"വഞ്ചനയുടെ ബുധനാഴ്ച"യെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സാന്താ മാര്‍ത്തയിലെ വചനവേദി
പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ഏപ്രില്‍ 8-Ɔο തിയതി ബുധനാഴ്ച രാവിലെ ദിവ്യബലി അര്‍പ്പിക്കവെ വചനചിന്തയിലാണ് സുവിശേഷഭാഗത്തെ അധികരിച്ച് പാപ്പാ യൂദാസിന്‍റെ വഞ്ചന വചനചിന്തനത്തിന് ആധാരമാക്കിയത്. വലിയ ആഴ്ചയിലെ ബുധനാഴ്ച യൂദാസ് തന്‍റെ ഗുരുവിനെ ഒറ്റുകൊടുക്കുക മാത്രമല്ല, 30 വെള്ളി നാണയങ്ങള്‍ക്ക് വില്പന നടത്തുകയും ചെയ്ത സംഭവമാണ് സഭ അനുസ്മരിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
2. ഇന്നിന്‍റെയും കഥയാണ് മനുഷ്യവില്പന
മനുഷ്യര്‍ മനുഷ്യരെ വില്ക്കുന്ന കാര്യം പറയുമ്പോള്‍ എല്ലാവരും ആഫ്രിക്കയില്‍നിന്നും അമേരിക്കയിലേയ്ക്ക് മനുഷ്യരെ അടിമകളാക്കി കൊണ്ടുപോയ ചരിത്രം മാത്രമേ പറയാറുള്ളൂ. എന്തിന് ഇന്ന് യാസിദി പെണ്‍കുട്ടികളെ ഇറാക്കിന്‍റെയും ലെബനോണിന്‍റെയും ദയേഷ് പ്രവിശ്യയില്‍ വില്പന നടത്തുന്നില്ലേയെന്നു പാപ്പാ ചോദിച്ചു. ഇതും അകലെയാണ്, എന്നാല്‍ ഇന്ന് ഈ മഹാമാരിയുടെ ദുരന്തത്തിനിടയില്‍ യൂദാസിനെപ്പോലെ മനുഷ്യക്കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നവരുണ്ടെന്ന് പാപ്പാ തന്‍റെ വചനചിന്തയില്‍ ഖേദപൂര്‍വ്വം പങ്കുവച്ചു.
3 . കുടുംബങ്ങളില്‍ നടക്കുന്ന കച്ചവടം
സഹോദരങ്ങളെ അധോലോക സംഘങ്ങള്‍ക്ക് വില്ക്കുമ്പോള്‍, ന്യായമായ വേദനമോ, സൗകര്യങ്ങളോ ഇല്ലാത്തിടങ്ങളില്‍ ഈ പാവങ്ങള്‍ അന്യായമായി ജോലിചെയ്യുവാനും പീഡിപ്പിക്കപ്പെടുവാനും ഇടയാകുന്നുണ്ടെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു. സ്വസ്ഥമായി ജീവിക്കുവാന്‍വേണ്ടി ചിലര്‍ ചെയ്യുന്ന മറ്റൊരു പരിപാടി, സ്വന്തം മാതാപിതാക്കളെ മാറ്റി പാര്‍പ്പിക്കുകയാണ്, അല്ലെങ്കില്‍ അവരെ വൃദ്ധമന്ദിരത്തിലോ, മറ്റാരുടെയെങ്കിലും സംരക്ഷണയിലോ തുച്ഛമായ പണത്തിന് ഏല്പിക്കുന്നു. എന്നിട്ട് അവരുടെ സൗകര്യങ്ങളെല്ലാം സ്വന്തമാക്കി, ഇഷ്ടമുള്ളപോലെ മക്കള്‍ ജീവിക്കുവാന്‍ തുടങ്ങുന്നു. ഇതും യൂദാസിനെപ്പോലെയുള്ള അന്യായമായ വില്പനയും വഞ്ചനയുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് സമര്‍ത്ഥിച്ചു. സ്വന്തം അമ്മയെ വില്ക്കുന്നവന്‍, എന്ന് ചിലരെക്കുറിച്ചു പറയാറുണ്ട്. പറയുകമാത്രമല്ല, അതു ചെയ്യുന്നവര്‍ വര്‍ദ്ധിച്ചുവരികയാണെന്നും അവരെ ശ്രദ്ധിക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് താക്കീതുനല്കി.
