ക്രിസ്തീയ ധീരത, പരിശുദ്ധാത്മാവിൻറെ ദാനം!
ജോയി കരിവേലി,വത്തിക്കാൻ സിറ്റി
കൊറോണവൈറസ് ബാധിതരായ അംഗവൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്ന ഭിഷഗ്വരന്മാരും നഴ്സുമാരും അടങ്ങിയ ആരോഗ്യപ്രവർത്തകർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.
കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമേയെന്ന പ്രത്യേക പ്രാർത്ഥനാനിയോഗത്തോടുകൂടി അനുദിനം, വത്തിക്കാനിൽ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ, ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചത്തെ (18/04/20) വിശുദ്ധ കുബ്ബാനയുടെ തുടക്കത്തിലാണ് ഇവരെ അനുസ്മരിച്ചു പ്രാർത്ഥിച്ചത്.
ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങൾ, അപ്പസ്തോലപ്രവർത്തനങ്ങൾ 4,13-21 വരെയും, മർക്കോസിൻറെ സുവിശേഷം 16,9-15 വരെയുമുള്ള വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ ക്രൈസ്തവനുണ്ടായിരിക്കേണ്ട ധൈര്യം നിഷ്കളങ്കത എന്നീ പുണ്യങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.
പ്രധാന പുരോഹിതന്മാരുടെ ഭീഷണിയെ അവഗണിച്ച് പത്രോസും യോഹന്നാനും സധൈര്യം വെട്ടിത്തുറന്ന് അവരോടു പറയുന്നു: “ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ. എന്തെന്നാൽ ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല”
ഈ സരളത, അഥവാ, നിഷ്കപടത പ്രഭാഷകരുടെ ഒരു ശൈലിയാണെന്ന് പാപ്പാ പറഞ്ഞു.
സരളതയെ ദ്യോതിപ്പിക്കുന്ന “പറെസ്സീയ” (parrhesia) എന്ന ഗ്രീക്കു പദത്തിനു വിശദീകരണം നല്കവെ പാപ്പാ ക്രൈസ്തവൻറെ ധൈര്യം അവനെ സ്വാതന്ത്ര്യത്തോടുകൂടി സംസാരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഈ ധൈര്യം പരിശുദ്ധാരൂപിയുടെ ദാനമാണെന്നും ഉദ്ബോധിപ്പിച്ചു.
എന്നാൽ പത്രോസിനെയും യോഹന്നാനെയും താക്കീതു ചെയ്ത മതനേതാക്കളുടെ ഹൃദയങ്ങൾ മലിനമായിരുന്നുവെന്നും നിഷ്കളങ്കതയ്ക്കു മുന്നിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഇത്തരം ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ പരിശുദ്ധാരൂപിക്കാകില്ലെന്നും പാപ്പാ വിശദീകരിച്ചു.
നാം പാപികളാണ് എന്നാൽ മലിനഹൃദയമുള്ളവരാകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മലിനത ഭിന്നരീതികളിൽ ആവിഷ്കൃതമാകുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്തു.
വിശ്വാസാനുസൃതം ജീവിക്കുന്നതിനാലാണ് ക്രൈസ്തവന് സത്യം പറയാൻ സാധിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
ധൈര്യമുള്ളവരായിരിക്കുക എന്നതിനർത്ഥം വിവേകരഹിതർ എന്നല്ലയെന്നും ക്രീസ്തീയമായ ധൈര്യം എന്നും വിവേചനശക്തിയുള്ളതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.