ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാം! പാപ്പായുടെ വചനധ്യാനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ദൈവത്തെ മറന്നു ജീവിച്ച രാജാവ്
സോളമന്‍ രാജാവ് പ്രായാധിക്യത്തില്‍ എത്തിയപ്പോള്‍ എപ്രകാരം വിദേശികളായ ഭാര്യമാരുടെ സ്വാധീനത്തില്‍ ദൈവത്തില്‍നിന്നും അകന്ന് വിജാതീയ ദേവന്മാരുടെ പിറകെ പോവുകയും, അവര്‍ക്ക് ദേവസ്ഥാനങ്ങള്‍ നിര്‍മ്മിക്കുകയുംചെയ്ത ചരിത്രം പാപ്പാ വചനചിന്തയ്ക്ക് ആധാരമാക്കി. ആരാധനക്രമപ്രകാരം ആദ്യവായന, രാജാക്കന്മാരുടെ രണ്ടാം പുസ്തകം വിവരിക്കുന്ന സംഭവമാണ് പാപ്പാ വചനധ്യാനത്തിന് ആധാരമാക്കിയത്. ദൈവത്തോട് അവിശ്വസ്തത കാണിച്ച് സോളമന് വാര്‍ദ്ധക്യത്തില്‍ ദൈവകൃപ നഷ്ടമായെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (2 രാജാക്കന്മാര്‍ 11, 4-13).
2. ദൈവത്തില്‍നിന്ന് അകറ്റുന്ന പ്രലോഭനങ്ങള്‍
സ്ത്രീകളുടെ പ്രലോഭനങ്ങള്‍ക്ക് അകപ്പെട്ട സോളമനെ കര്‍ത്താവ് ശാസിച്ചു : ഹൃദയം ദൈവത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു! ഇത് ആരുടെയും ജീവിതത്തിലും സംഭവിക്കാമെന്ന് പാപ്പാ താക്കീതു നല്കി. നാം വലിയ കുറ്റവാളികള്‍ ആയിരിക്കണമെന്നില്ല, ദാവീദിനെപ്പോലെ ഊറിയയുടെ ഭാര്യയെ പരിഗ്രഹിക്കുകയും, ഭര്‍ത്താവിനെ വകവരുത്തുകയും ചെയ്തതുപോലുള്ള പാതകം ചെയ്യില്ലായിരിക്കാം. എങ്കിലും അപകട സാദ്ധ്യതയുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ചെറിയ ‘ഡോസ്’ മയക്കുമരുന്നെടുന്നയാള്‍ മെല്ലെ മല്ലെ ഉറങ്ങിപ്പോകുന്നതുപോലെ, ചെറിയ ചെറിയ വീഴ്ചകളിലൂടെയും, ഉദപ്പുകളിലൂടെയും, പ്രലോഭനങ്ങളിലൂടെയും വ്യക്തി ദൈവത്തില്‍നിന്നും അകന്നുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തോടുള്ള വിശ്വസ്തതയും സമര്‍പ്പണവും ഇല്ലാതാകുന്നത് പലപ്പോഴും വ്യക്തി അറിയാതെയാണ്. തന്‍റെ വൈദേശികരായ ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ അന്ന് സോളമന്‍ രാജാവ് അവരുടെ ദേവന്മാരുടെ പിറകെപോയപോലെ, ഇന്ന് നമ്മെ പ്രലോഭിപ്പിക്കുന്ന ദേവന്മാര്‍ പണവും, സുഖലോലുപതയും, അഹങ്കാരവും സ്വാര്‍ത്ഥതയുമൊക്കെയാണ്. എല്ലാം മെല്ലെ സംഭവിക്കുന്നു. നാം തിന്മയിലേയ്ക്ക് വഴുതി വീഴുന്നു. ദൈവകൃപ നമുക്കു നഷ്ടമാകുന്നു.
3. കൃപ നഷ്ടമാക്കുന്ന ലൗകായത്വം
ലൗകായത്വത്തിലേയ്ക്ക് മെല്ലെ വഴുതിവീഴുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും, നാം പല ഒഴിവുകഴിവുകളും കണ്ടുപിടിച്ച് വീണ തെറ്റില്‍ ഉറച്ചുനില്ക്കുകയാണു പതിവ്. ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് വിലപേശുന്ന നാണ്യങ്ങളാണ് ഈ ഒഴിവുകഴിവുകള്‍.
