തിരയുക

പാപ്പാ ദിവ്യകാരുണ്യനാഥന്‍റെ ആശീര്‍വ്വാദം നല്‍കുന്നു. പാപ്പാ ദിവ്യകാരുണ്യനാഥന്‍റെ ആശീര്‍വ്വാദം നല്‍കുന്നു. 

ദിവ്യബലിയില്‍ പ്രായമായവർക്കായി പാപ്പാ പ്രാർത്ഥിച്ചു.

മാര്‍ച്ച് പതിനേഴാം തിയതി ചൊവ്വാഴ്ച രാവിലെ സാന്താ മാർത്തയിൽ ദിവ്യബലി ആരംഭിക്കുന്നതിനുമുമ്പ്, ഫ്രാൻസിസ് മാർപാപ്പാ എല്ലാവരോടും “ഏകാന്തതയിൽ കഷ്ടപ്പെടുന്ന” പ്രായമായവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

ദിവ്യബലി ആരംഭിക്കുന്നതിനു മുമ്പ് പാപ്പാ ഉരുവിട്ട ആദ്യത്തെ വാക്കുകൾ “ഇന്ന് നാം പ്രായമായവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു. പ്രായമായവർ ഈ സമയത്ത് വലിയ ഏകാന്തതയും ഒരു പക്ഷേ ഭയവും അനുഭവിക്കുന്നുവെന്ന് വെളിപ്പെടുത്തി.

നമുക്ക്  വിജ്ഞാനവും, ജീവിതവും, ചരിത്രവും പകര്‍ന്ന് നൽകിയ നമ്മുടെ മുത്തശ്ശി- മുത്തച്ഛന്മാർക്കും, പ്രായമായ എല്ലാവർക്കും കരുത്ത് പകരാൻ അവരുടെ സമീപത്തായിരിക്കട്ടെ എന്ന് ദൈവത്തോടു പ്രാർത്ഥിക്കാം. പ്രാർത്ഥനയോടെ നമുക്ക് അവർക്ക് സമീപത്തായിരിക്കാം എന്ന് പാപ്പാ ആവശ്യപ്പെട്ടു. മത്തായിയുടെ സുവിശേഷത്തിൽ (18:21-35) നിന്നുള്ള പാപമോചനത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനത്തെ കുറിച്ചാണ് പാപ്പാ വചന സന്ദേശം നല്‍കിയത്.

സാഹോദര്യം ദൈവനന്മയെ ആകർഷിക്കുന്നു

സാഹോദര്യ ഐക്യത്തെക്കുറിച്ചുള്ള ഒരു “ഉപദേശം” യേശു നമുക്കു നല്‍കി കൊണ്ടാണ് കടന്നു പോയതെന്ന് പറഞ്ഞ പാപ്പാ “ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ നിറവേറ്റിത്തരും.”(cf മത്താ 18:19) എന്ന തിരുവചനത്തെ അനുസ്മരിക്കുകയും ചെയ്തു.“സഹോദരങ്ങൾ തമ്മിലുള്ള ഐക്യം, സൗഹൃദം, സമാധാനം എന്നിവ ദൈവത്തിന്‍റെ നന്മയെ ആകർഷിക്കുന്നു.” പാപ്പാ വ്യക്തമാക്കി.

എപ്പോഴും ക്ഷമിക്കുക

ആരോടെങ്കിലും ഏഴുതവണ ക്ഷമിക്കുന്നത് മതിയോ എന്ന പത്രോസിന്‍റെ ചോദ്യത്തിന്,  ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണമെന്ന യേശുവിന്‍റെ മറുപടി അർത്ഥമാക്കുന്നത് “എപ്പോഴും നാം ക്ഷമിക്കണം” എന്നാണെന്ന് ഓര്‍മ്മിപ്പിച്ചു. “ക്ഷമിക്കാൻ എളുപ്പമല്ല. കാരണം നമ്മുടെ സ്വയം കേന്ദ്രീകൃ‍തമായ ഹൃദയം എപ്പോഴും വിദ്വേഷം, പ്രതികാരം, നീരസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്വേഷത്താൽ നശിച്ചു പോകുന്ന കുടുംബങ്ങളെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്…. അത് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നു. മാതാപിതാക്കളുടെ ശവപ്പെട്ടിക്ക് മുന്നിൽ നിൽക്കുന്ന സഹോദരങ്ങൾ പോലും ചിലപ്പോൾ മുൻകാല നീരസം വച്ച് പരസ്പരം അഭിവാദ്യം ചെയ്യാതെ പോകുന്നു. സ്നേഹത്തോടുള്ള അടുപ്പത്തേക്കാൾ വിദ്വേഷത്തോടുള്ള അടുപ്പം ശക്തമാണെന്ന് തോന്നുന്നു.” എന്ന് പാപ്പാ പ്രബോധിപ്പിച്ചു.

