തിരയുക

from the lectern of santa marta from the lectern of santa marta 

ജീവിതക്ലേശങ്ങളിലും നമ്മുടെ സ്നേഹമുള്ള പിതാവാണു ദൈവം

മാര്‍ച്ച് 20-Ɔο തിയതി രോഗികള്‍ക്കായി മാധ്യമങ്ങളിലൂടെ അര്‍പ്പിച്ച ദിവ്യബലിയിലെ വചനസമീക്ഷ

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവര്‍
വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിയില്‍ കൊറോണ വൈറസ് ബാധിതരായ രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ ഡോക്ടര്‍മാര്‍ക്കുവേണ്ടിയും നഴ്സുമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചു. രോഗത്തിന്‍റെ തീവ്രതയുള്ള വടക്കെ ഇറ്റലിയിലെ ബേര്‍ഗമോ, ത്രെവീല്യോ, ബ്രേഷ്യാ, ക്രെമോണാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന അഭ്യര്‍ത്ഥനയുമായി വടക്കെ ഇറ്റലിയിലെ ബേര്‍ഗമോയില്‍നിന്നും ഒരു വൈദികന്‍ അയച്ച സന്ദേശം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ആരംഭിച്ചത്.

ജീവന്‍ രക്ഷിക്കാന്‍വേണ്ടി രോഗികള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവരാണ് ആ ഡോക്ടര്‍മാരെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഈ പ്രദേശങ്ങളുടെ ഭരണകര്‍ത്താക്കളെയും പ്രത്യേകം ഓര്‍ക്കണം. കാരണം, പ്രതിസന്ധിയുടെ ഈ ഘട്ടം തരണചെയ്യുക അത്ര എളുപ്പമല്ലെന്നും, എടുക്കുന്ന തീരുമാനങ്ങളില്‍ പലപ്പോഴും അവര്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ സമൂഹത്തെ പ്രതിസന്ധിയില്‍ മുന്നോട്ടു നയിക്കുവാനും രക്ഷപ്പെടുത്തുവാനും കിണഞ്ഞു പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധസേവകര്‍, ഭരണാധികാരികള്‍ എന്നിവരെ തുടര്‍ന്നു പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

2. ദൈവം സ്നേഹാര്‍ദ്രനായ പിതാവ്
ഹോസിയ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ ആദ്യവായന ദൈവത്തെ വിധികര്‍ത്താവായി കാണാതെ, കരുണാര്‍ദ്രനായ പിതാവാണെന്ന് അനുസ്മരിപ്പിക്കുന്നത് പാപ്പാ ചൂണ്ടിക്കാട്ടി
(ഹോസിയ 14, 2-10). ദൈവം നമ്മുടെ നല്ലപിതാവാകയാല്‍ നമ്മെ സ്നേഹിക്കുകയും നമ്മോടു ക്ഷമിക്കുകയും നമ്മെ നയിക്കുകയും രക്ഷിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പിതാവിന്‍റെ ക്ഷമയും കരുണയും നമുക്കു ലഭിക്കുന്ന ഭൗമിക സ്ഥാനമാണ് കുമ്പസാരക്കൂടും കുമ്പസാരമെന്ന കൂദാശയെന്നും പറഞ്ഞുകൊണ്ട്, സമ്പര്‍ക്കവും സാമീപ്യവും ഒഴിക്കാന്‍ ശ്രമിക്കുന്ന പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ എപ്രകാരം അനുരഞ്ജനത്തിന്‍റെ കൂദാശ നമുക്കു സ്വീകരിക്കാമെന്ന് പാപ്പാ വിശദീകരിച്ചു.

3. ആത്മീയ കുമ്പസാരം – തിരിച്ചുവരവിന്‍റെ ധ്യാനം
ഇസ്രായേലേ, നിന്‍റെ ദൈവമായ കര്‍ത്താവിലേയ്ക്ക് മടങ്ങിവരുക... എന്നുള്ള പ്രവാചക വചനത്തോടൊപ്പം മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് 75 വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഒരു ബാലനായിരുന്നപ്പോള്‍ ബ്യൂനസ് ഐരസില്‍ ശ്രവിച്ച ഗാനമാണെന്ന് പാപ്പാ പറഞ്ഞു. കാര്‍ളോ ബൂത്തി ആലപിച്ച ഗാനം ഇറ്റാലിയന്‍ കുടുംബങ്ങള്‍ ഏറെ സന്തോഷത്തോടെ അത് അന്നാളില്‍ ആവര്‍ത്തിച്ചു ശ്രവിച്ചു. നിന്‍റെ പിതാവിങ്കലേയ്ക്കു തിരികെ പോകൂ. അദ്ദേഹം നിനക്കായ് ഒരു താരാട്ടു പാടും. തിരികെ വരൂ! ദൈവം നിന്‍റെ പിതാവാണെന്നു പറയുന്നത്, തിരികെ വരൂ! വിധിയാളനല്ല, സ്നേഹത്തോടെ നമ്മെ കാത്തിരിക്കുന്ന പിതാവാണ് അവിടുന്ന്! ഗാനത്തിന്‍റെ ഈരടികള്‍ പാപ്പാ അനുസ്മരിച്ചു. താന്‍ ഒരു ചെറുബാലനായിരുന്നെങ്കിലും ഗാനത്തിന്‍റെ വരികള്‍ തന്നെ അന്നു നയിച്ചത് സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള ഈശോ പറഞ്ഞ ധൂര്‍ത്തപുത്രന്‍റെ കഥയിലേയ്ക്കാണെന്ന് പാപ്പാ പങ്കുവച്ചു (ലൂക്കാ 15). വഴിതെറ്റിപ്പോയിട്ടു തിരികെ വരുന്ന മകന്‍റെ കഥയാണത്. പിതാവിന്‍റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് ജീവിച്ച്. എല്ലാ നഷ്ടമാക്കിയിട്ട് തിരികെ വരുന്ന പാപിയായ മകന്‍റെ കഥ!

