തിരയുക

from the lectern of santa marta from the lectern of santa marta  (AFP or licensors)

മനസ്സില്‍ ഒളിച്ചുവച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ പുറത്തെടുക്കാം

മാര്‍ച്ച് 26 വ്യാഴാഴ്ച – പാപ്പാ ഫ്രാന്‍സിസിന്‍റെ വചനധ്യാനം

1.  സാന്താ മാര്‍ത്തയിലെ വചനവേദി
വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആദ്യവായന പുറപ്പാടിന്‍റെ ഗ്രന്ഥഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (പുറപ്പാട് 32, 7-14). സീനായ് മലയില്‍ മോശ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കവെയാണ് താഴെ ജനങ്ങള്‍ ആരോണിന്‍റെ നേതൃത്വത്തില്‍ കാളക്കുട്ടിയെ ഉണ്ടാക്കിയത്. മോശയുടെ അഭാവത്തില്‍ ജനങ്ങളെ വഴിതെറ്റിച്ച ബുദ്ധിശൂന്യനായ പുരോഹിതനായിരുന്നു ആരോണെന്ന് പാപ്പാ വിശേഷിപ്പിച്ചു, കാരണം അയാളാണ് ജനങ്ങളില്‍നിന്നും വെള്ളിയും സ്വര്‍ണ്ണവും ശേഖരിച്ച്, അവ ഉരുക്കി കാളക്കൂട്ടിയെ ഉണ്ടാക്കാന്‍ സഹായിച്ചത്.

2. കര്‍ത്താവിന്‍റെ മഹത്വം
കാളക്കുട്ടിക്കു കൊടുത്തവര്‍

ഹൊറേബില്‍ അവര്‍ ലോഹംകൊണ്ടു വിഗ്രഹമുണ്ടാക്കി കര്‍ത്താവിന്‍റെ മഹത്വം പുല്ലുതിന്നുന്ന ഒരു കാളക്കുട്ടിക്കു നല്കിയെന്ന് സങ്കീര്‍ത്തകന്‍ അതിനെചൊല്ലി വിലപിച്ചു. ദൈവം മോശയോടു പറഞ്ഞത്, ഈജിപ്തിലെ അടിമത്വത്തില്‍നിന്നു താന്‍ മോചിച്ച ജനം വഴിപിഴച്ചിരിക്കുന്നു. മോശയോട് ദൈവം അപ്പോള്‍ മലയിറങ്ങി ജനമദ്ധ്യത്തിലേയ്ക്കു ചെല്ലാന്‍ ആവശ്യപ്പെട്ടു. ദൈവിക വഴികള്‍ വിട്ടുമാറിയാണ് അവര്‍ നടന്നത്. അവര്‍ കാളക്കുട്ടിയുടെ മുന്നിലാണ് സാഷ്ടാംഗംപ്രണമിച്ചതും ബലിയര്‍പ്പിച്ചതും. മോശയ്ക്കായ് കാത്തിരിക്കാന്‍ ജനങ്ങള്‍ക്ക് ക്ഷമയില്ലായിരുന്നു. അവര്‍ ഒരു ആഘോഷവും മേളവും പാട്ടും കൂത്തുമാണ് ആഗ്രഹിച്ചത്. പ്രകടനപരതയുള്ള ഇപ്പോഴത്തെ ഒരു ആരാധനക്രമംപോലെ, ഇലക്ട്രോണിക്ക് കൊട്ടും തുടിയുമൊക്കെയുള്ള ആഘോഷം. ഒച്ചപ്പാട് ദൂരെനിന്നു കേട്ടുകൊണ്ടാണ് മോശ മലയിറങ്ങിവന്നതെന്ന് പാപ്പാ വേദഗ്രന്ഥത്തില്‍നിന്നും വിവരിച്ചു.

