തിരയുക

Vatican News
lectern of Pope francis in Santa Marta lectern of Pope francis in Santa Marta 

വേദനിക്കുന്ന സഹോദരങ്ങളുടെ സമീപത്തായിരിക്കാം

18 മാര്‍ച്ച്, ബുധന്‍ - സാന്താ മാര്‍ത്തയിലെ കപ്പേളയിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയിലെ വചന വിചിന്തനത്തില്‍നിന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞ
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുംവേണ്ടി

കൊറോണ വൈറസ് ബാധയാല്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയാണ്, പ്രത്യേകിച്ച് മരണമടഞ്ഞ രോഗീപരിചാരകര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ആമുഖമായി പറഞ്ഞു, കാരണം അവര്‍ രോഗികള്‍ക്കായി ജീവന്‍ സമര്‍പ്പിച്ചവരാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.
മാര്‍ച്ച് 18-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി സാന്ത മാര്‍ത്ത കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി തത്സമയം മാധ്യമങ്ങളിലൂടെ സംപ്രേഷണംചെയ്യപ്പെട്ടു.

2. കൂടെനടക്കുന്ന ദൈവം
ഇന്നത്തെ രണ്ടുവായനകളും (നിയമാവര്‍ത്തനം 4, 1. 5-9, മത്തായി 5, 17-19). നിയമത്തെ സംബന്ധിക്കുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ദൈവം തന്‍റെ ജനത്തിന് നല്കിയതാണ്. ദൈവം നല്കിയ കല്പനകള്‍ കാലത്തികവില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത് ക്രിസ്തുവാണ്. ദൈവം തന്‍റെ ജനത്തിനായി കല്പനകള്‍ നല്കിയ രീതി ഏറെ ആകര്‍ഷകമാണ്. മോശ പറയുന്നത്, “ജനം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?” തന്‍റെ സാമീപ്യം അറിയിച്ചുകൊണ്ടാണ് ദൈവം അവര്‍ക്ക് കല്പനകള്‍ നല്കുന്നത്. വെളിപാടില്‍നിന്ന് നമുക്ക് അറിയാം ദൈവിക സാമീപ്യം പിതൃതുല്യമാണ്. തന്‍റെ ജനത്തെ അനുധാവനംചെയ്യുന്ന പിതാവായ ദൈവം, അവരെ നയിക്കാന്‍ കല്പനകള്‍ നല്കുന്നു. “ജനം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?” പാപ്പാ ആവര്‍ത്തിച്ചു.

3. ദൈവം കല്പനകള്‍ നല്കുന്നവനും സമീപസ്ഥനും
ജനങ്ങള്‍ക്കൊപ്പമുള്ള ദൈവത്തിന്‍റെ സാന്നിദ്ധ്യവും സാമീപ്യവുമാണ് പുറപ്പാടു ഗ്രന്ഥത്തില്‍ നാം കാണുന്നു. പകല്‍ മേഘസ്തംഭമായും രാത്രിയില്‍ അഗ്നിശലാഖയായും തന്‍റെ ജനത്തിന്‍റെ കൂടെ സഞ്ചരിച്ച ദൈവമാണിതെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമായി. ചെയ്യുവാനുള്ള കുറിപ്പ് എഴുതിക്കൊടുത്തിട്ട്, ഇനി ചെയ്തോളൂ എന്നു പറഞ്ഞിട്ടു പോകുന്ന വ്യക്തിയെപ്പോലെയല്ല ദൈവം. ജനത്തിനായി മോശയിലൂടെ ദൈവം കല്‍ഫലകങ്ങളില്‍ കുറിച്ചു നല്കിയതാണ് കല്പനകള്‍. ജനം അവ പാലിക്കുവോളം അവരുടെ ചാരത്തായരിക്കുന്ന ദൈവമാണിതെന്ന് പാപ്പാ വിശദീകരിച്ചു. ഇത് ദൈവത്തിന്‍റെ സ്നേഹ സാമീപ്യമാണ്. ജനത്തിന് സമീപസ്ഥനാകുന്ന ദൈവമാണിതെന്നും പുറപ്പാടുഗ്രന്ഥം ചിത്രീകരിക്കുന്നത്, പാപ്പാ വ്യക്തമാക്കി.

