടുന്ന് ഉത്ഥാനം ചെയ്തത് അവര്‍ക്കാറിയാം. പത്രോസിനോട് അവിടുന്ന് ഉത്ഥാനദിന രാവില്‍ സംസാരിച്ചതായിരുന്നു. എമാവൂസിലേയ്ക്ക് ഓടിപ്പോയ ശിഷ്യന്മാര്‍ക്കും ഉത്ഥിതനെക്കുറിച്ച് അറിവുണ്ടായിരുന്നു. അവര്‍ യേശുവിന്‍റെ സാന്നിദ്ധ്യം അറിഞ്ഞവരും, അവിടുന്ന് അവര്‍ക്ക് എല്ലാം തിരുവെഴുത്തുകളില്‍നിന്നു വിവരിച്ചുകൊടുത്ത് സംശയ നിവാരണം വരുത്തിയതുമായിരുന്നു. എന്നിട്ടും ശിഷ്യന്മാരുടെ ജരൂസലേമിലെ കൂട്ടായ്മയ്ക്ക് അവിടുന്നു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടി വിറങ്ങലിച്ച ഭീതിയാല്‍ അവര്‍ ഒരു ഭൂതത്തെ കാണുകയാണെന്നു വിചാരിച്ചു. ഗലീലിയാ കടലില്‍ ഒരിക്കല്‍ ഈശോ വെള്ളത്തിനു മീതെ നടന്ന് അവരുടെ പക്കലെത്തിയപ്പോഴും ശിഷ്യന്മാര്‍ ഭയന്നത് അവിടുത്തെ കണ്ടപ്പോള്‍ ഒരു ഭൂതമാണെന്നു വിചാരിച്ച സംഭവം പാപ്പാ അനുസ്മരിപ്പിച്ചു.

3. തൊട്ടു വിശ്വസിച്ചവര്‍
പത്രോസ് ഉത്ഥിതനെ മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍ അവിടുത്തെ തിരിച്ചറിഞ്ഞു. എന്നാല്‍ അയാള്‍ ആ കൂട്ടായ്മയില്‍ നിശ്ശബ്ദനായിരുന്നു. ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പത്രോസിനോട് അവിടുന്ന് എന്താണ് പറഞ്ഞതെന്നും ആര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ മറ്റു ശിഷ്യരുടെ മനസ്സുകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. അതുകൊണ്ടാവാം ഭൂതമാണെന്നു കരുതി അവര്‍ ഭയന്നത്. അവര്‍ അസ്വസ്ഥരാകുന്നതും, മനസ്സില്‍ സംശയിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും എന്തിനെന്ന് ക്രിസ്തു അവരോട് ആരാഞ്ഞു. തന്‍റെ കൈകളും കാലുകളും വിലാവും കാണുന്നില്ലേയെന്നാണും അവരോട് അവിടുന്നു ചോദിച്ചിട്ട്, അവയിലെ ആണിപ്പാടുകള്‍ കാണിച്ചുകൊടുത്തു. സ്വര്‍ഗ്ഗീയ സമ്മാനമായി ക്രിസ്തു മനുഷ്യര്‍ക്കായ് ഇനി പിതൃസന്നിധിയിലെ നിത്യമദ്ധ്യസ്ഥനാണെന്ന് അവര്‍ക്ക് മനസ്സിലായില്ലെന്ന് പാപ്പാ വിശദീരിച്ചു. അതിനാലായിരുന്നു തന്‍റെ കൈകാലുകള്‍ സ്പര്‍ശിച്ച് ബോദ്ധ്യപ്പെട്ടു വിശ്വാസിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടത്. അവര്‍ അപ്രകാരം ചെയ്തെങ്കിലും ആശ്ചര്യംകൊണ്ട് അവര്‍ മനം കലങ്ങിയവരായിരുന്നെന്ന് പാപ്പാ വ്യഖ്യാനിച്ചു.

4. ഫലശൂന്യമായ ആശ്ചര്യവും
അമിതമായ സന്തോഷവും

ആശ്ചര്യംകൊണ്ട് അവര്‍ക്ക് വിശ്വാസിക്കാനായില്ലെന്ന സുവിശേഷകന്‍റെ പ്രയോഗം ഏറെ ശ്രദ്ധേയമാണ്. ഉത്ഥിതനെ കണ്ട ആശ്ചര്യവും ആനന്ദവുമായിരിക്കാം അവിടുത്തെ വിശ്വസിക്കുന്നതില്‍നിന്നും അവരെ പിന്‍തിരിപ്പിച്ചതെന്നും, എന്നാല്‍ അത് യഥാര്‍ത്ഥ സന്തോഷമായിരിക്കില്ലെന്നും പാപ്പാ പ്രസ്താവിച്ചു. അമിതമായ സന്തോഷമാണ് അവരുടെ വിശ്വാസത്തെ കെടുത്തിയത്. അവര്‍ ആനന്ദപാരവശ്യത്താല്‍ മന്ദീഭവിച്ചവരായിപ്പോയെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതുകൊണ്ടാണ് അവര്‍ ഉത്ഥിതനില്‍ വിശ്വസിക്കാതിരുന്നതെന്നും പാപ്പാ സമര്‍ത്ഥിച്ചു.

