തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. 

പാപ്പാ:പാപികളല്ലെന്ന് നടിക്കുന്നത് കപടതയാണ്

മാര്‍ച്ച് പത്താം തിയതി, പാപ്പാ സാന്താ മാർത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയിൽ കൊറോണാ വൈറസിനെതിരെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്ക് പ്രോൽസാഹനവും, രോഗബാധിതരായവർക്ക് പ്രാർത്ഥനയും, വീടുകളിൽ രോഗികൾക്ക് ദൈവവചനത്തിന്‍റെയും, പരിശുദ്ധ കുർബ്ബാനയുടേയും ശക്തി എത്തിക്കാൻ വൈദികർക്ക് ധൈര്യവുമുണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു. പാപ്പാ അര്‍പ്പിച്ച ദിവ്യബലി തത്സമയ സംപ്രേക്ഷണം ചെയ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

പാപിക്ക് ലജ്ജ വന്നാൽ അവന് ഒളിക്കാനുള്ള പ്രലോഭനമുണ്ടാകും

കഴിഞ്ഞ ദിവസത്തെ ദൈവവചനം നമ്മുടെ പാപത്തെ തിരിച്ചറിഞ്ഞ്  ബുദ്ധി കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട്, ദൈവത്തിന്‍റെ മുന്നിൽ  ലജ്ജയോടെ ഏറ്റു പറയാൻ പഠിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞ പാപ്പാ ഇന്ന് പാപികളായ നമ്മെ ദൈവവുമായി ഒരു സംവാദത്തിന് ക്ഷണിക്കുകയാണെന്ന്  സൂചിപ്പിച്ചു. കാരണം ആദത്തിനും, ഹവ്വായ്ക്കും സംഭവിച്ചതുപോലെ നാം നമ്മിലേക്ക് തന്നെ ഉൾവലിഞ്ഞ്, ഒളിച്ച്, നമ്മുടെ യാഥാർത്ഥ്യത്തെ മറച്ച്, അടച്ചിരിക്കാൻ പാപം പ്രേരിപ്പിക്കുന്നു. പാപത്തിനുശേഷം അവർ ഒളിച്ചിരുന്നു കാരണം അവർ നഗ്നരായിരുന്നു. അവർക്ക് നാണമായിരുന്നു. പാപിക്ക് ലജ്ജ വന്നാൽ അവന് ഒളിക്കാനുള്ള പ്രലോഭനമുണ്ടാകുമെന്ന്  പാപ്പാ പറഞ്ഞു. പക്ഷേ, എഴുന്നേറ്റ് വരുക, നിന്‍റെ പാപത്തെക്കുറിച്ച്, നിന്‍റെ സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം  എന്ന് കർത്താവ് വിളിക്കുന്നു. നിന്‍റെ പാപം കടും ചുവപ്പാണെങ്കിലും അത് മഞ്ഞു പോലെ വെൺമയാക്കും... നിങ്ങൾ വരിക... കാരണം എല്ലാം മാറ്റാൻ കഴിവുള്ളവനാണ് ഞാൻ എന്ന് കർത്താവ് വിളിക്കുന്നുവെന്ന്  പാപ്പാ പ്രബോധിപ്പിച്ചു.

പാപത്തെ കുറിച്ച് ദൈവത്തോടു സംസാരിക്കണം

തന്‍റെ മനസ്സിൽ വന്ന ഒരു വിശുദ്ധന്‍റെ കഥയും പാപ്പാ വിവരിച്ചു. പശ്ചാത്താപവും, പ്രാർത്ഥനയുമായി കഴിഞ്ഞ വിശുദ്ധന്‍ കർത്താവ് ചോദിക്കുന്നതെല്ലാം നൽകാൻ തയ്യാറായിരുന്നു. പക്ഷേ കർത്താവ് സംതൃപ്തനായില്ല. ഒരു ദിവസം വിശുദ്ധന്‍ -ഞാനെല്ലാം തന്നിട്ടും നീ ഒരിക്കലും സംതൃപ്തനല്ല, എന്തോ പോരായ്മയുള്ളത് പോലെ...എന്താണതെന്ന് കർത്താവിനോടു ദേഷ്യത്തിൽ ചോദിച്ചു. കർത്താവ് അവനോടു മറുപടി പറഞ്ഞത് 'നിന്‍റെ പാപങ്ങൾ എനിക്കു തരിക, അതാണ് കുറവ്' എന്നായിരുന്നു.

പാപങ്ങൾ കടുംചുവപ്പാണെങ്കിലും ദൈവം അതിനെ മഞ്ഞു പോലെ വെണ്‍മയുള്ളതാക്കിമാറ്റും

നമുക്ക് നമ്മുടെ കുറവുകളുമായി കർത്താവിന്‍റെയടുത്ത് ചെന്ന് സംസാരിക്കാനുള്ള ധൈര്യം വേണം. ഭയപ്പെടേണ്ടാ, നമ്മുടെ പാപങ്ങൾ കടും ചുവപ്പാണെങ്കിലും ദൈവം അതിനെ മഞ്ഞു പോലെ വെണ്മയുള്ളതാക്കിമാറ്റും എന്ന് പാപ്പാ വ്യക്തമാക്കി. പക്ഷേ ദൈവത്തിന്‍റെ ഈ ക്ഷണത്തെ നിരസിക്കുന്ന ഒരു കപടത നമുക്കുണ്ട്. പാപികളല്ലെന്ന് നടിക്കുന്നതാണ് നമ്മുടെ കപടത. നിയമജ്ഞരേയും, ഫരിസേയരേയും യേശു ശാസിക്കാൻ കാരണം അവരിലുണ്ടായിരുന്ന ഈ കപടതയാണ്. ഇത്തരം പ്രകടനം പൊങ്ങച്ചമാണ്, ഹൃദയത്തിന്‍റെ സത്യം മറച്ചു വയ്ക്കലാണ്. പൊങ്ങച്ചം ഒരിക്കലും നമ്മെ സുഖപ്പെടുത്തുകയില്ല, അത് വിഷമയമാണ്, അത് നമ്മുടെ ഹൃദയത്തെ കഠിനമാക്കി "കർത്താവിങ്കലേക്ക് പോകാതെ, നീ നീയായിരിക്കുക" എന്ന് നമ്മോടു പറയും.

ദൈവത്തിന്‍റെ വിളിയെ അടച്ചിടുന്ന ഇടമാണ് പൊങ്ങച്ചം. കർത്താവിന്‍റെ വിളി എന്നത് ഒരു പിതാവിന്‍റെയോ, ഒരു സഹോദരന്‍റെയോ വിളിയാണ്.  വരിക, നമുക്ക് സംസാരിക്കാം, എനിക്ക് നിന്‍റെ ജീവിതം മാറ്റാൻ കഴിയുമെന്ന വിളി. കർത്താവിന്‍റെ ഈ വചനം നമുക്ക് ധൈര്യം പകരട്ടെയെന്നും നമ്മുടെ പ്രാർത്ഥനകളും, നമ്മുടെ പാപങ്ങളും, ദുരിതങ്ങളും കർത്താവിനോടു പറയുമ്പോള്‍ സത്യസന്ധമായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് പാപ്പാ തന്‍റെ വചനപ്രലോഷണം ഉപസംഹരിച്ചു.

പാപ്പാ സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 March 2020, 13:18
വായിച്ചു മനസ്സിലാക്കാന്‍ >