4. അകലുന്ന മനുഷ്യനോട് അടുക്കുന്ന ദൈവം
വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യതാളുകളില്‍ കാണുന്നത് ദൈവികാഹ്വാനത്തോടുള്ള മനുഷ്യന്‍റെ നിഷേധാത്മകമായ പ്രതികരണങ്ങളാണെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവത്തില്‍നിന്നും അകന്നു ജീവിക്കുവാനുള്ള മനുഷ്യന്‍റെ പ്രവണത. ദൈവം എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം അകലുവാന്‍ ശ്രമിക്കുന്ന മനുഷന്‍! ദൈവകല്പന ലംഘിച്ച് സാത്താനു വഴിപ്പെട്ട ആദത്തെ ദൈവം വിളിച്ചപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് ദൈവിക സാമീപ്യത്തില്‍നിന്ന് ഓടി ഒളിക്കുവാനായിരുന്നു. കാരണം അവര്‍‍ പാപംചെയ്തു. പാപമാണ് ഒളിച്ചിരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതും ദൈവികസാമീപ്യം നിഷേധിക്കുവാന്‍ നിര്‍ബന്ധിച്ചതും (ഉല്പത്തി 3, 3-10). വീണ്ടും ഉല്പത്തി പുസ്തകം വിവരിക്കുന്ന ദൈവത്തില്‍നിന്ന് ഓടിയൊളിക്കുന്ന മനുഷ്യന്‍റെ മനോഭാവം, സഹോദരനെ കൊലചെയ്തവനിലാണ്. കൊലചെയ്തിട്ട് ഓടിയൊളിച്ചവന്‍ പറഞ്ഞത്, അവന്‍ സഹോദരന്‍റെ സൂക്ഷിപ്പുക്കാരന്‍ അല്ലെന്നാണ് (ഉല്പത്തി 4, 9).

5. ദൈവിക സാമീപ്യം നിഷേധിക്കുന്നവര്‍
മേല്പറഞ്ഞ രണ്ടു മനോഭാവങ്ങളും – ആദത്തിന്‍റെയും കായേന്‍റേയും - ദൈവികസാമീപ്യം നിഷേധിക്കുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു. പരസ്പരബന്ധത്തിലും സാഹോദര്യത്തിലുമുള്ള തന്‍റെ ബലഹീനതകളെ മറച്ചുവയ്ക്കാന്‍ ദൈവിക സാന്നിദ്ധ്യത്തെ നിഷേധിക്കുന്ന മനുഷ്യരെയാണ് അവിടെ കണ്ടതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യരുടെ ചാരത്തു വന്നു പാര്‍ത്ത ദൈവം, മനുഷ്യന്‍റെ ബലഹീന രൂപമാണു സ്വീകരിച്ചത്. അങ്ങനെ സമീപസ്ഥനായ ദൈവം, മനുഷ്യരില്‍ ഒരുവനായി തീര്‍ന്നതിനാല്‍ ദുര്‍ബലനായി തോന്നിയേക്കാം. മാത്രമല്ല അവിടുന്ന് ദുര്‍ബലനായി ഏറെ നിന്ദ്യവും നീചവുമായ കുരിശുമരണം ഏറ്റെടുത്തു. അത് വലിയ പാപികളുടെയും കൊലപാതകികളുടെയും മരണമായിരുന്നു. ദൈവത്തെ തരംതാഴ്ത്തുന്ന സാമീപ്യം. മനുഷ്യരുടെ കൂടെയായിരിക്കുവാനും, നമ്മുടെ കൂടെ ചരിക്കുവാനും ദൈവം സ്വയം നിസ്സാരനാക്കുകയായുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