5. ആത്മീയാനന്ദത്തിന്‍റെ മറ്റു സംഭവങ്ങള്‍
പൗലോസ് അപ്പസ്തോലന്‍ തന്‍റെ ലേഖനത്തില്‍ റോമിലെ ജനങ്ങള്‍ക്കു നല്കുന്ന ആശംസ ആനന്ദത്തിന്‍റേതാണ്. പ്രത്യാശയുടെ ദൈവം നിങ്ങളെ ആനന്ദപൂരിതരാക്കട്ടെയെന്ന് അപ്പസ്തോലന്‍ ആശംസിച്ചത് പാപ്പാ ചൂണ്ടിക്കാട്ടി. ആനന്ദത്താല്‍ നിറയുക! അത് ദൈവിക വെളിപ്പെടുത്തലില്‍നിന്നു ലഭിക്കുന്ന ഏറെ സമുന്നതമായ സമാശ്വാസത്തിന്‍റെ അനുഭവമാണെന്നും, ദൈവികമായ ആനന്ദം നിറഞ്ഞു കവിയുന്ന ആത്മീയ സംതൃപ്തിയാണെന്നും പാപ്പാ വിശേഷിപ്പിച്ചു. ദൈവികനിറവിന്‍റെ ആനന്ദത്തെക്കുറിച്ച് പിന്നീട് പൗലോശ്ലീഹാ ആവര്‍ത്തിക്കുന്നത്, ജയിലില്‍നിന്നും അത്ഭുതകരമായി ഒരു ഭൂമി കുലുക്കത്തോടെ മോചിതനായ സംഭവത്തിലാണ്. ജയിലിന്‍റെ കവാടങ്ങള്‍ താനേ തുറന്ന് പുറത്തുവന്ന ശ്ലീഹായെ കണ്ട് ആശ്ചര്യപ്പെട്ട് ഭയചകിതനായ കാവല്‍ക്കാരന്‍ ആത്മഹത്യചെയ്യാന്‍ ഒരുങ്ങവെ അപ്പസ്തോലന്‍ അയാളെ രക്ഷിക്കുന്നു. വചനം രേഖപ്പെടുത്തുന്നത്, തുടര്‍ന്ന് അയാള്‍ സന്തോഷാധിക്യത്താല്‍ യേശുവില്‍ വിശ്വസിക്കുകയും, ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു.
അതുപോലെ ഷണ്ഡനായിരുന്ന എത്യോപ്യക്കാരന്‍ ഗജനാവു സൂക്ഷിപ്പുകാരനെ അപ്പസ്തോലന്‍ ഫിലിപ്പോസ് വചനം വ്യാഖ്യാനിച്ചു നല്കി, ജ്ഞാനസ്നാനപ്പെടുത്തിയപ്പോള്‍ അയാള്‍ ആനന്ദപൂര്‍ണ്ണനായി യാത്രതുടര്‍ന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും പാപ്പാ പരാമര്‍ശിച്ചു.

6. നിറസന്തോഷമായ ക്രിസ്ത്വാനുഭവം
അതുപോലെ ഗലീലിയില്‍വച്ച് ആശ്ചര്യകരമായി സ്വര്‍ഗ്ഗാരോഹണത്തിന് സാക്ഷികളായ അപ്പസ്തോലന്മാര്‍ ആനന്ദത്തോടെ ജരൂസലേമിലേയ്ക്കു മടങ്ങിയെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നിറസന്തോഷമാണ്. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയക്കാരോടു പറയുന്നതുപോലെ, ആനന്ദം അരൂപിയുടെ നിറവാണ്. അത് വികാരത്തള്ളിച്ചയോ, ആശ്ചര്യത്തിന്‍റെ പൊട്ടിത്തെറിയോ അല്ല. ദൈവാരൂപി ജീവിതത്തില്‍ ഇല്ലെങ്കില്‍ ഒരുവന് യഥാര്‍ത്ഥമായ സന്തോഷം അനുഭവിക്കാനാവില്ല. അതുപോലെ ദൈവാത്മാവിന്‍റെ സന്തോഷം അനുഭവിക്കുന്നത് കൃപയാണെന്നും പാപ്പാ വിശേഷിപ്പിച്ചു.

7. സുവിശേഷാനന്ദത്തിന്‍റെ നവചൈതന്യം
പോള്‍ ആറാമന്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം (Evangelii Nuntiandi) സുവിശേഷ പ്രഘോഷണം, യേശുവിന്‍റെ സുവിശേഷം തരുന്ന ആനന്ദത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്, അവിടുത്തെ സുവിശേഷസന്ദേശം നല്കുന്നത് ജീവിതാനന്ദവും വിശ്വാസാനന്ദവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. വീണ്ടും നെഹേമിയായുടെ ഗ്രന്ഥത്തില്‍ ഇസ്രായേല്യേരുടെ ജീവിതാനന്ദത്തിലേയ്ക്കും പാപ്പാ വിരല്‍ചൂണ്ടി. കര്‍ത്താവിന്‍റെ കല്പനകള്‍ പാലിച്ചു ജീവിച്ചിരുന്നവര്‍ ജരൂസലേമില്‍വന്ന് കല്പനകളുടെ ഫലകം കണ്ടപ്പോള്‍ അവര്‍ ആനന്ദത്താല്‍ കണ്ണുനീര്‍ പൊഴിച്ചപ്പോള്‍, നെഹേമിയ അവരെ ആശ്വസിപ്പിച്ചത്, കരയാതെ ദൈവികാനന്ദത്തില്‍ ജീവിക്കണമെന്നാണ്. കാരണം ദൈവം തരുന്ന ആനന്ദമാണ് നമുക്ക് ജീവിതത്തില്‍ കരുത്താകേണ്ടതെന്ന, വചനഭാഗം പാപ്പാ ഉദ്ധരിച്ചു.

8. ഉപസംഹാരം
വചനത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആനന്ദവുമായി മുന്നോട്ടു പോകേണ്ടത് ഇന്നത്തെ നവജനമായാ ക്രൈസ്തവരാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ അരുപിയുടെ വരദാനമായ ആനന്ദം, ആന്തരിക ആനന്ദം തരണമേയെന്ന് പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.
 

16 April 2020, 13:42
വായിച്ചു മനസ്സിലാക്കാന്‍ >