അവ ആധുനിക പ്രലോഭനങ്ങളുടെ നവമായ വിഗ്രഹങ്ങളും ദേവന്മാരുമായിരിക്കാം. ഓരോരുത്തരെയും വീഴ്ത്തുന്ന ലൗകായത്വമെന്ന പ്രലോഭനത്തെക്കുറിച്ച് ചിന്തിച്ച് വിലയിരുത്തണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
സുവിശേഷത്തിന്‍റെ സത്തയും സത്യവും നഷ്ടമാകുന്ന അവസ്ഥയാണ് ലൗകായത്വം. അതുവഴി വചനത്തിന്‍റെ സത്യവും വെളിച്ചവും നമുക്കു നഷ്ടമാകും. തന്‍റെ ജീവന്‍ നമുക്കായ് നല്കിയ ദൈവത്തിന്‍റെ, ക്രിസ്തുവിന്‍റെ കൃപയും അവിടുത്തെ സ്നേഹവും നമുക്ക് നഷ്ടമാകും. തിന്മയോടും ദൈവത്തോടും ഒരുപോലെ ചേര്‍ന്നിരിക്കുക സാദ്ധ്യമല്ല. നമുക്കു പറയാനാകുമോ, ദൈവത്തോട് ഇങ്ങനെയും, പിന്നെ തിന്മയോട് അങ്ങനെയും തരപ്പെടുത്തി പോകാമെന്ന്? ഒരു ഇരട്ടത്താപ്പുനയം ജീവിതത്തില്‍ അപകടകരമാണ്! തിന്മയോടു പക്ഷംചേരുന്നവന്‍ ദൈവകൃപയും ദൈവസ്നേഹവും നഷ്ടമാക്കുകതന്നെ ചെയ്യും. ദൈവത്തോടുള്ള വിശ്വസ്തത അവനും അവള്‍ക്കും ഇല്ലാതാകുമെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.
4. ദൈവകൃപ നഷ്ടമാക്കാതിരിക്കാം!
വിജ്ഞാനിയായ സോളമന്‍റെ ജീവിതസായാഹ്നത്തില്‍ പറ്റിയ അബദ്ധം ആര്‍ക്കും സംഭവിക്കാം. ജീവിതാസായാഹ്നത്തില്‍ ആകണമെന്നില്ല, ദൈവത്താല്‍ അനുഗൃഹീതനായവന്‍, തന്‍റെ പിതാവായ ദാവീദിന്‍റെ സകല സമ്പത്തും പ്രതാപവും സൗകര്യങ്ങളും ലഭിച്ചവന്‍, എങ്ങനെ തന്‍റെ തോഴിമാരുടെ പരിലാളനയുടെ മയക്കത്തില്‍ ദൈവത്തോടും അവിശ്വസ്തനാവുകയും വിഗ്രഹാരാധനയില്‍ മുഴുകുകയും, ദേവന്മാരുടെ പിറകെപോവുകയുംചെയ്തുവെന്നത് ചരിത്രമായെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
ലൗകായത്വത്തിന്‍റെ പിറകെ പോയ സോളമന് മെല്ലെ സാമ്രാജ്യം നഷ്ടമായി. ദൈവകൃപ അയാളില്‍നിന്നും എടുക്കപ്പെട്ടു. അയാള്‍ക്ക് മെല്ലെ എല്ലാം നഷ്ടമായി. നമ്മുടെ ഹൃദയം ദുര്‍ബലമാവുകയും നന്മയില്‍നിന്ന് അകന്നുപോവുകയും ചെയ്യുന്ന അവസ്ഥ മാനസ്സിലാക്കാനുള്ള വിവേകത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തില്‍ ശരണപ്പെടാത്തവര്‍ക്ക് നഷ്ടമാകുന്നത് അവിടുത്തെ കൃപയും സ്നേഹവുമാണെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.