3. അടിമത്വത്തിന്‍റെ വിരുന്നുമേശ തേടുന്നവര്‍
ജനങ്ങളിലെ ഒരു ഭ്രമമാണ് ഉച്ചപ്പാടും ബഹളവുമുള്ള ഈജിപ്തിലെ വിഗ്രഹാരാധനയുടെ രീതികളിലേയ്ക്കു തിരികെപ്പോകണമെന്നത്. അതിന് നേതൃത്വംകൊടുത്ത ആരോണിനെപ്പോലെയുള്ള പൊള്ളയായ പുരോഹിതന്മാര്‍ ദേവാലയങ്ങളിലെ ഇന്നിന്‍റെ കോലാഹലങ്ങളുടെ തിരുത്താന്‍ വൈകിയ ക്രമകേടുകള്‍ക്ക് മൗനസമ്മതം കൊടുക്കുന്നവരാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. മരുഭൂമിയുടെ പരീക്ഷണ ഘട്ടത്തിലെ‍ ജലവും മന്നയും കാടപ്പക്ഷിയുമൊക്കെ അവര്‍ക്കു മടുത്തു. അവരുടെ മോഹം ഈജിപ്തിലെ ഉള്ളിപ്പാത്രവും മാംസച്ചട്ടിയുമാണ്. പിന്നെ വിഗ്രഹാരാധനയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളും മോഹിപ്പിക്കുന്ന ആര്‍ഭാടങ്ങളും. എന്നാല്‍ അത് അടിമത്വത്തിന്‍റെ വിരുന്നുമേശയാണെന്ന് അവര്‍ മറന്നുപോയി. അതിനാല്‍ വിഗ്രഹാരാധനയും വിഗ്രഹങ്ങളും ഇന്നും ഒരോരുത്തരുടെയും തിരഞ്ഞെടുപ്പാണെന്ന് പാപ്പാ താക്കീതുനല്കി.

4. കഴുത്തില്‍ കുരിശും ഹൃദയത്തില്‍ വിഗ്രഹവും
വിഗ്രഹങ്ങളുടെ പിറകെപോകുന്നവര്‍ ചിലതെല്ലാം നഷ്ടമാക്കുന്നുണ്ട്. ആരോണ്‍ വിഗ്രഹമുണ്ടാക്കാന്‍ ജനങ്ങളുടെ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും ആഭരണങ്ങള്‍ വാങ്ങി, ഉരുക്കി. അവര്‍ക്ക് പുറപ്പാടിന്‍റെ നാളില്‍ ഈജിപ്തിലെ ജനങ്ങള്‍ ദാനമായി കൊടുത്ത സ്വര്‍ണ്ണവും വെള്ളിയുമാണ് വിഗ്രഹമുണ്ടാക്കാന്‍ ഉരുക്കിയത്. അതുപോലെ വ്യക്തിജീവിതത്തിന്‍റെ മൂല്യങ്ങളും നന്മയും ഇഷ്ടവിഗ്രഹങ്ങള്‍ക്കും, രഹസ്യ വിഗ്രഹങ്ങള്‍ക്കുംവേണ്ടി നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ അനുദിന ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാമെന്ന് പാപ്പാ വ്യക്തമാക്കി. എന്‍റെ കഴുത്തില്‍ കുരിശും, കൊന്തയും, മാതാവുമാണ് എന്നൊക്കെ പറയാം. എന്നാല്‍ വിഗ്രഹം ഹൃദയത്തിലാണ് രഹസ്യമായി പ്രതിഷ്ഠിക്കപ്പെടുന്നതെന്ന്  പാപ്പാ പറഞ്ഞു. ജീവിക്കുന്ന ദൈവത്തില്‍നിന്നും നമ്മെ അകറ്റുന്നതും, ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നതുമായ വിഗ്രഹങ്ങളാണ് നാം ഈ തപസ്സില്‍ കണ്ടെത്തേണ്ടതും ഉപേക്ഷിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥം പറയുന്ന റെയ്ച്ചല്‍ തന്‍റെ പിതാവിന്‍റെ ആഭരണങ്ങള്‍ എടുത്ത് ഒട്ടകത്തിന്‍റെ മേലാപ്പില്‍ ഒളിച്ചുവെച്ചപോലെ, ഹൃദയത്തില്‍ ഒളിപ്പിച്ചിരിക്കുന്ന ഇഷ്ടവിഗ്രഹങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകാമെന്നും പാപ്പാ സൂചിപ്പിച്ചു (ഉല്പത്തി 31, 34).