6. വഴികാട്ടിയായി വന്ന വഴിപോക്കന്‍
സമീപസ്തനായ ദൈവം നമ്മെ വിനയത്തിന്‍റെ പാഠം പഠിപ്പിക്കുന്നു. അതിനാല്‍ ചിലപ്പോള്‍ മനുഷ്യര്‍ അവിടുത്തെ മഹത്തമനായി കാണുന്നില്ല. അവിടുന്നു മനുഷ്യരുടെ കൂടെയും അവര്‍ക്കൊപ്പവും വസിക്കുന്നു. അവസാനം യേശു മരണത്തിലും മനുഷ്യര്‍ക്കു സമാനനായിരുന്നു. യേശു തന്‍റെ ശിഷ്യരുടെ കൂടെ നടന്നു. അവരെ പഠിപ്പിച്ചു. അവരുടെ കുറവുകള്‍ സ്നേഹപൂര്‍വ്വം തിരുത്തി. ഭയചകിതരായി ഏമാവൂസിലേയ്ക്ക് ഒളിച്ചോടിയ ശിഷ്യരുടെ പിറകെ ഓടിയെത്തിയ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും അടയാളമായിരുന്നു അത്. വഴിതെറ്റിപ്പോയവരെ നേരായ വഴിയെ അവിടുന്നു നയിച്ചു. അതിനാല്‍ യേശു, അവര്‍ക്ക് ജീവന്‍റെയും പുനരുത്ഥാനത്തിന്‍റെയും പൊരുള്‍ മനസ്സിലാക്കിക്കൊടുത്തെന്ന് പാപ്പാ വാക്കുകളില്‍ വരച്ചുകാട്ടി.

7. കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താം
യേശു പഠിപ്പിച്ച ഈ സാമീപ്യത്തിന്‍റെ പാഠം സഹോദരങ്ങളുമായി പ്രകടമാക്കാന്‍ അവിടുന്ന് നമ്മെ പ്രചോദിപ്പിക്കുന്നു. പകര്‍ച്ചവ്യാധി ആകയാല്‍ ശാരീരികസാമീപ്യം സാദ്ധ്യമല്ലെങ്കിലും പ്രാര്‍ത്ഥനയിലൂടെയും, സഹായത്തിലൂടെയും, മറ്റു വിധങ്ങളിലും വേദനിക്കുന്നവരുടെ ചാരത്തായിരിക്കുവാനുള്ള ഒരു മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. എന്തിനാണ് അപരന്‍റെ സമീപത്തെ ഈ സാമീപ്യവും സഹായവുമെന്നു ചോദിച്ചേക്കാം.

ദൈവം മനുഷ്യരുടെ ചാരത്തെത്തുകയും കൂടെനടക്കുകയും അവര്‍ക്കൊപ്പം വസിക്കുകയും ചെയ്തുവെങ്കില്‍, നാം ഒറ്റക്കായിരിക്കേണ്ടവരല്ല, മറിച്ച് കൂട്ടായ്മയിലും സാഹോദര്യത്തിലും, പരസ്പര സഹായത്തിലും പങ്കുവയ്ക്കലിലും ജീവിക്കേണ്ടവരാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. കാരണം ക്രിസ്തുവില്‍നിന്നും നാം സ്വീകരിച്ചിട്ടുള്ള പാഠം അതാണ്, അത് സാഹോദര്യത്തിന്‍റെയും സാമീപ്യത്തിന്‍റെയുമാണ്. ക്രിസ്തു മനുഷ്യര്‍ക്കു സമീപസ്ഥനായ ദൈവമാണ്. അതിനാല്‍ നമുക്കും സഹോദരങ്ങളുടെ, വിശിഷ്യാ ആവശ്യത്തിലായിരിക്കുന്നവരും, വേദനിക്കുന്നവരും, രോഗികളുമായ നമ്മുടെ സഹോദരങ്ങളുടെ സമീപത്തായിരിക്കാമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടാണ് വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

18 March 2020, 16:04
വായിച്ചു മനസ്സിലാക്കാന്‍ >