4. ദൈവസ്നേഹത്തിന്‍റെ പുണ്യകാലം
എന്നാല്‍ പിതാവ് മകന്‍ വരുന്നത് വളരെ അകലെനിന്നു തന്നെ കണ്ടു. കാരണം ആ നല്ലപിതാവ് മകന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. അയാള്‍ ടെറസിന്‍റെ മുകളില്‍ കയറി നാള്‍ക്കു നാളല്ല, മാസങ്ങളും വര്‍ഷങ്ങളും പ്രതീക്ഷയോടെ തന്‍റെ മകന്‍റെ തിരിച്ചുവരവിനായി കാത്തുനിന്നിട്ടുണ്ടാകാമെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതാ, പിതാവ് കാത്തിരിക്കയാണ്. അതിനാല്‍ നമുക്കും തിരികെപ്പോകാം! തപസ്സിലെ ഈ ദിനങ്ങളില്‍ സ്നേഹമുള്ള പിതാവു നമുക്കായി പ്രത്യേകം കാത്തരിക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പിതൃസ്നേഹത്തിന്‍റെ ആര്‍ദ്രമായ കാരുണ്യമാണ് തപസ്സുകാലത്ത് ദൈവം നമുക്കായി വച്ചുനീട്ടുന്നതെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍ നമ്മുടെ ഹൃദായാന്തരാളത്തിലേയ്ക്കു കടന്നു ചെന്ന് കുറവുകളെക്കുറിച്ചും, പാപാവസ്ഥയെക്കുറിച്ചും ബോധമുണ്ടാകുമെങ്കിലും, ദൈവം നമുക്കായി എന്നും കാത്തിരിക്കുന്ന സ്നേഹവും കരുണ്യവുമുള്ള പിതാവാകയാല്‍ തിരികെ അവിടുത്തെ പക്കലേയ്ക്കു പോകാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

5. ദിവ്യകാരുണ്യ സന്നിധിയിലെ
പ്രാര്‍ത്ഥനയും ആരാധനയും

ദിവ്യബലിയുടെ അന്ത്യത്തില്‍ ഇന്നും, പാപ്പാ പരിശുദ്ധ കുര്‍ബ്ബാനയുടെ ഹ്രസ്വമായ ആരാധനനടത്തി. മൗനമായ ഒരുയാമത്തെ തുടര്‍ന്ന് പാപ്പാ സ്വയം പ്രേരിതനായി ഉറക്കെ പ്രാര്‍ത്ഥിച്ചു :
“ഓ യേശുവേ, അങ്ങേ പാദാന്തികത്തില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു. പാപബോധവും അനുതാപവുമുള്ള എന്‍റെ ഹൃദയത്തിന്‍റെ പാപക്കറകള്‍ അങ്ങു കഴുകി ശുദ്ധമാക്കണമേ. സ്നേഹത്തിന്‍റെ ഈ ദിവ്യകൂദാശയില്‍ അങ്ങയെ ആരാധിച്ചു കുമ്പിടുന്നു. എന്‍റെ എളിയ ഗേഹത്തിലേയ്ക്ക് അങ്ങു കടന്നുവരണമേ! ഞാന്‍ ആത്മീയമായി അങ്ങയെ സ്വീകരിക്കട്ടെ! യേശുവേ, അങ്ങ് എന്നിലേയ്ക്കു വരണമേ. ഇതാ, പാപിയായ ഞാന്‍ തിരികെ വരുന്നു! മനം തിരിഞ്ഞു വരുന്നിതാ ഞാന്‍! അങ്ങേ സ്നേഹം എന്‍റെ ഹൃദയത്തെയും എന്നെ പൂര്‍ണ്ണമായും ജ്വലിപ്പിക്കട്ടെ! എന്‍റെ ജീവനിലും മരണത്തിലും ആ ദിവ്യസ്നേഹം എന്നെ പ്രോജ്വലിപ്പിക്കട്ടെ! യേശുവേ, ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു, സ്നേഹിക്കുന്നു. ആമേന്‍.”

ഈ പ്രാര്‍ത്ഥന ഉരുവിട്ടശേഷം, പരിശുദ്ധദിവ്യകാരുണ്യത്തിന്‍റെ ആശീര്‍വ്വാദത്തോടെയാണ് സാന്താ മാര്‍ത്ത കപ്പേളയില്‍ പാപ്പാ തിരുക്കര്‍മ്മങ്ങള്‍ ഉപസംഹരിച്ചത്.

6. പാപ്പായുടെ ദിവ്യബലി തത്സമയം
കാണുന്നതിനുള്ള ലിങ്ക് :

https://www.youtube.com/watch?v=F2X7QzEkCLg

ഇറ്റലിയില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക്.
ഇന്ത്യയിലെ സമയം രാവിലെ 11.30-ന്.

21 March 2020, 15:52
വായിച്ചു മനസ്സിലാക്കാന്‍ >