തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സാന്താ മാർത്തയിലെ കപ്പേളയിൽ ദിവ്യ ബലി അർപ്പിക്കുന്നു 24/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സാന്താ മാർത്തയിലെ കപ്പേളയിൽ ദിവ്യ ബലി അർപ്പിക്കുന്നു 24/04/2020 

ഇടയൻ നൽകേണ്ടവനാണ്, ഇടയൻറെ അധികാരം സേവനവും -മാർപ്പാപ്പാ

ഇടയൻറെ അധികാരം സേവനമാണ്, ഇതിൽ നിന്നു വ്യതിചലിച്ചാൽ ഇടയൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയായിരിക്കും ചെയ്യുക. ഇവിടെ ഇടയൻ ഇടയനല്ലാതാകുകയും വെറും കാര്യസ്ഥനായി മാറുകയും ചെയ്യും, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി, താളക്രമം തകരാറിലാക്കിയിരിക്കുന്ന വിദ്യഭ്യാസ ലോകത്തിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.

കൊറോണവൈറസ് ദുരന്തത്തിൻറെ ഈ വേളയിൽ ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുകയെന്ന പ്രത്യേക നിയോഗത്തോടുകൂടി അനുദിനം വത്തിക്കാനിലെ തൻറെ വാസയിടമായ “ദോമൂസ് സാക്തെ മാർത്തെ” മന്ദിരത്തിലുള്ള കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ചത്തെ (24/04/20) വിശുദ്ധ കുർബ്ബാനയുടെ ആരംഭത്തിലാണ് വിദ്യഭ്യാസലോകം ഇപ്പോൾ നേരിടുന്ന വെല്ലുളികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ധ്യാപകാദ്ധ്യേതാക്കൾക്കായി പ്രാർത്ഥിച്ചത്.

ഇൻറർനെറ്റും ഇതര മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്ന അദ്ധ്യാപകർക്കും പരിചിതമല്ലാത്ത ഒരു രീതിയിൽ പരീക്ഷ എഴുതേണ്ടിവരുന്ന വിദ്യാർത്ഥികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ മാദ്ധ്യമങ്ങളിലൂടെ ഈ ദിവ്യബലിയിൽ പങ്കുചേർന്ന എല്ലാവരെയും ക്ഷണിച്ചു.

കോവിദ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി വത്തിക്കാനിലും തിരുക്കർമ്മങ്ങളിൽ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയിരിക്കയാണ്.

വെള്ളിയാഴ്ചത്തെ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, അപ്പവും മീനും യേശു വർദ്ധിപ്പിക്കുന്ന അത്ഭുത സംഭവം രേഖപ്പെടുത്തിയിരുക്കുന്ന യോഹാന്നാൻറെ സുവിശേഷം 6,1-15 വരെയുള്ള വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ, ഈ അത്ഭുത സംഭവത്തിൽ തെളിയുന്നത് തൻറെ ജനത്തിൻറെ ചാരെ ആയിരിക്കാൻ യേശു ശ്രമിക്കുന്നതും ഇടയൻറെ അധികാരത്തെ സേവനമാക്കി മാറ്റുന്നതുമാണെന്നു വിശദീകരിച്ചു.

ജനങ്ങളുടെ ചാരെ ആയിരിക്കാൻ ശ്രമിക്കുന്ന യേശു, ജനങ്ങളെ തന്നിലേക്കടുപ്പിക്കാതിരിക്കാൻ ചിലപ്പോൾ ശ്രമിക്കുന്ന ശിഷ്യരെ തിരുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഇടയന്മാരെ തേടുകയും സമൂർത്തമായ കാര്യങ്ങൾ ഇടയന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവജനം  ഇടയന്മാരെ തളർത്തിയെന്നുവരാം എന്നു പറഞ്ഞ പാപ്പാ, വിശന്നിരിക്കുന്ന ജനത്തിന് ഭക്ഷണം കൊടുക്കാൻ യേശു ശിഷ്യന്മാരോടു പറയുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, ഇടയന്മാർ.  ദൈവജനത്തിൻറെ ആവശ്യങ്ങൾ നറവേറ്റിക്കൊടുക്കേണ്ടവരാണെന്നും സദാ അവരുടെ ചാരെ ആയിരിക്കേണ്ടവരാണെന്നും ഓർമ്മിപ്പിച്ചു.

ഇടയന്മാരെ സംബന്ധിച്ചിടത്തോളം മൗലികമായ ഒരു കാര്യമാണിതെന്ന് പാപ്പാ വിശദീകരിക്കുകയും ഇയന്മാർ ജനത്തിന് നല്കേണ്ടവരാണ് എന്ന്  ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ജനത്തിന് ആഹാരം നല്കിയതിനു ശേഷം യേശു, പിതാവിനോടു പ്രാർത്ഥിക്കാൻ മലയിലേക്കു പോകുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഇത് ഇടയനുണ്ടായിരിക്കേണ്ട “ചാരെ ആയിരിക്കുക” എന്ന കടമയുടെ രണ്ടു മാനങ്ങളാണെന്ന് വ്യക്തമാക്കി.

അതായത് ജനത്തിൻറെയും ഒപ്പം ദൈവ പിതാവിൻറെയും ചാരെ ആയിരിക്കണം ഇടയൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഭക്ഷിച്ചു തൃപ്തരായപ്പോൾ ചിലർ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ അധികാരമെന്ന പ്രലോഭനമാണ് ഇവിടെ വിവക്ഷ എന്നു വ്യക്തമാക്കി.

ഇടയൻറെ അധികാരം സേവനമാണെന്നും ഇതിൽ നിന്നു വ്യതിചലിച്ചാൽ ഇടൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയായിരിക്കും ചെയ്യുകയെന്നും ഇവിടെ ഇടയൻ ഇടയനല്ലാതാകുകയും വെറു കാര്യസ്ഥനായി മാറുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

ജനങ്ങളുടെ ചാരെ ആയിരിക്കാൻ ഭയപ്പെടാതിരിക്കാനുള്ള അനുഗ്രഹം ഇടയന്മാർക്ക് ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2020, 12:02
വായിച്ചു മനസ്സിലാക്കാന്‍ >