4. ഇന്നത്തെ അധോലോകക്കാര്‍
മനുഷ്യക്കടത്തും കച്ചവടവും പൂര്‍വ്വകാലത്തേതുപോലെ ഇന്നും വ്യാപകമാകുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തെയും പണത്തെയും ഒരുപോലെ സേവിക്കാനാവില്ലെന്നു പ്രസ്താവിച്ച പാപ്പാ, അവയില്‍ ഒന്നിനെ നാം തിരഞ്ഞെടുക്കണമെന്നും ഉദ്ബോധിപ്പിച്ചു. ദൈവത്തെ തിരഞ്ഞെടുക്കുന്നവര്‍ ദൈവിക നന്മയിലും നീതിയിലും സഹോദര സ്നേഹത്തിലും വ്യാപൃതരാകുമെന്നു പാപ്പാ ചൂണ്ടിക്കാട്ടി. മറിച്ച് പണത്തെ സനേഹിക്കുന്നവര്‍ അതിന് അടിമകളാകുകയും, തിന്മയ്ക്ക് കീഴ്പ്പെട്ടു ജീവിക്കേണ്ടിവരികയും ചെയ്യുമെന്ന് പാപ്പാ വ്യക്തമാക്കി. എന്നാല്‍ പണത്തെ അമിതമായി സേവിച്ചുകൊണ്ട്, ദൈവത്തെയും സ്നേഹിക്കുന്നുണ്ടെന്നു നടിക്കുന്നവര്‍ സമൂഹത്തില്‍ മാന്യരായി തലപൊക്കി നടക്കുകയും, മനുഷ്യക്കടത്തിന്‍റെയും വില്പനയുടെയും, അധര്‍മ്മത്തിന്‍റെയും അനീതിയുടെയും അധോലോക സാമ്രാജ്യം (mafia) സമൂഹത്തില്‍ കെട്ടിപ്പടുക്കുകയും ചെയ്യുകയാണെന്ന് പാപ്പാ ആരോപിച്ചു.
5. ശിഷ്യന്‍ വഞ്ചകനായ കഥ
യൂദാസിന്‍റെ കഥയും കാലവും കഴിഞ്ഞു. എന്നാല്‍ അയാള്‍ക്കിന്ന് ധാരാളം ശിഷ്യഗണങ്ങളുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. അവര്‍ യൂദാസിന്‍റെ ശിഷ്യന്മാര്‍ മാത്രമല്ല, പിശാചുക്കളെപ്പോലെയാണെന്ന് പാപ്പാ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി. യൂദാസ് ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായിരുന്നു. യേശു അയാളെ വിളിക്കുകയും ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. അയാള്‍ നല്ല മനുഷ്യനായിരുന്നു. എന്നാല്‍ മനസ്സ് പണത്തിലേയ്ക്കു മെല്ലെ ചാഞ്ഞു. അയാള്‍ കൂട്ടത്തിലായിരുന്നെങ്കിലും, പണത്തോട് ആര്‍ത്തി മൂത്തപ്പോള്‍ ഒരു ശിഷ്യന്‍റെ മനമോ, ഹൃദയമോ, സംസാരമോ, കാഴ്ചപ്പാടോ അയാള്‍ക്ക് ഇല്ലാതായി. ഇന്നത്തെ ആദ്യവായനയില്‍ അതു നാം കേള്‍ക്കുന്നുണ്ട്. കര്‍ത്താവ് തന്‍റെ ശിഷ്യനെ അഭ്യസിപ്പിച്ചതും, എപ്രകാരം അവന്‍റെ കാതും മനവും തുറന്നുവെന്നും പ്രവാചക ഗ്രന്ഥത്തിലെ സഹനദാസന്‍റെ രൂപം വിശദമാക്കുന്നുണ്ട്. എന്നാല്‍ യൂദാസ് പ്രകാശത്തിന്‍റെ വഴിയില്‍നിന്നും മാറി, തീക്കൊള്ളിയുടെയും തീയുടെയും പൊള്ളുന്ന പാതയിലേയ്ക്ക് കാലുമാറി. എന്നാല്‍ അത്തരക്കാര്‍ തളര്‍ന്നുവീഴുമെന്ന് പ്രവാചകന്‍ പ്രഘോഷിക്കുന്നതു പാപ്പാ ചൂണ്ടിക്കാട്ടി (ഏശയ 50. 4-9).