ദൈവം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു

പലപ്പോഴും ചെറിയ കാര്യങ്ങളിൽ പോലും,നാശം വിതയ്ക്കുന്ന വിദ്വേഷത്തെ പിശാച്  നമ്മില്‍ ജനിപ്പിക്കുന്നുവെന്ന് സൂചിപ്പിച്ച് പാപ്പാ ഇതാണ് പിശാചിന്‍റെ നിധിയെന്ന് വിശദീകരിച്ചു. “കുറ്റപ്പെടുത്താനല്ല, ക്ഷമിക്കാനാണ് ദൈവം വന്നത്.  അവിടുന്ന് തന്നോടു  ചേര്‍ന്നു നില്‍ക്കുകയും, എല്ലാം മറക്കുകയും ചെയ്യുന്ന പാപിക്കുവേണ്ടി വിരുന്നൊരുക്കാന്‍  കഴിവുള്ള ദൈവമാണ്. ദൈവം നമ്മോടു ക്ഷമിക്കുമ്പോൾ നാം ചെയ്ത എല്ലാ തിന്മകളെയും അവിടുന്ന് മറക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഇത് ദൈവത്തിന്‍റെ രോഗമാണെന്ന് ആരോ പറഞ്ഞതായും ദൈവത്തിന് ഓര്‍മ്മയില്ലെന്നും, ഈ സന്ദർഭങ്ങളിൽ  ദൈവത്തിന് തന്‍റെ ഓർമ്മ നഷ്ടപ്പെടുമെന്നും വ്യക്തമാക്കി.  നമ്മുടെയും, അനേകം പാപികളുടെയും വൃത്തിഹീനമായ പാപകഥയെക്കുറിച്ചുള്ള ഓർമ്മ നഷ്ടപ്പെടുന്നുവെന്നും,ക്ഷമിക്കാൻ എങ്ങനെ പഠിക്കണമെന്ന് അവിടുന്ന് നമ്മോടു ആവശ്യപ്പെടുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ വെളിപ്പെടുത്തി.

സ്വർഗ്ഗ പ്രവേശനത്തിനുള്ള വ്യവസ്ഥ

“നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന്‌ നിന്നോടു എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍, കാഴ്‌ച്ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.” (മത്താ 5:24) എന്ന മറ്റൊരു സുവിശേഷ ഭാഗത്തെ ഓർമ്മിപ്പിച്ചു കൊണ്ട്  നമുക്കെതിരെ  മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അവരുമായി അനുരഞ്ജനപ്പെടാന്‍ ആവശ്യപ്പെടുന്നുവെന്നും  “ഒരു കൈയിൽ എന്നോടു സ്നേഹവും മറുവശത്ത് നിങ്ങളുടെ സഹോദരനോടോ സഹോദരിയോടോ വെറുപ്പുമായി എന്‍റെ അടുക്കൽ വരരുതെന്ന്  ദൈവം പറയുന്നത് പോലെ ക്ഷമയെ കുറിച്ച്  പ്രഭാഷണത്തില്‍ സൂചിപ്പിച്ച പാപ്പാ  ഇത് ഗ്രഹിക്കാനും,  അഹങ്കരിക്കാതിരിക്കാനും, ക്ഷമിക്കുന്നതിൽ വലിയവരാകാനും  നമ്മുടെ തല താഴ്ത്താനും ദൈവം നമ്മെ സഹായിക്കട്ടെയെന്ന പ്രാർത്ഥനയോടെ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചു.

ദിവ്യകാരുണ്യ ആരാധന

ദിവ്യബലി അവസാനത്തിൽ  ആരാധനയ്‌ക്കായി ദിവ്യകാരുണ്യത്തെ എഴുന്നെള്ളിപ്പിച്ച് ഫ്രാൻസിസ് പാപ്പായും, സാന്താ മാര്‍ത്തയിലുണ്ടായിരുന്ന കുറച്ചുപേരും ആരാധനയിൽ  പങ്കെടുത്തു. അതിന്ശേഷം ദിവ്യകാരുണ്യനാഥന്‍റെ ആശീര്‍വ്വാദം എല്ലാവര്‍ക്കും നല്‍കി.

പാപ്പാ അര്‍പ്പിച്ച ദിവ്യബലി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2020, 16:21
വായിച്ചു മനസ്സിലാക്കാന്‍ >