5. തിരകെ വരാനുള്ള വഴിയും സമയവും
ലൗകായത്വമാകാം, ആര്‍ഭാടങ്ങളാകാം നമ്മുടെ ജീവിതത്തിലെ ഒരു വിഗ്രഹം. ഇസ്രായേല്‍ കാളക്കുട്ടിയുടെ മുന്നില്‍ നൃത്തംചവിട്ടുകയും, ആടിപ്പാടുകയും, സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തുവെങ്കില്‍, നാമും അതുപോലെ തെറ്റായ ആരാധനയും, ആരാധനക്രമരീതികളും ആത്മീയതയും ഇന്നു വളര്‍ത്തിയെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതുപോലുള്ള വിഗ്രഹങ്ങളെ പൂജിച്ചു ജീവിക്കുന്നര്‍ ദൈവിക വഴികള്‍ വിട്ട് വിഗ്രഹങ്ങളുടെ പിറകെ പോകുന്നവരാണ്... അവര്‍ വഴിതെറ്റിയവരാണ്. നാം ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മാനവിക യാത്രകളുടെ നിഗൂഢമായ ഊടുവഴികളില്‍നിന്നും വെളിച്ചത്തിന്‍റെ ദൈവിക വഴികളിലേയ്ക്കും, അനുതാപത്തിന്‍റെ വഴിയിലേയ്ക്കും തിരികെവരാനുള്ള സമയമാണ് ഈ തപസ്സുകാലം. ദൈവകൃപയ്ക്കായ് ഹൃദയങ്ങള്‍ തുറക്കാമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടാണ് പാപ്പാ വചനവിചിന്തനം ഉപസംഹരിച്ചത്.

6. ആരാധനയും ആശീര്‍വ്വാദവും
ദിവ്യകാരുണ്യ സ്വീകരണത്തെ തുടര്‍ന്ന് പാപ്പാ ഹ്രസ്വമായ ആരാധന നടത്തി. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സമാപനാശീര്‍വ്വാദം നല്കുകയും ചെയ്തു. സ്വയം പ്രേരിതനായി പാപ്പാ പ്രാര്‍ത്ഥിച്ചു :

"യേശുവേ, പരിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സകലത്തിനെക്കാളും ‍ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ ആത്മീയമായി സ്വീകരിക്കാന്‍ എന്നുള്ളം ഏറെ കൊതിക്കുന്നു. ആത്മീയമായി അങ്ങ് എന്‍റെ ഹൃത്തടത്തില്‍ വരണമേ. എന്‍റെ ഹൃദയത്തില്‍ അങ്ങയെ ഞാന്‍ ആശ്ലേഷിക്കുകയും, അങ്ങില്‍ ഞാന്‍ ആനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങില്‍നിന്നും അകന്നുപോകാന്‍ അങ്ങ് ഇടയാക്കരുതേ!"

പരിശുദ്ധാത്മാവിനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാന്താമാര്‍ത്തയിലെ കൊച്ചുകപ്പേള വിട്ടുപോകുന്നതിനു മുന്‍പ് പാപ്പാ കന്യാകാനാഥയുടെ സ്വരൂപത്തിനു മുന്നില്‍നിന്നുകൊണ്ട് സ്വര്‍ഗ്ഗരാജ്ഞിയേ വാഴ്ക...! (Ave Regina Caelorum) എന്ന ഗീതം ആലപിച്ചു.
 

26 March 2020, 18:04
വായിച്ചു മനസ്സിലാക്കാന്‍ >