6. സുബോധം നഷ്ടപ്പെട്ട യൂദാസ്
ലാസറിന്‍റെ ഭവനത്തിന്‍വച്ച് അയാളുടെ സഹോദരി മേരി യേശുവിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി വരവേറ്റപ്പോള്‍, സ്ഥലത്തുണ്ടായിരുന്ന യൂദാസ് പിറുപിറുത്തു. ആ തൈലം മൂന്നു ദനാറയ്ക്കു വിറ്റ്, കാശു പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ? എന്നാണ് അയാള്‍ ആരാഞ്ഞത്. ഇതു കേട്ട സുവിശേഷകന്‍ കുറിക്കുന്നത്, അവന്‍ ഇതു പറഞ്ഞത് പാവങ്ങളോടുള്ള സ്നേഹത്തെ പ്രതിയായിരുന്നില്ല, മറിച്ച് പണത്തോടുള്ള ആര്‍ത്തികൊണ്ടും, അവന്‍ ഒരു കള്ളനായിരുന്നതിനാലുമാണ് എന്നാണ് (ജോണ്‍ 12, 1-8). പണത്തോടുള്ള ആര്‍ത്തി ഒരുവനെ നിയമം തെറ്റിക്കുന്നവനും, മോഷ്ടാവും, വഞ്ചകനുമാക്കി മാറ്റും. അന്യായമായി ആദ്യം കുറച്ചു സമ്പാദിക്കുന്നവര്‍, അതുവഴി ആര്‍ത്തിയോടെ പിന്നെയും പിന്നെയും പണത്തിനുവേണ്ടി എന്തും ചെയ്യുവാന്‍ മടിക്കാത്തവരായി മാറുന്നത് ഒരു ജീവിത രീതിയായി മാറുന്നത് ഖേദകരമാണെന്ന് പാപ്പാ വിശദീകരിച്ചു. നല്ലവനായിരുന്ന യൂദാസ് തന്‍റെ ഗുരുവിനുവേണ്ടി യഹൂദപ്രമാണികളോട് വിലപേശുന്ന അവസ്ഥയിലേയ്ക്ക് അവസാനം തരംതാഴുന്നു. യേശുവിനെ നേരില്‍ ചൂണ്ടിക്കാണിച്ചു തന്നാല്‍ നിങ്ങള്‍ എനിക്കെന്തു തരുമെന്ന വിലപേശലാണ് ചുംബനംകൊണ്ടുള്ള ഒറ്റുകൊടുക്കലിനു വഴിതെളിച്ചത്. പണത്തിന്‍റെ ആര്‍ത്തിമൂത്ത യൂദാസിന്‍റെ ആ ഘട്ടത്തിലെ മനസ്സ് സുബോധം നഷ്ടപ്പെട്ടതായിരുന്നിരിക്കണമെന്ന് പാപ്പാ വ്യാഖ്യാനിച്ചു.
7. യൂദാസു നരകത്തിലോ...?
