തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ വചന സമീക്ഷ, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (07/02/20) ഫ്രാന്‍സീസ് പാപ്പായുടെ വചന സമീക്ഷ, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (07/02/20)  (Vatican Media)

വലിയവനെന്നു കാണിക്കാന്‍ ശ്രമിക്കാതെ സ്വയം താഴ്ത്തുക!

ലൗകികമായ ഉന്നതിയിയുടെ പടവുകള്‍ കയറുകയെന്ന പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ ഇടയന്മാരും ജാഗരൂകരായിിരിക്കേണ്ടതിന്‍റെ ആവശ്യകത ഫ്രാന്‍സീസ് പാപ്പാ ചൂണ്ടിക്കാട്ടുന്നു. താഴ്ത്തപ്പെടല്‍ കൂടാതെ താഴ്മയില്ല.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലൗകികമായ ഉല്‍ക്കര്‍ഷേച്ഛയുടെ പ്രലോഭനത്തില്‍ വീഴാതെ ജാഗരൂകരായിരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (07/02/20) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

താഴ്ത്തപ്പെടുന്നതില്‍ ഭയമരുതെന്നും നമ്മെ വിനയമുള്ളവരാക്കാന്‍ കഴിയുന്ന ആരെയെങ്കിലും അയക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ, സ്നാപകയോഹന്നാന്‍റെ ശിരച്ഛേദം സംഭവവിവരണമടങ്ങുന്ന, മര്‍ക്കോസിന്‍റെ  സുവിശേഷം 6,14-29 വരെയുള്ള വചനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഓര്‍മ്മിപ്പിച്ചു.

സ്നാപകയോഹന്നാന്‍റെ ദൗത്യം യേശുവിന്‍റെ ആഗമനം പ്രഘോഷിക്കലും ജനങ്ങളെ ഒരുക്കമുള്ളവരാക്കലും എന്നതിലുപരി യേശുക്രിസ്തുവിന് സാക്ഷ്യമേകുക, അവിടത്തേക്കുവേണ്ടി സ്വജീവന്‍ തന്നെ നല്കുക എന്നതായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

“യേശു മരണം വരെ, അതേ, കുരിശുമരണം വരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി” ഫിലിപ്പിയര്‍ക്കുള്ള ലേഖനം രണ്ടാം അദ്ധ്യായത്തിലെ എട്ടാമത്തെതായ ഈ വാക്യം ഉദ്ധരിച്ച പാപ്പാ ഈ കുരിശു മരണം, സ്വയം ഇല്ലാതകല്‍, ഈ താഴ്ത്തല്‍ നമ്മുടെയും പാതയാണെന്നും ദൈവം ക്രൈസ്തവര്‍ക്ക്  കാണിച്ചു തരുന്ന മാര്‍ഗ്ഗം ഇതാണെന്നും ഉദ്ബോധിപ്പിച്ചു.

മരുഭൂമിയില്‍ വച്ച് സാത്താന്‍ യേശുവിനെ പരീക്ഷിച്ചതും മിശിഹയാണോ എന്ന് സ്നാപകയോഹന്നാനോടു നിയമജ്ഞര്‍ ചോദിച്ചതുമായ സംഭവങ്ങള്‍ അനുസ്മരിച്ച പാപ്പാ യേശുവിനും സ്നാപകനും പൊങ്ങച്ചത്തിന്‍റെയും അഹങ്കാരത്തിന്‍റെയുമായ പ്രലോഭനങ്ങളെ നേരിടേണ്ടിവന്നുവെന്ന് വിശദീകരിച്ചു.

നാം സഭയിലും സമൂഹത്തിലുമെല്ലാം അധികാരത്താലൊ, മറ്റെന്തെങ്കിലു കാരണത്താലൊ, വലിയവരെന്നു കാണിക്കാന്‍ തത്രപ്പെടുന്ന പ്രവണതയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  ഇത് ലോകത്തിന്‍റ പാത, ലൗകികതയുടെ പാത ആണെന്നും ഇത് യേശുവിന്‍റെ മാര്‍ഗ്ഗമല്ലെന്നും ഉദ്ബോധിപ്പിച്ചു.

ലൗകികമായ ഉന്നതിയിലേക്കു കയറുകയെന്ന പ്രലോഭനത്തില്‍ ഇടയന്മാരും വീണുപോകാനുള്ള സാധ്യതയെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി.

താഴ്ത്തപ്പെടലിന്‍റെ സരണി പിന്‍ചെല്ലാത്ത ഇടയന്‍ യേശുവിന്‍റെ ശിഷ്യനല്ല, അവന്‍ ളോഹയിട്ട “ആരോഹകന്‍” ആണെന്ന് പാപ്പാ പറഞ്ഞു. 

താഴ്ത്തപ്പെടല്‍ കൂടാതെ താഴ്മയില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

 

07 February 2020, 12:13
വായിച്ചു മനസ്സിലാക്കാന്‍ >