തന്നെ ഒറ്റുകൊടുക്കാന്‍ പോകുന്നവന്‍ ജനിക്കാതിരുന്നെങ്കില്‍ എന്ന് അന്ത്യത്താഴ വേളയില്‍ യേശു പ്രസ്താവിച്ചെങ്കിലും, ഗദ്സേമിനിയില്‍ ഒരു ചുംബനത്തിന് തന്നെ ഒറ്റുകൊടുത്തപ്പോള്‍ അവനെ അഭിസംബോധചെയ്തത്, "സ്നേഹിതാ...," എന്നാണ്. ഒരു ചുംബനംകൊണ്ട് ഗുരുവിനെ നീ ഒറ്റുകൊടുക്കുന്നോ, എന്നായിരുന്നു! യേശുവിന്‍റെ ശിഷ്യത്വം തനിക്കു നഷ്ടപ്പെട്ടുവെങ്കിലും, അവസാനം യൂദാസിനെ ഒരു സ്നേഹിതനായി അവിടുന്നു തന്നെ പരിഗണിച്ചതിനാല്‍, അയാള്‍ നരകത്തില്‍ നശിക്കാന്‍ ഇടയില്ലെന്നു താന്‍ വിശ്വസിക്കുന്നതായി പാപ്പാ അഭിപ്രായപ്പെട്ടു.
8. സ്ഥാപനവത്കൃതമാകുന്ന യൂദാസിന്‍റെ പൈശാചികത
യൂദാസില്‍ പിശാചു പ്രവേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. പിശാച് അവന് എല്ലാം വാഗ്ദാനംചെയ്തു. അവസാനം നൈരാശ്യത്തില്‍ തൂങ്ങി മരിക്കാവുന്ന അവസ്ഥയിലേയ്ക്ക് അവനെ കൊണ്ടെത്തിച്ചു. യേശുവിനോടുള്ള അയാള്‍ക്കുണ്ടായിരുന്ന സ്നേഹത്താലും, താന്‍ ചെയ്ത കുറ്റത്തിന്‍റെ പാരവശ്യത്താലും ദുഃഖിതനും നിരാശനുമായി പുരോഹിതന്മാരുടെ പക്കലേയ്ക്ക് മാപ്പിനായി യൂദാസ് ഓടിയെങ്കിലും, അയാളെ അവര്‍ കൈക്കൊണ്ടില്ല. അവന്‍ ചെയ്തതു ചെയ്തുവെന്നും, കിട്ടാനുള്ള പണം അവനു തന്നുകഴിഞ്ഞെന്നു പറഞ്ഞ് യഹൂദാചാര്യന്മാര്‍ അവനെ പുറംതള്ളി. അവര്‍ അയാളെ സ്വയം നശിക്കാനായി കൈവിടുകയാണു ചെയ്തത്.
ഇന്ന് പൈശാചികത സ്ഥാപനവത്കൃതമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. യൂദാസിനെക്കുറിച്ച് ഈ ദിവസങ്ങളില്‍ ചിന്തിക്കുമ്പോള്‍, ജീവിത തിരഞ്ഞെടുപ്പ് വ്യക്തിഗതമാണെന്ന് പാപ്പാ എല്ലാവരെയും ഓര്‍പ്പിച്ചു. തിന്മയുടെയോ നന്മയുടേതോ... ജീവിത തിരഞ്ഞെടുപ്പ് നിങ്ങളുടെയും എന്‍റെയും വ്യക്തിഗതമായ തിരഞ്ഞെടുപ്പും തീരുമാനവുമാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.
9. ആത്മീയ ദിവ്യകാരുണ്യസ്വീകരണവും ആശീര്‍വ്വാദവും
കുര്‍ബ്ബാനയിലെ ദിവ്യകാരുണ്യസ്വീകരണാനന്തരം പാപ്പാ ഫ്രാന്‍സിസ് മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവര്‍ക്കായി ആത്മീയ ദിവ്യകാരുണ്യസ്വീകരണത്തിന്‍റെ സ്വയം പ്രേരിതമായ പ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് പരിശുദ്ധകുര്‍ബ്ബാനയുടെ ഹ്രസ്വമായ ആരാധന നടത്തി. അവസാനം
പാപ്പാ നല്കിയ ആശീര്‍വ്വാദത്തോടെയാണ് സാന്താ മാര്‍ത്ത കപ്പേളയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായത്.